പ്രവാചകത്വ നിഷേധികളുടെ ‘വസ്‌വാസു’കൾ
ശമീർ മദീനി
2026 ജനുവരി 17, 1447 റജബ് 28

(പിശാചിന്റെ ചതിക്കുഴികൾ 18)
നേരിന്റെ വഴിയിൽനിന്ന് മനുഷ്യരെ തടയാൻ സർവവിധേനയും പിശാച് പരിശ്രമിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അതിനാൽ പ്രവാചകന്മാരുടെ അധ്യാപനങ്ങളിൽനിന്നും മനുഷ്യരെ വഴിതെറ്റിക്കാനായി പലവിധ വസ്‌വാസുകളുമായി പിശാച് പിന്നാലെ കൂടും. അതിൽപെട്ട ഒന്നാണ് താഴെ കൊടുക്കുന്നത്:
ചോദ്യം: ‘നബിമാർ പഠിപ്പിച്ച കാര്യങ്ങൾ പലതും ദിവ്യത്വത്തിന്റെ അഥവാ വഹ്‌യിന്റെ ആവശ്യമില്ലാതെ തന്നെ ബുദ്ധിയിലൂടെ നമുക്ക് കണ്ടെത്താൻ കഴിയുന്ന സംഗതികളാണ്; മറ്റുചിലതാകട്ടെ ബുദ്ധിക്ക് അംഗീകരിക്കാൻ പറ്റാത്തതും. ബുദ്ധിക്ക് അനുകൂലമായത് നാം അംഗീകരിക്കും. അതിനു പ്രവാചകന്മാരുടെയോ ദിവ്യന്മാരുടെയോ കയ്യൊപ്പിന്റെ ആവശ്യമില്ല. ബുദ്ധിയോട് എതിരാകുന്നത് നമ്മൾ നിരാകരിക്കുകയും ചെയ്യും. ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ ബുദ്ധിയും ചിന്തയും യുക്തിയുമൊക്കെ ഉള്ളവർക്ക് എന്തിനാണ് പ്രവാചകന്മാർ? അവരുടെ മാർഗനിർദേശങ്ങളുടെ ആവശ്യമെന്ത്?’
മറുപടി: മതം ബുദ്ധിക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ചില കുബുദ്ധികളായ നാസ്തികർ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ഇസ്‌ലാമിനെ പോലെ ബുദ്ധിയെ അംഗീകരിക്കുകയും ക്രിയാത്മകമായി അത് ഉപയോഗപ്പെടുത്താൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത ഒരു മതവും പ്രത്യയശാസ്ത്രവും ലോകത്ത് വേറെ ഉണ്ടാവുകയില്ല.
അല്ലാഹു പറയുന്നു: “തീർച്ചയായും ജന്തുക്കളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായവർ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരൻമാരുമാകുന്നു’’ (8:22).
“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവർക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്’’ (10:100).
ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്താത്തവർ പരലോകത്ത് വിലപിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നു:
“ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവർ പറയും’’ (67:10).
എന്നാൽ എല്ലാ കാര്യങ്ങളും അറിയാനും കണ്ടെത്താനും ബുദ്ധി പ്രാപ്തമല്ല എന്ന കാര്യം ബുദ്ധിയുള്ളവർക്കൊക്കെ അറിയാവുന്ന സംഗതിയാണ്.
നന്മതിന്മകൾ കൃത്യമായി വ്യവച്ഛേദിക്കാനും ആരാധനാകർമങ്ങളുടെ വിശദരൂപങ്ങളും അഭൗതികവും അദൃശ്യവുമായ വിശ്വാസകാര്യങ്ങളും ഒന്നും ബുദ്ധികൊണ്ട് ഊഹിച്ച് കണ്ടെത്താൻ പറ്റുന്നതല്ല.
