ആധുനിക ഖവാരിജുകൾ

മുഹമ്മദ് അമീൻ

2026 ജനുവരി 24, 1447 ശഅ്ബാൻ 05

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം-5)

ഈ കാലഘട്ടത്തിലെയും എക്കാലത്തെയും വലിയൊരു പ്രതിസന്ധിയാണ് ഖവാരിജുകൾ. അവരുടെ കക്ഷികൾ പലതായി പിരിഞ്ഞിരിക്കുന്നു, പേരുകൾ വൈവിധ്യമാർന്നതാണ്. സഖ്യകക്ഷികൾ പെരുകിക്കൊണ്ടിരിക്കുന്നു. എങ്കിലും അവരെയെല്ലാം ഒന്നിപ്പിക്കുന്നത് മതത്തിലുള്ള അതിരുകവിച്ചിലും മുസ്‌ലിംകളുടെ ശക്തി തകർക്കുവാനുള്ള അത്യാഗ്രഹവുമാണ്. ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇക്കൂട്ടരിൽ നിന്ന് ഏൽക്കേണ്ടി വന്ന നാശനഷ്ടങ്ങൾ ഇസ്‌ലാമിന്റെ ശത്രുക്കളിൽ നിന്ന് പോലും ഉണ്ടായിട്ടില്ല എന്നത് ചരിത്രസത്യമാണ്. ആരാണ് ഇവർ? എന്താണ് ഇവരുടെ വിശ്വാസങ്ങൾ? എവിടെനിന്നാണ് ഇവരുടെ ചിന്തകൾ ഉത്ഭവിക്കുന്നത്? എന്താണ് ഇവരുടെ ലക്ഷ്യങ്ങൾ? ഈ ചോദ്യങ്ങൾക്കുള്ള പണ്ഡിതോചിതമായ അന്വേഷണമാണ് ഇനി നാം നടത്തുന്നത്.

ഈ പരിശുദ്ധ ദീനിന്റെ നിലനിൽപ്പ് രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന്, നാം മതം സ്വീകരിക്കുന്ന പ്രമാണങ്ങളുടെ (ക്വുർആനും സുന്നത്തും) സുരക്ഷിതത്വം. രണ്ട്, ആ പ്രമാണങ്ങളിൽ നിന്ന് വിധിവിലക്കുകൾ നിർണയിക്കുന്ന രീതിശാസ്ത്രത്തിന്റെ (മൻഹജിന്റെ) കൃത്യത. ഇവയിൽ രണ്ടിലോ ഏതെങ്കിലും ഒന്നിലോ പിഴവ് സംഭവിച്ചാൽ കാര്യങ്ങൾ തകിടം മറിയുകയും ഇഹത്തിലും പരത്തിലും സ്തുത്യർഹമല്ലാത്ത ഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. അങ്ങനെ സുന്നത്ത് ബിദ്അത്തായും, ബിദ്അത്ത് സുന്നത്തായും, ശിർക്ക് തൗഹീദായും, തൗഹീദ് ശിർക്കായും, സത്യം അസത്യമായും, അസത്യം സത്യമായും മാറും. ഈ പിൽക്കാല ഘട്ടങ്ങളിൽ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴപ്പങ്ങൾ തലപൊക്കുകയുണ്ടായി. വിശ്വാസികളുടെ ഹൃദയങ്ങളെ പിടിച്ചുലച്ച ഖവാരിജീ ചിന്താഗതികളുടെ ഉദയം അതിൽ പ്രധാനമാണ്. അമീറുൽ മുഅ്മിനീൻ ഉസ്മാൻ ഇബ്‌നു അഫ്ഫാൻ(റ) വധിക്കപ്പെട്ടത് മുതൽ ഇന്നുവരെ മുസ്‌ലിം ഉമ്മത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷണങ്ങ ളിലൊന്നാണിത്.

