ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന് മേലുള്ള കടന്നുകയറ്റം
ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു
2026 ജൂലൈ 25, 1448 സ്വഫർ 11

വിവ: ഇ. യുസുഫ് സാഹിബ് നദുവി
ഈയിടെ തെലങ്കാനയിലെ ഒരു സ്കൂൾ പ്രിൻസിപ്പലിനു നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ വധശ്രമം നടത്തുകയുണ്ടായി. വിദ്യാലയത്തിൽ ഉറുദു പഠനം പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു അവർ ആരോപിച്ച ‘കുറ്റം.’ വെറും രണ്ടു ദിവസത്തേക്ക് മാത്രമാണ് സ്കൂളിൽ ഉറുദു പഠിപ്പിച്ചതെന്നും അതാകട്ടെ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യപ്രകാരമായിരുന്നുവെന്നും പ്രിൻസിപ്പൽ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഒരു അധ്യാപിക വിദ്യാർഥികൾക്ക് ഉറുദു അക്ഷരമാല പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നാൽ ഏറ്റവും നിർഭാഗ്യകരവും ആശങ്കാജനകവുമായ വശം, ഈ ആക്രമണം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു എന്നതാണ്. അക്രമികളെ തടയാനോ ഇരയായ വ്യക്തിക്ക് ആവശ്യമായ സംരക്ഷണം നൽകാനോ പോലീസ് തയ്യാറായില്ല.
ഇത്തരം സംഭവങ്ങൾ ഭാരതത്തിന് മൊത്തത്തിൽ ലജ്ജാകരമാണ്. നിയമപരമായ ശിക്ഷയ്ക്ക് അർഹരായ ഈ സാമൂഹികവിരുദ്ധർ ഇന്ന് ചില ഹിന്ദുത്വ വൃത്തങ്ങളിൽ ‘സംസ്കാരത്തിന്റെ കാവലാളുകളായി’ വാഴ്ത്തപ്പെടുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.
സംസ്കൃതത്തെപ്പോലെ ഉറുദുവും ഇന്ത്യയുടെ മഹത്തായ, സവിശേഷമായ ഒരു ഭാഷയാണ്. എന്നാൽ സംസ്കൃതം നേരിട്ട അതേ അവഗണനയ്ക്കും അനീതിക്കും ഇന്ന് ഉറുദുവും ഇരയായിക്കൊണ്ടിരിക്കുകയാണ്. ചില വിവരദോഷികളും വർഗീയവാദികളും യാതൊരു അടിസ്ഥാനവുമില്ലാതെ ഉറുദുവിനെ ഒരു ‘അന്യഗ്രഹഭാഷ’യായോ അല്ലെങ്കിൽ കേവലം ‘മുസ്ലിംകളുടെ ഭാഷ’യായോ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ചരിത്രപരമായ യാഥാർഥ്യം ഇതിന് തികച്ചും വിപരീതമാണ്.
‘എന്താണ് ഉറുദു’ എന്ന വിഷയത്തിൽ മുമ്പ് ഞാൻ എഴുതിയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഉറുദു ഭാഷയുടെ ചരിത്രത്തെയും അതിന്റെ വികാസത്തെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ, ആ വാദങ്ങൾ ഇവിടെ വീണ്ടും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
1993ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഒരു കേസിൽ (രമേഷ് ഉപാധ്യായ വേഴ്സസ് സ്റ്റേറ്റ് ഓഫ് യു.പി, 1993) ഞാൻ ഒരു സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു: ‘ഇന്ത്യയുടെ മഹത്തായ രണ്ട് സാംസ്കാരിക ഭാഷകളായ സംസ്കൃതവും ഉറുദുവും രാജ്യത്തെ എല്ലാ സ്കൂളുകളിലും ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും (എട്ടാം ക്ലാസുവരെ) നിർബന്ധിതമായി പഠിപ്പിക്കേണ്ടതുണ്ട്.’

