വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ

ഡോ. ടി. കെ. യൂസുഫ്

2026 ജനുവരി 31, 1447 ശഅ്ബാൻ 12

ലോക നാഗരികതക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മതമാണ് ഇസ്‌ലാം. മാനവരാശിയുടെ ആരോഗ്യസംരക്ഷരണ രംഗത്ത് മുസ്‌ലിംകൾ നടത്തിയ കാൽവയ്പുകൾ ജാതിമത ഭേദമന്യെ ഏവർക്കും പ്രയോജനപ്രദവും അമുസ്‌ലിം ശാസ്ത്രജ്ഞർ പോലും അംഗീകരിക്കുകയും ചെയ്തതാണ്. പേർഷ്യൻ, ഗ്രീക്ക്, ചൈനീസ്, ഭാരതീയ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത് മാലോകർക്ക് എത്തിച്ചതിലുപരി സ്വന്തമായ ചില അടയാളപ്പെടുത്തലുകളും അവർ നടത്തിയിട്ടുണ്ട്.

ആരോഗ്യം, ജീവശാസ്ത്രം, സസ്യശാസ്ത്രം, ഔഷധനിർമാണം തുടങ്ങി ഒട്ടെറെ രംഗങ്ങളിൽ സേവനങ്ങളർപ്പിച്ചുകൊണ്ട് മാനവികതക്ക് കാവലായി മുസ്‌ലിംകൾ നിലനിന്നിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് മുസ്‌ലിംകളല്ലാത്തവർ കാര്യമായൊന്നും ചെയ്തിട്ടില്ല എന്ന് ഒരു ഗവേഷകന് തോന്നും വിധമുളള പ്രവർത്തനങ്ങളാണ് മുസ്‌ലിംകൾ നിർവഹിച്ചിട്ടുള്ളത്. വൈദ്യശാസ്ത്രത്തിന്റെ ഗതി തിരിച്ചുവിടുകയും ഒരു ശാസ്ത്രശാഖയായി അതിനെ പരിവർത്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ അതുല്യ പ്രതിഭകളെ വാർത്തെടുക്കാൻ ഇസ്‌ലാമിന് കഴിഞ്ഞു എന്നത് ഒരു അനിഷേധ്യ വസ്തുതയാണ്.

വൈദ്യം മാനവരാശിയോളം പഴക്കമുള്ള ഒരു വിജ്ഞാനശാഖയാണ്. വേദന നിവാരണത്തിനുള്ള ഒരു മാർഗമായിട്ടാണ് ചികിത്സ ആരംഭിച്ചത്. വേദനകൾക്ക് ശമനം നൽകുന്ന ചില പൊടിക്കൈകളും വേദന മാറി എന്ന് തോന്നിക്കുന്ന ചില ചെപ്പടി വിദ്യകളുമാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. വൈദ്യം പയറ്റിയ ഏറ്റവും പുരാതനമായ ജനവിഭാഗം ഈജിപ്തുകാരായിരുന്നു. രോഗങ്ങൾ കൃത്യമായി നിർണയിക്കാൻ അവർക്ക് നല്ല വൈദഗ്ധ്യമുണ്ടായിരുന്നു. അവരുടെ ക്ഷേത്രങ്ങളിലും മമ്മികളിലും അവരുടെ ചികിത്സയുടെ ചില അടയാളങ്ങൾ കാണാൻ കഴിയും. ദുർഭൂതങ്ങളാണ് രോഗകാരണം എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ‘ദുരാത്മാക്കളെ’ മന്ത്രംകൊണ്ട് അകറ്റുക എന്ന നിലയിലാണ് അവർ ചികിത്സ നടത്തിയിരുന്നത്. ഔഷധകങ്ങൾ ഈ ദൗത്യത്തിന് തങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു അവരുടെ നിഗമനം.

ഈജിപ്തുകാരുടെ വൈദ്യശാസ്ത്ര വൈദഗ്ധ്യത്തെക്കുറിച്ച് ഹോമർ തന്റെ ‘ഒടീസി’യിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: “പേർഷ്യക്കാരും ഗ്രീക്കുകാരും ഈജിപ്തിൽനിന്നാണ് ചികിത്സാരീതി കടമെടുത്തിരിക്കുന്നത്. മരുന്ന്, മന്ത്രം ഇവയിൽ ഒന്നുകൊണ്ടോ അല്ലെങ്കിൽ ഇവ രണ്ടും കൂടി ഒരുമിച്ച് കൂട്ടിക്കൊണ്ടോ ആയിരുന്നു അവർ ചികിത്സിച്ചിരുന്നത്.

