ഹലാലായ ആഹാരവും പിശാചിന്റെ കെണികളും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

2026 ഫെബ്രുവരി 21, 1447 റമദാൻ 03

(ക്വുർആനിലെ സാർവലൗകിക വിളികൾ 8)

വർത്തമാന കാലത്ത് ഭക്ഷണം എന്നത് വലിയൊരു ആഘോഷമാണ്. രുചിയുള്ളത് എവിടെ കിട്ടും എന്ന് അന്വേഷിച്ച് നടക്കുന്നവരാണ് പലരും. എന്നാൽ രുചിക്കും ഭംഗിക്കും അപ്പുറം, നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉള്ളിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കാറുണ്ടോ?

മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നിനിൽപിനും ഭക്ഷണം അനിവാര്യമാണല്ലോ. ‘നാം കഴിക്കുന്നതാണ് നാം’ (You are what you eat) എന്നൊരു ചൊല്ലുതന്നെയുണ്ട്. കേവലം വിശപ്പടക്കുക എന്നതിലുപരി, ആഹാരത്തിന് ഒരു

സംസ്‌കാരമുണ്ടെന്നും അത് മനുഷ്യന്റെ സ്വഭാവത്തെയും ആത്മീയതയെയും സ്വാധീനിക്കുമെന്നും പഠിപ്പിക്കുന്ന ഒരു ക്വുർആൻ വചനം കാണുക:

يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ

“മനുഷ്യരേ, ഭൂമിയിലുള്ളതിൽനിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു’’ (ക്വുർആൻ 2:168).

ശരീരത്തിന് ആരോഗ്യം മാത്രമല്ല, മനസ്സിന് വെളിച്ചവും കൂടി നൽകുന്ന ഭക്ഷണരീതിയെക്കുറിച്ചാണ് ഈ വചനം മാനവരാശിയോട് സംസാരിക്കുന്നത്.

അനുവദനീയവും വിശിഷ്ടവും

ഭക്ഷണത്തിന്റെ കാര്യത്തിൽ രണ്ട് നിബന്ധനകളാണ് അല്ലാഹു വെച്ചിരിക്കുന്നത്:

1. ഹലാൽ (അനുവദനീയമായത്): ഇത് ഭക്ഷണത്തിന്റെ നിയമപരമായ വശമാണ്. മതപരമായി നിഷിദ്ധമാക്കാത്ത വസ്തുക്കൾ ആയിരിക്കണം. അതോടൊപ്പം അത് സമ്പാദിച്ച വഴിയും നേരായതായിരിക്കണം. മോഷണ മുതലോ അഴിമതിപ്പണമോ പലിശപ്പണമോ കൊണ്ട് വാങ്ങുന്ന ഭക്ഷണം എത്ര രുചികരമാണെങ്കിലും അത് ഹലാലല്ല.

കുറച്ചു കാലമായി നമ്മുടെ നാട്ടിൽ ‘ഹലാൽ’ എന്ന വാക്കിനെപ്പറ്റി തെറ്റുധാരണയുണ്ടാക്കുവാൻ ശ്രമം നടന്നുവരുന്നുണ്ട്. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നൊക്കെ ആടിനെ പട്ടിയാക്കും വിധം ചിലർ സമൂഹത്തിൽ പ്രചരിപ്പിച്ചു. പക്ഷേ, ഏതൊരു വിഷയത്തിലും പോലെ ഇസ്‌ലാമിന് ഇത്തരം പ്രചാരണങ്ങളിൽ ഗുണമല്ലാതെ ദോഷമൊന്നും സംഭവിച്ചിട്ടില്ല; സംഭവിക്കുകയുമില്ല.

ഇസ്‌ലാം പഠിപ്പിക്കുന്ന ഹലാൽ എന്നത് അല്ലാഹു അനുവദിച്ചതും ശുദ്ധവും നല്ലതുമായതാണ്. അതിനെ അപഹസിക്കുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. ഹലാൽ എന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്; നമുക്ക് നല്ലത് മാത്രം അനുവദിക്കുകയും ദോഷകരമായത് തടയുകയും ചെയ്യുന്ന ദൈവിക നിയമം.

ത്വയ്യിബ് (വിശിഷ്ടമായത്/നല്ലത്): ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരമാണ്. പഴകിയതോ, ശരീരത്തിന് ഹാനികരമായതോ, വിഷമയമായതോ ആയ ഭക്ഷണം ഹലാലായ സ്രോതസ്സിനിന്ന് വന്നതാണെങ്കിൽ പോലും അത് ‘ത്വയ്യിബ്’ ആകുന്നില്ല.

