അന്ധമായ അനുകരണവും പ്രമാണനിഷേധവും
ശമീർ മദീനി
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

(പിശാചിന്റെ ചതിക്കുഴികൾ 23)
മതത്തിന്റെ ശരിയായ മാർഗ നിർദേശങ്ങളിൽനിന്ന് മനുഷ്യനെ വഴിതെറ്റിക്കാൻ രണ്ടു രൂപത്തിലാണ് പിശാച് ഇടപെട്ടത്. ഒന്ന്, പൂർവികരായ കാക്കകാരണവന്മാരെ അന്ധമായി അനുകരിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ട്. രണ്ട്, യാഥാർഥ്യങ്ങൾ അറിയാൻ കഴിയാത്ത നിഗൂഢമായ കാര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടുള്ള ചർച്ചകളും അഭിപ്രായപ്രകടനങ്ങളും മുഖേന. അങ്ങനെ കാര്യങ്ങൾ ആകെ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പത്തിലാക്കുവാനും അതുവഴി മനുഷ്യരെ നേർമാർഗത്തിൽനിന്ന് തെറ്റിക്കുവാനും പിശാചിന് കഴിഞ്ഞു.
അന്ധമായ അനുകരണത്തിന്റെ (തക്വ്‌ലീദിന്റെ) ആളുകൾക്ക് പിശാച് നൽകിയ ദുർബോധനം ഇതായിരുന്നു; ആളുകൾ ഉന്നയിക്കുന്ന തെളിവുകൾ ചിലപ്പോൾ പരസ്പരം സാദൃശ്യമുള്ളതും ആശയക്കുഴ പ്പങ്ങൾ ഉണ്ടാക്കുന്നതുമായിരിക്കും. അതിനാൽ നമുക്ക് ശരിതെറ്റുകൾ മനസ്സിലാക്കാൻ സാധിക്കാതെ വന്നേക്കും. അതുകൊണ്ട് മുൻഗാമികളെ പിൻപറ്റി ശരിതെറ്റുകൾ വിശകലനം ചെയ്യാതെ പോവുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലതും സുരക്ഷിതവും.
ഈ ദുർന്യായം പറഞ്ഞ് നിരവധിയാളുകളെ വഴിതെറ്റിക്കാൻ പിശാചിന് സാധിച്ചിട്ടുണ്ട്. ജൂത-ക്രിസ്ത്യാനികളടക്കം പലരും വഴിതെറ്റി സഞ്ചരിക്കുന്നത് ഇത്തരം അന്ധമായ അനുകരണത്തിലൂടെയാണ്. വഴിതെറ്റിപ്പോയ മറ്റേത് വിഭാഗത്തിന്റെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്തമല്ല. തന്നെക്കാൾ ദുർബലമായ സൃഷ്ടികളുടെ മുന്നിൽ ആരാധനയോടെ നിൽക്കുന്നവരും ചില പ്രത്യേക അക്കങ്ങൾക്കും വസ്തുക്ക ൾക്കമൊക്കെ ശകുനം കാണുന്നവരും ഭാഗ്യനിർഭാഗ്യങ്ങൾ ലഭിക്കാനും നീങ്ങാനുമൊക്കെ ആരൊക്കെയോ പറഞ്ഞുകൊടുക്കുന്ന ഓരോ പ്രവൃത്തികൾ ചെയ്യുന്നവരും ഇക്കാലത്തും സമൂഹത്തിൽ ഏറെയാണ്. അറിവും വിദ്യാഭ്യാസവുമുള്ള ആളുകൾക്ക് എങ്ങനെ ഇത്രയും ബാലിശവും ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു എന്ന് പലപ്പോഴും ചിന്തിച്ചുപോകാറുണ്ട്.
സത്യത്തിൽ ഈ അനുകരണത്തെ സാധൂകരിക്കാൻ അവർ നിരത്തുന്ന ന്യായങ്ങൾ അവർക്കുതന്നെ തിരിച്ചടിയാണ്. കാരണം, തെളിവുകൾ പരസ്പരം സദൃശ്യവും സത്യം അവ്യക്തവുമായതിനാൽ തെളിവുകൾ പരിശോധിക്കാതെ അന്ധമായ അനുകരണത്തിന്റെ വഴി സ്വീകരിക്കലാണ് സുരക്ഷിതം എന്ന വാദം ഒരിക്കലും ശരിയാവുകയില്ല. വഴികേടിൽ അകപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുകയും അന്ധമായ അനുകരണം ഒഴിവാക്കുകയുമാണ് വേണ്ടത് എന്ന് ബുദ്ധിയും വിവേകവുമുള്ള ആർക്കും മനസ്സിലാകും.
തെളിവുകളും ന്യായങ്ങളും അന്വേഷിക്കാതെ അന്ധമായി ഓരോന്നിന്റെയും പിന്നാലെ പോകുന്ന തിനെ അതിശക്തമായി അല്ലാഹു ആക്ഷേപിച്ചു പറഞ്ഞിട്ടുണ്ട്:
“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (ക്വുർആൻ 17:36).
