തുറന്നുകാട്ടപ്പെട്ട വഞ്ചനകളും വിചിത്രമായ കൂട്ടുകെട്ടുകളും

മുഹമ്മദ് അമീൻ

2026 ജനുവരി 03, 1447 റജബ് 14

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം-4)

ചരിത്രത്തിൽ ഇഖ്‌വാനുൽ മുസ്‌ലിമൂനെപ്പോലെ ‘നന്ദികേട്’ ഒരു നയമായി സ്വീകരിച്ച മറ്റൊരു പ്രസ്ഥാനത്തെ കാണാൻ കഴിയില്ല. ഇഖ്‌വാനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഇതിനെക്കുറിച്ച് മുൻ ഇഖ്‌വാനി നേതാവായ അലി അഷ്മാവി തന്റെ അനുഭവക്കുറിപ്പുകളിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

“തങ്ങൾക്കൊപ്പം നിന്നവരെയെല്ലാം ഉപദ്രവിക്കുന്നതിൽ ഇഖ്‌വാനികൾക്ക് പ്രത്യേക വിരുതുണ്ട്. സൗദി അറേബ്യയും കുവൈത്തും ഖത്തറും അവർക്ക് അഭയം നൽകി, അവരെ സഹായിച്ചു. എന്നാൽ അവസരം കിട്ടിയപ്പോൾ അവർ ആ രാജ്യങ്ങളെ പിന്നിൽനിന്ന് കുത്തി, അവർക്കെതിരെ തിരിഞ്ഞു. അഭയം നൽകിയ നാടുകളിലെ ഭരണാധികാരികളെ അവർ നിരീക്ഷിക്കുകയും അവർക്കെതിരെയുള്ള വിവരങ്ങൾ ശേഖരിക്കുകയും സമയം കിട്ടുമ്പോൾ അത് അവർക്കെതിരെ തന്നെ ഉപയോഗിക്കുകയും ചെയ്തു.’’

സ്വന്തം ചരിത്രരേഖകളിൽ ഇഖ്‌വാനികൾ തന്നെ സമ്മതിക്കുന്ന ഈ വഞ്ചനയുടെ ചരിത്രമാണ് നാം ഇവിടെ പരിശോധിക്കുന്നത്. ആ ‘വഞ്ചന’യുടെ ആഴം സൗദി അറേബ്യ എന്ന തൗഹീദിന്റെ രാഷ്ട്രം തിരിച്ചറിയാൻ അൽപം വൈകിപ്പോയി. ‘നിങ്ങൾ പാമ്പിന് പാലു കൊടുത്ത് വളർത്തിയാൽ, അത് വളർന്നാൽ ആദ്യം കൊത്തുക നിങ്ങളെത്തന്നെയായിരിക്കും’ എന്ന പഴമൊഴി അന്വർഥമാക്കും വിധമായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങൾ.

കഴിഞ്ഞ ഭാഗങ്ങളിൽ അവർ എങ്ങനെ വിദ്യാഭ്യാസ-മത മേഖലകളിൽ നുഴഞ്ഞുകയറി എന്ന് നാം വായിച്ചു. ഈ ഭാഗത്തിൽ, അവരുടെ മുഖംമൂടി അഴിഞ്ഞുവീണ നിമിഷങ്ങളെക്കുറിച്ചും അധികാരം പിടിച്ചെടുക്കാൻ അവർ നടത്തിയ വിചിത്രമായ സഖ്യങ്ങളെക്കുറിച്ചും നമുക്ക് പരിശോധിക്കാം.

മുഖംമൂടി അഴിഞ്ഞുവീണ നിമിഷം: 1990ലെ ഗൾഫ് യുദ്ധം

വർഷങ്ങളോളം സൗദി അറേബ്യ ഇഖ്‌വാനികൾക്ക് അഭയം നൽകി. ഈജിപ്തിൽ തൂക്കുമരത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഫൈസൽ രാജാവ് കത്തുകൾ അയച്ചു. സൗദി പൗരത്വം നൽകി അവരെ ആദരിച്ചു. എന്നാൽ 1990ൽ സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചപ്പോൾ, സൗദി അറേബ്യ വലിയൊരു ഭീഷണിയെ നേരിട്ടു. ആ സമയത്താണ് ഇഖ്‌വാനികളുടെ തനിനിറം പുറത്തുവന്നത്.

