സകാത്ത്: പ്രസക്തിയും പ്രയോഗവും
ഉസ്മാൻ പാലക്കാഴി
2026 മാർച്ച് 07, 1447 റമദാൻ 17

സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരും ലോകത്തുണ്ട്. കൂടുതലുള്ളവരും കുറച്ചുള്ളവരും കൂടുതൽ കൂടുതൽ ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നവരാണ്. വമ്പിച്ച സ്വത്തിന്റെ ഉടമയായി സമൂഹത്തിൽ സ്ഥാനവും മാനവും അംഗീകാരവും നേടിയെടുക്കാനുള്ള ആഗ്രഹം ഇല്ലാത്തവർ വിരളമാണ്.
സ്വകാര്യ സ്വത്തവകാശം ഇസ്‌ലാം അംഗീകരിക്കുന്നു. അനുവദനീയമായ നിലയിൽ സമ്പാദിക്കുവാനും മുസ്‌ലിമിന് സ്വാതന്ത്ര്യമുണ്ട്. എത്ര സമ്പന്നനാണെങ്കിലും അതിന്റെ പേരിൽ അഹങ്കരിക്കാനോ അക്രമം കാണിക്കാനോ പാടില്ല. എല്ലാ സമ്പത്തിന്റെയും യഥാർഥ ഉടമ അല്ലാഹുവാണ്. അവനാണത് നൽകുന്നതും തടയുന്നതും.
എന്നാൽ സ്വത്ത് സമ്പാദിച്ചുകൂട്ടി അത് നല്ലവഴിക്കു ചെലവഴിക്കാതെ അതിൽ ‘അടയിരുന്ന്’ ആത്മസംതൃപ്തി നേടുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.
വർത്തമാനകാലത്ത് ഒരാൾ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാൾക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സർവവിധ ആസ്വാദനങ്ങളെയും തകർത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവൻ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു! അയാളുടെ സ്വത്തിന്റെയും ഉടുതുണിയുടെ പോലും അവകാശി അയാളല്ല; അയാളുടെ അനന്തരാവകാശിയാണെന്നർഥം. സ്വത്തിനോടുള്ള അമിതാർത്തി ഇല്ലാതാക്കുകയും മരണചിന്തയുണർത്തുകയും ചെയ്യുന്ന ഔരു നബിവചനം കാണുക:
ഇബ്‌നു മസ്ഉൗദ്(റ) നിവേദനം.; നബിﷺ പറഞ്ഞു: “നിങ്ങളിൽ ആർക്കാണ് സ്വന്തം സ്വത്തിനെക്കാൾ തന്റെ അനന്തരാവകാശികളുടെ സ്വത്തിനോട് പ്രിയമുണ്ടാവുക?’’ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെല്ലാവർക്കും കൂടുതൽ പ്രിയം അവനവന്റെ സ്വത്തിനോടു തന്നെയാണ്. അങ്ങനെയല്ലാത്ത ഒരാളും ഞങ്ങളിലില്ല.’’ നബിﷺ പറഞ്ഞു: “എന്നാൽ ഒരാളുടെ സ്വന്തം സ്വത്ത് അയാൾ മുൻകൂട്ടി ചെലവുചെയ്തതത്രെ. പിന്നേക്ക് എടുത്തുവെച്ചത് അയാളുടെ അനന്തരാവകാശികളുടെ സ്വത്താണ്’’.(ബുഖാരി).
പിന്നെ, മനുഷ്യന് തന്റെതായി എന്താണുള്ളത്? അവൻ ചെലവഴിച്ചു കഴിഞ്ഞതുമാത്രം! ഒരാൾ ദൈവമാർഗത്തിൽ എന്തൊന്ന് ചെലവഴിച്ചാലും അത് അയാളുടെതായി മാറുകയാണ്; പാരത്രിക ലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുകവഴി. അതുകൊണ്ടുതന്നെ ഇസ്‌ലാം ദാനധർമങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു.
