മരണാനന്തര ജീവിതം; അനിവാര്യതയുടെ യുക്തി

മെഹബൂബ് മദനി ഒറ്റപ്പാലം

2026 മെയ് 09, 1447 ദുൽഖഅദ് 21

മനുഷ്യമനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന അനേകം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് മരണാനന്തര ജീവിതം. ഇതപര്യന്തമുള്ള മാനവ ചരിത്രത്തിൽ ഇന്നേവരെ ഒരാൾക്കും നിഷേധിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത ഏറ്റവും വലിയ യാഥാർഥ്യമായ മരണം ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്ന ദൈവിക ദൃഷ്ടാന്തമാണ്. ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനെക്കുറിച്ചും ഉറപ്പിച്ചു പറയാവുന്ന, വരാനിരിക്കുന്ന നിഷേധിക്കാനാവാത്ത സത്യമാണത്. ‘മർത്യൻ’ എന്നത് മലയാളത്തിൽ മനുഷ്യന്റെ പര്യായ പദമായി ഉപയോഗിക്കാറുള്ളതാണ്. ‘മൃതിയടയുന്നവൻ’ അഥവാ ‘മരണമുള്ളവൻ’ എന്ന ആശയത്തിൽനിന്നാണ് ഈ വാക്ക് ഉണ്ടായത്.

മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരായ പ്രവാചകന്മാരും, വലിയസാമ്രാജ്യങ്ങളെ അടക്കി ഭരിച്ച ചക്രവർത്തിമാരും, ശാരീരിക ശക്തികൊണ്ട് ലോകാത്ഭുതങ്ങൾ നിർമിച്ചുവച്ചവരും സമ്പന്നതയുടെ മടിത്തട്ടിൽ അന്തിയുറങ്ങിയവരും, വിശ്വപ്രശസ്ത ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതരും, കവിതയിലൂടെ ജനമനസ്സുകളെ സ്വാധീനിച്ച കവികളും... എന്നിങ്ങനെ ഏതു രംഗത്ത് ശോഭിച്ചവരാണെങ്കിലും അവരാരും മരണമെന്ന ദൈവവിധിക്ക് കീഴടങ്ങാതിരുന്നിട്ടില്ല. ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്ന വരും ഒരു നാൾ ഈ മണ്ണിനോടു ചേരും. പേരും പ്രശസ്തിയും പ്രാതാപവുമൊന്നും അതിന്ന് തടസ്സമല്ല.

മരണം മനുഷ്യന്റെ കൂടെ ഒരു നിഴൽപോലെയുണ്ട്. ജീവാമൃതായ ജലം പേമാരിയായാൽ അത് മരണത്തെ കൊണ്ടുവരാം. ജീവവായു കൊടുങ്കാറ്റായി വീശിയടിച്ചാൽ അതും മരണകാരണമായേക്കാം. സൂര്യപ്രകാശമില്ലാതെ ജീവന് നിലനിൽപില്ല. അതുമുഖേന അത്യുഷ്ണം വന്നാൽ അതും മരണ ഹേതുവാകാറുണ്ട്്. ഓരോ ഉഷ്ണകാലത്തും സൂര്യാതപമേറ്റ് മരിക്കുന്ന മനുഷ്യരനവധിയാണ്. അന്നവും മരുന്നും തൊണ്ടയിൽ കുടുങ്ങി മരിച്ച മനുഷ്യരുണ്ട്. ഒഴിച്ചുകൂടാനാവാത്ത ഭക്ഷണത്തിനൊപ്പവും മരണം വരാമെന്ന താക്കീതാണത് നൽകുന്നത്.

