മനുഷ്യകർമങ്ങളും അവയ്ക്കുള്ള പ്രതിഫലവും
ശമീർ മദീനി
2026 മെയ് 16, 1447 ദുൽഖഅദ് 27

(പിശാചിന്റെ ചതിക്കുഴികൾ 22)
ഈ ലോകത്ത് ധാരാളം നല്ല മനുഷ്യരെ കാണാം. നിസ്വാർഥരായി സേവനം ചെയ്യുന്ന, മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് ആത്മാർഥമായി അവരുടെ നന്മക്കായി അക്ഷീണം പ്രയത്‌നിക്കുന്നവർ. സർവർക്കും ആവുന്നത്ര നന്മ ചെയ്തു ജീവിക്കുന്ന അവരിൽ പലർക്കും ഈ ലോകത്തുനിന്ന് കാര്യമായി ഒന്നും തിരിച്ചു കിട്ടുന്നില്ല. ചിലപ്പോഴെങ്കിലും ആക്ഷേപങ്ങളും വിമർശനങ്ങളും ശത്രുതയും അസൂയയും പകയും ഒക്കെയാണ് അവർക്ക് കിട്ടാറുള്ളത്. എന്നാൽ വേറെ ചിലരാകട്ടെ, ക്രൂരവും സ്വാർഥവുമായ മനസ്സോടെ, കരുണ വറ്റിയ മനുഷ്യക്കോലങ്ങളായി ജീവിച്ച്, നാടിനും സമൂഹത്തിനും സഹജീവികൾക്കും ക്രൂരതകൾ മാത്രം സമ്മാനിക്കുന്നവരും.
രണ്ടുകൂട്ടരും കുറെ നാളത്തെ ജീവിതത്തിനശേഷം മരിച്ചുപോകുന്നു. അതോടെ ജീവിതം അവസാനിക്കുകയാണെങ്കിൽ ഈ ജീവിതത്തിന് എന്ത് അർഥമാണുള്ളത്? നന്മകൾക്കും സേവനങ്ങൾക്കും എന്തു പ്രസക്തി? നീതിയും അനീതിയും ധർമവും അധർമവുമൊക്കെ എന്തിന് ശ്രദ്ധിക്കണം? ഏതായാലും രണ്ടു വിഭാഗവും വെറുതെയങ്ങ് മരിച്ചു മണ്ണായിത്തീരുക എന്ന ‘നിഗമനത്തെ’ മനസ്സാക്ഷി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; നന്മയുടെയും നീതിയുടെയും മനസ്സുള്ള ആരും അത് നീതിയല്ല എന്ന് ഉറക്കെ വിളിച്ചുപറയും. അവിടെയാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പരലോകം പ്രസക്തമാകുന്നത്. അല്ലാഹു പറയുന്നു:
“ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്‌നി തിന്നുകളയുന്നത് (ഞങ്ങൾക്ക് കാണിച്ചുതരുന്നത്) വരെ ഒരു ദൈവദൂതനിലും ഞങ്ങൾ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവർ. (നബിയേ,) പറയുക: വ്യക്തമായ തെളിവുകൾ സഹിതവും നിങ്ങൾ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതൻമാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കിൽ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?’’ (3:183).
എന്നാൽ അതിന്റെ സംഭവ്യതയിൽ സംശയിച്ച് അതിനുനേരെ പലപല വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചവർ മുൻകാലങ്ങൾ മുതൽക്കേ ഉണ്ടായിട്ടുണ്ട്. ക്വുർആൻ പറയുന്നു:
“നിങ്ങൾ മരിക്കുകയും മണ്ണും അസ്ഥി ശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടുവരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്? നി ങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!’’ (23:35,36).
“അവർ (അവിശ്വാസികൾ) പറഞ്ഞു: ഞങ്ങൾ ഭൂമിയിൽ ലയിച്ച് അപ്രത്യക്ഷരായാൽ പോലും ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു’’ (32:10).
നിസ്സാരരായ ഈ സൃഷ്ടികൾ എങ്ങനെ വീണ്ടും ജീവനോടെ തിരിച്ചുവരും, വല്ല ജീവികളും ഭക്ഷിക്കുകയോ അല്ലെങ്കിൽ ദ്രവിച്ച് മണ്ണോട് ചേരുകയോ ചെയ്തവർ എങ്ങനെയാണ് വീണ്ടും തിരിച്ചു വരുന്നത് എന്നിത്യാദി സംശയങ്ങളായിരിക്കണം അവരുടെ നിഷേധത്തിന്റെ പ്രധാന കാരണം. അഥവാ പിശാച് അവരെ ആശയക്കുഴപ്പത്തിലാക്കിയ ദുർബോധനത്തിന്റെ ഒരു പ്രധാന വശം ഇതായിരിക്കും.