“സത്യവിശ്വാസികളേ, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയതിൽനിന്നും നിങ്ങൾക്കു നാം ഭൂമിയിൽനിന്ന് ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുക...’’(ക്വുർആൻ 2:267).
“അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം നിലനിർത്തുകയും നാം നൽകിയതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ ഒരിക്കലും നഷ്ടം പറ്റാത്ത ഒരു വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്’’ (35:29).
നബിﷺ പറഞ്ഞു: “ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ദിർഹം ദാനം ചെയ്യുന്നത് മരിക്കാൻ നേരത്ത് നൂറ് ദിർഹം ദാനം ചെയ്യുന്നതിനെക്കാൾ ഉത്തമമാണ്’’(അബൂദാവൂദ്).
“ഒരു കീറ് കാരക്ക കൊണ്ടാണെങ്കിൽ അതുകൊണ്ടും നിങ്ങൾ നരകത്തിൽനിന്ന് രക്ഷനേടുക’’(ബുഖാരി, മുസ്‌ലിം).
ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ

മനുഷ്യർക്കിടയിലുള്ള സാമ്പത്തിക അസമത്വത്തെ ഇസ്‌ലാം വളരെ യാഥാർഥ്യബോധത്തോടെയാണ് സമീപിക്കുന്നത്. എല്ലാവരും ഒരുപോലെ സമ്പന്നരാകുക എന്നത് പ്രകൃതിനിയമമല്ലെന്നും ഈ വ്യത്യാസങ്ങൾക്ക് പിന്നിൽ വ്യക്തമായ സാമൂഹികവും ആത്മീയവുമായ ലക്ഷ്യങ്ങളുണ്ടെന്നും ക്വുർആൻ പഠിപ്പിക്കുന്നു.
1. അസമത്വം ഒരു പരീക്ഷണമാണ്
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണ ഘട്ടമാണ്. തനിക്ക് സർവശക്തൻ കനിഞ്ഞുനൽകിയ ജീവൻ, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങൾക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദി കാണിക്കുക എന്നത് അവന്റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവർക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികൾക്കുണ്ടായിരിക്കേണ്ട സദ്ഗുണമാണ്.
ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേൽ നിർബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി കൂടിയാണ്.
യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാർഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും സത്യവിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്.
സമ്പത്തുള്ളവനും ഇല്ലാത്തവനും ഈ ജീവിതത്തിൽ പരീക്ഷിക്കപ്പെടുന്നു എന്നാണ് ക്വുർആൻ പറയുന്നത്. സമ്പന്നൻ തന്റെ ധനം എങ്ങനെ ചെലവഴിക്കുന്നു എന്നും ദരിദ്രൻ തന്റെ പ്രയാസങ്ങളിൽ എങ്ങനെ ക്ഷമിക്കുന്നു എന്നും അല്ലാഹു നിരീക്ഷിക്കുന്നു.
“...നിങ്ങളിൽ ചിലരെ ചിലരെക്കാൾ പദവികളിൽ നാം ഉയർത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയാണത്...’’(ക്വുർആൻ 6:165).
എല്ലാ മനുഷ്യർക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നൽകിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാർഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു. (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (ക്വുർആൻ 42:12).
2. പരസ്പര സഹകരണത്തിനുള്ള വഴി
സമ്പത്താകുന്ന ദൈവികാനുഗ്രഹം സഹജീവികൾക്കുവേണ്ടി പങ്കുവയ്ക്കാനുള്ള സന്മനസ്സുണ്ടാവുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു:
“തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. എന്നാൽ ഏതൊരാൾ ദാനം നൽകുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. എന്നാൽ ആർ പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവൻ നാശത്തിൽ പതിക്കുമ്പോൾ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല’’ (ക്വുർആൻ 92:4-11).