കുടിലിലും കൊട്ടാരത്തിലും മരണം കടന്നുവരും. രോഗിയെയും ഡോക്ടറെയും അത് എപ്പോൾ വേണമെങ്കിലും പിടികൂടാം. മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സകലമാന സുഖങ്ങളുടെയും അന്തകനാണ് മരണമെന്ന യാഥാർഥ്യം പ്രവാചകൻﷺ ഉണർത്തിയത് ഇവിടെ സ്മരണീയമാണ്. മരണത്തോടു കൂടി മനുഷ്യജീവിതം അവസാനിക്കുമോ? അവസാനിക്കും എന്നാണ് ഉത്തരമെങ്കിൽ പരിഹാരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങളുണ്ട്. പിന്നെ എന്തിനായിരുന്നു ഈ ജീവിതം? കോടാനകോടി മനുഷ്യർ വ്യത്യസ്ത പ്രവർത്തനങ്ങൾ ചെയ്ത് ഈ ഭൂമുഖത്ത് ജനിച്ച്, ജീവിച്ച്, മരണപ്പെട്ടുപോയി. മാനവ ചരിത്രത്തിൽ ആയിരക്കണക്കിന് ആളുകളെ തീർത്തും അന്യായമായി കൊന്നവരും ലക്ഷക്കണക്കിന് ആളുകളെ കൊല്ലാൻ പ്രേരിപ്പിച്ചവരുമായ പല ഭരണാധികാരികളും സുഖലോലുപതയിൽ ജീവിച്ചു ഇഹലോകവാസം വെടിഞ്ഞിട്ടുണ്ട്. അവരുടെ ദുഷ്‌ചെയ്തികൾക്കുള്ള ശിക്ഷ എവിടെനിന്ന് ലഭിക്കും?

ലോകം ഇന്നും ഓർക്കുന്ന നന്മകൾ ചെയ്തുവച്ചവർക്ക് എന്തു പ്രതിഫലമാണ് ഇവിടെ നിന്ന് മരിക്കും മുമ്പ് കിട്ടിയത്? അവരിൽ പലരും ക്രൂരമായി, അന്യായമായി കൊലചെയ്യപ്പെട്ടവരാണ്. വലിയ പീഡനങ്ങൾക്കും ബഹിഷ്‌ക്കരണങ്ങൾക്കും വിധേയരായവരാണ്. കല്ലേറുകളും കൂക്കുവിളികളുമായിരുന്നു സമൂഹം അവർക്ക് തിരിച്ചുകൊടുത്തത്.

ലോകത്ത് അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അന്യായമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം ജനങ്ങളുടെ പ്രതീക്ഷയാണ് പരലോകം. അതെ, തീർച്ചയായും എല്ലാവർക്കും നീതി ലഭിക്കുന്ന, കർമഫലങ്ങൾ പൂർണമായി കിട്ടുന്ന ആ ലോകം വരാനിരിക്കുന്നുണ്ട്.

മനുഷ്യരായിപ്പിറന്ന, അഹങ്കാരം കൊണ്ട് ഹൃദയാന്ധത ബാധിച്ചിട്ടില്ലാത്ത, നല്ലവരായ മനുഷ്യരുടെ മനസ്സ് കൊതിക്കുന്ന ആ ന്യായവിധിയുടെ നാൾ വിദൂരമല്ല. ഒരോ രാത്രിയും ഒരു പുലരിക്ക് വഴിമാറും പോലെ ഒരു വലിയ സത്യമായി മരണാനന്തര ജീവിതം നമ്മുടെ മുന്നിൽ തെളിയും. ഇപ്പോൾ നഗ്ന നേത്രങ്ങൾ കൊണ്ട് നാം കാണുന്ന പ്രകാശത്തെക്കാൾ തെളിച്ചമുണ്ടാകും ആ കാഴ്ചക്ക്. അവിടേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയോ എന്നാണ് നാം ആലോചിക്കേണ്ടത്.

കാണാത്തതും അറിയാത്തതും ഇല്ലെന്ന് പറയാനാകുമോ?

