നബിദിനാഘോഷം അനിസ്‌ലാമികം തന്നെ

ആദിൽ നിസാമുദ്ദീൻ

2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

ഇസ്‌ലാമിലെ ഓരോ ആരാധനാകർമവും ആഘോഷവുമെല്ലാം അല്ലാഹു അവന്റെ തിരുദൂതനിലൂടെ ക്ലിപ്തപ്പെടുത്തിത്തന്നതാണ്. എന്നാൽ അതിൽ പെടാത്ത പല പുത്തനാചാരങ്ങളും സമുദായത്തിൽ നിലവിലുണ്ട്. അതിലൊന്നാണ് നബിദിനാഘോഷം. ‘മീലാദുന്നബി’ എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ല. നബിﷺയോ അദ്ദേഹത്തിന്റെ സന്തതസഹചാരികളോ അങ്ങനെയൊരു ആഘോഷം ജീവിതത്തിൽ നടത്തിയിട്ടില്ല. സ്വഹാബികളുടെ തുടർച്ചക്കാരായ താബിഉകളും അവരെത്തുടർന്നു വന്നവരും മീലാദുന്നബി ആഘോഷിച്ചിട്ടില്ല. പ്രസിദ്ധരായ നാലു ഇമാമുകൾക്കും അത് പരിചയമില്ല. പിന്നെ അതെങ്ങനെയാണ് മഹത്തായ ഒരു ആഘോഷമായി മാറുക?

ലോകർക്ക് കാരുണ്യമായും അന്തിമദൂതനായും നബിﷺയെ നിയോഗിച്ച അല്ലാഹുവിനാണല്ലോ അദ്ദേഹത്തിന്റെ ജനനത്തെ ആഘോഷമാക്കി അനുവദിച്ചു നൽകാനുള്ള അവകാശവും. അങ്ങനെയൊരു കൽപന പ്രമാണങ്ങളിൽ കാണുക സാധ്യമല്ല. പ്രവാചകത്വം ലഭിച്ചതുമുതൽ ഇരുപത്തിമൂന്നു വർഷം ജീവിച്ച നബിﷺ സ്വയംതന്നെയും അതിനു മാതൃകയായിട്ടില്ല. അല്ലാഹുവിന്റെ തൃപ്തിയും അനുഗ്രഹവും കൊണ്ട് പൂർത്തിയായ ദീനിൽ ഈ ആഘോഷത്തിന് ഒരു ന്യായവുമില്ല എന്നു വ്യക്തം.

ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം ഭൗതികമായ താൽപര്യാർഥം ചിലർ മതത്തിന്റെ പേരിൽ ഉണ്ടാക്കിയ പുത്തനാചാരമാണ് നബിദിനാഘോഷം. പ്രവാചക സ്‌നേഹമെന്ന പേരിൽ നടത്തുന്ന ഈ ആഘോഷങ്ങൾ ഇസ്‌ലാമിന്റെ ആത്മാവിന് നിരക്കുന്നതാണോ എന്ന് നാം ഗൗരവമായി ചിന്തിക്കുകയും പരിശോധിക്കു കയും ചെയ്യേണ്ടതുണ്ട്.

രണ്ട് ആഘോഷങ്ങൾ മാത്രം

ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച് മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ അനുവദിക്കപ്പെട്ടത് രണ്ട് ഈദുകൾ മാത്രമാണ്; ഈദുൽ ഫിത്വ്‌റും ഈദുൽ അദ്ഹയും.

നബിﷺ മദീനയിൽ ചെന്നപ്പോൾ അവിടെയുള്ള ആളുകൾ ആഘോഷിച്ചിരുന്ന ദിനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും അവയ്ക്ക് പകരം അതിനെക്കാൾ ഉത്തമമായ രണ്ട് ഈദുകൾ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ‘ഈദ് മീലാദുന്നബി’ എന്ന പേരിൽ മൂന്നാമതൊരു ഈദ് ഉണ്ടാക്കുന്നത് മതത്തിൽ പുതിയ കാര്യം കൂട്ടിച്ചേർക്കലാണ്.

