ഇബ്‌നു ബൈതാർ: ഔഷധ നിർമാണ രംഗത്തെ അതുല്യ പ്രതിഭ
ഡോ. ടി. കെ . യൂസുഫ്
2026 മെയ് 30, 1447 ദുൽഹിജ്ജ 14

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 12)
വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയരായ എല്ലാ മുസ്‌ലിം പ്രതിഭകളും ഓരോ സർവവിജ്ഞാന കോശങ്ങളായിരുന്നു എന്നു പറയാം. ഇബ്‌നു ബൈതാർ കഴിവു തെളിയിച്ചത് ഔഷധ നിർമാണ രംഗത്തും സസ്യശാസ്ത്രത്തിലുമായിരുന്നു. അബൂ മുഹമ്മദ് ദിയാഉദ്ദീൻ അബ്ദുല്ലാഹ് ബിൻ അഹ്‌മദ് അൽമാലികി എന്നാണ് അദ്ദേഹത്തിന്റെ പേര്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്‌പെയിനിലെ മാലിക പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സമർഥനായ ഒരു മൃഗഡോക്ടറായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ‘ഇബ്‌നു ബൈതാർ’ എന്ന സ്ഥാനപ്പേര് ലഭിച്ചത്.
കുട്ടിക്കാലം അദ്ദേഹം ചെലവഴിച്ചത് തന്റെ ഗ്രാമത്തിനടുത്തുളള ഒരു കാട്ടിലാണ്. അതുകൊണ്ട് ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന് പ്രകൃതിയോട് സ്‌നേഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ പള്ളി ക്കൂടം വനപ്രദേശമായിരുന്നു. സസ്യവൈവിധ്യം ബാല്യകാലം മുതൽതന്നെ അദ്ദേഹത്തിന്റെ പഠന വിഷയമായിരുന്നു. പിന്നീട് അദ്ദേഹം സസ്യശാസ്ത്രത്തിൽ പ്രസിദ്ധരായിരുന്ന അബുൽ അബ്ബാസിനെ പോലുള്ളവരുടെ ശിഷ്യത്വം സ്വീകരിച്ചു. എന്നാൽ അക്കാലത്തെ മുഴുവൻ സസ്യശാസ്ത്രജ്ഞന്മരെക്കാളും മികവ് അദ്ദേഹം പ്രകടമാക്കുകയുണ്ടായി.
അങ്ങേയറ്റം വിജ്ഞാന കുതുകിയായിരുന്ന ഇബ്‌നു ബൈതാർ തന്റെ ഇരുപതാം വയസ്സിൽ അറിവ് തേടിയുളള യാത്രയാരംഭിച്ചു. ഒട്ടേറെ പ്രയാസങ്ങൾ സഹിച്ച് അദ്ദേഹം ഗ്രീക്ക്, റോം, മൊറോക്കോ, ടുണിസ്, സിറിയ, ബൈറൂത്, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. അവിടെയുളള സസ്യശാസ്ത്ര ജ്ഞന്മാരുടെ സഹകരണത്തോടെ അദ്ദേഹം സസ്യങ്ങളുടെ സവിശേഷതകളെ കുറിച്ച് ആഴത്തിൽ പഠിച്ചു. ഓരോ സസ്യത്തെയും, അത് വളരുന്ന പ്രദേശത്ത് ചെന്നുതന്നെ അതിനെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ദമാസ്‌ക്‌സിൽ വച്ചാണ് തനിക്ക് കൂടുതൽ ചെടികളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് അദ്ദേഹം ഈജിപ്തിൽ സ്ഥിരതാമസമാക്കുകയും അവിടുത്തെ ഭരണാധികാരി അദ്ദേഹത്തെ ഈ രംഗത്തെ ഒരു മേധാവിയായി നിയമിക്കുകയും ചെയ്തു. ഔഷധനിർമാണ രംഗം ഭരണകൂടം അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
സസ്യശാസ്ത്ര രംഗത്ത് മുൻഗാമികളുടെ കണ്ടെത്തെലുകൾ പരീക്ഷണനിരീക്ഷണങ്ങളുടെ അടി സ്ഥാനത്തിൽ വികസിപ്പിക്കാനാണ് ഇബ്‌നു ബൈതാർ ശ്രമിച്ചത്. ഗ്രീക്ക്, പേർഷ്യൻ തുടങ്ങി അനേകം ഭാഷകൾ അറിയാമായിരുന്ന ഇബ്‌നു ബൈതാറിന് ഈ ഭാഷകളിലെല്ലാം എഴുതപ്പെട്ട ഔഷധസസ്യ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കാൻ പ്രയാസമുണ്ടായിരുന്നില്ല. സസ്യശാസത്രത്തിൽ പത്താം നൂറ്റാണ്ടുവരെ രചിക്കപ്പെട്ടതിൽ ഏറ്റവും പ്രസിദ്ധമായത് എന്നാണ് യൂറോപ്യന്മാർ അദ്ദേഹത്തിന്റെ ‘അൽജാമിഉൽ മുഫ്‌റദാത്ത് ഫിൽ അദ്‌വിയത്തി വൽഅഗ്ദിയ’ എന്ന ഗ്രന്ഥത്തെ കുറിച്ച് വിശേഷിപ്പിച്ചത്. ഈ ഗ്രന്ഥത്തിന്റെ നാലു വാള്യങ്ങൾ ഇന്ന് നമുക്ക് https://www.noor-book.com എന്ന വെബ്‌സൈറ്റിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും.