‘മാതാവിന്റെ ഗർഭപാത്രത്തിൽവച്ച് രണ്ടു കുട്ടികൾ പരസ്പരം സംവദിക്കുകയാണ്. ഒന്നാമൻ തികഞ്ഞ ബുദ്ധിയും വിവേകവും ഉള്ളവനും താൻ ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന മാതാവിന്റെ ഉദരത്തെ കുറിച്ചും ഗർഭകാലത്തിനു ശേഷം വരാനിരിക്കുന്ന ഭൂമിയിലെ ജീവിതത്തെകുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ളവനുമാണ്. രണ്ടാമനാവട്ടെ, ഒരു സത്യനിഷേധിയും. രണ്ടാമൻ പറഞ്ഞു: ‘മാതാവെന്ന ഒരാൾ ഉണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. അങ്ങനെ ഒരാളുടെ അസ്തിത്വം ഉണ്ടാകാനുള്ള എന്ത് സാധ്യതകളാണുള്ളത്? നീ അവരെ നേരിൽ കണ്ടിട്ടുണ്ടോ?’ ഒന്നാമൻ മറുപടി പറഞ്ഞു: ‘നീ എങ്ങനെ മാതാവിനെ നിഷേധിക്കും? നമ്മൾ ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന ഇവിടം തന്നെ ആ മാതാവിന്റെ ഗർഭാശയമാണ്. നമുക്ക് ഇപ്പോഴുള്ള ഈ അവസ്ഥക്ക് അനുയോജ്യമായ എന്തുമാത്രം സൗകര്യങ്ങളും സുരക്ഷയുമാണ് ഇവിടെയുള്ളത്! മാത്രമല്ല, നമ്മുടെ ശരീരത്തിലേക്ക് പോഷണം വന്നുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? മാതാവിന്റെ ഉദരത്തിൽ നിന്നല്ലാതെ മറ്റെവിടെനിന്നാണ് അത് വന്നുകൊണ്ടിരിക്കുന്നത്? ഉമ്മയുണ്ടെന്ന് തിരിച്ചറിയാൻ ഈ ദൃഷ്ടാന്തങ്ങൾതന്നെ ധാരാളമാണ്. കുറച്ചുകാലം കഴിഞ്ഞാൽ നമുക്ക് ഇവിടെനിന്ന് പുറത്തു പോകേണ്ടിവരും. അവിടെയും ഈ ഉമ്മയുടെ സംരക്ഷണമുണ്ടെങ്കിലേ നമുക്ക് സുരക്ഷിതമായി ജീവിക്കാനാകൂ.’

ദൃഷ്ടാന്തങ്ങളിൽനിന്നും വിവേകം ഉപയോഗിച്ച് സത്യം ഉൾക്കൊള്ളാൻ തയ്യാറല്ലാത്ത രണ്ടാമൻ വിട്ടുകൊടുത്തില്ല. അവൻ പരിഹാസത്തോടുകൂടി പറഞ്ഞു: ‘നാം ഈ താമസിക്കുന്ന ഗർഭാശയത്തിന് പുറത്ത് ഒരു ലോകമോ?!അവിടെയും ഒരു ജീവിതമോ?! ഒരിക്കലും ഉണ്ടാവില്ല! ഞാൻ അതിൽ വിശ്വസിക്കണമെങ്കിൽ ഇവിടെനിന്ന് പുറത്തുപോയി തിരിച്ചു വന്ന ഒരാളെ നീ എനിക്ക് കാണിച്ചു താ.’

വിവേകമുള്ള ഒന്നാമൻ പറഞ്ഞു: ‘സഹോദരാ, അവിടേക്ക് പോയാൽ പിന്നെ നമുക്കെന്നല്ല, ഒരാൾക്കും ഇവിടേക്ക് തിരിച്ചു വരാനാകില്ല. നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരിക മാറ്റങ്ങളും നമ്മുടെ വലുപ്പ വ്യത്യാസവും വരാനിരിക്കുന്ന ലോകത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ഇവിടെനിന്ന് നോക്കുമ്പോഴുള്ള പരിമിതമായ അറിവിനപ്പുറം ചിലതുണ്ടെന്ന് ഈ ദൃഷ്ടാന്തങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.’