സമ്പാദ്യം ഹലാൽ ആണെങ്കിലും കഴിക്കുന്ന ഭക്ഷണം ത്വയ്യിബ് അല്ലെങ്കിൽ നമുക്ക് അനുവദനീയമല്ല. ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത് ശരീരത്തിനും മനസ്സിനും ആത്മാവിനും ഗുണകരമായ ജീവിത രീതിയാണ്. അതുകൊണ്ടാണ് ഹലാൽ, ത്വയ്യിബ് എന്നീ രണ്ട് പദങ്ങൾ ക്വുർആൻ ഒരുമിച്ച് ഉപയോഗിച്ചത്.

ചുരുക്കത്തിൽ, നിയമപരമായ ശുദ്ധിയും (Legal Purity)) ഗുണപരമായ ശുദ്ധിയും (Hygiene/Quality) ഒത്തുചേരുമ്പോഴേ ഉത്തമമായ ഭക്ഷണം ആകുന്നുള്ളൂ.

ഭക്ഷണം എങ്ങനെ സ്വഭാവത്തെ ബാധിക്കുന്നു?: നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് രക്തവും മാംസവും ഉണ്ടാകുന്നത്. തെറ്റായ സമ്പാദ്യത്തിലൂടെ (ഹറാം) ലഭിക്കുന്ന ഭക്ഷണം കഴിച്ചാൽ, ആ രക്തം ഓടുന്ന ശരീരത്തിന് നന്മകൾ ചെയ്യാൻ മടി തോന്നും. തിന്മകളോട് താൽപര്യവും കൂടും. ‘ഹറാമായ ഭക്ഷണം കഴിച്ചു വളർന്ന ശരീരം നരകത്തിനാണ് കൂടുതൽ അർഹത’ എന്ന പ്രവാചക വചനം ഇതിനോട് ചേർത്ത് വായിക്കണം. പ്രാർഥനകൾ സ്വീകരിക്കപ്പെടാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വയറ്റിലെത്തുന്ന ഹറാമായ ഭക്ഷണമാണ്.

പിശാചിന്റെ കാലടികൾ: ഭക്ഷണത്തെക്കുറിച്ച് പറയുന്ന വചനത്തിൽ ‘പിശാചിന്റെ കാലടികൾ പിന്തുടരരുത്’ എന്ന് പറയാൻ കാരണമെന്താണ്?

പിശാച് പെട്ടെന്നു വന്ന് ‘നീ പന്നിമാംസം കഴിക്കൂ’ എന്നോ ‘മദ്യം കുടിക്കൂ’ എന്നോ പറയുകയല്ല ചെയ്യുക; അവന്റെ രീതി ‘പടിപടിയായി’ വഴിതെറ്റിക്കുക എന്നതാണ്.

ആദ്യം സംശയകരമായ കാര്യങ്ങളിൽ വീഴ്ത്തും. പിന്നെ ചെറിയ തെറ്റുകൾ ചെയ്യിക്കും. പതുക്കെ ഹറാമായ വരുമാന മാർഗങ്ങളെ നോർമലായി തോന്നിപ്പിക്കും. ഒടുവിൽ വൻപാപങ്ങളിലേക്ക് എത്തിക്കും.

പിശാച് നമുക്ക് ഗുണം വരുന്നതൊന്നും പറഞ്ഞുതരില്ല. അവൻ നമ്മുടെ ‘പ്രത്യക്ഷ ശത്രു’ (അദുവ്വുൻ മുബീൻ) ആണ്. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ തകർച്ചയാണ് അവൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട്, അവൻ കാണിച്ചുതരുന്ന വഴികളിലൂടെ (അമിതാഹാരം, ധൂർത്ത്, ലഹരി, ഹറാമായ സമ്പാദ്യം പോലെ) സഞ്ചരിക്കാതിരിക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്.

ഈ സൂക്തം വർത്തമാനകാലത്ത് വളരെ പ്രസക്തമാണ്. ഹലാൽ ഭക്ഷണം തിരഞ്ഞെടുക്കുക, ദോഷകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ശാരീരിക ആരോഗ്യത്തോടൊപ്പം ആത്മീയ ശുദ്ധിയും ഉറപ്പാക്കുന്നു. ശൈത്വാൻ നമ്മെ ചെറിയ പ്രലോഭനങ്ങളിലൂടെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു അതിനെതിരെ ജാഗ്രത വേണം.

ബോധപൂർവമുള്ള ഭക്ഷണരീതിയാണ് നാം സ്വീകരിക്കേണ്ടത്. വായയിലേക്ക് വെക്കുന്ന ഓരോ ഉരുളയും എവിടെ നിന്ന് വന്നു, അത് എന്റെ ശരീരത്തിനും മനസ്സിനും നല്ലതാണോ എന്നൊക്കെ ചിന്തിക്കാൻ ഈ വചനം നമ്മെ പ്രേരിപ്പിക്കുന്നു. ശുദ്ധമായ ആഹാരം ശുദ്ധമായ മനസ്സിനെ വാർത്തെടുക്കുവാൻ സഹായിക്കുന്നു.

(തുടരും)