ഈജിപ്തുകാർക്ക് ശേഷം ബാബിലോണിയക്കാർക്കാണ് വൈദ്യത്തിൽ മുൻഗണനയുണ്ടായിരുന്നത്. അന്ധവിശ്വാസം കലർന്ന വൈദ്യം നടപ്പിലാക്കിയിരുന്ന അവർ വിശ്വസിച്ചിരുന്നത് രോഗിയുടെ പാപങ്ങളാണ് രോഗബാധക്ക് കാരണമായിത്തീരുന്നത് എന്നാണ്. അതുകൊണ്ട് തന്നെ ചികിത്സാ രംഗത്തെ പിഴവുകൾക്ക് വൈദ്യന്മാരെ അവർ വിചാരണ ചെയ്തിരുന്നില്ല. അമിത ഫീസ് ഈടാക്കുന്നതിനും രോഗികളെ പരിഗണിക്കാതിരിക്കുന്നതിനും അവിടെ ശിക്ഷ വിധിച്ചിരുന്നു. കൗൺസലിംഗ്, ഔഷധ ചികിത്സ, മന്ത്രവാദം എന്നീ മൂന്ന് രൂപത്തിലും അവർ രോഗികളെ ചികിത്സിച്ചിരുന്നു. രോഗികളെ പൊതുനിരത്തുകളിൽ ഇരുത്തുകയും സമാനമായ രോഗം ബാധിച്ച് ശമനം നേടിയവരുടെ നിർദേശങ്ങൾ ആരായുകയും ചെയ്തിരുന്നു. മന്ത്രത്തിനും ജ്യോത്സ്യത്തിനുമായിരുന്നു അവർ മുൻഗണന നൽകിയിരുന്നത്.

ബിസി മൂവായിരം മുതൽ തന്നെ ചികിത്സ തുടങ്ങിയ ചൈനക്കാരാണ് വൈദ്യശാസ്ത്ര രംഗത്ത് അറിയപ്പെട്ട മറ്റൊരു വിഭാഗം. ഔഷധച്ചെടികളെക്കുറിച്ച് കാര്യമായ പഠനം തന്നെ അവർ നടത്തിയിട്ടുണ്ട്. ചൂട് വെച്ചുകൊണ്ടും സൂചി കുത്തിക്കൊണ്ടുമുളള ചികിത്സാരീതികൾക്ക് ചൈനയിൽ പുരാതന കാലം തൊട്ടുതന്നെ പ്രചുര പ്രചാരം ലഭിച്ചിട്ടുണ്ട്. അക്യൂപങ്ചർ ചികിത്സയുടെ അടിവേരുകൾ ചൈനയിൽ നിന്നാണ് തുടങ്ങുന്നത്.

ഭാരതീയ ചികിത്സയും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നുവെങ്കിലും ശസ്ത്രക്രിയ ഒരു ചികിത്സവിധിയായി അവർ ഗണിച്ചിരുന്നു. രോഗങ്ങൾ മനുഷ്യന്റെ കൂടെപ്പിറപ്പാണെങ്കിലും ആത്മീയമോ ശാരീരികമോ ആയ ദോഷങ്ങളാണ് അവ പ്രകടമാകാനുളള കാരണമായി അവർ ഗണിച്ചിരുന്നത്. ആധുനിക ചികിത്സാവിധികളായ കുത്തിവയ്പ്, ശസ്ത്രക്രിയ തുടങ്ങിയവ ഇന്ന് കാണുന്ന രൂപത്തിലല്ലെങ്കിലും ഭാരതീയ ചികിത്സകളിൽ നടപ്പിലുണ്ടായിരുന്നു. ശരീരത്തിലെ വാത, പിത്ത, കഫ അസന്തുലിതാവസ്ഥ യാണ് രോഗകാരണമായി ആയുർവേദം കാണുന്നത്. പച്ചമരുന്നുകളോടൊപ്പം ചികിത്സകർ ചില മാന്ത്രവാദ പൊടിക്കൈകളും പ്രയോഗിച്ചിരുന്നു. ആയിരത്തിലധികം ഔഷധച്ചെടികളെക്കുറിച്ചുളള പരാമർശം ആയുർവേദ ഗ്രന്ഥങ്ങളിൽ കാണാം.