ഈ സംഭാഷണം കേവലം സാങ്കൽപികമാണെങ്കിലും നമുക്ക് ഇതിൽനിന്ന് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഉമ്മയുടെ ഗർഭപാത്രത്തിൽ നിശ്ചിതകാലം കഴിച്ചുകൂട്ടിപുറത്തുവന്ന് ജീവിച്ചു കൊണ്ടിരിക്കുന്നവരാണല്ലോ നമ്മളെല്ലാവരും. ഗർഭപാത്രത്തിൽവച്ച് മാതാവിനെ കാണാത്തതിനാൽ ഉമ്മയെന്ന ഒരാളില്ലെന്നും, പ്രസവിച്ച് പുറത്ത് ഭൂമിയിൽപോയി തിരിച്ചാരും ഗർഭപാത്രത്തിലേക്ക് എത്താത്തതിനാൽ ഭൂമിയെന്ന ഒരിടമില്ലെന്നും വിശ്വസിക്കുന്നവന്റെ വാദം എത്രമാത്രം നിരർഥകമാണെന്ന് ഇപ്പോൾ ആ അവസ്ഥകളെല്ലാം കഴിഞ്ഞ് ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന നമുക്ക് വ്യക്തമാണ്. ഗർഭപാത്രത്തിലെ കുഞ്ഞിന് അറിവിന്റെ പരിമിതിയുണ്ട്. പൂർണവളർച്ചയെത്തിയ മനുഷ്യനും ആ പരിമിതിയിൽനിന്ന് പുറത്ത് കടക്കുന്നില്ല. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കെല്ലാം പരിമിതിയുണ്ടെങ്കിൽ അവ കൊണ്ട് നാം നേടുന്ന അറിവിന്നും പൂർണതയുണ്ടാകില്ല. അതുകൊണ്ട് തന്നെ പരിമിതമായ ഈ ജ്ഞാനം വെച്ച് മരണാനന്തര ജീവിതമില്ലെന്ന് പറയുന്നത് ഒരിക്കലും യുക്തിയല്ല. ഈ രംഗത്ത് മനുഷ്യന് കൃത്യമായ വിജ്ഞാനം നൽകുവാൻ വേണ്ടിയാണ് പ്രപഞ്ചസൃഷ്ടാവായ അല്ലാഹു മനുഷ്യരിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചത്.

ഇസ്‌ലാമിക വീക്ഷണ പ്രകാരം മനുഷ്യജീവിതത്തിന് പ്രധാനമായും നാലു ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തെത് മാതാവിന്റെ ഗർഭാശയത്തിൽ കഴിച്ചുകൂട്ടുന്ന കാലമാണ്. രണ്ടാമത്തെത് അതിനുശേഷം അവൻ പ്രസവിക്കപ്പെട്ട് മരണം വരെയുള്ള അവന്റെ ഈ ലോകത്തെ, കർമങ്ങൾ ചെയ്യുന്ന കാലഘട്ടമാണ്. മൂന്നാമത്തെത് മരണശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് വരെയുള്ള ബർസഖി ലോകമാണ്. നാലാമത്തെതും അവസാനത്തെതും അനന്തവുമായ ഘട്ടം മരണാനന്തരം ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട ശേഷമുള്ള രക്ഷാശിക്ഷകളുടെ ലോകമാണ്.

