മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ‘പ്രൊഫ്കോൺ’
മുഹമ്മദ് ഷമീൽ ടി
2026 ജൂലൈ 25, 1448 സ്വഫർ 11

(പ്രസിഡന്റ്, വിസ്ഡം സ്റ്റുഡന്റ്സ്)
ചില ആശയങ്ങൾ ചിലരുടെ ചെറിയ ചിന്തയിലൂടെ ജനിക്കും. എന്നാൽ കാലം കഴിയുമ്പോൾ അവ തലമുറകളെ രൂപപ്പെടുത്തുന്ന ചരിത്രമായി മാറും. പ്രൊഫ്കോണിന്റെത് അത്തരമൊരു ചരിത്രമാണ്.
1995ൽ കോഴിക്കോട്ട് ഏതാനും പ്രൊഫഷണൽ വിദ്യാർഥികളുടെ ഒരു സംഗമമായാണ് പ്രൊഫ്കോൺ ആരംഭിച്ചത്. അന്ന് ഒരുപക്ഷേ, ആരും സങ്കൽപിച്ചിട്ടുണ്ടാവില്ല, ആ ചെറിയ സംഗമം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരങ്ങളെ ഒരുമിപ്പിക്കുന്ന ഒരു മഹാസമ്മേളനമായി വളരുമെന്ന്.
ഇന്ന് പ്രൊഫ്കോൺ ഒരു കോൺഫറൻസ് മാത്രമല്ല; അത് ഒരു ആശയമാണ്, ഒരു ദിശയാണ്, ഒരു തിരിച്ചറിവാണ്. ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ഒരു തലമുറയുടെ സംഗമമാണ്.
ഇന്ന് പ്രൊഫ്കോണിനെക്കുറിച്ച് പറയുമ്പോൾ വേദികളുടെ വലുപ്പമോ പങ്കെടുത്തവരുടെ എണ്ണമോ മാത്രം പറയുന്നത് അതിനോട് നീതി പുലർത്തലാകില്ല. കാരണം പ്രൊഫ്കോണിന്റെ യഥാർഥ വിജയം കണക്കുകളിലല്ല, മറിച്ച് അത് വെളിച്ചമേകിയ ജീവിതങ്ങളിലാണ്.
മൂന്ന് പതിറ്റാണ്ടിനിടയിൽ ആയിരക്കണക്കിന് വിദ്യാർഥികളും ഡോക്ടർമാരും എൻജിനീയർമാരും ഗവേഷകരും സംരംഭകരും വിവിധ മേഖലകളിലെ പ്രൊഫഷണലുകളും പ്രൊഫ്കോണിന്റെ വേദികളിലൂടെ കടന്നുപോയിട്ടുണ്ട്. അവരിൽ എത്രയോ പേർക്ക് ജീവിതത്തിന്റെ യഥാർഥ ദിശ കൈമാറി. ചിലർക്ക് ദീനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. ചിലർക്ക് പഠനവും തൊഴിലും ഒരു വരുമാനമാർഗം മാത്രമല്ല, അല്ലാഹുവിന്റെ പ്രീതി തേടാനുള്ള മാർഗം കൂടിയാണെന്ന് മനസ്സിലായി. ചിലർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം തിരിച്ചറിയാൻ കഴിഞ്ഞു. മറ്റു ചിലർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനങ്ങളെടുക്കാൻ പ്രൊഫ്കോൺ പ്രചോദനമായി.

ഇന്ന് വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന എത്രയോ പ്രൊഫഷണലുകൾ അവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് പ്രൊഫ്കോണിലെ ഒരു പ്രഭാഷണമോ ഒരു കൂടിക്കാഴ്ചയോ ഒരു ചർച്ചയോ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഓരോ വർഷവും പ്രൊഫ്കോണിൽ പങ്കെടുക്കുന്നവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്; ഒരു പ്രഭാഷണം മറന്നുപോകാം, ഒരു പരിപാടി അവസാനിച്ചുപോകാം, എന്നാൽ ഹൃദയത്തിൽ തെളിഞ്ഞ വിശ്വാസത്തിന്റെ വെളിച്ചം ജീവിതകാലം മുഴുവൻ നിലനിന്നേക്കാം. പ്രൊഫ്കോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്. അത് കേവലം ഒരു സമ്മേളനമല്ല; ഒരു ആത്മീയാനുഭവം കൂടിയാണ്. ആധുനിക ലോകം പ്രൊഫഷണൽ വിജയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നു. കൂടുതൽ ശമ്പളം, മികച്ച ജോലി, വിദേശ അവസരങ്ങൾ, സാമൂഹിക അംഗീകാരം, സാമ്പത്തിക സുരക്ഷ തുടങ്ങി വിജയത്തിന്റെ മാനദണ്ഡങ്ങൾ പലതുമുണ്ട്. എന്നാൽ ഈ വിജയങ്ങൾക്കിടയിലും മനുഷ്യൻ സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
‘ഞാൻ എന്തിനാണ് ജീവിക്കുന്നത്?’ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രൊഫ്കോൺ മൂന്ന് പതിറ്റാണ്ടുകളായി നൽകിവരുന്നത്. ഒരു ഡോക്ടർ രോഗികളെ ചികിത്സിക്കുന്നത് ഒരു ജോലി മാത്രമാണോ, അതല്ല അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലം ലഭിക്കുന്ന ഇബാദത്തുകൂടിയാണോ? ഒരു എൻജിനീയർ ലാഭം മാത്രം മുന്നിൽ കണ്ട് പാലങ്ങൾ നിർമിക്കുകയാണോ ചെയ്യേണ്ടത്, അതോ സമൂഹത്തിന് ഉപകാരപ്പെടും വിധം തന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്ന വേദിയാണ് പ്രൊഫ്കോൺ.
