ഉറുമ്പുകളുടെ ലോകം

ദുൽക്കർഷാൻ അലനല്ലൂർ

2026 മാർച്ച് 28, 1447 ശവ്വാൽ 06

അല്ലാഹുവിന്റെ സൃഷ്ടികളെകുറിച്ച് പഠിക്കാനൊരുങ്ങിയാൽ ചെന്നെത്താൻ കഴിയാത്തത്രയും വിശാലമായ ഒരു ലോകമാണ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുക. ഏതൊരു സൃഷ്ടിയെ കുറിച്ച് പഠിക്കാനൊരുങ്ങിയാലും അറിവിന്റെ ഒരു മഹാസാഗരം തന്നെ നമുക്ക് മുമ്പിൽ തീർക്കാൻ മാത്രം പോന്നതാണ് ഓരോന്നുമെന്ന് മനസ്സിലാകും. അത്രമാത്രം പ്രത്യേകതകളും വൈവിധ്യവും അല്ലാഹുവിന്റെ ഓരോ സൃഷ്ടിക്കുമുണ്ട്.

അല്ലാഹുവിന്റെ സൃഷ്ടികളിൽ ആകാരം കൊണ്ട് ചെറിയ ജീവികളിലൊന്നാണ് ഉറുമ്പ്. പ്രാണിലോകത്തിൽപെട്ട ഒരു വിഭാഗം. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും അതിന്റെ ജീവിതവും അതിനെ കുറിച്ചുള്ള വിവരങ്ങളുടെ ലോകവും വലുതാണ്.

വിശുദ്ധ ക്വുർആനിലെ ഒരു അധ്യായത്തിന്റെ പേരുതന്നെ ‘നംല്’ അഥവാ ‘ഉറുമ്പ്’ എന്നാണ്. പ്രസ്തുത അധ്യായത്തിലെ 18ാം സൂക്തത്തിൽ ഉറുമ്പിനെ കുറിച്ചുള്ള പരാമർശമാണ്

ആ അധ്യായത്തിന് ഈ പേരുവരാൻ കാരണം. പ്രസ്തുത സൂക്തം ഇങ്ങനെയാണ്:

“അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവർ ഓർക്കാത്ത വിധത്തിൽ നിങ്ങളെ ചവിട്ടി തേച്ചുകളയാതിരിക്കട്ടെ’’ (27:18).

സുലൈമാൻ നബി(അ)യുടെ ചരിത്രം പ്രതിപാദിക്കുന്നിടത്താണ് ഈ വിഷയം കടന്നുവരുന്നത്. സുലൈമാൻ നബി(അ) തന്റെ സൈന്യത്തെയും കൊണ്ട് സഞ്ചരിക്കവെ ഉറുമ്പുകളുടെ ഒരു താഴ്‌വരയിൽ ചെന്നെത്തി. അന്നേരം ആ വഴിയിൽ തങ്ങളുടെതായ ഏർപ്പാടിൽ മുഴുകിയ മുഴുവൻ ഉറുമ്പുകളെയും (അടുത്തുള്ളവയെയും അകലെയുള്ളവയെയും) വിളിച്ചുകൊണ്ട് കൂട്ടത്തിൽപെട്ട കാര്യബോധമുള്ള ഒരു ഉറുമ്പ് നിർദേശം നൽകുന്നതാണ് ഈ ആയത്ത്. താഴ്‌വരയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തന്റെ ഉറുമ്പിൻ സമൂഹത്തോട് ഒരു നേതാവിനെപ്പോലെ, ബെറ്റാലിയന് നിർദേശം നൽകുന്ന ഒരു കമാന്ററെ പോലെ ആ ഉറുമ്പ് നിർദേശം നൽകുകയാണ്.

അല്ലാഹുവിൽനിന്നും പ്രത്യേകം ലഭിച്ച കഴിവിന്റെ അടിസ്ഥാനത്തിൽ ജന്തുലോകത്തെ ചിലതിന്റെ സംസാരം മനസ്സിലാക്കാൻ സുലൈമാൻ നബി(അ)ക്ക് സാധിച്ചിരുന്നു. അദ്ദേഹം ഇതു കേട്ടപ്പോൾ നന്നായി പുഞ്ചിരിച്ചുപോയി എന്ന് വിശുദ്ധ ക്വുർആനിൽ കാണാം. ശേഷം, അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തിന് നന്ദികാണിക്കാൻ മനസ്സിന് പ്രചോദനം നൽകാനും അല്ലാഹുവിൽനിന്നുള്ള കാരുണ്യത്തിനായി പ്രാർഥിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

“അപ്പോൾ അതിന്റെ വാക്കു കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സദ്‌വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ’’ (27:19).

