ധർമധ്വജം ഉയർത്തി വീശിയ ‘പ്രൊഫ്കോൺ’
പി എൻ അബ്ദുല്ലത്വീഫ് മദനി
(പ്രസിഡന്റ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ക്രയശേഷിയാൽ നെയ്തെടുത്ത, 3 ദിവസം നീണ്ടുനിന്ന ‘പ്രൊഫ്കോൺ’ വാളയാറിലെ അഹല്യ ക്യാമ്പസിൽ സമാപിച്ചു. 18 വയസ്സിനും 25 വയസ്സിനുമിടയിലുള്ള ഊർജസ്വലരായ പ്രൊഫഷണൽ വിദ്യാർഥി-വിദ്യാർഥിനികൾ, മൂന്നു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രൊഫ്കോൺ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി തുന്നിച്ചേർത്തിരിക്കുകയാണ്.
വിശാലമായ ഹാളിൽ ജലാശയത്തിലെ ഓളം കണക്കെ ഉയർന്നും താഴ്ന്നുമിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അനിതരസാധാരണമായ ശാന്തത ദൃശ്യമായി. വേദിയിൽനിന്ന് പകർന്നുകൊടുക്കുന്ന ധാർമിക സന്ദേശങ്ങളെ ആഗിരണം ചെയ്യാൻ കണ്ണും കാതും മസ്തിഷ്കവും അവർ മുൻകൂട്ടി തുറന്നു വെച്ചതുപോലെ!
സദസ്സിന് ആലസ്യം വരാതെ കൃത്യമായ പ്ലാനോടെ നടപടി ക്രമങ്ങൾ ആസൂത്രണം ചെയ്ത പ്രോഗ്രാം കമ്മിറ്റി അഭിനന്ദനമർഹിക്കുന്നു. മുഴുനീള പ്രഭാഷണ പ്രഘോഷണങ്ങൾക്കു പകരം വാങ്ങിയും കൊടുത്തുമുള്ള ശൈലി കുട്ടികളെ ഇരുത്തിക്കളഞ്ഞു എന്നുവേണം പറയാൻ. ചോദ്യോത്തരങ്ങൾ, ഓർമ പരിശോധന ടെസ്റ്റുകൾ, ചരിത്രാവിഷ്കരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ നന്നായി ആസ്വദിച്ചു.

ലഹരിക്കെതിരെ കഠിന പ്രതിജ്ഞയെടുത്ത കുട്ടികൾ, തങ്ങൾ കലാലയ പരിസരങ്ങളിൽ ഭിക്ഷ തെണ്ടുന്ന ലഹരിക്കള്ളൻമാർക്കു സ്വാധീനിക്കാൻ പറ്റാത്തവിധം നിശ്ചയ ദാർഢ്യമുള്ളവരാണെന്ന് ബോധ്യപ്പെടുത്തി.
പ്രൊഫ്കോണിൽ സാന്നിധ്യമറിയിച്ച ജനപ്രതിനിധികൾ സംഘാടകരെ ചുമലിൽ തട്ടി അനുമോദിക്കുന്നതു കണ്ടു. വിസ്ഡം വിദ്യാർഥി
വിഭാഗത്തിന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് ആകില്ലായിരുന്നു; അത്രയും മികച്ച രീതിയാലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊ
ഫ്കോണിൽ നിന്നും പുതിയ പരിചയക്കാരിൽ നിന്നും പിരിയുന്നതിലുള്ള ദുഃഖം ഉതിർത്ത കണ്ണീർകണങ്ങൾ പലരുടെയും കൺതടങ്ങളിൽ തങ്ങിനിൽക്കുന്നത് കണ്ടു. മുഴുസമയ സേവന സന്നദ്ധരായി ഓടിനടക്കുന്ന വാളണ്ടിയർമാർ ഒന്നിനും ഒരു കുറവും വരുത്തിയില്ല.
മരക്കാവുകൾക്കിടയിൽ വളഞ്ഞും തിരിഞ്ഞും പോകുന്ന, അഹല്യ ക്യാമ്പസിലെ റോഡുകൾ അൽപം ആശയക്കുഴപ്പമുണ്ടാക്കി. ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് മൂന്നു പഞ്ചായത്തുകളെയും ആലിംഗനം ചെയ്തു നിൽക്കുന്ന അഹല്യയിലെ വൈദ്യുതി സ്തൂപങ്ങൾ പ്രൊഫ്കോണിന്നു വേണ്ട വൈദ്യുതി ചുരത്തിക്കൊണ്ടിരുന്നു. ആവശ്യം കഴിഞ്ഞും നല്ലൊരളവിൽ വൈദ്യുതി സർക്കാരിന് കൊടുക്കുന്ന അഹല്യ ഈ ക്ഷാമകാലത്തും ഒരു വറ്റാത്ത ഉറവയാണെന്നു പറയാം.

വിദ്യാർഥികളുടെ ഈ ധാർമിക മുന്നേറ്റത്തിന് ഈ ക്യാമ്പസ് തുറന്നുകൊടുത്ത അഹല്യ മാനേജ്മെന്റിനെയും സ്റ്റാഫിനെയും നന്ദിയോടെ സ്മരിക്കട്ടെ.
പ്രൊഫ്കോണിൽ പങ്കെടുത്ത കുട്ടികൾ പകർത്തിയെടുത്ത സത്യസന്ദേശങ്ങൾ ക്യാമ്പസുകളിൽ പ്രതിദ്ധ്വനിക്കണം. കടലാടിച്ചെടിയുടെ പുല്ലുകൾ കണക്കെ നിങ്ങളുടെ മനസ്സിൽ പറ്റിപ്പിടിച്ച അറിവിന്റെ വിത്തുകൾ നിങ്ങൾ ചെല്ലുന്നിടത്തെല്ലാം വീണു മുളക്കണം.