ഓരോ കാലഘട്ടത്തിലും ഈ വിഭാഗം തലപൊക്കാറുണ്ട്. മുസ്‌ലിം യുവാക്കളിൽ ഈ ചിന്താഗതി പടർന്നുപിടിക്കുന്നത് തടയാനും ഈ മാർഗത്തിലേക്ക് പോയവരെ തിരുത്താനും പണ്ഡിതന്മാർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. പ്രായം കുറഞ്ഞവരും ബുദ്ധിക്ക് പക്വതയില്ലാത്തവരുമായ ഒരുകൂട്ടം ആളുകളാണ് ഈ മാർഗത്തിൽ സഞ്ചരിക്കുന്നത്. അവർ വലിയ സ്‌ഫോടകവസ്തുക്കൾ ചുമന്നുകൊണ്ടും ശരീരത്തിൽ ബോംബുകൾ വെച്ചുകെട്ടിയും അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള പാപങ്ങളിൽ ഒന്നായ ആത്മഹത്യ ചെയ്യുന്നു. ഇതിനെ അവർ ‘രക്തസാക്ഷിത്വ ഓപ്പറേഷനുകൾ’ എന്ന് വിളിക്കുന്നു. അതിനെക്കാൾ ഗൗരവകരമായ മറ്റൊരു പാപം, അവർ ‘അഹ്‌ലുൽ ക്വിബ്‌ല’യുടെ (മുസ്‌ലിംകളുടെ) രക്തം ചിന്തുന്നു എന്നതാണ്. തങ്ങളുടെ ഈ ക്രൂരകൃത്യങ്ങൾ സ്വർഗത്തിലേക്കുള്ള ഏറ്റവും അടുത്ത വഴിയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണിവർ. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ‘നാഥാ, നീ തൃപ്തിപ്പെടാൻ ഞാൻ ഇതാ നിന്നിലേക്ക് ധൃതിപ്പെട്ട് വരുന്നു’ എന്ന് പറയുന്നവരും, കൂട്ടാളികളോട് ‘കഅ്ബയുടെ രക്ഷിതാവാണെ സത്യം, ഞാൻ വിജയിച്ചു’ എന്ന് വിളിച്ചുപറയുന്നവരും, ‘സ്വർഗം! സ്വർം!’ എന്ന് ആക്രോശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

തുടക്കത്തിൽ, അറേബ്യൻ ഉപദ്വീപിൽനിന്ന് ബഹുദൈവാരാധകരെ പുറത്താക്കുക എന്നതായിരുന്നു ഇവരുടെ വാദം. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടായി രുന്നു അവർ ഇത് പ്രചരിപ്പിച്ചത്. എന്നാൽ വൈകാതെ അവരുടെ തനിനിറം പുറത്താവുകയും ഖവാരിജീ മതം അതിന്റെ കോമ്പല്ലുകൾ കാട്ടുകയും ചെയ്തു. കരാറിലേർപ്പെട്ട അമുസ്‌ലിംകളുടെയും (മുസ്തഅ്മിൻ), മുസ്‌ലിംകളുടെയും രക്തം അവർ ഒഴുക്കി. രിയാദിലെ ഒലയ (Olaya) സ്‌ഫോടനത്തിന് ശേഷം ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ(റഹി) തന്റെ ജുമുഅ ഖുതുബയിൽ മുന്നറിയിപ്പ് നൽകിയത് എത്ര സത്യമായിത്തീർന്നു! ‘ഇന്ന് അവർ സംരക്ഷിതരായ അമുസ്‌ലിംകളെ കൊല്ലുന്നു, നാളെ അവർ മുസ്‌ലിംകളെ കൊല്ലും’ എന്നായിരുന്നു ശൈഖിന്റെ വാക്കുകൾ. രിയാദിലെ എമർജൻസി ഫോഴ്‌സ് കെട്ടിടത്തിലും പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്തും നടന്ന ആക്രമണങ്ങൾ ഇത് ശരിവെച്ചു. ഒരു പതിറ്റാണ്ടിനുശേഷം, അബ്‌കെയ്ക്കിലുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകൾ തകർക്കാൻ അവർ ശ്രമിച്ചു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. ആ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച്, എണ്ണപ്പാടങ്ങൾ സംരക്ഷിക്കാനെന്ന വ്യാജേന അമേരിക്കയ്ക്ക് ഇവിടേക്ക് കടന്നുവരാൻ അവസരമൊരുക്കുക എന്നതായിരുന്നു എന്ന് പിന്നീട് പിടിക്കപ്പെട്ടവർ കുറ്റസമ്മതം നടത്തുകയുണ്ടായി. ‘ബഹുദൈവാരാധകരെ പുറത്താക്കുക’ എന്ന മുദ്രാവാക്യവുമായി വന്നവർ, ഒടുവിൽ ‘ബഹുദൈവാരാധകരെ ക്ഷണിച്ചുവരുത്തുന്നവരായി’ മാറി.

