മദ്യത്തിന്റെ വീര്യവും വിശ്വാസിയുടെ നിലപാടും

ടി.കെ അശ്‌റഫ്

2026 ജൂലൈ 04, 1448 മുഹർറം 19

ഒരു സമൂഹത്തിൽ തിന്മകൾക്കും തെറ്റായ പ്രവണതകൾക്കുമെതിരെ സമയോചിതമായി ശരിയാം വിധം ബോധവൽക്കരണം നടത്താതിരുന്നാൽ, കാലക്രമേണ സമൂഹം ആ തിന്മകളോട് താദാത്മ്യപ്പെടാൻ തുടങ്ങും. തിന്മകളുടെ ഗൗരവം നഷ്ടപ്പെടുകയും അവയ്ക്ക് ഒരു ‘മാന്യതയുടെ പരിവേഷം’ ലഭിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. അതുകൊണ്ടാണ് തിന്മകൾക്ക് നേരെ കണ്ണടയ്ക്കുന്നതിനെ ഇസ്‌ലാം കഠിനമായി ആക്ഷേപിച്ചത്. തിന്മകൾ കണ്ടിട്ടും പരസ്പരം വിരോധിക്കാതിരുന്ന ബനൂ ഇസ്രാഈല്യരിലെ അവിശ്വാസികളെ ദാവൂദ് നബി(അ)യുടെയും ഈസാ നബി(അ)യുടെയും നാവുകളാൽ അല്ലാഹു ശപിച്ചതായി വിശുദ്ധ ക്വുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്:

“ബനൂ ഇസ്രാഈലിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസായുടെയും നാവുകളാൽ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തതുകൊണ്ടാണത്. അവർ ചെയ്തിരുന്ന യാതൊരു തിന്മയും അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് എത്രയോ ചീത്തയായ കാര്യം തന്നെ!’ (ക്വുർആൻ 5:78,79).

ഇന്ന് നമ്മുടെ പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും മദ്യപാനത്തെ ന്യായീകരിക്കാൻ ഉന്നയിക്കപ്പെടുന്ന ദുർന്യായങ്ങളെയും അതിനുപിന്നിലെ യാഥാർഥ്യങ്ങളെയും കുറിച്ചുള്ള ഒരു വിശകലനമാണിത്.

1. ‘കുറഞ്ഞ അളവിലാണെങ്കിൽ കുഴപ്പമില്ല’ എന്ന വാദം

മദ്യം കുറഞ്ഞ അളവിൽ കഴിച്ചാൽ കുഴപ്പമില്ലെന്നും കൂടിയാലേ പ്രശ്‌നമുള്ളൂ എന്നുമാണ് ലഹരിയെ അനുകൂലിക്കുന്നവരുടെ ഒന്നാമത്തെ വാദം. എന്നാൽ ഇസ്‌ലാമിന്റെ നിലപാട് ഇതിൽ വിട്ടുവീഴ്ചയില്ലാത്തതാണ്. അല്ലാഹുവിന്റെ റസൂൽﷺ അരുളി:

“ധാരാളമായി ഉപയോഗിച്ചാൽ ലഹരിയുണ്ടാക്കുന്ന ഏതൊരു വസ്തുവും അതിന്റെ കുറഞ്ഞ അളവും ഹറാമാണ് (വിലക്കപ്പെട്ടതാണ്).’’

അളവ് കുറവാണെന്നത് ലഹരിയുടെ ദോഷങ്ങളിൽനിന്നോ അതിന്റെ ആത്മീയ-ശാരീരിക വിപത്തുകളിൽനിന്നോ മനുഷ്യന് സംരക്ഷണം നൽകുന്നില്ല.

2. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കൽ

മദ്യപാനം കുറച്ചുകൊണ്ടുവരാൻ വേണ്ടി ബിയർ പോലുള്ള ‘വീര്യം കുറഞ്ഞ’ മദ്യങ്ങൾ പ്രോത്സാഹിപ്പിക്കാം എന്നതാണ് മറ്റൊരു കപടയുക്തി. എന്നാൽ വീര്യം കൂടിയ ലഹരിക്ക് അടിമയായ (Addict) ഒരാൾ ഒരിക്കലും വീര്യം കുറഞ്ഞതിലേക്ക് യൂടേൺ (U-turn) അടിക്കാറില്ല. ലഹരിയുടെ ലോകത്ത് എപ്പോഴും മുന്നോട്ടുള്ള സഞ്ചാരം മാത്രമേയുള്ളൂ. ഇതിന് പിന്നിൽ രണ്ട് ശാസ്ത്രീയ യാഥാർഥ്യങ്ങളുണ്ട്:

എ) ടോളറൻസ് (Tolerance- പൊരുത്തപ്പെടൽ):

ലഹരി തലച്ചോറിലെത്തുമ്പോൾ സന്തോഷം നൽകുന്ന ‘ഡോപമിൻ’ (Dopamine) ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ തുടർച്ചയായ ഉപയോഗത്തിലൂടെ തലച്ചോറ് അതിനോട് പൊരുത്തപ്പെടുകയും, പിന്നീട് അതേ സുഖം ലഭിക്കാൻ വീര്യംകൂടിയ അളവോ കടുത്ത ലഹരിയോ തേടിപ്പോകാൻ മനുഷ്യൻ നിർബന്ധിതനാവുകയും ചെയ്യുന്നു.

ബി) ഗേറ്റ്‌വേ ഇഫക്റ്റ് (Gateway Effect):

വീര്യം കുറഞ്ഞ മദ്യം യഥാർഥത്തിൽ ലഹരിയുടെ മാരക ലോകത്തേക്കുള്ള ഒന്നാമത്തെ പ്രവേശന കവാടമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസിന്റെ (NIDA) പഠനങ്ങൾ പ്രകാരം കഞ്ചാവും വീര്യം കുറഞ്ഞമദ്യവും ഉപയോഗിക്കുന്നവരിൽ 90% ആളുകളും പിന്നീട് ഹെറോയിൻ, കൊക്കെയ്ൻ, എം.ഡി.എം.എ തുടങ്ങിയ കടുത്ത രാസ ലഹരികളിലേക്ക് എത്തിച്ചേരുന്നു.

കേരള എക്‌സൈസ് വകുപ്പിന്റെ ‘വിമുക്തി മിഷൻ’ പുറത്തുവിട്ട കണക്കുകളും ഇതേ ഭീതിജനകമായ അവസ്ഥയാണ് കാണിക്കുന്നത്. കൗൺസിലിംഗിന് എത്തുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും വെറും 6 മാസം കൊണ്ടാണ് ബിയറിൽനിന്നും ചവയ്ക്കുന്ന ലഹരികളിൽനിന്നും മാരകമായ രാസലഹരികളിലേക്ക് വഴിമാറിയത്.

3. വരുമാനവും സാമ്പത്തിക ലാഭവും എന്ന വാദം

മദ്യത്തിലൂടെ വലിയ വരുമാനവും ലാഭവും തൊഴിലവസരങ്ങളും ഉണ്ടാകുന്നു എന്ന വാദം സാമ്പത്തികശാസ്ത്രപരമായിത്തന്നെ തെറ്റാണ്. ലഹരിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലാഭം തുച്ഛമാണ്.

ആരോഗ്യ-സാമൂഹിക തകർച്ച:

ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് പ്രകാരം ലോകത്ത് നടക്കുന്ന മരണങ്ങളിൽ 5% ലഹരി മൂലമാണ്. ഓരോ വർഷവും 30 ലക്ഷത്തിലധികം ആളുകൾ ലഹരി കാരണം മരിക്കുന്നു. ഗാർഹിക പീഡനക്കേസുകളിൽ 70 ശതമാനവും മദ്യപാനം മൂലമുണ്ടാകുന്നതാണ്.