ബുദ്ധി നിരാകരിക്കുന്ന കാര്യങ്ങൾ മതത്തിൽ ഉണ്ടാവുകയില്ല എന്നത് സത്യമാണ്; എന്നാൽ ബുദ്ധിയെ അമ്പരപ്പിക്കുന്ന പലതും മതത്തിൽ ഉണ്ടാകും. അത് മതത്തിന്റെ കുറവോ ന്യൂനതയോ അല്ല; മറിച്ച് അജയ്യതയാണ്. അല്ലാമ ഇബ്‌നു അബിൽ ഇസ്സ്(റഹി) പറയുന്നു: “ശരിയായ ബുദ്ധി നിരാകരിക്കുന്ന കാര്യങ്ങൾ മതത്തിൽ ഉണ്ടാവുകയില്ല. എന്നാൽ ബുദ്ധിയെ പരിഭ്രമിപ്പിക്കുന്ന കാര്യങ്ങൾ അതിൽ ഉണ്ടായേക്കും’’(ശർഹുത്ത്വഹാവിയ, പേജ് 399).
നന്മതിന്മകളെ ഏതു ബുദ്ധിവച്ചിട്ടാണ് നമുക്ക് വേർതിരിക്കാൻ കഴിയുക? ഓരോരുത്തരുടെയും ബുദ്ധിയുടെയും ചിന്തയുടെയും ഏറ്റവ്യത്യാസമനുസരിച്ച് അവരവർ നിശ്ചയിക്കുന്ന അതിർവരമ്പുകൾക്ക് ഏറ്റവ്യത്യാസം സ്വാഭാവികമായിരിക്കും. അതിനാൽ എല്ലാവർക്കും അംഗീകരിക്കാൻ പറ്റുന്ന കൃത്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും നൽകുവാൻ യോഗ്യനും അർഹനും എല്ലാവരുടെയും സ്രഷ്ടാവും സർവജ്ഞനുമായ അല്ലാഹു മാത്രമാണ്. അതിനാൽ ശരിതെറ്റുകൾ തീരുമാനിക്കാനുള്ള മാനദണ്ഡം അവന്റെ മാർഗനിർദേശങ്ങളാണ്.
ചോദ്യം: ‘ഇസ്‌ലാമിലെ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ബുദ്ധിക്കും മനുഷ്യത്വത്തിനും എതിരാണെന്ന് കാണാം. എന്നിരിക്കെ അവ എങ്ങനെ ശരിയാകും? ഉദാഹരണത്തിന്; മിണ്ടാപ്രാണികളായ മൃഗങ്ങളെ കഴുത്തറുത്ത് വേദനിപ്പിച്ച് കൊല്ലുന്ന രീതി ഇസ്‌ലാം അംഗീകരിക്കുന്നു. ഇത് കരുണയുള്ള ആർക്കാണ് അംഗീകരിക്കാനാവുക?’
മറുപടി: പൊന്നു തൂക്കുന്ന തുലാസ് വിറകു തൂക്കാൻ ആരും ഉപയോഗിക്കാറില്ല. അഥവാ മനുഷ്യന്റെ ബുദ്ധിവച്ച് മതനിയമങ്ങളെ അളക്കുകയും വിധി പറയുകയും ചെയ്യുന്നവരുടെ അവസ്ഥ ഇതുപോലെയാണ്. നമുക്കാർക്കെങ്കിലും മതം പറഞ്ഞുതരുന്ന ഏതെങ്കിലും കാര്യത്തിലെ യുക്തി തിരിഞ്ഞിട്ടില്ലെങ്കിൽ മതത്തിനല്ല തകരാറ്. മറിച്ച് നമുക്കാണ് എന്ന് തിരിച്ചറിയാൻ സാധിക്കുന്നിടത്താണ് നേരായ ബുദ്ധി. കാരണം മതം നമ്മെയും നമ്മുടെ ബുദ്ധിയെയും സൃഷ്ടിച്ച സ്രഷ്ടാവിന്റെ വാക്കുകളും സന്ദേശങ്ങളുമാണ്. അതുകൊണ്ടാണ് വിശ്വാസികൾ പ്രഖ്യാപിക്കുന്ന നിലപാട് ഇത്തരുണത്തിൽ ഏറെ പ്രസക്തമാകുന്നത്. അല്ലാഹു പറയുന്നു:
“തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർ തന്നെയാണ് വിജയികൾ’’ (24:51).