സ്വഹാബികളും പ്രവാചക കുടുംബവും മാതൃക കാണിച്ചിട്ടില്ല

നബിﷺയെ ഏറ്റവും കൂടുതൽ സ്‌നേഹിച്ചത് അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) തുടങ്ങിയ സ്വഹാബിവര്യന്മാരും ഫാത്വിമ(റ) അടക്കമുള്ള അഹ്‌ലുൽ ബൈത്തുമാണ്. പ്രവാചകന്റെ വിടവാങ്ങലിനു ശേഷം പതിറ്റാണ്ടുകളോളം അവരിൽ പലരും ജീവിച്ചിരുന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ തിരുനബിﷺയുടെ ജനനദിവസത്തെ ആഘോഷവേളയാക്കിയിട്ടില്ല.

നബിﷺ നടന്നുനീങ്ങിയ കാൽപാടുകൾക്കനുസരിച്ച് പിറകിൽ നടക്കാൻ ശ്രമിച്ചവരാണ് സ്വഹാബിമാർ. അവിടുത്തെ ശരീരത്തിലേക്ക് പാഞ്ഞടുത്ത അമ്പുകൾ സ്വന്തം ശരീരം കൊണ്ട് തടുക്കാൻ ധൈര്യം കാണിച്ചവർ അവരിലുണ്ട്. അവരെക്കാൾ വലിയ പ്രവാചകസ്‌നേഹം അവകാശപ്പെടാൻ ആർക്കാണ് കഴിയുക? നബിദിനാഘോഷം ഒരു പുണ്യകർമമായിരുന്നെങ്കിൽ അവരത് ഒഴിവാക്കുമായിരുന്നോ?

സുന്നത്തും ബിദ്അത്തും

പ്രവാചകനോടുള്ള യഥാർഥ സ്‌നേഹം ‘ഇത്തിബാഅ്’ ആണ്. അതായത് അവിടുന്ന് കാണിച്ചുതന്ന മാതൃകകൾ (സുന്നത്ത്) ജീവിതത്തിൽ പകർത്തലാണ്. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (ക്വുർആൻ 3:31).

ഇമാം ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യിൽനിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു: “ആരെങ്കിലും എന്നെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേടു കാണിച്ചാൽ അവൻ അല്ലാഹുവിനെയാണ് ധിക്കരിച്ചത്.’’

പ്രവാചകൻﷺ പഠിപ്പിച്ചുതരാത്ത മീലാദ് ആഘോഷങ്ങൾക്കായി പണവും സമയവും ചെലവഴിക്കുകയും പ്രവാചകന്റെ സുന്നത്തുകളെ അവഗണിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്.

മതത്തിൽ പുതിയ കാര്യങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നബി ﷺ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

ആഇശ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’’(ബുഖാരി: 2697).

“ആരെങ്കിലും നമ്മുടെ കൽപനയില്ലാത്ത ഒരു പ്രവർത്തനം ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം: 1718) .

അല്ലാഹു പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക’’ (ക്വുർആൻ 59:7).

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

4:59 ആയത്തിന്റെ വിവരണത്തിൽ മുഫസ്സിറുകൾ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് എന്നാണ്. നബിﷺയിലേക്ക് മടക്കണമെന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രവാചക നിയോഗശേഷം അവിടുത്തെ സുന്നത്തിലേക്ക് മടക്കണം എന്നുമാണ്.

നബിദിനാഘോഷത്തിന്റെ വിഷയത്തിലെ ഭിന്നിപ്പിലും നമ്മൾ ചെയ്യേണ്ടത് ക്വുർആനിലേക്കു സുന്നത്തിലേക്കും മടക്കുകയാണല്ലോ. അവയിലേക്ക് മടക്കിയാൽ ഭിന്നതക്ക് പരിഹാരമാകും.