റമദാനും വിശുദ്ധ ക്വുർആനും

ഹാഷിം

2026 ഫെബ്രുവരി 28, 1447 റമദാൻ 10

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു അവന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യരുടെ സംസ്‌കരണത്തിന് വേണ്ടി റമദാൻ മാസത്തിൽ നോമ്പ് നിർബന്ധമാക്കി. മനുഷ്യരെ ദൈവിക മാർഗത്തിലേക്ക് നയിക്കുവാനായി വിശുദ്ധ ക്വുർആൻ അവതരിച്ച മാസമാണ് റമദാൻ.

“ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്)’’ (ക്വുർആൻ 2:285).

ക്വുർആൻ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അതിലൂടെ നമ്മുടെ ജീവിതപ്രയാസങ്ങളിൽ നമുക്ക് മനഃസമാധാനം ലഭിക്കുമെന്ന സത്യവും ക്വുർആൻ വെളിപ്പെടുത്തുന്നു:

“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). പറയുക: അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും കാരുണ്യംകൊണ്ടുമാണത്. അതുകൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നതി നെക്കാൾ ഉത്തമമായിട്ടുള്ളത്’’(ക്വുർആൻ 10:57,58).

“...ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28).

വ്രതാനുഷ്ഠാനവും ക്വുർആൻ പാരായണ-പഠനം നടത്തുന്നതും മനുഷ്യനെ സംസ്‌കരിക്കുകയും പരലോക വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. വിശുദ്ധ ക്വുർആനുമായുള്ള നമ്മുടെ ബന്ധം സുദൃഢമാകുവാൻ എന്താണ് ചെയ്യേണ്ടത്?

1. ക്വുർആൻ പാരായണം ശ്രവിക്കുക.

2. പാരായണ നിയമ പ്രകാരം പാരായണം ചെയ്യുക.

3. ക്വുർആൻ മനഃപാഠമാക്കുക.

4. തദബ്ബുർ ചെയ്യുക.

5. ക്വുർആൻ അനുശാസിക്കുന്ന ജീവിതരീതി പ്രാവർത്തികമാക്കുകയും പ്രബോധനം നടത്തുകയും ചെയ്യുക.

1. ‘ക്വുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത് ശ്രദ്ധിച്ച് കേൾക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’ (7:204).

2. പാരായണ നിയമത്തിൽ ശ്രദ്ധിക്കുക:

‘...ക്വുർആൻ സാവകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക’ (73:4).

ക്വുർആൻ തിരക്കിട്ട് പാരായണം ചെയ്യരുത്. സാവകാശം ഓരോ പദവും സ്ഫുടമായി ഉച്ചരിക്കുക. ഓരോ സൂക്തവും നിർത്തിനിർത്തി ഓതുക. ഹദീസുകളിൽനിന്നും പാരായണനിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് വായിക്കാൻ കഴിയും.

ബശീറി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: ‘ക്വുർആൻ മണിച്ചോതാത്തവൻ നമ്മളിൽ പെട്ടവനല്ല’ (അബൂദാവൂദ്).

പാരായണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ, ഓരോ അക്ഷരവും യഥാവിധി ഉച്ചരിച്ചില്ലെങ്കിൽ വാക്കുകൾക്ക് അർഥവ്യത്യാസം സംഭവിക്കും, തെറ്റായ അർഥം വരുന്ന വാക്കുകളായി മാറും.

3. വിശുദ്ധ ക്വുർആൻ മനഃപാഠമാക്കുന്നതിനുള്ള പ്രേരണയും ക്വുർആനിലൂടെ അല്ലാഹു നമുക്ക് നൽകുന്നു: ‘തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’(15:9).