മുസ്‌ലിം ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ ആഗോള നേതൃത്വം സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ചു! സൗദി അറേബ്യയെ സംരക്ഷിക്കാൻ വിദേശ സൈന്യത്തെ വരുത്തിയതിനെതിരെ പള്ളികളിലെ മിമ്പറുകളിൽ അവർ കലാപം അഴിച്ചുവിട്ടു. അന്ന് സൗദി ആഭ്യന്തര മന്ത്രിയായിരുന്ന നായിഫ് രാജകുമാരൻ ഒരു അഭിമുഖത്തിൽ തന്റെ ഞെട്ടൽ രേഖപ്പെടുത്തുകയുണ്ടായി: “ഞങ്ങൾ ചോദിച്ചു, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് നിങ്ങൾ അംഗീകരിക്കുന്നുവോ? അവർ പറഞ്ഞു: ഞങ്ങൾ കേൾക്കാൻ വന്നതാണ്. എന്നാൽ പിന്നീട് അവർ ഇറാഖിൽ പോയി സദ്ദാമിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി.’’

‘എതിർക്കുന്നു’ എന്ന് പറയാൻ പോലും തയ്യാറാകാതെ, തങ്ങൾ കാര്യങ്ങൾ കേൾക്കാനും അഭിപ്രായ ങ്ങൾ ആരായാനും വന്നതാണ് എന്നു പറഞ്ഞ് അവർ ചോദ്യത്തിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാ ണുണ്ടായത്. തൊട്ടുടനെ ഇറാഖിൽ ചെന്ന് സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ചു. സൗദിയിൽ വെച്ച് മറച്ചുവെച്ച തങ്ങളുടെ യഥാർഥ മുഖം അവർ ഇറാഖിൽ വെളിപ്പെടുത്തി.

അഭയം നൽകിയ നാടിനെ ശത്രുക്കൾക്ക് മുന്നിൽ ഒറ്റുകൊടുക്കാൻ അവർക്ക് യാതൊരു മടിയുമുണ്ടായില്ല. റാഷിദ് അൽഗന്നൂഷിയും അബ്ദുൽ മജീദ് സിന്ദാനിയും അടങ്ങുന്ന സംഘം സദ്ദാമിനൊപ്പം നിന്നു. സൗദിക്കുള്ളിൽ സൽമാൻ അൽഔദയെയും സഫർ അൽഹവാലിയെയും പോലുള്ള ‘സഹ്‌വ’ നേതാക്കൾ യുവാക്കളെ ഭരണകൂടത്തിനെതിരെ തിരിച്ചുവിട്ടു. ‘എന്റെ സഹോദരാ, സെക്യൂരിറ്റി

ഓഫീസറേ’ എന്ന പേരിൽ സൽമാൻ അൽഔദ ഇറക്കിയ കാസറ്റ് പോലീസുകാരെയും സൈനികരെയും ഭരണകൂടത്തിനെതിരെ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

സാമ്പത്തിക അധിനിവേശം

രാഷ്ട്രീയം മാത്രമല്ല, സാമ്പത്തിക മേഖലയും കൈയടക്കാതെ വിപ്ലവം സാധ്യമല്ലെന്ന് അവർക്കറിയാമായിരുന്നു. “ഇസ്‌ലാമിക് ബാങ്കിംഗ്’ എന്ന പേരിൽ അവർ ഒരു സമാന്തര സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തു. ഇതിനായി അവർ മൂന്ന് തൂണുകൾ നിർമിച്ചു:

1. ൈദ്ധാന്തിക അടിത്തറ : സർവകലാശാലകളിലെ ശരീഅത്ത് വിഭാഗങ്ങളിൽ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റി, തങ്ങൾക്ക് അനുകൂലമായ സാമ്പത്തിക ഫത്‌വകൾ നിർമിച്ചെടുത്തു.

2. പ്രായോഗിക നിയമങ്ങൾ: ബാങ്കുകളുടെ ശരീഅത്ത് ബോർഡുകളിൽ നുഴഞ്ഞുകയറി. ഖത്തർ, തുർക്കി, മലേഷ്യ എന്നിവടങ്ങളിലെ ഇഖ്‌വാനി കേന്ദ്രങ്ങളുമായി സഹകരിച്ച് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചു.

3. മൂല്യനിർണയം: ബാങ്കുകൾ ഇസ്‌ലാമികമാണോ എന്ന് തീരുമാനിക്കുന്ന ഏജൻസികൾവരെ അവർ ഉണ്ടാക്കി. തങ്ങൾക്ക് പണം തരുന്നവരെ ‘ഇസ്‌ലാമിക്’ ആയും അല്ലാത്തവരെ ‘പലിശ ബാങ്കുകൾ’ ആയും അവർ മുദ്രകുത്തി.

ഒരു ഇഖ്‌വാനി നേതാവ് (നിസാം യാഖൂബിയെപ്പോലെയുള്ളവർ) ഒരേസമയം 80ലധികം ബാങ്കുകളുടെ ശരീഅത്ത് ബോർഡുകളിൽ ഇരിക്കുകയും, അതിലൂടെ കോടിക്കണക്കിന് ഡോളർ സമ്പാദിക്കുക യും ചെയ്തു. ഈ പണം സംഘടനയുടെ വിധ്വംസക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു.