ചരിത്രാതീതകാലം മുതൽ മനുഷ്യർ ഉപയോഗിച്ച് വരുന്ന എല്ലാ ഔഷധ സസ്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ദിസ്‌ക്കോറീഡസിന്റെയും ഗാലന്റെയും ഗ്രന്ഥങ്ങളിൽ പറയപ്പെട്ട മുഴുവൻ ഔഷധച്ചെടികളെയും അതിൽ പരാമർശിക്കുന്നതായി കാണാം. വായനക്കാരുടെ സൗകര്യാർഥം അക്ഷരമാലാക്രമത്തിലാണ് ചെടികളെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നത്. മൊത്തം 1400 ഔഷധച്ചെടികളെക്കുറിച്ചുളള വിവരങ്ങളാണ് അതിലടങ്ങിയിരിക്കുന്നത്. അതിൽ 300 എണ്ണം മറ്റു ഗ്രന്ഥങ്ങളിൽനിന്നുമല്ലാതെ അദ്ദേഹം സ്വന്തമായി കണ്ടെത്തിയതാണ്. നൂറ്റി അമ്പതോളം ഗ്രന്ഥങ്ങൾ ഇതിന്റെ രചനക്ക് അദ്ദേഹം അവലംബിച്ചിട്ടുണ്ട്. അതിൽ ഇരുപതെണ്ണവും ഗ്രീക്ക് ഭാഷയിലുള്ളതാണ്. ഓരോ ചെടിയും വളരുന്ന പ്രദേശത്തെയും അതിൽ വിവരിച്ചിട്ടുണ്ട്. ഓരോന്നിന്റെയും ഔഷധ ഗുണങ്ങളും അവ സൂക്ഷിച്ചുവയ്ക്കാനുളള മാർഗങ്ങളും അദ്ദേഹം നിർദേശിക്കുന്നുണ്ട്. ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ‘അൽജാമിഉൽ മുഫ്‌റദാത്ത് ഫിൽ അദ്‌വിയത്തി വൽഅഗ്ദിയ’ എന്ന ഗ്രന്ഥം യൂറോപ്യൻ യൂണിവേഴിസിറ്റികളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. അറബി ഭാഷയിൽ നാല് വാള്യങ്ങളുള്ള ഒരു പതിപ്പ് 1874ൽ ഈജീപ്തിലും രണ്ട് വാള്യങ്ങളുളള ഒരു പതിപ്പ് 1980ൽ ബൈറുത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഇതിന്റെ കയ്യെഴുത്ത് പ്രതികൾ ലോകത്തിലെ പല ഗ്രന്ഥശാലകളിലും മ്യൂസിയങ്ങളിലും സൂക്ഷിക്കപ്പെടുന്നുമുണ്ട്.
‘അൽമുഗ്‌നി ഫീ അദ്‌വിയത്തിൽ മുഫ്‌റദ’ എന്ന ഗ്രന്ഥമാണ് ഇബ്‌നു ബൈതാറിന്റെ മറ്റൊരു പ്രസിദ്ധ കൃതി. ശരീരത്തിലെ ഓരോ അവയവത്തിന്റെയും രോഗങ്ങൾക്ക് ഏതെല്ലാം ഔഷധങ്ങൾ പ്രയോഗിക്കാം എന്നാണ് സംക്ഷിപ്തമായി അതിൽ രേഖപ്പെടുത്തിയിട്ടുളളത്. ഡോക്ടർമാർക്കും വൈദ്യവിദ്യാർഥിക ൾക്കും വളരെ പ്രയോജനപ്രദമായ ഒരു റഫറൻസ് ഗ്രന്ഥമാണിത്. ഔഷധ സസ്യങ്ങളെക്കുറിച്ച് പൂർവികർ പല ഭാഷകളിലും രേഖപ്പെടുത്തിയ വിവരങ്ങൾ ബൃഹത്തായ ഒരു ഗ്രന്ഥത്തിൽ സമാഹരിച്ചുകൊണ്ട് വൈദ്യശാസ്ത്രത്തിന് മഹത്തായ സംഭാവനകളർപ്പിച്ച ഇബ്‌നു ബൈതാർ 1248ൽ ദമാസ്‌ക്കസിൽവച്ച് ഈ ലോകത്തോട് വിടപറഞ്ഞു.
(തുടരും)