എന്നാൽ വിമർശകർ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ പലതിന്റെയും യുക്തിയും ബുദ്ധിയുമൊക്കെ നമുക്ക് ബോധ്യപ്പെടുന്ന സംഗതികൾ തന്നെയാണ് എന്നതാണ് വാസ്തവം. മേൽ ഉന്നയിച്ചത് പോലെ മൃഗങ്ങളെ അറുത്ത് ഭക്ഷിക്കുന്നത് ക്രൂരതയാണോ?
ബുദ്ധി മരവിച്ചിട്ടില്ലാത്തവരോടായി ചില കാര്യങ്ങൾ ഉണർത്തട്ടെ; നമുക്കുചുറ്റും കാണുന്ന സൃഷ്ടിജാലങ്ങളിൽ ചിലതിന് മറ്റു ചിലതിനെക്കാൾ നാം പ്രാധാന്യം കൽപിക്കാറുണ്ട്. ജീവനില്ലാത്തവയെക്കാൾ ജീവനുള്ളവർക്കും ജീവനുള്ളവയുടെ കൂട്ടത്തിൽതന്നെ മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാളും വിലകൽപിക്കാറുണ്ട്. അതുകൊണ്ടാണ് പേബാധിച്ച മൃഗങ്ങളെയും മാരകമായ പല രോഗങ്ങളും പടരുന്നത് തടയാനായി പക്ഷികളെയും മൃഗങ്ങളെയും കൂട്ടത്തോടെ കൊന്ന് മനുഷ്യ ജീവന് സംരക്ഷണം ഒരുക്കുന്നത്. കന്നുകാലികളിലും കോഴി, താറാവ് പോലുള്ള പക്ഷികളിലും ആന്ത്രാക്‌സ്, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ ആയിരക്കണക്കിന് പക്ഷിമൃഗാദികളെ കൊന്നുകളഞ്ഞതിന് സമീപകാല ചരിത്രം സാക്ഷിയാണ്. അത്തരം നടപടികൾ ക്രൂരവും കരുണ തീണ്ടാത്തതുമാണ് എന്ന് ആരും പറഞ്ഞു കേട്ടതുമില്ല. അഥവാ ആത്യന്തികമായി മനുഷ്യ നന്മക്കായിട്ടാണ് സ്രഷ്ടാവ് ഭൂലോകത്തുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചിട്ടുള്ളത്.
അല്ലാഹു പറയുന്നു: “അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്...’’( 2:29).
മനുഷ്യന് ഗുണകരമാണ് മാംസാഹാരം എന്നതിനാൽ സ്രഷ്ടാവ് നമുക്കത് അനുവദിച്ചു തന്നു. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങൾ കരാറുകൾ നിറവേറ്റുക. (പിന്നീട്) നിങ്ങൾക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളിൽ പെട്ട മൃഗങ്ങൾ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾ ഇഹ്‌റാമിൽ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് വിധിക്കുന്നു’’ (5:1)
“തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവർ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് നൽകിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയിൽ നിങ്ങൾ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങൾക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതിൽ നിന്ന് നിങ്ങൾ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു’’ (5:4).