ഭാരതീയ ചികിത്സയിലെ പ്രസിദ്ധമായ രണ്ട് ഗ്രന്ഥങ്ങൾ ബിസി അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ശുശ്രുത’യും എഡി രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ചരക’യുമാണ്. ഒട്ടേറെ രോഗലക്ഷണങ്ങളും ചികിത്സാവിധികളും വിവരിക്കുന്ന ഇത്തരം ആയുർവേദ സർവവിജ്ഞാന കോശങ്ങളിൽ വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തലനായ ഹിപ്പോക്രറ്റിെൻറ തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ‘നിങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി ചികിത്സിക്കരുത്. മാനവരാശിയുടെ വേദന ലഘൂകരിക്കാൻ വേണ്ടിയാണ് നിങ്ങൾ ചികിത്സിക്കേണ്ടത്’ എന്ന തത്ത്വം അദ്ദേഹത്തിന്റെതാണ്. പുരാതന നാഗരികതയിലെ വൈദ്യശാസ്ത്രങ്ങളിൽ ഭാരതീയ ചികിത്സാവിധികളാണ് കൂടുതൽ ശാസ്ത്രീയവും താതതമ്യേന അന്ധവിശ്വസമുക്തവുമായിരുന്നത്. അതുകൊണ്ട് തന്നെ അറബികളും മുസ്‌ലിംകളും ആയുർവേദ ഗ്രന്ഥങ്ങൾ അബൂജഅ്ഫർ മൻസൂറിന്റെ കാലഘട്ടത്തിൽ തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിൽ അറിയപ്പെട്ട മറ്റൊരു വിഭാഗം ഗ്രീക്കുകാരായിരുന്നു. അവർ ഈ രംഗത്ത് കാര്യമായി അവലംബിച്ചത് ഈജിപ്തുകാരെയും ബാബിലോണിയക്കാരെയുമാണ്. പക്ഷേ, ബുദ്ധി ശക്തിയിൽ പ്രഗത്ഭരായിരുന്ന അവർ മറ്റുള്ളവരിൽനിന്നും എടുത്തതിൽ മാത്രം ഒതുങ്ങാതെ സ്വന്തമായി ധാരാളം അറിവുകളും അനുഭവങ്ങളും അതിലേക്ക് ചേർക്കുകയും വൈദ്യത്തെ ഒരു സമഗ്ര വിജ്ഞാനമാക്കി മാറ്റുകയും ചെയ്തു. വൈദ്യത്തിന്റെ കുലപതികളായി അറിയപ്പെട്ട ഗ്രീക്കുകാർ തന്നെയാണ് ബിസി നാലാം നൂറ്റാണ്ടിൽ ഹിപ്പോക്രാറ്റിന് ജന്മം നൽകിയത്. ചികിത്സാ രംഗത്ത് നിരന്തരം പഠന ഗവേഷണം നടത്തിയതുകൊണ്ടാണ് ഗ്രീക്കുകാർക്ക് ഈ രംഗത്ത് ലോകോത്തര മാതൃകയാകാൻ കഴിഞ്ഞത്. അക്കാലത്തെ പുരോഗമനവാദികളായിരുന്നുവെങ്കിലും അവർക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ ചികിത്സയിൽ കടന്നുകൂടിയിരുന്നു. എന്നാൽ അറബികൾ ഗ്രീക്ക് വൈദ്യഗ്രന്ഥങ്ങൾ തർജമ ചെയ്ത് ലോകജനതക്ക് സമർപ്പിച്ചപ്പോൾ അന്ധവിശ്വാസമുക്തമായ വൈദ്യവിവരങ്ങളാണ് ലോകത്തിന് ലഭിച്ചത്.

