മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക
ജസീറ ബിൻത് സകരിയ്യ
(ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്)
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

മനുഷ്യൻ മനുഷ്യനായി മാറുന്നത് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോഴാണ്. മൂല്യങ്ങൾ കൈയൊഴിയുമ്പോൾ അവൻ മനുഷ്യനല്ലാതായി മാറുന്നു. മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് ചില മര്യാദകൾ (അദബുകൾ) മുറുകെ പിടിച്ചുകൊണ്ടാണ്. അറിവിന്റെ വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മര്യാദകൾ വിസ്മരിക്കപ്പെടുന്നു. അറിവുള്ള ആളുകളിൽനിന്ന് ഉത്ഭവിക്കുന്ന വൃത്തികേടുകൾ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത് അറിവിന്റെ ആധിക്യമല്ല പ്രധാനം, മറിച്ച് അറിവിനൊത്ത മര്യാദ യുടെ നിലനിൽപ്പാണ് എന്നാണ്.
അറിവ് എന്നത് പുസ്തകങ്ങളിൽനിന്ന് സ്വായത്തമാക്കിയ തിയറികളിലും ഇക്വേഷനുകളിലും ഒതുങ്ങുന്നതാണ് എന്ന വിചാരം ശരിയല്ല. അറിവിനനുസൃത്മായി മര്യാദയും നല്ല പെരുമാറ്റവും വി നയവും മാന്യതയും സൗമ്യതയും ആർജിക്കുന്നില്ലെങ്കിൽ നേടിയ അറിവ് വ്യക്തിക്കും സമൂഹത്തിനും ദോഷകരമായാണ് ഭവിക്കുക. അറിവ്, സമ്പത്ത്, സ്ഥാനമാനം എന്നിവകൊണ്ട് മാത്രമല്ല ഒരു വ്യക്തി ആദരിക്കപ്പെടുന്നതും അവന്റെ മൂല്യം നിർണയിക്കപ്പെടുന്നതും, മറിച്ച് ഉന്നതമായ സ്വഭാവഗുണങ്ങൾ കൂടി ഉൾച്ചേരുമ്പോഴാണ്.
ഉന്നതമായ മൂല്യങ്ങളെ കുറിച്ച് സംസാരിച്ച അനവധിയാളുകളെ ലോകം ദർശിച്ചിട്ടുണ്ട്. എന്നാൽ ആ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ മുറുകെ പിടിക്കാൻ കഴിഞ്ഞവർ അപൂർവമാണ്. മുഹമ്മദ് നബി ﷺ ലോകം കണ്ട ഏറ്റവും വലിയ മഹാനായി മാറിയത് ഉദാത്തമായ മൂല്യങ്ങളെ കുറിച്ച് പറയുക യും അത് അപ്പടി സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി മാതൃക കാണിക്കുകയും ചെയ്തതുകൊ ണ്ടാണ്. അതുകൊണ്ടുതന്നെ അല്ലാഹു നബിﷺയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു: “തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’’ (ക്വുർആൻ 68:04).
ഒരു വിശ്വാസി സ്രഷ്ടാവായ അല്ലാഹുവിനോടും പ്രവാചകനോടും സൃഷ്ടികളോടും പാലിക്കേണ്ടതായ ചില മര്യാദകളുണ്ട്.
അല്ലാഹുവിന്റെ മഹത്ത്വവും ഗാംഭീര്യവും അംഗീകരിച്ചുകൊണ്ട് ഭയത്തോടെയും പ്രതീക്ഷയോ ടെയും അവനെ മാത്രം ആരാധിക്കുക എന്നത് അവനോട് കാണിക്കുന്ന അദബാണ് അഥവാ മര്യാദയാണ്. അപ്പോഴാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന സാക്ഷ്യവാക്യം അർഥവത്താവുക.
പ്രവൃത്തികളിലും വാക്കുകളിലുമെല്ലാം റസൂലിന്റെ മാർഗത്തിന് മുൻഗണന നൽകുകയും അത് പിന്തുടരുകയും ചെയ്യുക എന്നതാണ് റസൂലിനോടു കാണിക്കുന്ന അദബ്. റസൂലിന്റെ വാക്കുകളെയും പ്രവൃത്തികളെയും സ്വന്തം ബുദ്ധിക്കനുസരിച്ച് കൊള്ളുകയോ തള്ളുകയോ ചെയ്യുന്നത് റസൂലിനോ ടുള്ള അദബിന്റെ ആത്മാവിനെത്തന്നെ നശിപ്പിക്കുന്നതാണ്. സുന്നത്തിനെ സംശയത്തിന്റെ കോണിൽ നോക്കിക്കാണാതെ അനുസരണയിലൂടെയും ആദരവോടെയും സ്വീകരിക്കുന്നിടത്താണ് റസൂലിനോടുള്ള അദബിന്റെ സൗന്ദര്യം തെളിയുന്നത്.
മനുഷ്യരോട് ഇസ്‌ലാം പഠിപ്പിക്കുന്ന ഉന്നതമായ സ്വഭാവങ്ങളോടെ പെരുമാറുകയും ഓരോരുത്തർക്കും അർഹമായ സ്ഥാനം നൽകുകയും ഗുണകാംക്ഷ കാണിക്കുകയും ചെയ്യുകയാണ് അവരോടുള്ള അദബ് പ്രകടിപ്പിക്കൽ. ഇങ്ങനെ അല്ലാഹുവിനോടും റസൂലിനോടും സൃഷ്ടികളോടുമുള്ള മര്യാദകൾ പാലിക്കുമ്പോഴാണ് ജീവിതം അർഥവത്തായി മാറുന്നത്.