വിചിത്രമായ കൂട്ടുകെട്ടുകൾ

അധികാരം പിടിക്കാൻ ആരുമായും കൂട്ടുചേരും എന്നതാണ് ഇഖ്‌വാനികളുടെ നയം. ഇതിനെ ‘ഇഖ്‌വാനി കോക്ക്‌ടെയിൽ’ എന്ന് വിളിക്കാം. സൗദിയിൽ അവർ നടത്തിയ സഖ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്:

1) ലിബറലുകളുമായുള്ള സഖ്യം: പുറമെ മതതീവ്രവാദം പറയുമെങ്കിലും, ഭരണകൂടത്തെ വീഴ്ത്താൻ അവർ നിരീശ്വരവാദികളായ ലിബറലുകളുമായിവരെ കൈകോർത്തു. ‘നവോത്ഥാന വേദി’ എന്ന പേരിൽ സൽമാൻ അൽഔദയും കൂട്ടരും നടത്തിയ പരിപാടികളിൽ പ്രശസ്തരായ ലിബറലുകളെയും ശിയാ ചിന്തകരെയും പങ്കെടുപ്പിച്ചു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൽമാൻ അൽഔദയുടെ മാറ്റം. ഒരു സ്വീഡിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ‘സ്വവർഗരതിക്ക് ഇഹലോകത്ത് ശിക്ഷ നൽകേണ്ടതില്ല, അതൊരു വ്യക്തിസ്വാതന്ത്ര്യമാണ്.’ പാശ്ചാത്യരെ പ്രീതിപ്പെടുത്താൻ അല്ലാഹു വിന്റെ നിയമങ്ങളെപ്പോലും അവർ വളച്ചൊടിച്ചു!

2) ശിയാക്കളുമായുള്ള സഖ്യം: ഇറാനിലെ ഖുമൈനി വിപ്ലവത്തെ മാതൃകയാക്കിയവരാണ് ഇഖ്‌വാനികൾ. സൗദിയിലെ പ്രമുഖ ഇഖ്‌വാനി നേതാവായ മുഹ്‌സിൻ അൽഅവാജി ഇഖ്‌വാനി ആചാര്യനായ യൂസുഫുൽ ഖറദാവിക്കൊപ്പം ചേർന്ന് ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഖത്തീഫിലെ ശിയാക്കൾ നടത്തിയ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ഇസാം അൽസാമിൽ ട്വീറ്റ് ചെയ്തത് ‘ഇതൊരു വിഭാഗീയതയല്ല, അവകാശ പോരാട്ടമാണ്’ എന്നായിരുന്നു. സുന്നി രാഷ്ട്രമായ സൗദിയെ തകർക്കാൻ ഇവർ ശിയാ തീവ്രവാദികളുമായിവരെ രഹസ്യധാരണയു ണ്ടാക്കി.

3) സ്വൂഫികളുമായുള്ള സഖ്യം: സലഫികൾക്കെതിരെ നിൽക്കാൻ ഇവർ തീവ്ര സ്വൂഫികളുമായും അടുത്തു. ഹബീബ് അലി അൽജിഫ്രിയെപ്പോലെയുള്ള ക്വുബൂരികളെ (ശവകുടീര പൂജകർ) ഇവർ പ്രകീർത്തിച്ചു. തൗഹീദിനെ തകർക്കാൻ ബിദ്അത്തുകാരെ കൂട്ടുപിടിക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം.

4) തബ്‌ലീഗ് ജമാഅത്ത്: പാമരന്മാരായ അണികളുള്ള തബ്‌ലീഗ് ജമാഅത്തിനെ ഇവർ ‘നല്ലവരായ മനുഷ്യർ’ എന്ന് പ്രശംസിച്ച് സുഖിപ്പിച്ചു. ഇവരുടെ അണികളെ പിന്നീട് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങ ൾക്ക് ഉപയോഗിക്കുക എന്നതായിരുന്നു ഇഖ്‌വാനികളുടെ ഗൂഢലക്ഷ്യം.

‘ഹിനൈൻ’ ഗൂഢാലോചനയും ബ്ലാക്ക്‌മെയിലിംഗും

‘അറബ് വസന്തം’ എന്ന പേരിൽ മധ്യപൗരസ്ത്യ ദേശത്ത് കലാപങ്ങൾ കത്തിപ്പടർന്ന 2011. സൗദി അറേബ്യയിലും കലാപം ഉണ്ടാക്കാൻ ഇഖ്‌വാനികൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ‘വിപ്ലവ ദിനം.’