യഥാർഥ കണക്ക് ഇതാണ്: മദ്യവിൽപനയിലൂടെ സർക്കാരിന് 1 രൂപ വരുമാനം ലഭിക്കുമ്പോൾ, അത് വരുത്തിവെക്കുന്ന രോഗങ്ങൾ, ചികിത്സ, റോഡപകടങ്ങൾ എന്നിവയ്ക്കായി സമൂഹം 3 രൂപ തിരി ച്ചു ചെലവാക്കേണ്ടി വരുന്നു. ഒന്നിന് മൂന്ന് രൂപ നഷ്ടം വരുന്ന കച്ചവടത്തെ ഒരിക്കലും ലാഭക്കച്ചവടമെന്ന് വിളിക്കാൻ കഴിയില്ല.

വിശുദ്ധ ക്വുർആൻ പറയുന്നു: “(നബിയേ,) നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്്. ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാൾ വലുത്...’’ (ക്വുർആൻ 2:219).

4. ‘നിരോധിച്ചാൽ വ്യാജമദ്യവും രാസലഹരിയും ഒഴുകും’ എന്ന ഭയം

മദ്യം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താൽ വ്യാജമദ്യവും രാസലഹരിയും വ്യാപകമാകും എന്ന വാദം തികച്ചും ബാലിശമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി അടിച്ചമർത്താനും നിയന്ത്രിക്കാനുമാണ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും പോലീസും ഉള്ളത്. മാത്രവുമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രാസലഹരി ഉപയോഗിക്കുന്നവരിൽ 94 ശതമാനം ആളുകളും മദ്യപാനത്തിലൂടെയാണ് ആ വഴിയിലേക്ക് എത്തിയത്. അതിനാൽ മദ്യത്തെ സാധാരണവൽക്കരിക്കുന്നത് ലഹരിവ്യാപനം കൂട്ടുകയേ ഉള്ളൂ.

വരയെ ചെറുതാക്കുന്നതിലെ കുയുക്തി

ഒരു കടലാസിൽ വരച്ച വരയെ ചെറുതാക്കാൻ അതിനടുത്ത് വലിയൊരു വര വരയ്ക്കുന്നു. അതിനെ ചെറുതാക്കാൻ അതിലും വലിയ വര വരയ്ക്കുന്നു. ഇതാണ് ഇന്ന് ലഹരിയുടെ കാര്യത്തിലും സംഭവിക്കുന്നത്. മദ്യത്തെക്കാൾ അപകടം രാസലഹരിയാണെന്ന് പറഞ്ഞ് അടിവരയിടുമ്പോൾ, അതിന്റെ താഴെയുള്ള മദ്യവും ബിയറും കുഴപ്പമില്ലാത്ത ഒന്നായി മാറുന്നു. നാളെ രാസലഹരിയെക്കാൾ വലിയ മറ്റൊന്ന് വരുമ്പോൾ എം.ഡി.എം.എ സാധാരണവൽക്കരിക്കപ്പെടും. ഈ യുക്തി അപകടകരമാണ്, കാരണം ആദ്യം വരച്ച വരകളൊന്നും മായ്ക്കപ്പെടുന്നില്ല.

ഒരു വലിയ ഷോ നടക്കുന്നു. ആളുകളെ ക്യൂ നിർത്തി ടിക്കറ്റ് നൽകിയ ശേഷം ‘നിങ്ങൾ അകത്ത് കയറി ഷോ കാണരുത്’ എന്ന് പറയുന്നതുപോലെയാണ്, വീര്യം കുറഞ്ഞ മദ്യത്തിന് ബോധപൂർവം വഴിയൊരുക്കിയ ശേഷം ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്നത്. ഇരുതലയും കത്തിച്ചു മിന്നുന്ന ഇത്തരം നയങ്ങൾ പ്രബുദ്ധമായ ഒരു സമൂഹത്തിന് ചേർന്നതല്ല.