ഉറുമ്പുകളെ കുറിച്ച് പഠിക്കുമ്പോൾ നാം ആശ്ചര്യപ്പെട്ടു പോകും. ഭൂമിയിൽ അനേകവർഗം ഉറുമ്പുകളുണ്ട്. അതിൽ വളരെ കുറച്ച് വർഗങ്ങളെ മാത്രമെ നാം കണ്ടിട്ടുള്ളൂ. ഉറുമ്പുകൾ നന്നായി ജോലി ചെയ്യുന്നവയും സ്വന്തം ഭാരത്തെക്കാൾ എത്രയോ ഇരട്ടി ഭാരം വഹിക്കാൻ കഴിവുള്ളവയും ആർകിടെക്ചർമാർ തോറ്റുപോകും വിധം ഭവനനിർമാണം നടത്തുന്നവയുമാണ്. ഭക്ഷണ പദാർഥങ്ങൾ ശേഖരിച്ചുവെക്കാനും കേടുവരാതെ സൂക്ഷിക്കാനുമുള്ള കഴിവും അവയ്ക്കുണ്ട്.

ഉറുമ്പുകൾ സാമൂഹിക ജീവിതം നയിക്കുന്നവയാണ്. രാജ്ഞികൾ, തൊഴിലാളികൾ, പട്ടാളക്കാർ എന്നിങ്ങനെ വിവിധ തരം ഉറുമ്പുകൾ കോളനികളിൽ കാണപ്പെടുന്നു, അവ കൃഷി ചെയ്യുന്നു. ‘പാൽ’ പോലുള്ള ദ്രാവകം ഉത്പാദിപ്പിക്കുന്നു. ഭീമാകാരമായ കോളനികൾ നിർമിക്കുന്നു. ഏകദേശം 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഭൂമിയിലുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഓരോ മനുഷ്യനും 2.5 ദശലക്ഷം ഉറുമ്പുകൾ എന്ന കണക്കിൽ! ഇത് വെറും നിഗമനമാണെന്നറിയുക, അതിലേറെയുണ്ടാകാനാണ് സാധ്യത.

ഉറുമ്പുകളുടെ സാമൂഹിക ഘടനയും ജോലികളും

1. രാജ്ഞി (Queen): മുട്ടയിടലാണ് പ്രധാന ജോലി. ചിലത് 30 വർഷം വരെ ജീവിക്കും.

2. തൊഴിലാളി ഉറുമ്പ് (Worker): ഭക്ഷണം ശേഖരിക്കുക, കൂട് നിർമിക്കുക, വൃത്തിയാക്കുക, ലാർവകളെ പരിപാലിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നു. സാധാരണ കാണപ്പെടുന്ന ഉറുമ്പുകൾ ഇവയാണ്.

3. പട്ടാള ഉറുമ്പ് (Soldier): വലിയ താടിയെല്ലുകൾ (mandibles) ഉള്ള ഇവ ശത്രുക്കളിൽനിന്ന് കോളനിയെ സംരക്ഷിക്കുന്നു.

4. ചിറകുള്ള ഉറുമ്പുകൾ: പ്രത്യുത്പാദനശേഷിയുള്ള ആൺ ഉറുമ്പുകളും പെൺ ഉറുമ്പുകളും (രാജ്ഞികൾ) ഇണചേരാനായി പുറത്തുവരുന്നു.

വിസ്മയിപ്പിക്കുന്ന കഴിവുകൾ

1. കൃഷി: പൂപ്പലുകൾ കൃഷി ചെയ്യുന്ന ഇലവെട്ടിയുറുമ്പുകളും (leaf cutter ants) മറ്റു ചില സസ്യങ്ങളെ വളർത്തുന്ന ഫിലിദ്രിസ് നാഗാസോ പോലുള്ള ഉറുമ്പുകളും ഉണ്ട്.