മനുഷ്യരുടെ പക്കലുള്ള ക്വുർആൻ കോപ്പികളെല്ലാം നശിപ്പിക്കപ്പെട്ടാലും വള്ളിപുള്ളി വ്യത്യാസമില്ലാതെ അതിനെ തിരിച്ചുകൊണ്ടുവരാൻ യാതൊരു പ്രയാസവുമില്ലാത്തവിധം അത് മനഃപാഠമാക്കിയ പതിനായിരങ്ങൾ ലോകത്തുണ്ട്. അനേകം വിദ്യാർഥികൾ അത് മനഃപാഠമാക്കിക്കൊണ്ടേ യിരിക്കുന്നുമുണ്ട്. ഇത് ക്വുർആനിനെ സംരക്ഷിക്കാനുള്ള അല്ലാഹുവിന്റെ സംവിധാനത്തിൽ പെട്ടതാണെന്നതിൽ സംശയമില്ല.

വിശുദ്ധ ക്വുർആനോട് പുറംതിരിഞ്ഞു നിൽക്കുന്നവരെ നാളെ പരലോകത്ത് റസൂൽﷺ കൈവിടുന്ന ഒരു ദുരന്തകാഴ്ച ക്വുർആൻ തന്നെ വിവരിക്കുന്നു: “(അന്ന്) റസൂൽ പറയും: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത ഈ ക്വുർആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു’’ (25:30).

4. ‘തദബ്ബുർ’ അഥവാ ഉറ്റാലോചിക്കൽ:

‘അവർ ക്വുർആനെപ്പറ്റി ഉറ്റാലോചിക്കുന്നില്ലേ’ എന്ന് ക്വുർആൻ ചോദിക്കുന്നുണ്ട്. ക്വുർആൻ മനുഷ്യന്റെ സൃഷ്ടിപ്പിലും പ്രകൃതിയിലുമൊക്കെയുള്ള ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം ചിന്തിക്കുവാനും അല്ലാഹുവിന്റെ മാഹാത്മ്യം മനസ്സിലാക്കുവാനും അതുവഴി അവനിലേക്ക് അടുക്കുവാനുമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. യഥാർഥ വിശ്വാസം ഉൾക്കൊണ്ട് ജീവിക്കുവാനാണ് അല്ലാഹു നമ്മോടാവശ്യപ്പെടുന്നത്. അങ്ങനെ ദൈവിക വചനങ്ങളുടെ ആശയങ്ങളും താൽപര്യങ്ങളും നല്ലവണ്ണം ഗ്രഹിക്കുകയും അത് മനസ്സിനെ സ്വാധീനിക്കുകയും ചെയ്യണം.

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ അവന്റെ പ്രൗഢിയും പ്രഭാവവും മനസ്സിലുണരണം. ദൈവകാരുണ്യം വർണിക്കുന്ന സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ മനസ്സ് നന്ദിനിർഭരമാവണം. അവന്റെ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പ് കാണുമ്പോൾ ഭയത്താൽ ഹൃദയം പ്രകമ്പിതമാകണം. വിധിവിലക്കുകൾ വായിക്കുമ്പോൾ അവയെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തിൽ പകർത്താനുള്ള തീരുമാനമെടുക്കണം.

അല്ലാഹു ചോദിക്കുന്നു: “അപ്പോൾ അവർ ക്വുർആൻ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിൻമേൽ പൂട്ടുകളിട്ടിരിക്കയാണോ?’’ (47:24).

5. ക്വുർആനും അതിന്റെ വിശദീകരണമായ നബിചര്യയും ഒരു വിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അതനുസരിച്ച് ജീവിക്കുകയും അതിൽ അടിയുറച്ച് നിലകൊള്ളുകയും ആ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുകയും വേണം.

“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞ് കൊള്ളുക’’(41:30).

ഇങ്ങനെയൊക്കെയായിരിക്കണം ക്വുർആനിനോടുള്ള നമ്മുടെ സമീപനം. അല്ലാഹുവിനോടും റസൂലിനോടുമുള്ള ബാധ്യതകൾ നിറവേറ്റിക്കൊണ്ട് റമദാനിലെ വിലയേറിയ സമയം വിനിയോഗിക്കുക. ക്വുർആനും റമദാനും അതിന്റെ ആളുകൾക്ക് നാളെ പരലോകത്ത് ശിപാർശ ചെയ്യുമെന്ന സന്തോഷവാർത്ത വിശ്വാസികൾക്ക് പ്രചോദനമായിരിക്കണം.