മരണാനന്തര ജീവിതം; അനിവാര്യതയുടെ യുക്തി

ഈ രൂപത്തിൽ സംവിധാനിക്കപ്പെട്ടിട്ടുള്ള മനുഷ്യജീവിതത്തിലെ ഓരോ ഘട്ടവും അതിനടുത്തുള്ള ഒരു ഘട്ടത്തിന്റെ അനിവാര്യതയെ തേടുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. മാതാവിന്റെ ഗർഭാശയത്തിൽ വച്ച് കണ്ണുകൾ രൂപപ്പെടുന്നുണ്ട് പക്ഷേ, അതുകൊണ്ട് അവിടെ കാണുവാൻ സാധ്യമല്ല. അതിന്റെ ഉദ്ദേശ്യം പൂർത്തിയാക്കണമെങ്കിൽ ഗർഭാശയത്തിന് പുറത്ത് പ്രകാശമുള്ള ഒരു ലോകത്തേക്ക് വരേണ്ടതുണ്ട്. ഗർഭാശയത്തിൽ വച്ചുതന്നെ കൈകാലുകൾ രൂപപ്പെടുന്നു. പക്ഷേ, കൈകൾ കൊണ്ട് പിടിക്കുവാനോ കാലുകൾ കൊണ്ട് നടക്കുവാനോ ഗർഭാശയത്തിൽ ഇടമില്ലല്ലോ. അതിന്റെ ഉദ്ദേശ്യവും പൂർത്തീകരിക്കണമെങ്കിൽ ഭൂമിയിലേക്കുള്ള അവന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. ഇപ്രകാരം ഏകദേശം പൊക്കിൾകൊടി ഒഴിച്ച് മറ്റെല്ലാ അവയവങ്ങളുടെയും ധർമം പൂർത്തീകരിക്കപ്പെടണ മെങ്കിൽ ഭൂമിയിലുള്ള മനുഷ്യന്റെ ജീവിതം സാധ്യമാകേണ്ടതുണ്ട്. അഥവാ മനുഷ്യന്റെ ഗർഭകാലഘട്ടം അതിനുശേഷമുള്ള, ഭൂമിയിലെ ജീവിതത്തിനു വേണ്ട ഒരുക്കവും അതിന്റെ തെളിവുകളും ബോധ്യപ്പെ ടുത്തുന്നതാണ്.

അങ്ങനെ പ്രസവം എന്ന പ്രതിഭാസത്തിലൂടെ മനുഷ്യർ ഭൂമിയിലുള്ള അവന്റെ ജീവിതം ആരംഭിക്കുന്നു. ചിലർ സൽകർമനിരതരായി ജീവിക്കുന്നു .മറ്റു പലരും ദുഷ്‌കർമങ്ങൾ മാത്രം ചെയ്യുന്നു. സമ്മിശ്ര ജീവിതം നയിക്കുന്നവരും മനുഷ്യരിലുണ്ട്. മനുഷ്യ മനസ്സിന്റെ തേട്ടമനുസരിച്ച് സൽകർമങ്ങൾ ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലവും ദുഷ്‌കർമങ്ങൾ ചെയ്യുന്നവർക്ക് അതിന്റെ ശിക്ഷയും നിരപരാധികൾക്ക് നീതിയും ലഭിക്കേണ്ടതുണ്ട്. അതിനാലാണ് കോടതിയും രക്ഷാശിക്ഷ നിയമങ്ങളും അതിന്റെ നിർവഹണവും അതിനുള്ള സംവിധാനവുമെല്ലാം മനുഷ്യൻ ഉണ്ടാക്കിത്തീർക്കുന്നത്. ദൈവത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിക്കുന്ന ആളുകളുടെ മനസ്സിൽവരെ ഈ തേട്ടമുണ്ട് എന്നതാണ് യാഥാർഥ്യം. മനുഷ്യർ എത്രതന്നെ ശ്രമിച്ചാലും അവരുടെ നന്മതിന്മകൾക്കുള്ള സമ്പൂർണമായ പ്രതിഫലം ഭൂമിയിൽനിന്ന് കൊടുക്കുക സാധ്യമല്ല.