എല്ലാവരും ഒരേ സാമ്പത്തിക നിലവാരത്തിലാണെങ്കിൽ ലോകത്തെ തൊഴിൽ വിഭജനവും സേവനങ്ങളും തടസ്സപ്പെടും. ഒരാൾക്ക് മറ്റൊരാളെക്കൊണ്ട് ഒരു ജോലി ചെയ്യിപ്പിക്കണമെങ്കിൽ അവിടെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ ആവശ്യമാണ്. ഇത് സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്നു.
3. സമ്പത്ത് ഒരിടത്ത് മാത്രം കുന്നുകൂടരുത്
അസമത്വം സ്വാഭാവികമാണെങ്കിലും, സമ്പത്ത് ധനികർക്കിടയിൽ മാത്രം കറങ്ങുന്ന അവസ്ഥയെ ക്വുർആൻ കർശനമായി എതിർക്കുന്നു. സമ്പത്തിന്റെ വിതരണം നീതിപൂർവമാകണം എന്നതാണ് ഇസ്‌ലാമിന്റെ സാമ്പത്തിക ദർശനം.
“അത് (സമ്പത്ത്) നിങ്ങളിലെ ധനികർക്കിടയിൽ മാത്രം ചുറ്റിത്തിരിയാതിരിക്കാൻ വേണ്ടിയാണത്...’’ (ക്വുർആൻ 59:7).
4. അസമത്വം പരിഹരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ
അസമത്വത്തിന്റെ ആഘാതം കുറയ്ക്കാൻ ക്വുർആൻ ചില നിർബന്ധിതവും ഐച്ഛികവുമായ കാര്യങ്ങൾ നിർദേശിക്കുന്നു:
സകാത്ത്: ധനികന്റെ സമ്പത്തിൽ ദരിദ്രന് അവകാശപ്പെട്ട വിഹിതം. ഇത് ഒരു ദാനമല്ല, മറിച്ച് ദരിദ്രന്റെ അവകാശമാണ്.
സ്വദക്വ (ദാനം): സ്വമേധയാ നൽകുന്ന ധർമങ്ങളെ ഇസ്‌ലാം ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.

പലിശ നിരോധനം: ചൂഷണത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയെ ക്വുർആൻ വിലക്കുന്നു.
അനന്തരാവകാശ നിയമം: ഒരാളുടെ മരണശേഷം സ്വത്ത് പലരിലായി വിഭജിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നു.
“ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങൾ വല്ലതും സകാത്തായി നൽകുന്നപക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ’’ (ക്വുർആൻ 30:39).
പലിശയും സകാത്തും
പലിശയും സകാത്തും വലിയ അന്തരമൂള്ള രണ്ട് സാമ്പത്തിക സംജ്ഞകളാണ്. പലിശയെ അല്ലാഹു ശപിക്കുകയും നിരോധിക്കുകയും ചെയ്തപ്പോൾ സകാത്തിനെ പ്രോൽസാഹിപ്പിക്കുകയും വമ്പിച്ച പ്രതിഫലത്തിന് അർഹമാക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസിയെ സ്വർഗപ്രാപ്തിക്ക് അർഹനാക്കുന്ന ഉൽകൃഷ്ടമായ ഒരു ആരാധനയാണ് സകാത്ത് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
“ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങൾ വല്ലതും സകാത്തായി നൽകുന്നപക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ’’ (ക്വുർആൻ 30:39).
ഉപരിസൂചിത ക്വുർആൻ സൂക്തത്തിലൂടെ വ്യത്യസ്തങ്ങളായ ചില കാര്യങ്ങൾ അല്ലാഹു ജനങ്ങളെ ബോധിപ്പിക്കുന്നുണ്ട്. ഒന്ന് മനുഷ്യന്റെ നിലനിൽപിന്റെ നെടുംതൂണായ ധനത്തിന്റെ യഥാർഥ ഉടമ ആരാണെന്നും ആ ധനത്തിൽ മനുഷ്യനുള്ള പങ്ക് എന്താണെന്നും ധനം വ്യത്യസ്ത രീതിയിൽ ചെലവഴിക്കാൻ കഴിയുമെങ്കിലും എല്ലാം സദാചാരപരമല്ലെന്നും ചില രീതിയിൽ ചെലവഴിച്ചാൽ അത് സമൂഹത്തിന് ദോഷകരവും മറ്റൊരു ലക്ഷ്യത്തോടെ ചെലവഴിച്ചാൽ അത് സമൂഹത്തിന് മൊത്തം ഉപകാരപ്പെടുന്നതും ആണെന്നെല്ലാം ഇത് സൂചിപ്പിക്കുന്നു.
“അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവയ്ക്കിടയിലുള്ളതും മണ്ണിനടിയിലുള്ളതുമെല്ലാം’’(ക്വുർആൻ 20:6).
ഭൂമിയിലുള്ള മുഴുവൻ സമ്പത്തിന്റെയും ആത്യന്തികമായ ഉടമസ്ഥൻ അല്ലാഹുവായിരിക്കെ അവൻ മനുഷ്യനെ ഏൽപിച്ച ധനം മനുഷ്യൻ എങ്ങനെയൊക്കെ ഏതൊക്കെ മാർഗത്തിൽ ചെലവഴിക്കണമെന്നും എന്തിനൊക്കെ ചെലവഴിച്ചുകൂടെന്നും ഉപയോഗിച്ചുകൂടെന്നും പറയാനും കൽപിക്കാനുമുള്ള അധികാരവും അവകാശവും അവന്നുതന്നെയാണ്. ഈ അവകാശബോധം മേലുദ്ധരിച്ച ആയത്തിൽ സ്പഷ്ടമാണ്. അല്ലാഹു തന്ന ധനം ചില രീതിയിൽ ചെലവഴിക്കരുതെന്നും ചില രീതിയിൽ ചെലവഴിച്ചേ പറ്റൂവെന്നും പറയുന്നതിൽ ഒരു യഥാർഥ സത്യവിശ്വാസിക്ക് യാതൊരു പ്രയാസമുണ്ടാകുവാൻ പാടില്ല.
പലിശ തികച്ചും ചൂഷണമാർഗമാണ്. പലിശക്കാരന് താൽക്കാലിക നേട്ടമുണ്ടാകുമെങ്കിലും ആത്യന്തികമായി അത് അവന്റെ നാശത്തിന് ഹേതുവാണ്. നരകത്തിൽ പ്രവേശിപ്പിക്കപ്പെടാൻ കാരണമാണ്. എന്നാൽ സകാത്ത് കൊടുക്കുന്നവരാണ് യഥാർഥത്തിൽ ഇരട്ടിയായി സമ്പാദിക്കുന്നവർ!
ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സമ്പൂർണമായ സാമ്പത്തിക തുല്യതയല്ല, മറിച്ച് സാമ്പത്തിക നീതിയാണ് എന്നു വ്യക്തം. ദാരിദ്ര്യം മൂലം ഒരാളും കഷ്ടപ്പെടാത്ത, സമ്പന്നന്റെ ധനത്തിൽ ദരിദ്രന് അവകാശമുള്ള ഒരു വ്യവസ്ഥിതിയാണ് ഇസ്‌ലാം ലക്ഷ്യം വയ്ക്കുന്നത്.
എന്താണ് സകാത്ത്?
ഭാഷയിൽ ‘സകാത്തി’ന്റെ അർഥം ‘വളർച്ച,’ ‘വർധനവ്,’ ‘സംസ്‌കരണം’ എന്നൊക്കെയാണ്. മതത്തിന്റെ സാങ്കേതികഭാഷയിൽ, ഒരു നിർണിത തോത് (നിസ്വാബ്) എത്തിയ സമ്പത്തിൽ പ്രത്യേകമായ നിബന്ധനകളോടുകൂടി പ്രത്യേക വിഭാഗത്തിനുള്ള അവകാശത്തെ കുറിക്കുന്ന പ്രയോഗമാണ് ‘സകാത്ത്.’