കാട്ടിലുള്ള മാംസാഹാരികളായ മൃഗങ്ങൾ മറ്റു മൃഗങ്ങളെ തിന്നുന്നു. മനുഷ്യർ വളർത്തുന്ന മൃഗങ്ങളെ മുഴുവൻ അങ്ങനെ വിട്ടേക്കുകയാണെങ്കിൽ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുക? അവ പെരുകുകയും ശല്യമായി മാറുകയും മനുഷ്യനടക്കമുള്ള മറ്റു പല ജീവിവർഗത്തിനും പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥകൾക്ക് തന്നെയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
അറുക്കുമ്പോൾ മൃഗങ്ങൾക്ക് വേദനിക്കും എന്ന് പറയുന്നതിൽ കാര്യമില്ല. അതൊട്ട് ന്യായവുമല്ല. കാരണം, ആധുനിക ശാസ്ത്ര ഗവേഷണങ്ങൾ പറയുന്നതനുസരിച്ച് മൃഗങ്ങൾക്ക് മാത്രമല്ല ജീവനും വികാരങ്ങളും ഉള്ളത്; മരങ്ങൾക്കും ചെടികൾക്കുമോല്ലാം അതുണ്ട്. അങ്ങനെ വരുമ്പോൾ സസ്യഭുക്ക് ആയതുകൊണ്ട് മാത്രം ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടുന്നില്ലല്ലോ? അഥവാ ചെടികൾക്കും സസ്യങ്ങൾക്കും പഴങ്ങൾക്കും പച്ചക്കറികൾക്കുമൊക്കെ വേദനിക്കും. അപ്പോൾ മാംസ ഭുക്കുകൾ മാത്രമല്ല മിശ്ര ഭുക്കുകളും സസ്യഭുക്കുകളുമൊക്കെ ഈ ‘അപരാധ’ത്തിൽ തുല്യ പങ്കാളികളാണ് എന്ന് വരും!
സത്യത്തിൽ ഇസ്‌ലാം പഠിപ്പിച്ച രൂപത്തിൽ അറവ് നിർവഹിക്കുകയാണെങ്കിൽ അത് മൃഗങ്ങൾക്ക് ആശ്വാസമാണ്. ആ മാംസം ഏറ്റവും ഗുണകരവുമാണ് എന്നാണ് പഠനങ്ങൾ അറിയിക്കുന്നത്.
വേദനിക്കുമോ?
തലച്ചോറിലേക്കുള്ള ഞരമ്പ് മുറിഞ്ഞാൽ പിന്നെ അടിസ്ഥാനപരമായി വേദനയും മറ്റും ആ ജീവി അറിയുകയില്ല. അതുകൊണ്ടാണത്രെ ചില അപകടങ്ങളിൽപ്പെട്ട് തലച്ചോറിന് ആഘാതമേൽക്കുകയോ തലച്ചോറിലേക്കുള്ള ഞരമ്പ് മുറിയുകയോ ചെയ്താൽ മനുഷ്യർ വേദന അറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നത്. മൃഗങ്ങളെ അറുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് മതം അനുശാസിച്ചിട്ടുള്ളത്. നബിﷺ പറഞ്ഞു: “നിങ്ങൾ ആരെങ്കിലും മൃഗങ്ങളെ അറുക്കുകയാണെങ്കിൽ അറുക്കാൻ ഉപയോഗിക്കുന്ന ആയുധത്തിന് മൂർച്ച കൂട്ടുക. എന്നിട്ട് തന്റെ മൃഗത്തിന് ആശ്വാസം നൽകുക’’ (മുസ്‌ലിം, അബൂദാവൂദ്, തിർമുദി).
ഏതാനും സെക്കന്റുകൾ മാത്രമാണ് അറുക്കുമ്പോൾ അവ വേദനയനുഭവിക്കുന്നത്. അറുത്തിട്ട മൃഗങ്ങൾ കൈകാലിട്ടടിക്കുന്നത് വേദനകൊണ്ടാണ് എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ചിലർ ഇത്തരം സംശയങ്ങൾ പ്രകടിപ്പിക്കുന്നത്. സത്യത്തിൽ വേദനകൊണ്ട് അവ അങ്ങനെ ചെയ്യുന്നതല്ല. രക്തം പൂർണമായി വേഗത്തിൽ വാർന്നു പോകുന്നതിന് വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച അത്ഭുതകരമായ സംവിധാനമാണത്!

