ഇറാനിലെ സഫവി ഭരണവും റാഫിദി ശീഈ മദ്ഹബിന്റെ വ്യാപനവും

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 08)

ഒമ്പത് നൂറ്റാണ്ടുകളോളം, അതായത് ഖുലഫാഉർറാശിദുകളുടെ കാലത്തെ പേർഷ്യൻ വിജയം മുതൽ ബനൂ ഉമയ്യ, അബ്ബാസി കാലഘട്ടങ്ങളിലുടനീളം ഇറാൻ പൂർണമായും സുന്നി വിശ്വാസത്തിലായിരുന്നു. ആ കാലത്ത് ആവഹ്, ഖാശാൻ, സബ്‌സവാൻ, ഖുമ്മ് എന്നീ നാല് നഗരങ്ങൾ മാത്രമാണ് ശിയാ സ്വാധീനത്തിലുണ്ടായിരുന്നത്.

എന്നാൽ ഇസ്മാഈൽ സഫവി (1487-1524) ഇറാന്റെ ഭരണാധികാരിയായി അവരോധിക്കപ്പെട്ടതോടെ, അദ്ദേഹം ശീഈ മദ്ഹബിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും അത് ശക്തിയുപയോഗിച്ച് നടപ്പിലാക്കുകയും ചെയ്തു.

സുന്നി ചരിത്രകാരനായ ഖുതുബുദ്ദീൻ അന്നഹ്‌റാവാലിയുടെ അഭിപ്രായത്തിൽ, ഇസ്മാഈൽ സഫവി പത്തുലക്ഷത്തോളം ആളുകളെയാണ് ഈ മാറ്റത്തിനായി കൊലപ്പെടുത്തിയത്.

ഇസ്മാഈൽ ഷാ ഒരു പേർഷ്യക്കാരനായിരുന്നില്ല; മറിച്ച് അസർബൈജാനിലെ ഒരു സൂഫി കുടുംബത്തിൽ നിന്നുള്ള കുർദ് വംശജനായിരുന്നു. അസർബൈജാനിന്റെ തെക്കൻ മേഖലയിൽ ‘ഇസ്‌നാ അശരി’ ശീഈ വിശ്വാസത്തിലധിഷ്ഠിതമായി അദ്ദേഹം സഫവി രാജവംശം സ്ഥാപിച്ചു. തുടർന്ന് അരാജകത്വം നിലനിന്നിരുന്ന ഇറാനിൽ അദ്ദേഹം ആക്രമണം നടത്തുകയും 1502ൽ അന്നത്തെ തലസ്ഥാനമായ തബ്‌രീസിൽ പ്രവേശിച്ച് സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.

മാറ്റവും എതിർപ്പുകളും

തുടക്കത്തിൽ പേർഷ്യൻ ജനത ഈ തീരുമാനത്തെ എതിർപ്പുകളോടെയാണ് സ്വീകരിച്ചത്. കാരണം അന്ന് ഭൂരിഭാഗം പേർഷ്യക്കാരും സുന്നികളായിരുന്നു. തബ്‌രീസിലെ സുന്നി ജനത ഈ ഉത്തരവിനെ തള്ളിക്കളയുമെന്ന് തന്റെ സൈനിക മേധാവികൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ‘ഞാൻ ആരെയും ഭയ പ്പെടുന്നില്ല, ആരെങ്കിലും എതിർത്താൽ എന്റെ വാളുകൊണ്ട് അവരിൽ ഒരാളെപ്പോലും ഞാൻ ജീവനോടെ ബാക്കിവെക്കില്ല’ എന്നായിരുന്നു ഇസ്മാഈൽ ഷായുടെ മറുപടി.

തൊട്ടടുത്ത ദിവസം പള്ളിയിൽ തന്റെ അനുയായിയായ മൗലാനാ അഹ്‌മദ് അൽഅർദബീലിയെ പ്രസംഗിക്കാൻ അദ്ദേഹം നിയോഗിച്ചു. സുന്നി മുസ്‌ലിംകൾ പ്രതിഷേധിച്ചു പിരിഞ്ഞുപോകാതിരിക്കാൻ ഖിസിൽബാഷ് സൈനികർ അവരെ വളയുകയും മൂന്ന് ഖലീഫമാരെ തള്ളിപ്പറയാനും അലി(റ)യോട് മാത്രം വിധേയത്വം പ്രഖ്യാപിക്കാനും ഉത്തരവിട്ടു. വിസമ്മതിച്ചവരുടെ തലയറുക്കാൻ അദ്ദേഹം കൽപി ക്കുകയും ചെയ്തു.