കാക്കകാരണവന്മാരെ അന്ധമായി അനുകരിച്ചുപോന്നതിനെ വിമർശിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “അതുപോലെത്തന്നെ നിനക്കു മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപൻമാർ പറയാതിരുന്നിട്ടില്ല. അദ്ദേഹം താക്കീതുകാരൻ) പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാക്കളെ ഏതൊരു മാർഗത്തിൽ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാർഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാൻ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങൾ പിതാക്കളെത്തന്നെ അനുകരിക്കു കയോ?). അവർ പറഞ്ഞു; നിങ്ങൾ ഏതൊരു സന്ദേശവുംകൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ തീർച്ചയായും ഞങ്ങൾ വിശ്വാസമില്ലാത്തവരാകുന്നു’’ (43:23,24).
“തീർച്ചയായും അവർ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്. അങ്ങനെ ഇവർ അവരുടെ (പിതാക്കളുടെ) കാൽപാടുകളിലൂടെ കുതിച്ചു പായുന്നു. ഇവർക്കു മുമ്പ് പൂർവികരിൽ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്’’ (37:69-71).
ഏതുകാലത്തെയും പ്രവാചകന്മാരുടെ എതിരാളികൾക്ക് പറയാനുണ്ടായിരുന്ന ന്യായം ഇതായിരുന്നു:
“അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിലേക്കും വരുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങൾ കണ്ടെത്തിയത് അതു മതി ഞങ്ങൾക്ക് എന്നായിരിക്കും അവർ പറയുക: അവരുടെ പിതാക്കൾ യാതൊന്നുമറിയാത്തവരും സൻമാർഗം പ്രാപിക്കാത്ത വരും ആയിരുന്നാൽ പോലും (അത് മതിയെന്നോ?)’’ (5:104).
“അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാൽ; അല്ല, ഞങ്ങളുടെ പിതാക്കൾ എന്തൊന്നിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടുവോ അതിനെയാണ് ഞങ്ങൾ പിന്തുടരുക എന്നായിരിക്കും അവർ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കിൽ പോലും (അവരതിനെ പിന്തുടരുകയോ?)’’ (31:21).
ഈ അന്ധമായ അനുകരണത്തിന്റെ പാത സ്വീകരിച്ചവർക്ക് തങ്ങൾ ചെയ്യുന്ന കാര്യത്തിൽ ആത്മവി ശ്വാസക്കുറവുണ്ട്. അല്ലാഹു അവർക്ക് കനിഞ്ഞു നൽകിയ ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്താതിരിക്കുകയാണ് അക്കൂട്ടർ ചെയ്യുന്നത്. കൂരിരുട്ടിൽ വെളിച്ചം കാണാനായി മെഴുകുതിരി കത്തിച്ചു കൊടുത്തിട്ട് അത് ഊതിക്കെടുത്തി ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് നടക്കുന്നവരെ പോലെയാണ് ഇവരുടെ സ്ഥിതി.
മദ്ഹബിന്റെ വക്താക്കളിൽ ആരോടെങ്കിലും ഇഷ്ടം തോന്നി അവരോടുള്ള സ്‌നേഹം ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ ആ വ്യക്തിയെ അന്ധമായി അനുസരിക്കുകയും അയാൾ പറഞ്ഞ കാര്യങ്ങളെപ്പറ്റി യാതൊന്നും പഠിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെതന്നെ അതെല്ലാം അപ്പടി സ്വീകരിക്കുന്നവരുണ്ട്. സത്യത്തിൽ ഇതാണ് ഏറ്റവും വലിയ വഴികേട്. കാരണം ആളെയല്ല നാം നോക്കേണ്ടത്; പറഞ്ഞ കാര്യങ്ങളിലേക്കും അതിന്റെ ന്യായാന്യായങ്ങളിലേക്കുമാണ്. അതിലേക്കാണ് നമ്മുടെ ദൃഷ്ടിയും ചിന്തയും പതിയേണ്ടത്. ഇതാണ് മതവും പ്രമാണവും ബുദ്ധിയും മനുഷ്യനോട് ആവശ്യപ്പെടുന്നത്.
അലി(റ) തന്റെ അനുചരൻ ഹാരിസിനോട് പറഞ്ഞു: “നിശ്ചയം, സത്യം ആളുകളെക്കൊണ്ടല്ല അറിയപ്പെടുക; പ്രത്യുത നീ സത്യം മനസ്സിലാക്കുക, അപ്പോൾ നിനക്ക് സത്യത്തിന്റെ വക്താക്കളെയും മനസ്സിലാക്കാൻ കഴിയും’’ (തൽബീസു ഇബ്‌ലീസ്, പേജ് 93).