2. കുമിൾ കൃഷി (Fungus Farming): ചില ഉറുമ്പുകൾ പൂപ്പൽ കൃഷി ചെയ്യുന്നതിനായി പ്രത്യേക ഇലകൾ ഉപയോഗിക്കുന്നു.

3. പാൽ ഉത്പാദനം: പ്യൂപ്പ ഘട്ടത്തിലുള്ള ഉറുമ്പുകൾ പാൽ പോലുള്ള പോഷകസമൃദ്ധമായ ദ്രാവകം പുറപ്പെടുവിക്കുന്നു എന്ന് സ്വിസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത് ലാർവകളും ഉറുമ്പുകളും കുടിക്കുന്നു.

4. ശക്തി: ചില ഉറുമ്പുകൾക്ക് സ്വന്തം ഭാരത്തിന്റെ 100 ഇരട്ടി വരെ ഉയർത്താൻ കഴിയും.

5. ആശയവിനിമയം: ഫെറോമോണുകൾ എന്ന ഗന്ധം വഴിയാണ് ഇവ ആശയവിനിമയം നടത്തുന്നത്.

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകൾ കാണപ്പെടുന്നു. ഉറുമ്പുകൾ പരിസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്നു. മണ്ണ് വായുസഞ്ചാരമുള്ളതാക്കുന്നു, വിത്തുകൾ വിതരണം ചെയ്യുന്നു, സസ്യങ്ങൾക്കും ചില ജീവജാലങ്ങൾക്കും അവരുടെതായ രീതിയിൽ സഹായം നൽകുന്നു.

ഉറുമ്പുകൾ പരസ്പരം സംസാരിക്കുന്നുവെന്ന് ക്വുർആൻ പറയുന്നു. ഇക്കാര്യം തിരിച്ചറിയുവാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും ഉറുമ്പുകളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട, മനുഷ്യന് മുമ്പ് പരിചയമില്ലാത്ത പല വസ്തുതകളും ആധുനിക ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജന്തുക്കളിൽ മനുഷ്യന്റെ ജീവിതരീതിയുമായി വളരെയധികം സാദൃശ്യങ്ങളുള്ളവയാണിവ എന്ന് പഠനങ്ങൾ പറയുന്നു.

പ്രസിദ്ധ ജർമൻ ശാസ്ത്രജ്ഞനും ചിന്തകനുമായ ഹിബ്രസ് ബിസ് മാർക്കിനോട് ഒരാൾ ചോദിച്ചു: “ഏത് രീതിയിലുള്ള ജീവിതമാണ് താങ്കൾ ഇഷ്ടപ്പെടുന്നത്?’’ മറുപടിക്ക് ബിസ്മാർക്കിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല: “ഉറുമ്പിന്റെ ജീവിതമാണെനിക്കിഷ്ടം.’’ അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു: “ചെറുതെങ്കിലും നമുക്കൊക്കെ മാതൃകയാക്കാവുന്ന ജീവിയാണ് ഉറുമ്പ്. അധ്വാനശീലരായ ഈ കൊച്ചുജീവികൾ തങ്ങളുടെതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതിൽ സാമൂഹികജീവിതം നയിച്ചുവരുന്നു.’’

‘ഹൈമനോപ്റ്റ’ ഗോത്രത്തിലെ ഫോർമിസിഡേ കുടുംബത്തിൽ പെടുന്ന സാമൂഹിക ജീവിയാണ് ഉറുമ്പ്. സാമൂഹിക ജീവികളായി അറിയപ്പെടുന്ന തേനീച്ച, കടന്നൽ തുടങ്ങിയവയിൽ അപൂർവമായെങ്കിലും തനിച്ച് ജീവിക്കാനിഷ്ടപ്പെടുന്നവയെ കാണാം. എന്നാൽ സമൂഹമായല്ലാതെ ഒറ്റക്ക് ജീവിക്കുന്ന ഒരു ഉറുമ്പിനെ പോലും കണ്ടെത്താനാകില്ല.

ഉറുമ്പുകളുമായി ബന്ധപ്പെട്ട, താഴെപ്പറയുന്ന വസ്തുതകളിൽനിന്നും ഇത് മനസ്സിലാക്കാവുന്നതാണ്:

. മനുഷ്യർ ശവം മറവ് ചെയ്യുന്ന അതേ രീതിയിൽ തന്നെ ഉറുമ്പുകളും ശവം മറവ് ചെയ്യുന്നു.