അല്ലാഹു പറഞ്ഞു: “അവരെ (വിശ്വാസികളെ) ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽനിന്ന് നീ വാങ്ങുക’’ (ക്വുർആൻ 9:103).
ഇസ്‌ലാമിലെ നിർബന്ധകാര്യങ്ങളിൽ ഒന്നും അതിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നുമാകുന്നു സകാത്ത്.
നമസ്‌കാരം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്തംഭം അതത്രേ. അല്ലാഹു പറഞ്ഞു: “നമസ്‌കാരം മുറ പോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുവിൻ’’ (ക്വുർആൻ 2: 143).
“നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’ (ക്വുർആൻ 24:56).
ഇബ്‌നു ഉമർ(റ) നിവേദനം. നബിﷺ പറഞ്ഞു: “ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്മേലാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി ആരുമില്ല എന്നും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്‌കാരം നിലനിർത്തൽ, സകാത്തു നൽകൽ, റമദാനിൽ നോമ്പ് അനുഷ്ഠിക്കൽ, സാധിക്കുന്നവർ കഅ്ബത്തിങ്കൽ പോയി ഹജ്ജ് നിർവഹിക്കൽ (എന്നിവയാണവ)’’ (ബുഖാരി, മുസ്‌ലിം).
സകാത്ത് ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തെതാണ് എന്ന കാര്യം കൊച്ചുനാളിൽ മദ്‌റസയിൽവച്ച് പഠിക്കുന്നതാണ് ഓരോ സത്യവിശ്വാസിയും. എന്നാൽ അത് പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിൽ മിക്കവരും പരാജയപ്പെടുന്നു.
സകാത്ത് വളർച്ച നൽകുന്നു
സകാത്ത് വ്യക്തിയെയും സമ്പത്തിനെയും ശുദ്ധീകരിക്കുന്നു. അല്ലാഹു പറയുന്നു: “അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളിൽ നിന്ന് നീ വാങ്ങുകയും, അവർക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാർഥിക്കുകയും ചെയ്യുക. തീർച്ചയായും നിന്റെ പ്രാർഥന അവർക്ക് ശാന്തി നൽകുന്നതത്രെ. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (ക്വുർആൻ 9:103).
സകാത്തും ദാനധർമവുമൊക്കെ നൽകിയാൽ തന്റെ ധനത്തിൽ കുറവു വരും എന്നാണ് പലരുടെയും ഭയം. ആ ധാരണ അല്ലാഹു തിരുത്തിത്തരുന്നു:
“ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങൾ വല്ലതും സകാത്തായി നൽകുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ’’(ക്വുർആൻ 30: 39).
സകാത്ത് നൽകാത്തവർക്കുള്ള മുന്നറിയിപ്പ്
“അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(ക്വുർആൻ 3:180).
അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറയുകയുണ്ടായി: “ആർക്കെങ്കിലും അല്ലാഹു ധനം നൽകുകയും അയാൾ അതിന്റെ സകാത്ത് നൽകാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അന്ത്യനാളിൽ ആ സ്വത്ത് ഒരു സർപ്പരൂപം പ്രാപിക്കുകയും അയാളുടെ ശരീരത്തിൽ വരിഞ്ഞു മുറുക്കുകയും കവിളുകളിൽ കൊത്തിക്കൊണ്ട് ‘ഞാനാകുന്നു നീ കൂമ്പാരമാക്കി വെച്ചിരുന്ന സമ്പാദ്യ’മെന്ന് പറയുകയും ചെയ്യും. ശേഷം നബി ﷺ ഈ ആയത്ത് ഓതിക്കേൾപ്പിക്കുകയും ചെയ്തു: അല്ലാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സ്വത്തിൽ നിന്ന് ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഉത്തമമാകുമെന്ന് വിചാരിക്കേണ്ടതില്ല. അല്ല, അതവർക്ക് തന്നെ വിനയായി മാറും. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യനാളിൽ ഒരു മാലയായി അവർക്ക് ചാർത്തപ്പെടും, ആകാശഭൂമികളുടെ അനന്തരവകാശം അല്ലാഹുവിനുള്ളതാകുന്നു, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുകയും ചെയ്യുന്നു’’ (ബുഖാരി).
“സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക. നരകാഗ്‌നിയിൽ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ച്‌വെച്ചിരുന്നത് നിങ്ങൾ ആസ്വദിച്ച് കൊള്ളുക’’ (ക്വുർആൻ 9:34,35).
സകാത്ത് നൽകുന്നതിൽനിന്നു വിട്ടുനിൽക്കുന്നവർ ആയുധ ബലമുള്ളവരാണെങ്കിൽ അതു പിടിച്ചെടുക്കാൻ യുദ്ധം വരെ വേണ്ടി വന്നാൽ ആകാവുന്നതാണ് എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
അബൂഹുറയ്‌റ(റ) നിവേദനം: “നബിﷺ ഇഹലോകവാസം വെടിയുകയും അബൂബക്ർ(റ) ഭരണം ഏറ്റെടുക്കുകയും ചെയ്തപ്പോൾ അറബികളിൽനിന്ന് ഒരുപാടാളുകൾ മതപരിത്യാഗികളായി മാറുകയുണ്ടായി. (അബൂബക്ർ(റ) അവരോട് യുദ്ധം ചെയ്യാൻ സന്നദ്ധമാവുകയും ചെയ്തു). അതിനെ വിമർശിച്ചുകൊണ്ട് ‘ജനങ്ങൾ തൗഹീദ് അംഗീകരിച്ചാൽ അവരോട് യുദ്ധം ചെയ്യാൻ പാടില്ലെന്ന് നബിﷺ പറഞ്ഞിരിക്കെ താങ്കൾ എങ്ങനെയാണ് അവരോട് പോരാടുക’ എന്നു ഉമർ(റ) ചോദിച്ചു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! നമസ്‌കാരവും സകാത്തും വേർതിരിക്കുന്നവരോട് ഞാൻ യുദ്ധം ചെയ്യുക തന്നെ ചെയ്യും. അവർ നബിﷺയുടെ കാലഘട്ടത്തിൽ സകാത്തായി നൽകിയിരുന്നത് ഒരു ഒട്ടകക്കുട്ടിയെയായിരുന്നെങ്കിൽ അത് നൽകുന്നതുവരെ ഞാൻ അവരോട് പോരാടും. കാരണം ശരീരത്തിന്റെ മേൽ നമസ്‌കാരം ബാധ്യതയായ പോലെ സമ്പത്തിൽ നിന്നു സകാത്ത് നൽകലും ബാധ്യതയാണ്.’ അതോടെ എനിക്കും അബൂബക്ർ(റ)വിനെ പോലെ ആ കാര്യം ശരിയാണെന്ന് ബോധ്യമായി’’ (ബുഖാരി, മുസ്‌ലിം).
സകാത്തിന്റെ ഭൗതിക നേട്ടങ്ങൾ
1) സമ്പത്തിന്റെ വിതരണം:
മുമ്പ് സൂചിപ്പിച്ചതുപോലെ, സമ്പത്ത് ഒരു വിഭാഗം ആളുകളുടെ കൈകളിൽ മാത്രം കുമിഞ്ഞുകൂടുന്നത് തടയാൻ സകാത്ത് സഹായിക്കുന്നു. ഇസ്‌ലാം നിശ്ചയിച്ച പരിധി (നിസാബ്) എത്തിയ സമ്പത്തുള്ള ഓരോ മുസ്‌ലിമും അതിൽനിന്നും നിശ്ചിത വിഹിതം സകാത്ത് നൽകണം.
2) ദാരിദ്ര്യ നിർമാർജനം:
കൃത്യമായ രീതിയിൽ സകാത്ത് ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്താൽ, സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ) നിറവേറ്റാൻ സാധിക്കും. ചരിത്രത്തിൽ ഉമർ ബിൻ അബ്ദുൽ അസീസി(റഹി)ന്റെ ഭരണകാലത്ത് സകാത്ത് വാങ്ങാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടായതായി കാണാം.