5. ‘സോഷ്യൽ ഡ്രിങ്കിങ് (Social Drinking) കുഴപ്പമില്ല’ എന്ന വാദം

ടൂറിസം വളരാനും വികസനം തടസ്സപ്പെടാതിരിക്കാനും മാന്യമായ രീതിയിൽ പാർട്ടികളിൽ മാത്രം മദ്യപിക്കുന്ന ‘സോഷ്യൽ ഡ്രിങ്കിങ്’ ആകാമെന്ന തരത്തിലുള്ള ന്യായീകരണങ്ങൾ ഇന്ന് ശക്തമാണ്. എന്നാൽ ഒരു മുസ്‌ലിമിന് ഇത്തരം ന്യായീകരണങ്ങൾ ഏറ്റുപിടിക്കാൻ കഴിയില്ല.

പ്രവാചകൻﷺ പഠിപ്പിച്ചു: “നിങ്ങൾ മദ്യത്തെ വെടിയുക, തീർച്ചയായും അത് സകല തിന്മകളുടെയും മാതാവാണ് (ഉമ്മുൽ ഖബാഇസ്).’’

‘മദ്യം എല്ലാ തിന്മകളുടെയും താക്കോലാണ്’ എന്ന നബി വചനവും ശ്രദ്ധേയമാണ്.

മദ്യവുമായി ബന്ധപ്പെട്ട് ശപിക്കപ്പെട്ട പത്ത് വിഭാഗങ്ങൾ:

മദ്യത്തിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് പ്രവാചകൻ ﷺ മദ്യവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന പത്ത് വിഭാഗം ആളുകളെ ശപിച്ചതായി പഠിപ്പിച്ചിട്ടുണ്ട്:

• മദ്യം പിഴിഞ്ഞുണ്ടാക്കുന്നവൻ.
• അത് പിഴിഞ്ഞുണ്ടാക്കാൻ ആവശ്യപ്പെടുന്നവൻ.
• അത് കുടിക്കുന്നവൻ.
• അത് ചുമന്നു കൊണ്ടുപോകുന്നവൻ.
• ആർക്ക് വേണ്ടിയാണോ ചുമക്കപ്പെടുന്നത് അവൻ.
• അത് വിളമ്പുന്നവൻ (സപ്ലൈ ചെയ്യുന്നവൻ).
• അത് വിൽക്കുന്നവൻ.
• അത് വിറ്റ് പണം അനുഭവിക്കുന്നവൻ.
• അത് വാങ്ങുന്നവൻ.
• ആർക്ക് വേണ്ടിയാണോ വാങ്ങപ്പെടുന്നത് അവൻ.

മദ്യവും ചൂതാട്ടവുമെല്ലാം മനുഷ്യർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനും മറ്റുമായി പിശാച് ഉപയോഗിക്കുന്ന ആയുധങ്ങളാണ്. അല്ലാഹു പറയുന്നു:

“മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും, അല്ലാഹുവെ സ്മരിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽനിന്നും നിങ്ങളെ തടയാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാൽ നിങ്ങൾ (അതിൽനിന്ന്) വിരമിക്കാൻ ഒരുക്കമുണ്ടോ?’’ (ക്വുർആൻ 5:91).

മദ്യപാനം നടക്കുന്ന വീടുകളിലാണ് ഇന്ന് ക്രൂരമായ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്നത്. അതുകൊണ്ട്, രാഷ്ട്രീയമോ മറ്റു താൽപര്യങ്ങളോ നോക്കാതെ, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപന കൾക്ക് ഒന്നാം സ്ഥാനം നൽകി ഈ തിന്മയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. ലഹരിമുക്തമായ ഒരു സമൂഹത്തിന് മാത്രമെ പരലോകത്ത് ശാശ്വതവിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.