വേരുകൾക്കും വേണം തണൽ
കെ.എസ് അബ്ബാസ്, മണ്ണൂർ
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞ് നാമോരോരുത്തർക്കും അവഗണനയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു കാലം വരാനുണ്ട്. ഏറ്റവും പ്രിയപ്പെട്ടതായി നാം താലോലിക്കുന്ന നമ്മുടെ ശരീരം ചുക്കിച്ചുളിയുകയും രോഗങ്ങൾ അതിഥികളായി കടന്നെത്തുകയും ചിന്തകളുടെ കണ്ണി മുറിയുകയും ചെയ്യുന്ന വാർധക്യ കാലഘട്ടം. ഷേക്സ്പിയർ അതിനെ രണ്ടാം ശൈശവമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, വർത്തമാന കാലത്ത് മറ്റൊന്നിനോടും തുലനം ചെയ്യാനാവാത്ത മാനസിക-ശാരീരിക-സാമൂഹിക അവസ്ഥാവിശേഷങ്ങളാണ് അവിടെ തരണം ചെയ്യാനുള്ളത് എന്നതാണ് വസ്തുത.
എന്നാൽ വർധക്യത്തെ ജീവിതത്തിന്റെ മനോഹരമായ സായാഹ്നമായി കാണുവാൻ നാം ശ്രമിക്കുമ്പോഴാണ് അത് കൂടുതൽ പ്രശോഭിതമാകുന്നത്. കടമകളുടെയും ഉത്തരവാദിത്തങ്ങളുടെയും തിരക്കുകളിൽനിന്നും മോചിതരായി, സ്വന്തമാക്കിയ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ജീവിതത്തെ ശാന്തമായി നോക്കിക്കാണാൻ കഴിയുന്ന ഘട്ടമാണിത്. മുതിർന്ന പൗരന്മാർ ഒരിക്കലും സമൂഹത്തിന്റെ ബാധ്യതയല്ല, മറിച്ച് അറിവിന്റെയും അനുഭവങ്ങളുടെയും വിലമതിക്കാനാവാത്ത സമ്പത്താണ്. വികസിത രാജ്യങ്ങളിൽ പ്രായമായവരുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ ആക്ടീവ് ഏജിംഗ് (active ageing) പദ്ധതികൾ വരെ നടപ്പിലാക്കാറുണ്ട്.
വയോജനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ജപ്പാനാണ് യഥാർഥത്തിൽ കേരളം. കേരളത്തിൽ 20 ശതമാനത്തോളം ആളുകൾ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്; ദേശീയ ശരാശരി 10 ശതമാനമാണെന്ന് ഓർക്കണം. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട്, രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത വിപ്ലവകരമായ ഒരു ചുവടുവയ്പിന് നമ്മുടെ സംസ്ഥാനം തുടക്കം കുറിച്ചിരിക്കുകയാണ്. വയോജനങ്ങൾക്കായി മാത്രമായി ഒരു പ്രത്യേക ‘വയോജന ക്ഷേമ വകുപ്പ്’ രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. വികസിത രാജ്യങ്ങളായ ജപ്പാനെയും യൂറോപ്യൻ രാജ്യങ്ങളെയും പോലെ, വാർധക്യത്തെ കേവലമൊരു ‘സാമൂഹിക സുരക്ഷ’ വിഷയമായി കാണാതെ, അതിനെ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നായി മാറ്റാൻ ഈ പ്രത്യേക വകുപ്പിലൂടെ കേരള ത്തിന് സാധിക്കും.
‘ന്യൂക്ലിയർ കുടുംബ’ങ്ങളുടെ അതിപ്രസരവും യുവതലമുറയുടെ വിദേശപ്രയാണവും വർധിക്കുന്ന സമകാലിക കേരളീയ സാഹചര്യത്തിൽ, സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗമായി മാറിക്കൊണ്ടിരിക്കുന്ന മുതിർന്ന പൗരന്മാർക്കായി ഒരു പ്രത്യേക ‘വയോജന വകുപ്പ്’ നിലകൊള്ളേണ്ടതിന്റെ പ്രസക്തി വിശദീകരിക്കേണ്ടതില്ലല്ലോ. വിദേശരാജ്യങ്ങളിൽ വയോജനങ്ങളുടെ ക്ഷേമത്തിനായി ആധുനിക സാങ്കേതികവിദ്യയും വ്യക്തമായ സാമൂഹിക സുരക്ഷാപദ്ധതികളും സർക്കാർ തലത്തിൽതന്നെ വിഭാവനം ചെയ്തത് കാണാൻ സാധിക്കും. കേവലമൊരു പെൻഷൻ വിതരണത്തിൽ ഒതുങ്ങാതെ, വയോജനങ്ങളുടെ മാനസികാരോഗ്യം, കൗൺസിലിംഗ്, വാർധക്യസഹജമായ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സ, അനാഥാലയങ്ങളുടെ കൃത്യമായ മേൽനോട്ടം എന്നിവ ഉറപ്പാക്കാൻ ഒരു വയോജന വകുപ്പിന് മാത്രമെ സാധിക്കൂ. ആരോഗ്യത്തിന്റെയും സാക്ഷരതയുടെയും വിഷയത്തിലെന്നതുപോലെ ഇവിടെയും നാം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.
ഒരു ജനതയുടെ സാംസ്കാരിക പ്രബുദ്ധത അളക്കുന്നത് അവർ തങ്ങളുടെ മുതിർന്ന തലമുറയെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വയോജനങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്നത് ദയാദാക്ഷിണ്യമല്ല, മറിച്ച് പൗരന്മാർ എന്ന നിലയിൽ അവരുടെ അവകാശ മാണ്. വർത്തമാനകാലത്തെ വെല്ലുവിളികളെ അതിജീവിച്ച്, നമ്മുടെ മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമായി മാറാൻ വയോജന വകുപ്പിന്റെ ശക്തമായ സാന്നിധ്യവും ക്രിയാത്മകമായ ഇടപെടലുകളും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേവലം നിയമങ്ങളോ പദ്ധതികളോകൊണ്ട് മാത്രം ഇത് പൂർണമാവുകയുമില്ല; മുതിർന്ന തലമുറയോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടും മനോഭാവവും പുനർനിർവ ചിക്കപ്പെടുമ്പോൾ മാത്രമെ, നമ്മുടെ വേരുകളെ വിസ്മരിക്കാത്ത യഥാർഥ വികസനം ഇവിടെ സാധ്യമാകൂ.
