ഇസ്‌ലാമിക വൈദ്യത്തിന്റെ മാനുഷിക മാനങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2026 മാർച്ച് 07, 1447 റമദാൻ 17

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ-5)
എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് അവരുടെ വേദന ലഘൂകരിക്കാനുളള മാർഗമാരായുന്ന ഒരു മാനുഷിക ഭാവമാണ് മുൻകാല മുസ്‌ലിം ഭിഷഗ്വരന്മാരുടെ ഒരു സവിശേഷത. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുളള ഇസ്‌ലാമിക അധ്യാപനങ്ങളാണ് അവരെ അതിന് പ്രേരിപ്പിച്ചിട്ടുളളത്. രോഗികൾക്ക് മതനിയമങ്ങളിൽ ധാരാളം ഇളവുകൾ നൽകിയിട്ടുണ്ട്. രോഗിയെ സന്ദർശിക്കുന്നതിന്റെ പുണ്യം വിവരിക്കുന്ന ധാരാളം നബിവചനങ്ങൾ കാണാം. അവിശ്വാസിയായ രോഗിയെ സന്ദർശിക്കുന്ന വിഷയത്തിൽ ഒരു അധ്യായം പോലും ബുഖാരിയിലുണ്ട്. അതുകൊണ്ട് തന്നെ മുസ്‌ലിം ഡോക്ടർമാർ രോഗികളോട് യാതൊരു വേർതിരിവും കാണിച്ചിരുന്നില്ല.
അബൂബക്കർ അൽറാസി തന്റെ ശിഷ്യന്മാരോട് ‘നിങ്ങളുടെ ലക്ഷ്യം രോഗിയുടെ ശമനമാകണ’മെന്നും ‘രോഗികൾക്കിടയിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേർതിരിവ് കാണിക്കരുതെ’ന്നും ഉപദേശിച്ചിരുന്നു. മാനുഷികാവകാശങ്ങൾക്ക് സമൂഹത്തിൽ പൊതുവെയും രോഗികൾക്ക് പ്രത്യേകിച്ചും ലഭിച്ചിരുന്ന പരിഗണന ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ മുഖമുദ്രയായിരുന്നു.
അമുസ്‌ലിംകളുടെ സാക്ഷ്യങ്ങൾ
വൈദ്യശാസ്ത്ര രംഗത്ത് മുസ്‌ലിംകൾ നടത്തിയ സംഭാവനകൾ പാശ്ചാത്യരായ അമുസ്‌ലിം ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുണ്ട്. വില്യം മോണ്ട് ഗോമറി വാട്ട് പറയുന്നത് ഇപ്രകാരമാണ്: ‘ഒന്നിലധികം രംഗത്ത് പ്രതിഭ തെളിയിച്ച ഒരു മഹാനാണ് ഇബ്‌നു സീന. അദ്ദേഹം തത്ത്വചിന്തകനും ഭിഷഗ്വരനുമാണ്.’ ‘റാസിയെക്കാളും ഇബ്‌നു സീനയെക്കാളും വൈദ്യശാസ്ത്രത്തിന് സംഭാവനകൾ ചെയ്തവരില്ല’ എന്നാണ് സുഡായിയോ പറയുന്നത്. ഇബ്‌നുസീനയുടെ കാനനും റാസിയുടെ ഹാവിയും വൈദ്യവിവരത്തിന് ഏറ്റവും വലിയ അവലംബമാണെന്നാണ് ഡോമിനിക് സോർഡൈൽ പറയുന്നത്.
