അറിവില്ലായ്മയുടെ അനന്തരഫലങ്ങള്‍

ഡോ. യാസ്മിന്‍ എം അബ്ബാസ്

2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീപുരുഷ സമത്വമെന്നുമുള്ള ഓമനപ്പേരുകളില്‍ സമൂഹത്തെ അരാജകത്വത്തിലേക്കും അധാര്‍മികതയിലേക്കും നയിക്കുകയും ആ ഒഴുക്കിനൊത്ത് നീങ്ങുകയും ചെയ്യുന്ന വലിയൊരു സമൂഹം ഒരു വശത്ത്; മറുവശത്ത്, സ്ത്രീകളെ അടിച്ചമര്‍ത്തുകയും അവര്‍ക്കു യാതൊരു വിലയും കല്‍പിക്കുകയും ചെയ്യാത്ത മതമാണ് ഇസ്‌ലാമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരും.

ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടു ജീവിക്കുന്ന യഥാര്‍ഥ മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷം പ്രചരിപ്പിക്കുവാനും ഇസ്‌ലാമിനെ അപരിഷ്കൃത മതമായി ചിത്രീകരിക്കുവാനും പരിശ്രമിക്കുന്നവര്‍ക്കു മുന്നില്‍ തന്റെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുവാനും ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുവാനും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ ആധികാരികമായ സ്രോതസ്സുകളില്‍നിന്നും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം എന്തുകൊണ്ട് ഇസ്‌ലാം ഇത്രമേല്‍ വിമര്‍ശിക്കപ്പെടുന്നു എന്നതു നിഷ്പക്ഷമായി ചിന്തിച്ചു മനസ്സിലാക്കലും എതിരാളികളുന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടികള്‍ വ്യക്തമായി അറിഞ്ഞിരിക്കുകയെന്നതും അനിവാര്യമാണ്.

ഇസ്‌ലാമിനെ കുറിച്ചുള്ള ശരിയായ അറിവും വര്‍ത്തമാന സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധവും അതോടൊപ്പം വിവാദ വിഷയങ്ങളുടെ ആഴത്തിലുള്ള പഠനവും ഉണ്ടായിരിക്കുമ്പോഴാണ് ഒരു മുസ്‌ലിമിനോ അമുസ്‌ലിമിനോ ഇത്തരം മേഖലകളില്‍ ആരോഗ്യപരമായ അഭിപ്രായങ്ങളുണ്ടായിരി ക്കുക.

മദ്റസാപഠന കാലഘട്ടത്തില്‍ ലഭിച്ച ഏതാനും അറിവുകള്‍ കൊണ്ടു മാത്രം ജീവിതകാലം കഴിച്ചു കൂട്ടുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. മദ്റസാ കാലഘട്ടം അവസാനിക്കുന്നതോടെ മതപഠനം അവസാനിക്കുന്നില്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. തുടര്‍പഠനം നടത്തുകയും വര്‍ത്തമാന സാമൂഹികാന്തരീക്ഷം സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുമ്പോഴാണ് പ്രബോധനത്തിന്റെ ആവശ്യകതയും അതു പ്രവാചകന്മാരില്‍നിന്നും സത്യവിശ്വാസികളിലേക്കു കൈമാറപ്പെട്ട നിര്‍ബന്ധ ബാധ്യതകളില്‍ പെട്ടതാണെന്നുമുള്ള ബോധ്യം നമുക്കുണ്ടാവുക.

മതപരമായ വിഷയങ്ങളില്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത ചില വാക്കുകളോ പ്രയോഗങ്ങളോ മാത്രം ചര്‍ച്ച ചെയ്തു വിവാദങ്ങളുണ്ടാക്കുന്നതും മതത്തെത്തന്നെ അധിക്ഷേപിച്ചു സംസാരിക്കുന്നതുമെല്ലാം ആ വിഷയത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ യാതൊരു ആധികാരിക വിവരവുമില്ലാത്തവരില്‍ നിന്നാണു പലപ്പോഴുമുണ്ടാകുന്നത്. ഇത് ഇസ്‌ലാമോഫോബിയ വളര്‍ത്തിയെടുക്കുകയെന്ന കൃത്യമായ അജണ്ടക്ക് വലിയ പിന്തുണയാവുകയും ചെയ്യുന്നു.

ഇത്തരം ചര്‍ച്ചകള്‍ മതേതര കേരളത്തിനു മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ഉപസംഹരിക്കപ്പെടുന്നതിലും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ വ്യാപിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. സ്വന്തം ജീവിതം കൊണ്ടും വിവാദ വിഷയങ്ങളിലുള്ള പക്വമായ ഇടപെടലുകളിലൂടെയും ഇത്തരം ഒളിയജണ്ടകളെയും തെറ്റിദ്ധാരണകളെയും തിരുത്തിയെഴുതുവാന്‍ ഒരു വിശ്വാസിക്ക് കഴിയേണ്ടതുണ്ട്.

ഏതൊരാളും താന്‍ ഇടപെടുന്ന മേഖലയിലുള്ള ആധികാരികമായ അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍ മാത്രമാണ് അവിടെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും പ്രസക്തിയുണ്ടാവുന്നത്.