കൂട്ടക്കൊലകൾ

ഇറാന്റെ വിവിധ ഭാഗങ്ങളിലേക്ക് അധികാരം വ്യാപിപ്പിച്ചതോടെ സുന്നി മുസ്‌ലിംകൾക്കെതിരെയുള്ള അടിച്ചമർത്തലുകളും വർധിച്ചു. ‘അഹ്‌സനു തവാരിഖ്’ എന്ന ഗ്രന്ഥത്തിൽ പടിഞ്ഞാറൻ ഇറാനിലെ ശക്കി നഗരത്തിൽ നടന്ന കൂട്ടക്കൊലകളെക്കുറിച്ചും ശെയ്ഖ് ഫറഖ് യസാറിന്റെ മൃതദേഹം ദഹിപ്പിച്ചതിനെ ക്കുറിച്ചും കൊല്ലപ്പെട്ടവരുടെ തലയോട്ടികൾകൊണ്ട് ഗോപുരങ്ങൾ പണിതതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്.

അഹുവാസിൽ മുശഅ്ശഈ ഭരണകൂടത്തെ തകർത്ത് രക്തരൂക്ഷിതമായ അധിനിവേശം നടത്തി. ഷിറാസ്, മാസന്ദരാൻ എന്നിവിടങ്ങളിൽ ഹിജ്‌റ 915 കാലത്ത് പതിനായിരത്തിലധികം സുന്നി പേർഷ്യക്കാർ കൊല്ലപ്പെട്ടു. യസ്ദിൽ ഏഴായിരത്തോളം പേരെ കൊലപ്പെടുത്തി. ഇസ്‌ഫഹാൻ പിന്നീട് സഫവികളുടെ തലസ്ഥാനമായി മാറി. ഹി. 916 ൽ ഉസ്ബക് നേതാവായ ശൈബക് ഖാനുമായുള്ള യുദ്ധത്തിന് ശേഷം 11,000 സുന്നികളെ വധിച്ചു.

പണ്ഡിതന്മാരോടുള്ള സമീപനവും അതിക്രൂരമായിരുന്നു. ‘അലി അല്ലാഹുവിന്റെ വലിയ്യാണ്’ എന്ന്’ സാക്ഷ്യം പറയാൻ വിസമ്മതിച്ച പ്രശസ്ത പണ്ഡിതന്മാരായ ഖാസി മീർ ഹുസൈൻ മബീദി, അമീർ ഗിയാസുദ്ദീൻ മുഹമ്മദ് അൽഇസ്ഫഹാനി എന്നിവർ ക്രൂരമായി കൊലചെയ്യപ്പെട്ടു.

വിദേശ സ്വാധീനവും ഭവിഷ്യത്തുകളും

ഇറാനിൽ ശീഈ മദ്ഹബ് വ്യാപിപ്പിക്കുന്നതിനായി അദ്ദേഹം ലബനനിലെ ജബൽ ആമിലിൽ നിന്നും ശീഈ പണ്ഡിതന്മാരെ വലിയ സ്ഥാനമാനങ്ങൾ നൽകി ഇറാനിലേക്ക് ക്ഷണിച്ചു വരുത്തി. പേർഷ്യൻ ജനതയെ ശീഈ വിശ്വാസത്തിലേക്ക് മാറ്റുന്നതിൽ ഈ അറബ് പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചു.

സഫവികളുടെ ഈ അക്രമങ്ങളിൽനിന്നും ഇറാഖിലെയും അനറ്റോളിയയിലെയും സുന്നികളെ രക്ഷിക്കാനാണ് ഉസ്മാനിയ സുൽത്താനായിരുന്ന സലിം ഒന്നാമൻ (1470-1520) സഫവികൾക്കെതിരെ യുദ്ധത്തിന് പുറപ്പെട്ടത്. സഫവി ഭരണകൂടത്തിന്റെ വരവ് ഇസ്‌ലാമിക സമൂഹത്തിനെ ഭിന്നിപ്പിക്കുകയും ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ച് ആഭ്യന്തര യുദ്ധങ്ങളിൽ ഏർപ്പെടേണ്ടിവരികയും ചെയ്തു.

‘സഫവികൾ ഇറാനിൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് നാം ബെൽജിയത്തിലും ഫ്രാൻസിലും ക്വുർആൻ പാരായണം കേൾക്കുമായിരുന്നു’ എന്ന ഒരു പൗരസ്ത്യ ഗവേഷകന്റെ നിരീക്ഷണം ഈ ചരിത്ര പശ്ചാത്തലത്തിലുള്ളതാണ്.