ഒരു കുടുംബം രാത്രിയിൽ അവരുടെ വീട്ടിൽ സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഒരു തീപിടുത്തം ഉണ്ടായത്. അത് ശ്രദ്ധയിൽപ്പെട്ട സത്യവിശ്വാസിയായ അയൽക്കാരൻ വീട്ടിനകത്തേക്ക് വാതിൽ പൊളിച്ച് കടക്കുകയും ആ കുടുംബത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പുറത്തെത്തിക്കുകയും ചെയ്തു. പക്ഷേ, അതിനിടയിൽ അദ്ദേഹത്തിന് പൊള്ളലേൽക്കുകയും മരണപ്പെടുകയും ചെയ്തു. ഭൗതികമായി ആലോചിക്കുമ്പോൾ അദ്ദേഹം ചെയ്തത് ഒരുപാഴ്‌വേലയാണ്. കാരണം, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് എന്ത് നേട്ടമാണ് ലഭിച്ചത്? അദ്ദേഹം മരണപ്പെട്ടുപോയല്ലോ. പക്ഷേ, ആത്മീയമായി ചിന്തിക്കുമ്പോൾ അവൻ ചെയ്തത് വലിയൊരു നന്മയാണ്. ഏതാനും പേരെ രക്ഷപ്പെടുത്തിയത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള പ്രതിഫലം തീർച്ചയായും അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അതിനാണ് നീതിമാനായ മനുഷ്യരുടെ സ്രഷ്ടാവ് മരണാനന്തര ജീവി തത്തെ സംവിധാനിച്ചിട്ടുള്ളത്.

ക്രൂരതകൾ ജീവിതത്തിന്റെ ലഹരിയാക്കി മാറ്റിയകുറ്റവാളി ഒരു വീട്ടിൽ കയറി അവിടെയുള്ള കുടുംബനാഥനെയും മറ്റ് അംഗങ്ങളെയും കൊലപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി തിരിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് ആ വീടിന്റെ പിന്നിലുള്ള കിണറ്റിൽ വീണ് അയാൾ മരണപ്പെടുന്നത്. ഈ സംഭവം കേൾക്കുന്നവരുടെയെല്ലാം മനസ്സിൽ നീതിബോധത്തിന്റെ ഭാഗമായി രണ്ടു ചിന്തങ്ങൾ ഉണ്ടായേക്കാം. ഒന്ന്, കൊല്ലപ്പെട്ട കുടുംബനാഥനും കുട്ടികൾക്കും നീതി ലഭിക്കണം; അവരെ കൊലപ്പെടുത്തിയ കുറ്റവാളിക്ക് ശിക്ഷ ലഭിക്കണം. ഭൗതിക കോടതികൾക്ക്, സംവിധാനങ്ങൾക്ക് ഇതുരണ്ടും കൊടുക്കുക സാധ്യമല്ലല്ലോ. കാരണം അക്രമം ചെയ്ത കുറ്റവാളിയും ആക്രമിക്കപ്പെട്ട കുടുംബവും മരണപ്പെട്ടുപോയിരിക്കുകയാണ്. ഇവിടെയാണ് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത എല്ലാവരുടെ മനസ്സ് ആഗ്രഹിക്കുന്ന മരണാനന്തര ജീവിതത്തിന്റെ ആവശ്യകത ബോധ്യപ്പെടുന്നത്.

ലോകത്ത് ഇന്ന് നിലനിൽക്കുന്ന പുരാതന വേദഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്ന പലതിലും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാമെങ്കിലും മനുഷ്യർക്ക് അതിനെപ്പറ്റി ഏറ്റവും കൃത്യവും സുവ്യക്തവുമായ വിവരങ്ങൾ നൽകുന്നത് അന്തിമവേദ ഗ്രന്ഥമായ വിശുദ്ധ ക്വുർആനാണ്. ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലടക്കം മുൻ വേദഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ നടത്തപ്പെട്ടതുപോലെ ഈ രംഗത്തും അവയിൽ കൈകടത്തൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ക്വുർആൻ ഇവിടെയും വ്യത്യസ്തമാവുകയാണ്.

നൂറ്റാണ്ടുകൾക്കു മുമ്പ് മുഹമ്മദ് നബിﷺക്ക് അവതരി പ്പിക്കപ്പെട്ടതു പോലെത്തന്നെ ഇന്നും അത് ലോകത്ത് നിലിൽക്കുന്നു. മനുഷ്യരെ നേർമാർഗത്തിലേക്ക് നയിക്കുവാനുള്ള പ്രകാശമായി അത് നിലകൊള്ളുന്നു.

അല്ലാഹു പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185).


അടുത്ത ലക്കത്തിൽ: മരണാനന്തര ജീവിതം സത്യമാണെന്നതിന് ചില തെളിവുകൾ.