പക്ഷേ, അവർക്ക് തങ്ങളുടെ ചിന്തയും ബുദ്ധിയും പഠനവും അന്വേഷണവുമൊന്നും ഉപകരിക്കാത്ത വിധത്തിൽ അതിൽനിന്നൊക്കെ പിശാച് അവരെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നമുക്കു ചുറ്റും എത്രയോ ജീവജാലങ്ങളും സസ്യലതാദികളും ജനിച്ചും മുളച്ചും വളർന്നുവരുന്നത് നാം കാണുന്നു. എല്ലാറ്റിന്റെയും തുടക്കം ദുർബലവും നിസ്സാരവുമായ കണികകളിൽനിന്നാണ്. മനുഷ്യന്റെ ബീജകണത്തിന്റെ വലിപ്പവും ആകാരവുമൊക്കെ ആർക്കാണ് അറിഞ്ഞുകൂടാത്തത്? നിന്ദ്യവും നിസ്സാരവുമായ ഒരു ബീജകണത്തിൽ നിന്നാണ് മനുഷ്യർ ഓരോരുത്തരും ജീവിതയാത്ര ആരംഭിച്ചത്. വലിയ വലിയ ജീവികളും സസ്യങ്ങളുമെല്ലാം ഇങ്ങനെത്തന്നെയാണ്. സത്യത്തിൽ നോട്ടവും ചിന്തയും പഠനവും തിരിയേണ്ടത് ആദ്യം ഓരോന്നിനെയും സൃഷ്ടിച്ച് സംവിധാനിച്ച സർവശക്തനും അതീവ ദയാപരനുമായ സ്രഷ്ടാവിന്റെ ഗുണവിശേഷണങ്ങളിലേക്കും കഴിവുകളിലേക്കും ശക്തി മാഹാത്മ്യങ്ങളിലേക്കും ആയിരിക്കണം. അല്ലാതെ, നമ്മുടെ മുന്നിൽ കാണുന്ന വസ്തുക്കളിലേക്കും അവയുടെ ദൗർബല്യങ്ങളിലേക്കുമല്ല.
എന്നാൽ പ്രകൃതിയിൽ തന്നെ പുനരുത്ഥാനത്തിന്റെ സാധുത ബോധ്യപ്പെടുത്തുന്ന പല പ്രതിഭാസങ്ങളുമുണ്ട് എന്നതാണ് സത്യം. മണ്ണിൽ ചിതറിക്കിടക്കുന്ന ഇരുമ്പിന്റെയും സ്വർണത്തിന്റെയും വെള്ളിയുടെയുമൊക്കെ കണികകളെ പെട്ടെന്നുതന്നെ സ്വാംശീകരിച്ചെടുക്കാൻ മനുഷ്യർക്ക് തന്നെ കഴിയുന്ന മൂലകങ്ങളും സംവിധാനങ്ങളും ഇന്ന് സുപരിചിതമാണ്, എന്നിരിക്കെ മണ്ണിൽ ലയിച്ചുകിടക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങളെയും മണ്ണോടുചേർന്ന മാംസങ്ങളെയും ഒരുമിച്ചുകൂട്ടാൻ ഇല്ലായ്മയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് എന്താണ് പ്രയാസം? ഇക്കാര്യം പലരുടെയും ചിന്തക്ക് വിഷയീഭവിക്കു ന്നില്ല എന്നതാണ് സങ്കടകരം!
“അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ (കാറ്റുകൾ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചു കൊണ്ടുപോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അതുമൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ടുവരുന്നതാണ്. നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.” (7:57)
കർമഫലങ്ങളുടെ കാര്യത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നൽകി തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ സാധിക്കാതെ ഒളിച്ചോടുന്നവർ സത്യത്തിൽ സ്വയം വഞ്ചിതരാവുകയും മറ്റുള്ളവരെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്. ഈ ലോകത്ത് നീതി ലഭിക്കാത്തതിനാൽ അസ്വസ്ഥരാകുന്ന മനുഷ്യർക്ക് കൃത്യവും കണിശവുമായ നീതിയുടെ വിചാരണാലോകത്തെ പരിചയപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. എന്നാൽ അതിനെ തള്ളിപ്പറയാനും, പകരം മനുഷ്യൻ കോലം മാറി കർമഫലങ്ങൾ അനുഭവിക്കാൻ ഇവിടെത്തന്നെ വീണ്ടും ജനിക്കുമെന്ന പുതിയ ഒരു സങ്കൽപം (അന്ധവിശ്വാസം) അവരിലേക്ക് ഇട്ടുകൊടുക്കുകയാണ് പിശാച് ചെയ്തത്. കേവലം നിഗമനങ്ങൾക്കും ഊഹാപോഹങ്ങൾക്കും അപ്പുറം അതിനെന്ത് തെളിവ് എന്നത് ചോദിക്കാനുള്ള മനസ്സ് പിശാച് നഷ്ടപ്പെടുത്തിയിരിക്കുന്നു! നല്ല മനുഷ്യരുടെ ആത്മാക്കൾ മരണത്തോടെ അവരുടെ ശരീരത്തിൽനിന്ന് വേർപിരിഞ്ഞാൽ വേറെ നല്ലവരും ഉൽകൃഷ്ടരുമായവരുടെ ശരീരത്തിൽ പ്രവേശിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുമത്രെ! ദുഷിച്ച ആളുകളുടെ ആത്മാക്കളാകട്ടെ, ദുഷിച്ച ശരീരങ്ങളിലേക്ക് മാറുകയും പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുകയും ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു.
