മതത്തിലെ തീവ്രത; ആത്മനാശത്തിന്റെ വഴി
ഷാഹിൻ പയ്യോളി
(അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര)
2026 ജൂൺ 27, 1448 മുഹർറം 12

വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത് ലളിതവും പ്രായോഗികവുമായ ഒരു ജീവിതചര്യയാണ്. മനുഷ്യന് താങ്ങാൻ കഴിയാത്ത ഒരു ബാധ്യതയും അല്ലാഹു മതത്തിൽ നിശ്ചയിച്ചിട്ടില്ല. എന്നാൽ മതത്തിന്റെ പേരിൽ അനാവശ്യമായ കടുംപിടുത്തങ്ങളും പ്രമാണങ്ങളില്ലാത്ത കാർക്കശ്യങ്ങളും കടത്തി ക്കൂട്ടുന്നത് അതിന്റെ യഥാർഥ ചൈതന്യത്തെ തകർക്കുന്നതാണ്. നബിﷺ കൂടുതൽ ഭയപ്പെട്ടതും ഗൗരവത്തോടെ മുന്നറിയിപ്പ് നൽകിയതുമായ ഒരു കാര്യമാണിത്.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം; നബിﷺ പറഞ്ഞു: “അമിതകാർക്കശ്യം കാണിക്കുന്നവർ (മുതനത്ത്വിഊൻ) നശിച്ചിരിക്കുന്നു.’ മൂന്ന് തവണ നബിﷺ ഇത് ആവർത്തിച്ചു പറഞ്ഞു” (മുസ്‌ലിം).
വാക്കുകളിലും പ്രവൃത്തികളിലും അനാവശ്യമായ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നവരെയും മതം നിശ്ചയിച്ച പരിധി കടന്ന് തീവ്രത കാണിക്കുന്നവരെയുമാണ് ‘മുതനത്ത്വിഊൻ’ എന്ന് വിശേഷിപ്പി ക്കുന്നത്. അവർക്ക് നാശമാണെന്ന് മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞതിലൂടെ ഈ പ്രവണത സമുദായത്തിന് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാകുന്നു.
മനുഷ്യസാധ്യമായതിനപ്പുറം അല്ലെങ്കിൽ ശരീഅത്ത് കൽപിക്കാത്ത കാര്യങ്ങൾ കടുപ്പമേറിയ രീതിയിൽ സ്വയം നിർബന്ധമാക്കുന്നതിനെ ‘തകല്ലുഫ്’ എന്ന് പറയുന്നു. ഇത് പലപ്പോഴും ദീനിനോടുള്ള അമിത സ്‌നേഹമായിട്ടാണ് തോന്നിപ്പിക്കുകയെങ്കിലും ഫലത്തിൽ അത് ഇസ്‌ലാം പഠിപ്പിച്ച ‘മിതത്വത്തിന്’ വിരുദ്ധമാണ്. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ (തകല്ലുഫ് നടത്തുന്നവരുടെ) കൂട്ടത്തിലുമല്ല” (സൂറതുസ്സ്വാദ്: 86)
പ്രബോധന രംഗത്ത് ഇന്ന് ചിലർ കാണിക്കുന്ന അമിത കാർക്കശ്യങ്ങൾ ദീനിന്റെ ഗുണകാംക്ഷാപരമായ മുഖത്തെ വികൃതമാക്കുന്നുണ്ട്. പ്രമാണങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങാൻ പറയുന്നവരെ ബിദ്അത്തുകാരെന്നും മറ്റും മുദ്രകുത്തുകയും ചെയ്യുന്നത് പ്രവാചകൻﷺ പഠിപ്പിച്ച മൻഹജിന് ചേർന്നതല്ല. അറിവില്ലാത്ത സാധാരണക്കാരെ പോലും അനാവശ്യമായ തർക്കങ്ങളിലേക്കും വസ്‌വാസുകളിലേക്കും നയിക്കുന്ന ശൈലി അവരെ ദീനിൽനിന്ന് അകറ്റാനേ ഉപകരിക്കൂ.
ഇസ്‌ലാമിന്റെത് ഏത് വിഷയത്തിലും മധ്യമ നിലപാടാണ്. ദീനിന്റെ നിയമങ്ങൾ പാടെ അവഗണിക്കുന്ന അലസതയും, ദീനിന്റെ പേരിൽ നിയമങ്ങൾ കടുപ്പിക്കുന്ന തീവ്രതയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബിﷺ പറഞ്ഞു: “തീർച്ചയായും ഈ മതം എളുപ്പമുള്ളതാണ്. ആരെങ്കിലും ഇതിനെ കടുപ്പമുള്ളതാക്കാൻ ശ്രമിച്ചാൽ മതം അവനെ പരാജയപ്പെടുത്തും. അതിനാൽ നിങ്ങൾ നേരായ വഴി സ്വീകരിക്കുക, മിതത്വം പാലിക്കുക” (ബുഖാരി).
ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനങ്ങൾക്ക് മതം എളുപ്പമാക്കിക്കൊടുക്കാനാണ് നബിﷺ കൽപിച്ചത്. പ്രമാണങ്ങളുടെ പിൻബലമില്ലാതെ, തീവ്ര നിലപാടുകളിലൂടെ ദീനിനെ പ്രയാസകരമാക്കുന്നവർ സ്വന്തം നാശമാണ് വിളിച്ചുവരുത്തുന്നത്. അല്ലാഹു നമുക്ക് നൽകിയ ഇളവുകൾ സ്വീകരിക്കുന്നത് അവന് ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ അമിത കാർക്കശ്യത്തിന്റെ വഴി ഉപേക്ഷിക്കുകയും മധ്യമ നിലപാടിലൂടെ അല്ലാഹുവിങ്കലേക്ക് അടുക്കാൻ ശ്രമിക്കുകയും ചെയ്യുക.