അഫ്ഗാനിസ്ഥാനിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും ഉണ്ടായ രക്തച്ചൊരിച്ചിലുകൾക്ക് ഉത്തരവാദികൾ ആധുനിക കാലത്തെ ഈ ഖവാരിജുകളാണ്. ശത്രുക്കൾക്ക് കടന്നുവരാൻ ഇവർ അവസരമൊരുക്കി. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അനുവദനീയമാണെന്ന് വാദിക്കുന്ന ഫത്‌വകൾ വരെ ഇവരിൽ നിന്ന് പുറത്തുവന്നു. അൾജീരിയയിൽ പോലീസുകാരുടെ കുടുംബങ്ങളെ വധിക്കാൻ അബൂ ഖതാദ എന്നയാൾ ഫത്‌വ നൽകി. സുഡാനിലെ ‘അൽ-ഥൗറ’ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ കടന്നുകയറി നാല് ഖവാരിജുകൾ വിശ്വാസികളെ വെടിവെച്ചുകൊന്ന സംഭവം ഇതിന്റെ ഭീകരമായ ഉദാഹരണമാണ്. തക്ഫീറിന്റെയും സ്‌ഫോടനത്തിന്റെയും പാഠശാലകളിൽ വളർന്നവരായിരുന്നു അവർ.

ഇസ്‌ലാമിക ലോകത്ത് അധികാരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന് ഇവരുടെ നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഖതാദ എന്നയാൾ തന്റെ ‘രണ്ട് മാർഗങ്ങൾക്കിടയിൽ’ (ബയ്‌ന മൻഹജയ്നി) എന്ന ലേഖന പരമ്പരയിൽ പറയുന്നു: “ഞങ്ങൾ അധികാരത്തിലെത്തിയാൽ എതിർക്കുന്നവരുടെ തല കൊയ്യും. ഞങ്ങളുടെ വായു ശ്വസിക്കാൻ പോലും അവരെ അനുവദിക്കില്ല. ഞങ്ങളുമായി സംവദിക്കാൻ വരുന്നവരുമായി പുഞ്ചിരിച്ചുകൊണ്ടുള്ള ചർച്ചയ്‌ക്കൊന്നും ഞങ്ങൾ തയ്യാറല്ല.’’ അബൂബക്കർ നാജി എന്നയാൾ തന്റെ ‘ഇദാറതുത്തവഹ്ഹുശ്’ എന്ന പുസ്തകത്തിൽ, ബനൂ ക്വുറൈളയോട് ചെയ്തതുപോലെയുള്ള കടുത്ത നടപടികൾ മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. അധികാരം കിട്ടുന്നതിന് മുമ്പ് ‘നികായ’ (ശത്രുവിന് നാശനഷ്ടം വരുത്തുക), അധികാരം കിട്ടിയാൽ ‘തംകീൻ’ (അധികാരമുറപ്പിക്കുക) എന്നതാണ് അവരുടെ രീതി. “അധികാരം കിട്ടിയാൽ ഞങ്ങൾ ജനങ്ങളോട് ‘നിങ്ങൾ സ്വതന്ത്രരാണ്’ എന്ന് പറഞ്ഞ് നീതി കാണിക്കും. പക്ഷേ, ഇപ്പോൾ രക്തച്ചൊരിച്ചിലിന്റെ സമയമാണ്’’ എന്നാണ് അയാൾ എഴുതിവെച്ചത്. മുസ്‌ലിംകളെ ‘മുർതദ്ദുകൾ’ (മതപരിത്യാഗികൾ) എന്ന് വിളിച്ചുകൊണ്ടാണ് ഇവർ ഈ ക്രൂരതകൾക്ക് ന്യായീകരണം കണ്ടെത്തുന്നത്.