. കാര്യസ്ഥന്മാരും മേൽനോട്ടക്കാരും ജോലിക്കാരുമടങ്ങുന്ന അതിസങ്കീർണമായ തൊഴിൽ വിഭജന വ്യവസ്ഥതന്നെ അവയിൽ നിലനിൽക്കുന്നു.

. നർമസല്ലാപം നടത്തുന്നതിനായി ചിലപ്പോഴൊക്കെ അവ പരസ്പരം കൂടിയിരിക്കുന്നു.

. അത്യുന്നതമായ ആശയവിനിമയ സമ്പ്രദായം അവയ്ക്കിടയിൽ നിലനിൽക്കുന്നു.

. കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവയ്ക്കിടയിലുണ്ട്.

. ഹേമന്ത കാലത്തെ ദീർഘകാല ആവശ്യത്തിനായി ഉറുമ്പുകൾ ധാന്യങ്ങൾ സൂക്ഷിച്ചു വെക്കുന്നു. ധാന്യങ്ങൾ മുളച്ചു തുടങ്ങുകയാണെങ്കിൽ, വളരാനനുവദിച്ചാൽ ചീഞ്ഞു പോകുമെന്ന കാരണത്താൽ അവ വേരുകൾ മുറിച്ചു മാറ്റുന്നു.

. മഴ കാരണത്താൽ സംഭരിച്ച ധാന്യങ്ങൾ നനയുകയാണെങ്കിൽ, ഉണക്കുന്നതിനായി സൂര്യപ്രകാശമുള്ളിടത്ത് കൊണ്ടുവയ്ക്കുന്നു. ഈർപ്പം കാരണം വേരുകൾ മുളക്കുകയും തദ്വാരാ

ധാന്യങ്ങൾ ചീഞ്ഞു പോകുകയും ചെയ്യുമെന്ന ഭയത്താൽ സൂര്യപ്രകാശത്തിൽ ഉണക്കാനിട്ട ധാന്യങ്ങൾ ഉണങ്ങിയ ഉടനെ തന്നെ അകത്തേക്ക് തിരിച്ചു കൊണ്ടുവയ്ക്കുന്നു.

ജീവിത-താമസ വ്യവസ്ഥിതികൾ, ആസൂത്രണം, വിഭാഗീകരണം, ഉത്തരവാദിത്ത നിർവഹണം എന്നീ വിഷയങ്ങളിലെല്ലാം വിശേഷബുദ്ധി കൊണ്ടനുഗൃഹീതനായ മനുഷ്യനെ പോലും പിന്നിലാക്കുന്ന വൈഭവം ഈ ചെറുജീവികൾ പ്രകടിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, ഉറുമ്പ് കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ശൈത്യ മേഖലാ രാജ്യങ്ങളിൽ താരതമ്യേന കുറവായും ഉഷ്ണ മേഖലാ രാജ്യങ്ങളിൽ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. അവയിൽ ചിലത് വളരെ ചെറുതാണെങ്കിൽ, മനുഷ്യന്റെ ചെറുവിരലിനോളം വണ്ണവും നീളവുമുള്ളവയും കൂട്ടത്തിലുണ്ട്.

കൊടിയ വിഷമുള്ള ചില ഇനങ്ങളും അപൂർവമായെങ്കിലും ഇവയുടെ ഗണത്തിലുണ്ട്. ഇതര ഷഡ്പദങ്ങളിൽ നിന്ന് തിരിച്ചറിയാൻ ഉറുമ്പിനുള്ള ഒരു സവിശേഷത, അതിന്റെ ഉദരത്തിൽ വിരലിന്റെ ആകൃതിയിൽ കാണപ്പെടുന്ന ‘നോഡ്’ എന്ന പേരിലറിയപ്പെടുന്ന ഒന്നോ രണ്ടോ ഘടകങ്ങളാണ്. ഈ ഘടനാ വൈചിത്ര്യം ഉറുമ്പുകളിലൊഴികെ മറ്റൊരു ഷഡ്പദത്തിലും കാണാൻ കഴിയില്ല. അല്ലാഹുവിന്റെ സൃഷ്ടിവൈഭവം എത്ര അപാരം!