അന്ന് ചികിത്സയ്ക്കായി വിദേശത്തായിരുന്ന അബ്ദുല്ല രാജാവ് തിരികെ വരുന്ന സമയം നോക്കി, ഇഖ്‌വാനികൾ ഒരു കത്ത് തയ്യാറാക്കി. ‘അവകാശങ്ങളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രത്തിലേക്ക്’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. ഇത് വെറുമൊരു കത്തായിരുന്നില്ല, മറിച്ച് രാജാവിനെ ഭീഷണിപ്പെടുത്തുന്ന ഒരു രേഖയായിരുന്നു.

സൽമാൻ അൽഔദ, സഫർ അൽഹവാലി തുടങ്ങിയ ഇഖ്‌വാനികളും, മുഹമ്മദ് സഈദ് ത്വയ്യിബിനെപ്പോലെയുള്ള ലിബറലുകളും, തൗഫീഖ് അൽസൈഫിനെപ്പോലെയുള്ള ശിയാക്കളും ഇതിൽ ഒപ്പിട്ടു. അവരുടെ ആവശ്യങ്ങൾ ഇതായിരുന്നു:

എ) രാജ്യം ഒരു ഭരണഘടനാ രാജവാഴ്ചയിലേക്ക് മാറണം.

ബി) രാജാവിന്റെ അധികാരങ്ങൾ കുറയ്ക്കണം.

സി) തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് വരണം (അതിലൂടെ അധികാരം പിടിക്കാം എന്ന് അവർ കണക്കുകൂട്ടി).

ഡി) സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകണം.

‘ഇത് അംഗീകരിച്ചില്ലെങ്കിൽ, മറ്റു അറബ് രാജ്യങ്ങളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും’ എന്നൊരു ഭീഷണി ആ വരികൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് സൗദി ജനത ഈ ആഹ്വാനത്തെ തള്ളിക്കളഞ്ഞു. ‘ഹിനൈൻ’ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ദിവസം തെരുവിൽ ആരും ഇറങ്ങിയില്ല. ഇഖ്‌വാനികളുടെ മോഹങ്ങൾ തകർന്നടിഞ്ഞു.

നേരിട്ടുള്ള യുദ്ധം പരാജയപ്പെട്ടപ്പോൾ അവർ തന്ത്രം മാറ്റി. ‘സിവിൽ സൊസൈറ്റികൾ’ വഴിയുള്ള അധിനിവേശമായി പിന്നീട്. മനുഷ്യാവകാശം, സ്ത്രീ ശാക്തീകരണം, ജീവകാരുണ്യം എന്നീ പേരുകളിൽ നൂറുകണക്കിന് സംഘടനകൾ അവർ ഉണ്ടാക്കി. ഇതിലൂടെ വിദേശ ഫണ്ടുകൾ സ്വീകരിക്കാനും ജനങ്ങളുടെ വിശ്വസ്തത ഭരണകൂടത്തിൽനിന്ന് തങ്ങളിലേക്ക് മാറ്റാനും അവർ ശ്രമിച്ചു.

ഈജിപ്തിൽനിന്ന് കാമിലിയ ഹിൽമിയെപ്പോലെയുള്ള ഇഖ്‌വാനി വനിതാ നേതാക്കളെ കൊണ്ടു വന്ന് സൗദിയിലെ സ്ത്രീകളെ അവർ പരിശീലിപ്പിച്ചു. ‘രാഷ്ട്രീയത്തിൽ ഇടപെടുക, തെരുവിലിറങ്ങുക’ എന്ന പാഠങ്ങളാണ് ‘സ്ത്രീ ശാക്തീകരണം’ എന്ന പേരിൽ അവർ നൽകിയത്.

ജാഗ്രത പാലിക്കുക

ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് കേവലമൊരു സംഘടനയല്ല. അതൊരു വികാരമാണ്. ഒരു വൈറസാണ്. സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്. പാശ്ചാത്യരോട് സംസാരിക്കുമ്പോൾ അവർ ലിബറലുകളാകും. സലഫികളോട് സംസാരിക്കുമ്പോൾ അവർ വലിയ മതഭക്തരാകും. ശിയാക്കളോട് സംസാരിക്കുമ്പോൾ അവർ വിപ്ലവകാരികളാകും. എന്നാൽ ഉള്ളിൽ അവർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ: ‘അധികാരം.’

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ, സൗദി അറേബ്യയിലെ ഭരണകൂടവും ഉന്നത പണ്ഡിതന്മാരും ഈ അപകടം തിരിച്ചറിയുകയും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ വേഷംമാറി വരുന്ന ഈ അപകടത്തിനെതിരെ നാം ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

(തുടരും)