റോമക്കാർ ഗ്രീക്കുകാരിൽനിന്ന് ഭരണ തത്ത്വങ്ങൾ പഠിച്ചെങ്കിലും വൈദ്യശാസ്ത്ര വിവരങ്ങളൊന്നും അഭ്യസിക്കുകയുണ്ടായില്ല. അതുകൊണ്ട് തന്നെ റോമക്കാരിൽ തദ്ദേശീയരായി ഭിഷഗ്വരന്മാർ ഉണ്ടായിരുന്നില്ല. സ്‌നാന ചികിത്സ, സംഗീത ചികിത്സ, വ്യായാമ ചികിത്സ എന്നിവയാണ് റോമൻ ചികിത്സകളായി അറിയപ്പെട്ടിരുന്നത്. ഹിപ്പോക്രറ്റ് കഴിഞ്ഞാൽ വൈദ്യശാസ്രത്തിന് ഏറെ സംഭവാനകൾ നൽകുകയും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തത് റോമൻ കാലഘട്ടിത്തിൽ ക്രി.130 -200ൽ ജീവിച്ച ഗാലന്റെ കൃതികളായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വളരെ കൂടുതൽ വിവർത്തനം ചെയ്യപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു.

ജാഹിലിയ്യ കാലത്തും അറബികളിൽ ചില ചികിത്സാവിധികളുണ്ടായിരന്നു. ശരീരത്തിൽ രോഗ ബാധയുളള ഭാഗത്ത് ചൂടുവെച്ച് കരിച്ചുകളയുക, രോഗാതുരമായ ഭാഗങ്ങൾ മുറിച്ചുകളയുക, തേൻ പാനീയം കുടിക്കുക, ചില ഔഷധച്ചെടികളുടെ സത്തുകൾ സേവിക്കുക, ഏലസ്, ഉറുക്ക്, മന്ത്രത്തകിട് തുടങ്ങിയവ ശരീരത്തിൽ ബന്ധിക്കുക എന്നിവയായിരുന്നു അവരുടെ ചികിത്സാരീതികൾ. ആമാശയമാണ് രോഗത്തിന്റെ ഗേഹം, ഉപവാസമാണ് ചികിത്സയുടെ മർമം എന്നിങ്ങനെയുളള ധാരാളം ആപ്തവാക്യങ്ങൾ അറബിയിൽ കാണാൻ കഴിയും.

മുഹമ്മദ് നബിﷺ നിയോഗിതനാകും മുമ്പ് വൈദ്യം കാര്യമായി കൈകാര്യം ചെയ്തിരുന്നത് ജ്യോത്സ്യന്മാരായിരുന്നു. ചില നക്ഷത്രങ്ങളും രാശികളും മനുഷ്യരുടെ അസുഖങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങൾ ഇസ്‌ലാമിൽ നിഷിദ്ധമാണ്. ഇവയിൽനിന്ന് മുക്തമായ, തികച്ചും ഔഷധങ്ങളിൽ അധിഷ്ഠിതമായ ഒരു ചികിത്സാരീതിയാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഇസ്‌ലാം മനുഷ്യന്റെ ശാരീരികവും മാനസികവുമായ സൗഭാഗ്യം ലക്ഷ്യം വെക്കുന്നതുകൊണ്ട് ശാരീരികവും മാനസികവുമായ രോഗങ്ങൾക്കുളള ചികിത്സകൾ അത് നിർദേശിക്കുന്നുണ്ട്. പ്രവാചക നിയോഗത്തിന്റെ ആത്യന്തികലക്ഷ്യം ജനങ്ങൾക്ക് വൈദ്യം പഠിപ്പിക്കലല്ലെങ്കിലും പ്രവാചക വചനങ്ങളിൽ ധാരാളം വൈദ്യനിർദേശങ്ങൾ അടങ്ങിയതായി കാണാം. അതോടൊപ്പം ഭൗതിക കാര്യങ്ങളിൽ ഗവേഷണം നടത്താനുളള ആഹ്വാനങ്ങളും തിരുവചനങ്ങളിൽ ദർശിക്കാൻ കഴിയും. ജാബിറി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “എല്ലാ രോഗത്തിനും ഔഷധമുണ്ട്, ഔഷധവും രോഗവും കൂടി യോജിച്ചാൽ അല്ലാഹുവിന്റെ അനുമതിയോടുകൂടി ശമനം ലഭിക്കും’’(മുസ്‌ലിം).