പിശാച് മനുഷ്യരെ സമർഥമായി കെണിയിൽ പെടുത്തിയ രണ്ട് രൂപങ്ങളുണ്ട്. വിവരമില്ലാത്തവരെ അന്ധമായ അനുകരണത്തിന്റെ കെണിയിൽ കുടുക്കി, എന്നിട്ട് നാൽക്കാലികളെ തെളിച്ചുകൊണ്ടുപോകുന്നതുപോലെ അവൻ ഉദ്ദേശിക്കുന്നത് പോലെ അവരെ പല വഴികളിലേക്കും തെളിച്ചുകൊണ്ടുപോയി. എത്ര വലിയ വിഡ്ഢിത്തങ്ങൾ പുലമ്പുന്നത് കേട്ടാലും അതിനെതിരെ യാതൊരു പ്രതികരണവും നടത്താതെ അതെല്ലാം ഭക്തിയോടെ സ്വീകരിച്ച് പ്രാവർത്തികമാക്കുന്ന മുരീദന്മാർ ഇതിന്റെ നേർകാഴ്ചകളാണ്.
എന്നാൽ മറ്റൊരു വിഭാഗമാകട്ടെ; അവർക്ക് ചിന്തയും ബുദ്ധിയുമൊക്കെ ഉള്ളതായി പിശാച് മനസ്സിലാ ക്കിയപ്പോൾ അന്ധമായ അനുകരണത്തിന്റെ നിരർഥകതയും പൊളളത്തരവുമെല്ലാം ബോധ്യപ്പെടുത്തിക്കൊണ്ട് ചിന്തക്കും നിരൂപണത്തിനും ആഹ്വാനം നൽകി. പിന്നീട് ചിന്തയുടെയും ബുദ്ധിയുടെയും പേരിൽ മതത്തിന്റെ ചട്ടക്കൂടുകൾ പോലും ഭേദിച്ച് പുതിയ പുതിയ പല ആശയതലങ്ങളിലേക്കും പിശാച് അവരെ തെളിച്ചു കൊണ്ടുപോയി. പ്രമാണങ്ങളെ പിൻപറ്റണമെന്ന ആഹ്വാനങ്ങളെ അക്ഷരപൂജയായും പഴഞ്ചൻ ആശയങ്ങളായും ചിത്രീകരിക്കാൻ അവനു സാധിച്ചു. പ്രമാണങ്ങളെ പച്ചയായി നിഷേധിക്കുകയും ദീനിന്റെ ശരിയായ അധ്യാപനങ്ങളിൽനിന്ന് ബഹുദൂരം അകന്ന് സഞ്ചരിക്കുകയും ചെയ്യുന്ന പല ‘ഉൽപതിഷ്ണു’ക്കളെയും കാണുമ്പോൾ അതാണ് ഓർമ വരുന്നത്. അല്ലാഹുവിൽ ശരണം!
ബുദ്ധിയും ചിന്തയും പഠനവും ഗവേഷണങ്ങളുമെല്ലാം വേണ്ടിടത്ത് പ്രയോഗിക്കണം. അല്ലാഹുവും അവന്റെ ദൂതനും അറിയിച്ച കാര്യങ്ങൾക്ക് മേലും പരിമിതമായ തന്റെ ബുദ്ധിയും യുക്തിയും നിരത്തി അവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് പകരം ബുദ്ധിയെ സൃഷ്ടിച്ച സ്രഷ്ടാവിനു മുമ്പിൽ തന്റെ ബുദ്ധിയെ സമർപ്പിക്കുവാൻ സാധിക്കണം. അതാണ് യഥാർഥ ബുദ്ധി. ഇത് തിരിച്ചറിയു ന്നവനാണ് സത്യവിശ്വാസി. പ്രമാണങ്ങളെ ശരിയായ വിധത്തിൽ ഗ്രഹിച്ച് പിൻപറ്റുകയാണ് ഒരു യഥാർഥ വിശ്വാസി ചെയ്യേണ്ടത്. അല്ലാഹു പറയുന്നു:
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രാ യം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു’’ (33:36).
“ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല’’ (4:65).
ബുദ്ധിയും ചിന്തയും കയ്യൊഴിക്കലും പ്രമാണങ്ങളെ അവഗണിച്ചുകൊണ്ടുള്ള അന്ധമായ അനുകരണത്തിന്റെ രീതി സ്വീകരിക്കലും ബുദ്ധിക്കും യുക്തിക്കും അമിത പ്രാധാന്യം നൽകി മതത്തിന്റെ പല കാര്യങ്ങളിലും സന്ദേഹങ്ങളും സംശയങ്ങളും വെച്ച് പ്രമാണങ്ങളെ നിഷേധിക്കലും ദുർവ്യാഖ്യാനിക്കലും പിശാചിന്റെ കെണികൾ തന്നെയാണെന്ന് സാരം. രണ്ടു കൂട്ടരെയും പിശാച് അതിസമർഥമായി കൊണ്ടെത്തിച്ച വഴികേടിന്റെ ആഴവും പരപ്പും ഏതൊരു വിശ്വാസിയെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഗുരുതരമായ കാര്യങ്ങളാണ്. എല്ലാത്തരം വഴികേടുകളിൽനിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ!