3) സമ്പത്തിന്റെ ശുദ്ധീകരണം:
‘സകാത്ത്’ എന്ന വാക്കിന് ‘ശുദ്ധീകരണം’ എന്നും അർഥമുള്ളതായി നാം മനസ്സിലാക്കി. സകാത്ത് നൽകുന്നതിലൂടെ ധനം ശുദ്ധീകരിക്കപ്പെടുന്നു. അതോടൊപ്പം അത്യാഗ്രഹത്തിൽനിന്നും പിശുക്കിൽനിന്നും മനുഷ്യമനസ്സിനെ ഇത് ശുദ്ധീകരിക്കുന്നു. സമ്പന്നന് ദരിദ്രനോടുള്ള കരുണയും ദരിദ്രന് സമ്പന്നനോടുള്ള സ്‌നേഹവും ഇത് വർധിപ്പിക്കുന്നു.
4) സാമ്പത്തിക ഉത്തേജനം:
സകാത്തിലൂടെ ധനം ദരിദ്രരുടെ കൈകളിൽ എത്തുമ്പോൾ അവർ അത് അവശ്യസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. ഇത് വിപണിയിൽ ആവശ്യകത വർധിപ്പിക്കുകയും കച്ചവടവും ഉൽപാദനവും മെച്ചപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. അങ്ങനെ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാകുന്നു.
5) ചൂഷണരഹിതമായ വ്യവസ്ഥ:
പലിശയിൽ അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയിൽ പണം പണക്കാരനിലേക്ക് മാത്രം എത്തുമ്പോൾ, സകാത്തിലൂടെ പണം ദരിദ്രനിലേക്ക് എത്തുന്നു. ഇത് കടക്കെണിയിൽ പെട്ടുപോകുന്ന സാധാരണക്കാരെ സഹായിക്കുകയും ചെയ്യുന്നു (കടബാധ്യതയുള്ളവർ സകാത്തിന് അർഹരായ എട്ട് വിഭാഗങ്ങളിൽ ഒന്നാണ്).
സകാത്ത് ഔദാര്യമല്ല
സകാത്ത് സമ്പന്നർ നൽകുന്ന ഔദാര്യമല്ല, മറിച്ച് ദരിദ്രന്റെ അവകാശമാണ്. സമ്പത്ത് അല്ലാഹു നൽകുന്നതാണ്. അതിന്റെ പേരിൽ അഹങ്കരിക്കുവാൻ ഒരാൾക്കും അവകാശമില്ല. ഏതൊരു സമ്പന്നനെയും നിമിഷങ്ങൾക്കകം ദരിദ്രനാക്കി മാറ്റുവാൻ അല്ലാഹുവിന് കഴിയുമെന്ന് ഓർക്കണം. നിശ്ചിത സമ്പത്തുള്ളവൻ അതിൽനിന്ന് സകാത്തായി ഒരു നിശ്ചിത ഓഹരി നൽകണമെന്ന് അല്ലാഹുവാണ് കൽപിക്കുന്നത്. അത് നൽകുന്നവൻ തന്റെ ഔദാര്യമാണെന്ന് വിചാരിക്കുവാനും പാടില്ല. പാവങ്ങളുടെ അവകാശമാണ് അതെന്ന തിരിച്ചറിവാണ് വേണ്ടത്. ആ തിരിച്ചറിവുള്ളവൻ സമയമായാൽ എത്രയും െപട്ടെന്ന് തന്റെ നിർബന്ധ ബാധ്യത കൊടുത്തുതീർക്കുവാനും അതുവഴി തന്റെ സമ്പത്തിനെ ശുദ്ധീകരിക്കുവാനും ശ്രദ്ധ പുലർത്തുമെന്നതിൽ സംശയമില്ല.