ആദ്യ ജന്മത്തിലെ പാപങ്ങളുടെ ഫലമായിട്ടാണ് തങ്ങൾ പിന്നീട് പട്ടിയും പൂച്ചയുമൊക്കെയായി ജനിച്ചുവന്നതെന്നും ആദ്യ ജന്മത്തിലെ കർമഫലം അനുഭവിക്കുകയാണ് അതിലൂടെ എന്നതും തെറ്റ് ചെയ്തവർ അറിയുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. സത്യത്തിൽ ആദ്യം കുറ്റം ചെയ്ത ആളല്ല പിന്നീട് അതിന്റെ ശിക്ഷ അനുഭവിക്കുന്നത്. നന്മ ചെയ്തവരുടെയും കാര്യം ഇതുപോലെ തന്നെയാണ്. ഈ ലോകത്ത് തിന്മ ചെയ്തവർ തങ്ങളുടെ സ്വാധീനവും സൗകര്യങ്ങളും ഉപയോഗിച്ച് കൂടുതൽ സുഖിക്കുന്നതായിട്ടാണ് നാം പലപ്പോഴും കാണാറുള്ളത്. നന്മയുടെ വക്താക്കൾ പലതര ത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നതും കാണാറുണ്ട്. അതിനാൽ അവരുടെ കർമങ്ങൾക്ക് കൃത്യമായ ഫലം അനുഭവിക്കേണ്ടത് അവർ തന്നെയായിരിക്കണം എന്ന് നമ്മുടെ നീതിബോധവും മനസ്സാക്ഷിയും പറയുമ്പോൾ മുജ്ജന്മ സങ്കൽപത്തിൽ അങ്ങനെയൊന്നുമല്ല നടക്കുന്നത്. പട്ടിയും പൂച്ചയും തന്നെ വ്യത്യസ്ത നിലവാരത്തിൽ കഴിയുന്നതും നമുക്ക് ചുറ്റും കാണാവുന്നതാണ്. സമ്പന്നരുടെ വീട്ടിൽ വളരുന്ന നായയും പൂച്ചയും പോലെയല്ല തെരുവിലെ പ്രയാസങ്ങളിൽ വളരുന്ന നായയും പൂച്ചയും. ചുരുക്കത്തിൽ ഇത്തരം സങ്കൽപങ്ങൾക്കും ഊഹാപോഹങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല.
ഇബ്‌നുൽ ജൗസി(റഹി) സനദ് (പരമ്പര) സഹിതം പറയുന്നു: “അബുൽ ഹസൻ അലിയ്യു ഇബ്‌നു നദ്വീഫ് പറഞ്ഞു: ‘ബഗ്ദാദിൽ ഞങ്ങളോടൊപ്പം അബൂബക്കറബിനുൽ ഫല്ലാസ് എന്നറിയപ്പെടുന്ന ശിയാക്കളിൽപ്പെട്ട ഒരു പണ്ഡിതൻ സദസ്സിൽ പങ്കെടുക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു; ശിയാക്കളുടെ കൂട്ടത്തിൽ അറിയപ്പെട്ട ചിലരുടെ അടുക്കൽ അദ്ദേഹം ചെന്നു. പിന്നീട് ഈ കോലം മാറി വരുന്ന ആശയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു. ആ സമയം അയാളുടെ അടുക്കൽ ഒരു കറുത്ത പൂച്ചയെ ഞാൻ കണ്ടു. അയാളാകട്ടെ അതിനെ തലോടുകയും അതിന്റെ കണ്ണുകൾക്കിടയിൽ ചൊറിഞ്ഞു കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. അതോടൊപ്പം പൂച്ചകളുടെ പതിവനുസരിച്ച് അത് ഇടക്കിടക്ക് കരയാനും തുടങ്ങി. അപ്പോഴതാ അയാൾ ശക്തമായി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു! ഞാൻ അയാളോട് ചോദിച്ചു: ‘എന്തിനാണ് താങ്കൾ കരയുന്നത്?’ അപ്പോൾ അയാൾ പറഞ്ഞു: ‘നിനക്കറിയുമോ, ഈ പൂച്ച ഞാൻ അതിനെ തലോടുമ്പോഴെല്ലാം കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന്? ഇത് എന്റെ ഉമ്മയാണ്, സംശയമില്ല. എന്നെ കണ്ടപ്പോൾ സങ്കടത്താൽ കരയുന്നതാണ്.’ അങ്ങനെ അയാൾ അതിനോട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു’’ (തൽബീസു ഇബ്‌ലീസ്)
പിശാചിന്റെ കെണികളിൽനിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ!