അതുകൊണ്ടുതന്നെ പ്രൊഫ്കോൺ ഒരു സമ്മേളനത്തെക്കാൾ വലിയ ഒന്നാണ്. പ്രൊഫഷണലിസവും വിശ്വാസവും തമ്മിൽ ഒരു വിരോധവുമില്ലെന്ന് തെളിയിക്കുന്ന സംഗമമാണ്. ലോകത്ത് മികവ് പുലർത്തിക്കൊണ്ട് തന്നെ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് പഠിപ്പിച്ചു പ്രൊഫ്കോൺ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ലോകം ഒരുപാട് മാറി. സാങ്കേതികവിദ്യ മാറി. തൊഴിലിടങ്ങൾ മാറി. ജീവിതശൈലികൾ മാറി. ഭൗതിക മൂല്യങ്ങളും മുൻഗണനകളും മാറി. എന്നാൽ മാറാത്ത ഒരു സത്യമുണ്ട്; മനുഷ്യന്റെ യഥാർഥ ജീവിതലക്ഷ്യം. മനുഷ്യൻ തന്റെ ജീവിതത്തിന്റെ അർഥം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ക്വുർആൻ ആ അന്വേഷണത്തിന് വ്യക്തമായ ഉത്തരം നൽകുന്നു:
‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’ (ക്വുർആൻ 51:56).
ഈ ദൈവിക സന്ദേശം സമകാലിക പ്രൊഫഷണൽ ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പ്രൊഫ്കോൺ. ഒരു പ്രൊഫഷണൽ തന്റെ ജോലി ഉപേക്ഷിച്ച് ആത്മീയനാകണമെന്നല്ല പ്രൊഫ്കോൺ പഠിപ്പിക്കുന്നത്, മറിച്ച് തന്റെ ജോലിയെത്തന്നെ പരലോകത്ത് പ്രതിഫലം ലഭിക്കുന്നതാക്കി മാറ്റാൻ കഴിയുമെന്നാണ്. മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകളായി മാറുവാൻ പ്രൊഫ്കോൺ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രൊഫ്കോണിൽനിന്ന് മടങ്ങുന്നവർ പുതിയ അറിവുകളോടൊപ്പം പുതിയ ലക്ഷ്യങ്ങളുമായി മടങ്ങുന്നത്.
വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിക്കുന്ന പ്രൊഫ്കോൺ അതിന്റെ മുപ്പതാം അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. 2026 സെപ്റ്റംബർ 11, 12, 13 തീയതികളിൽ പാലക്കാട് ആതിഥേയത്വം വഹിക്കുന്ന 30ാമത് പ്രൊഫ്കോൺ, മൂന്ന് പതിറ്റാണ്ടിന്റെ ആ യാത്രയുടെ മറ്റൊരു നാഴികക്കല്ലാണ്.
ഈ യാത്ര ആരംഭിച്ചത് ഏതാനും പേരുടെ സ്വപ്നമായിരുന്നു. ഇന്ന് അത് ആയിരങ്ങളുടെ പ്രതീക്ഷയാണ്. നാളെ, അല്ലാഹു ഉദ്ദേശിച്ചാൽ, ഇനിയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്ക് ദിശാബോധം നൽകുന്ന ഒരു സംരംഭമായി അത് വളരും. ലോകത്തിന് ആവശ്യം കേവല പ്രൊഫഷണലുകളുടെ ആധിക്യമല്ല, മറിച്ച് വിശ്വാസവും വിജ്ഞാനവും സ്വഭാവശുദ്ധിയും സാമൂഹിക ഉത്തരവാദിത്തവും ഒരുമിച്ചുള്ള പ്രൊഫഷണലുകളെയാണ്.
അത്തരമൊരു തലമുറയെ വാർത്തെടുക്കുന്ന ദൗത്യമാണ് പ്രൊഫ്കോൺ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അതാണ് അതിന്റെ ഏറ്റവും വലിയ പൈതൃകം. അതുതന്നെയാണ് ഇനിയും അതിന്റെ ഏറ്റവും വലിയ പ്രതീക്ഷ. പ്രാർഥനകളോടെ മുന്നോട്ടുനീങ്ങാം.