ഈ വഴികേടിന്റെ അടിസ്ഥാനം ഇസ്‌ലാമിനെ കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി വ്യാഖ്യാനി ച്ചതാണ്. മൗദൂദിയും സയ്യിദ് ഖുതുബും പോലുള്ളവർ നൽകിയ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇതിന് അടിത്തറയിട്ടത്. പ്രവാചകന്മാർ വന്നത് ഭരണം സ്ഥാപിക്കാനാണെന്നും മുൻകഴിഞ്ഞ സമുദായങ്ങളുടെ ശിർക്ക് അല്ലാഹുവിന്റെ ‘ഹാകിമിയ്യത്തിനെ’ (പരമാധികാരം) നിഷേധിച്ചതായിരുന്നു എന്നും ഇവർ വാദിച്ചു. ഫിർഔനും നംറൂദും അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ (രക്ഷിതാവ് എന്ന സ്ഥാനം) അംഗീകരിച്ചിരുന്നു വെന്നും, എന്നാൽ ഹാകിമിയ്യത്തിനെ മാത്രമാണ് നിഷേധിച്ചതെന്നുമുള്ള വിചിത്രമായ വാദങ്ങൾ ഇവർ ഉന്നയിച്ചു. ‘ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ റബ്ബ്’ എന്ന് വിളിച്ചുപറഞ്ഞ ഫിർഔനെക്കുറിച്ചാണ് ഇവർ ഇത്തരത്തിൽ ജൽപിക്കുന്നത്.

ഈ രാഷ്ട്രീയ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം സമൂഹങ്ങളെ അവർ ‘ജാഹിലിയ്യത്ത്’ (അജ്ഞാനകാലം) എന്ന് വിശേഷിപ്പിച്ചു. മുസ്‌ലിം ഭരണാധികാരികളെ ഫിർഔനിനോടും നംറൂദിനോടും ഉപമിച്ചു. ഇതിന്റെ ഫലമായി മുസ്‌ലിം നാടുകളെ അവർ ‘ദാറുൽ കുഫ്ർ’ (കുഫ്‌റിന്റെ നാട്) എന്ന് വിളിക്കുകയും അവിടെനിന്ന് പലായനം (ഹിജ്‌റ) ചെയ്യൽ നിർബന്ധമാണെന്ന് വാദിക്കുകയും ചെയ്തു. സൗദി അറേബ്യ പോലുള്ള തൗഹീദിന്റെ നാടിനെ പോലും അവർ കുഫ്‌റിന്റെ നാടായി ചിത്രീകരിച്ചു. ഇതിനായി അബ്ദുൽ അസീസ് അൽജർബൂ എന്നയാൾ ‘കുഫ്‌റിന്റെ നാടുകളിൽനിന്ന് ഇസ്‌ലാമിന്റെ നാടുകളിലേക്കുള്ള ഹിജ്‌റ’ എന്ന പേരിൽ ഒരു ഗ്രന്ഥംതന്നെ രചിച്ചു.