ആ വിധിന്യായത്തിലെ 12ാം ഖണ്ഡികയിൽ ഞാൻ ഇപ്രകാരം കുറിച്ചു: ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, സംസ്കൃതത്തോടൊപ്പം ഉറുദുവും നമ്മുടെ സ്കൂളുകളിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിർബന്ധമായും പഠിപ്പിക്കേണ്ടതുണ്ട്. ഉറുദു നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഒരു ഭാഷയാണ്. എന്നാൽ നിർഭാഗ്യവശാൽ ഇതിനെ മുസ്ലിംകളുടെ മാത്രം ഭാഷയായി തെറ്റായി മുദ്രകുത്തിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണാധികാരികളാണ് ഇന്ത്യൻ ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി ‘ഹിന്ദി ഹിന്ദുക്കളുടെയും ഉറുദു മുസ്ലിംകളുടെയും ഭാഷയാണ്’ എന്ന തെറ്റായ പ്രചാരണം അഴിച്ചുവിട്ടത്.
എന്നാൽ യാഥാർഥ്യം ഇതിന് വിപരീതമാണ്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലെയും വിദ്യാസമ്പന്നരായ ജനങ്ങളുടെ പൊതുവായ ഭാഷയായിരുന്നു ഉറുദു; അവർ ഹിന്ദുക്കളോ മുസ്ലിംകളോ ആകട്ടെ.
മീർ, ഗാലിബ്, ഫൈസ്, ഫിറാഖ്, ജോഷ് തുടങ്ങിയ മഹാൻമാരായ കവികൾ ഉറുദു സാഹിത്യത്തിന് നൽകിയ സംഭാവനകൾ മതനിരപേക്ഷ ചിന്താഗതിയുടെ ഉദാത്തമായ മാതൃകകളാണ്. ഇന്നത്തെ യുവ തലമുറ തങ്ങളുടെ സാംസ്കാരിക വേരുകളിൽനിന്ന് അകന്നുപോവുകയാണ്. ഇത് രാജ്യത്ത് നിരാശയ്ക്കും സാംസ്കാരികമായ അപചയത്തിനും വഴിതെളിക്കുന്നു. ഭൂരിഭാഗം യുവാക്കൾക്കും ഇന്ത്യയുടെ ഈ രണ്ട് മഹത്തായ ഭാഷകളായ സംസ്കൃതത്തെക്കുറിച്ചോ ഉറുദുവിനെക്കുറിച്ചോ കൃത്യമായ അറിവില്ല. സ്കൂൾ തലത്തിൽ അഞ്ച് വർഷമെങ്കിലും ഈ ഭാഷകൾ പഠിപ്പിക്കുകയാണെങ്കിൽ, അവർക്ക് ഇതിന്റെ അടിസ്ഥാ നപരമായ അറിവ് ലഭിക്കും. പിന്നീട് സ്വന്തം താൽപര്യപ്രകാരം അത് കൂടുതൽ പഠിക്കാൻ അവർക്ക് സാധിക്കും. ഇതിലൂടെ നമ്മുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെ അടുത്തറിയാൻ അവർക്ക് കഴിയും. ഈ നീക്കം മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളുടെ താൽപര്യങ്ങളെ ദുർബലപ്പെടുത്തും.
ഉറുദുവിനെ ശക്തമായി എതിർക്കുകയും തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിക്കുകയും ചെയ്ത വലതുപക്ഷ ഘടകങ്ങൾ യഥാർഥത്തിൽ സങ്കുചിത ചിന്താഗതിക്കാരായ, സംസ്കാരശൂന്യരായ ഗുണ്ടകളാണ്. ഇന്ത്യയുടെ സമന്വയ സംസ്കാരത്തെക്കുറിച്ചോ (Ganga-Jamuni tehzeeb), നമ്മുടെ പങ്കുവെക്കപ്പെട്ട സാംസ്കാരിക പൈതൃകത്തെക്കുറിച്ചോ ഉള്ള യാതൊരു അവബോധവും അവർക്കില്ല. ഇങ്ങനെയുള്ളവർ രാജ്യത്തിന് തന്നെ അപമാനമാണ്.
ഉറുദുവിന് നേരെ നടക്കുന്ന ആക്രമണം വെറുമൊരു ഭാഷയ്ക്ക് നേരെയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ മഹത്തായ സംയുക്ത സംസ്കാരത്തിന് നേരെയുള്ള കടന്നാക്രമണമാണ്. അതിനാൽ, വെറും രണ്ട് ദിവസത്തെ താൽക്കാലിക പഠനമല്ല, മറിച്ച് രാജ്യത്തെ എല്ലാ സ്കൂളുകളിലും സംസ്കൃതത്തോടൊപ്പം ഉറുദുവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഔദ്യോഗികമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കി പഠിപ്പിക്കണം എന്നാണ് എന്റെ ശക്തമായ അഭിപ്രായം.