ഫ്രഞ്ച് ഓറിയന്റലിസ്റ്റായ ഗോസ്റ്റാഫ് ലെബൻ പറഞ്ഞു: ‘വൈജ്ഞാനിക രംഗത്ത് അറബികൾ നൽകിയ സംഭാവനകളിൽ ഏറ്റവും മികച്ചത് വൈദ്യം തന്നെയാണ്. അവർ വിവർത്തനം ചെയത് ലോകത്തിന് നൽകിയ വിജ്ഞാനങ്ങളിൽ പലതും നഷ്ടപ്പെട്ടു. എന്നാൽ വൈദ്യം ഇപ്പോഴും ഉപയോഗപ്പെടുത്തപ്പെടുന്നു.’ ജർമൻ ക്രിസ്ത്യാനിയായിരുന്ന പെർ ബെർമൻ ‘മധ്യനൂറ്റാണ്ടിലെ മുസ്‌ലിം വൈദ്യം’ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചത് മുസ്‌ലിംകൾ ഈ രംഗത്ത് നൽകിയ സംഭാവനകൾ ലോകത്തിന് നൽകുന്നതിന് വേണ്ടിയാണ്. മുസ്‌ലിംകൾ അവരുടെ വിഭവശേഷി വൈദ്യരംഗത്ത് സമർപ്പിക്കുകയും ചികിത്സയിലും ശസ്ത്രക്രിയയിലും ലോകോത്തരമായ ആതുരാലയങ്ങൾ ഇസ്‌ലാമിക നഗരങ്ങളിൽ സ്ഥാപിക്കുകയും എല്ലാ മതസ്ഥർക്കും അതിൽ ചികിത്സ നൽകുകയും ചെയ്തുവെന്നാണ് ഹോവാർഡ് ടെർണർ പറയുന്നത്. ഏറ്റവും കൂടുതൽ കാലം വൈദ്യപഠനത്തിന് അവലംബമായി വർത്തിച്ചത് ഇബ്‌നുസീനയുടെ കാനനാണ്. പതിഞ്ചാം നൂറ്റാണ്ടിൽതന്നെ അത് പതിനഞ്ചു തവണ അച്ചടിക്കുകയുണ്ടായി. പതിമൂന്ന് മുതൽ പതിനേഴ് വരെ നൂറ്റാണ്ടുകളിൽ മറ്റു ഗ്രന്ഥങ്ങളൊന്നുമുണ്ടായിരു ന്നില്ല എന്നാണ് ഓസ്ലർ പറയുന്നത്.
ഔഷധ ശാസ്ത്രവും മുസ്‌ലിംകളും
വൈദ്യശാസ്ത്ര രംഗത്ത് മുസ്‌ലിംകൾ നൽകിയ സംഭാവനകൾ പാശ്ചാത്യർക്ക് മാതൃകയായെങ്കിൽ ഔഷധ നിർമാണ ശാസ്ത്രത്തിലെ മുസ്‌ലിം സംഭാവന പാശ്ചാത്യരും പൗരസ്ത്യരും ഒരുപോലെ അംഗീകരിച്ചതാണ്. ഔഷധ നിർമാണം പരീക്ഷണ നിരീക്ഷണത്തിലൂടെ നിർവഹിക്കേണ്ട ഒരു ശാസ്ത്രമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് മുസ്‌ലിംകളാണ്. മരുന്ന് നിർമിക്കുന്നവന് രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും അഗാധ ജ്ഞാനം ആവശ്യമാണ്. ഔഷധ നിർമാണ രംഗത്ത് ആദ്യമായി ഗ്രന്ഥരചന നടത്തിയത് മുസ്‌ലിംകളാണ്. ചരിത്രാതീതകാലം തൊട്ടുതന്നെ ചില ജനവിഭാഗങ്ങൾ ചില ചെടികൾക്ക് വേദന ശമിപ്പിക്കാനും രോഗം മാറ്റാനും കഴിവുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. രോഗമുളള മൃഗങ്ങൾ ഇത്തരം ചെടികൾ ഭക്ഷിച്ച് സുഖം പ്രാപിക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു. ഇത് അവർ മനുഷ്യരിലും പരീക്ഷിച്ചു. പക്ഷേ, അത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.
(തുടരും)