ഭരണാധികാരികളെ കാഫിറാക്കുന്നതിൽ മാത്രം ഇവർ നിർത്തിയില്ല. ഭരണകൂടത്തെ സഹായിക്കുന്നവരെല്ലാം കാഫിറുകളാണെന്ന് അവർ വിധിയെഴുതി. മന്ത്രിമാർ മാത്രമല്ല; സൈന്യം, പോലീസ്, എന്തിന് ഭരണാധികാരികൾക്ക് വേണ്ടി പ്രാർഥിക്കുന്ന പള്ളിയിലെ ഇമാമുമാർ പോലും ഇവരുടെ ദൃഷ്ടിയിൽ കാഫിറുകളായ ‘ശത്രുപക്ഷ’മാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിലൂടെ ജനങ്ങൾ അല്ലാഹുവിന് പുറമെ നിയമനിർമാണത്തിനുള്ള അധികാരം മനുഷ്യർക്ക് നൽകുന്നു എന്ന് വാദിച്ചുകൊണ്ട്, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന സാധാരണക്കാർ പോലും ശിർക്ക് ചെയ്യുന്ന വരാണെന്ന് സയ്യിദ് ഫദ്ൽ (ഡോക്ടർ ഫദ്ൽ) എന്നയാൾ തന്റെ ‘അൽജാമിഅ്’ എന്ന ഗ്രന്ഥത്തിൽ വിധിച്ചു. വോട്ട് ചെയ്യുന്നവർ എംപിമാരെ നിയമദാതാക്കളായി (റബ്ബുകളായി) നിശ്ചയിക്കുന്നു എന്നാണ് അയാൾ വാദിച്ചത്.

ഇന്ന് ലോകത്ത് നടക്കുന്ന സ്‌ഫോടനങ്ങളെയും കൊലപാതകങ്ങളെയും ഇവർ തരംതിരിക്കുന്നത് വിചിത്രമായ രീതിയിലാണ്. ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന സാങ്കൽപിക ലക്ഷ്യത്തിന് വേണ്ടി ചിന്തപ്പെടുന്ന രക്തത്തെ സയ്യിദ് ഫദ്ൽ നാലായി തിരിച്ചിരിക്കുന്നു. ഒന്ന്, വധിക്കപ്പെടാൻ അർഹരായവർ: ഭരണാധികാരികളും അവരെ സഹായിക്കുന്ന സൈന്യവും ഉദ്യോഗസ്ഥരും പണ്ഡിതന്മാരും. രണ്ട്, വിശ്വാസികൾ: ഇവരുടെ കൂടെ നിൽക്കുന്നവർ. അത്യാവശ്യ ഘട്ടങ്ങളിൽ (ഉദാഹരണത്തിന് മനുഷ്യകവചമായി ഉപയോഗിക്കുമ്പോൾ) ഇവർ കൊല്ലപ്പെട്ടാൽ കുഴപ്പമില്ലെന്നും അവർ ഉദ്ദേശ്യശുദ്ധിക്കനുസരിച്ച് ഉയിർത്തെഴുന്നേൽക്കുമെന്നും ഇവർ വിശ്വസിക്കുന്നു. മൂന്ന്, കാഫിറുകൾ: മുസ്‌ലിം നാടുകളിൽ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാരും സന്ദർശകരും (മുസ്തഅ്മിൻ). ഇവർക്ക് ഭരണകൂടം നൽകിയ സുരക്ഷാ കരാറുകൾ (വിസ ഉൾപ്പെടെ) ഇവർ അംഗീകരിക്കുന്നില്ല. കാരണം ഭരിക്കുന്നവർ തന്നെ കാഫിറുകളാണത്രെ. നാല്, അജ്ഞാതർ: ഇസ്‌ലാം മതം സ്വീകരിച്ചവരാണോ എന്ന് വ്യക്തമല്ലാത്തവർ. ഇവരെയും കൊല്ലുന്നതിൽ തെറ്റില്ലെന്ന് ഇവർ കരുതുന്നു. ഇതാണ് അവരുടെ വികലമായ ‘ജിഹാദി’ ചിന്താഗതി.