ഇതേ ആശയം മറ്റൊരു ഹദീസിൽ ഇപ്രകാരം സൂചിപ്പിക്കുന്നു; നബിﷺ പറഞ്ഞു: “നിങ്ങൾ ചികിത്സിക്കുക. തീർച്ചയായും അല്ലാഹു ഒരു രോഗവും ഉണ്ടാക്കിയിട്ടില്ല; അതിന് ഔഷധം ഉണ്ടാക്കിയിട്ടല്ലാതെ. വാർധക്യം എന്ന രോഗം ഒഴികെ’’ (അബൂദാവൂദ്).

പഠന ഗവേഷണങ്ങളിലൂടെ രോഗങ്ങൾക്ക് ഔഷധം കണ്ടെത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് സൂചിപ്പിക്കുന്ന തിരുവചനങ്ങളും കാണാം. ഇബ്‌നു മസ്ഊദി(റ)ൽ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: “അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല; അതിനുളള ഔഷധം ഇറക്കിയിട്ടല്ലാതെ. അറിയുന്നവൻ അത് അറിയുന്നു, അറിയാത്തവൻ അത് അറിയുന്നുമില്ല’’ (ഇബ്‌നു ഹിബ്ബാൻ).

രോഗം വന്നാൽ ചികിത്സിക്കാൻ കൽപിക്കുകയും വൈദ്യപഠനത്തിന് പ്രോത്സാഹനം നടത്തുകയും ചെയ്ത പ്രവാചകൻﷺ വൈദ്യശാസ്ത്രത്തിൽ പ്രാവീണ്യമുള്ളവരെയാണ് ചികിത്സക്ക് തെരഞ്ഞെടുത്തിരുന്നത്. സ്വഹാബികളിൽ പെട്ട ഒരാൾക്ക് ഒരു മുറിവ് സംഭവിച്ചു. അപ്പോൾ നബിﷺ ബനൂഅൻമാറിൽ പെട്ട രണ്ടാളുകളെ വിളിച്ചു. അവർ അദ്ദേഹത്തെ നോക്കി. അപ്പോൾ നബിﷺ അവരോട് ചോദിച്ചു: “നിങ്ങളിൽ ആർക്കാണ് വൈദ്യം കൂടുതൽ അറിയുന്നത്?’’ അപ്പോൾ അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, വൈദ്യത്തിലും നല്ലതുണ്ടോ?’’ അപ്പോൾ നബിﷺ പറഞ്ഞു: “രോഗങ്ങൾ ഇറക്കിയവൻതന്നെയാണ് ഔഷധവും ഇറക്കിയത്’’ (ബൈഹക്വി).

സഅദ് ബിൻ മുആദി(റ)ന് ഖൽദഖ് യുദ്ധത്തിൽ അമ്പേറ്റപ്പോൾ അദ്ദേഹത്തെ ചികിത്സിക്കുന്നതിന് വേണ്ടി നബിﷺ സഹാബി വനിതയായ റഫീദ(റ)യുടെ തമ്പിലേക്ക് കൊണ്ടുപോകാനാണ് കൽപിച്ചത് കാരണം മുറിവേറ്റവരെ ചികിത്സിക്കുന്നതിൽ അവർക്ക് നൈപുണ്യമുണ്ടായിരുന്നു. സ്ത്രീകൾ പുരുഷന്മാരെ ചികിത്സിക്കുന്നത് അപൂർവമായ അക്കാലത്ത് വൈദ്യവൈദഗ്ധ്യംകൊണ്ടാണ് അവർ അതിന് അർഹത നേടിയത്. അതുപോലെ സഅ്ദ് ബിൻ അബീവക്വാസി(റ)നോട് അറബികളിലെ പ്രസിദ്ധ ഭിഷഗ്വര നായിരുന്ന ഹാരിസ് ബിൻ കൽദയുടെ അടുത്ത് പോകാനാണ് കൽപിച്ചത്. മുസ്‌ലിമിനെ ചികിത്സിക്കാൻ അമുസ്‌ലിം വൈദ്യവിദഗ്ധനെയാണ് നിർദേശിച്ചത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ന് ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന ധാരാളം പച്ചമരുന്നുകൾ നബിﷺയുടെ ചികിത്സാവിധികളിൽ കാണാം.

(തുടരും)