അബൂമുസ്അബ് അസ്സൂരി തന്റെ ‘മുഖ്തസർ മസാരിസ്സ്വഹ്‌വ’’ (ഇസ്‌ലാമിക ഉണർവിന്റെ പാത സംഗ്രഹം) എന്ന പുസ്തകത്തിൽ യുവാക്കളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. വെടിയുതിർക്കാൻ പഠിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ ഭരണാധികാരികളുടെ ചിത്രങ്ങൾ വെച്ച് അതിലേക്ക് നിറയൊഴിക്കാനാണ് അവർ യുവാക്കളെ പഠിപ്പിച്ചത്. അയ്മൻ അൽസവാഹിരി തന്റെ ‘ശിഫാഉ സുദൂറിൽ മുഅ്മിനീൻ’ എന്ന പുസ്തകത്തിൽ, അഫ്ഗാനിസ്ഥാനിലെ മുസ്‌ലിംകളെ സഹായിക്കാൻ സൗദി അറേബ്യ നൽകിയ സഹായങ്ങൾ പോലും, അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ ‘യഥാർഥ യുദ്ധത്തിൽ’ നിന്ന് യുവാക്കളെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ചു. ജൂതന്മാരോടും ക്രിസ്ത്യാനികളോടും യുദ്ധം ചെയ്യുന്നതിനെക്കാൾ മുൻഗണന നൽകേണ്ടത് ‘മുർതദ്ദുകളായ’ (അവരുടെ വീക്ഷണത്തിൽ) മുസ്‌ലിം ഭരണകൂടങ്ങളോടും അവരെ അനുകൂലിക്കുന്നവ രോടും യുദ്ധം ചെയ്യുന്നതിനാണ് എന്നതാണ് ഇവരുടെ സിദ്ധാന്തം. അതിനാൽ, തൊട്ടടുത്തുളള ജൂതന്മാരോട് യുദ്ധം ചെയ്യാതെ അവർ സ്വന്തം നാട്ടിലെ മുസ്‌ലിംകളെ കൊന്നൊടുക്കുന്നു. നബിﷺ യുടെ പ്രവചനം ഇവിടെ പുലരുകയാണ്: “അവർ ഇസ്‌ലാമിന്റെ ആളുകളെ കൊല്ലുകയും വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും’’ (ബുഖാരി, മുസ്‌ലിം).

ഇവരാരും ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. തുടക്കക്കാർ ചില പൊതുതത്ത്വങ്ങൾ മെനഞ്ഞു. പിൻഗാമികൾ അത് പ്രയോഗവൽക്കരിച്ച് സമൂഹത്തെ ഒന്നടങ്കം കാഫിറാക്കി. ഇസ്‌ലാമിനെ രാഷ്ട്രീയവൽക്കരിക്കുകയും, തൗഹീദിന്റെയും ശിർക്കിന്റെയും അർഥതലങ്ങളെ വക്രീകരിക്കുകയും ചെയ്തതിലൂടെയാണ് ഈ ദുരന്തങ്ങളെല്ലാം ഉണ്ടായത്. നിഷ്‌കളങ്കരായ യുവാക്കളെ ‘ജിഹാദി ചിന്താഗതി’ (യഥാർഥത്തിൽ ഖവാരിജീ ചിന്താഗതി) എന്നു പേരിട്ട് തെറ്റിദ്ധരിപ്പിച്ച് ചാവേറുകളാക്കി മാറ്റുന്ന ഈ സംഘം ഉമ്മത്തിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ആരാണ് യഥാർഥത്തിൽ ഈ ദീനിനെ ഹൈജാക്ക് ചെയ്തത് ആരാണ്? ആരാണ് തൗഹീദിന്റെയും ശിർക്കിന്റെയും നിർവചനങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ദുരന്തങ്ങൾക്ക് വിത്തുപാകിയത്? ആ വ്യക്തികളെക്കുറിച്ചും മുസ്‌ലിം ഉമ്മത്തിനെ വഴിതെറ്റിച്ച അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും വിശദമായി അടുത്ത ലക്കങ്ങളിൽ പ്രതിപാദിക്കുന്നതാണ്. (തുടരും)