ഖാൻഖാഹുകളുടെ രൂപീകരണം

മുഹമ്മദ് ഫയാസ്, നാദാപുരം

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

(സൂഫിസം: ആത്മീയതയോ തത്ത്വചിന്തയോ? 4)

അങ്ങനെ തസ്വവ്വുഫ് രഹസ്യമായി വ്യാപിക്കാൻ തുടങ്ങി. ‘ഒരു രഹസ്യ അന്തരീക്ഷത്തെക്കാൾ കൂടുതൽ ഒരു ആശയത്തിനും വളരാൻ പറ്റിയ വേറെ സാഹചര്യമില്ല; നിങ്ങൾ രഹസ്യമായി പ്രവർത്തിക്കുക, നിങ്ങൾ എന്താണു ചെയ്യുന്നതെന്ന് ആർക്കും അറിയരുത്, പരസ്യമായി ചിന്തിച്ച് ഹല്ലാജി നെപ്പോലെ കൊല്ലപ്പെടരുത്.’

അക്കാലത്ത് സ്വൂഫികൾ തങ്ങളുടെ രഹസ്യ സംവിധാനങ്ങൾ വികസിപ്പിച്ചു. അതിന് നേതൃത്വം നൽകിയത് വടക്കു-കിഴക്കൻ ഇറാനിലെ നൈസാപൂരിൽനിന്നുള്ള പ്രമുഖ സ്വൂഫിയായ അബൂ സഈദ് അൽമൈഹനിയായിരുന്നു. അദ്ദേഹം അവിടെ ‘ഖാൻഖാഹുകൾ’ അല്ലെങ്കിൽ ‘തകിയകൾ’ (സ്വൂഫി മഠങ്ങൾ) എന്ന സംവിധാനം വികസിപ്പിച്ചു. സ്വൂഫികൾ ഒത്തുകൂടുന്ന സ്ഥലങ്ങളായിരുന്നു അവ; അവിടെ ആരാധനയ്ക്കായി ഒരു വലിയ ഹാളും മുരീദുകൾക്ക് താമസിക്കാൻ കിടപ്പുമുറികളും ഉണ്ടായിരുന്നു.

രഹസ്യാത്മകതയുടെയും ഒളിച്ചുവെക്കലിന്റെയും ആശയത്തെ സേവിക്കുന്നതിനായി പ്രത്യേകം സ്ഥാപിതമായ സ്ഥലമായിരുന്നു അത്. ഇത് തസ്വവ്വുഫിന് കൂടുതൽ വ്യാപിക്കാൻ സഹായകരമായി. തകിയകളിൽ അവർക്കു ലഭിച്ച സുരക്ഷിതത്വം അവർ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാനും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാനും അവരെ സഹായിച്ചു. കാരണം അവരുടെ മേൽ ആരുടെയും നോട്ടം ഉണ്ടായിരുന്നില്ല.

ത്വരീക്വത്തുകളുടെ കടന്നുവരവ്

ഈ കാലഘട്ടത്തിലുടനീളം സ്വൂഫിസം സുഹ്ദിന്റെ (ഭൗതികവിരക്തി) വസ്ത്രമല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ല. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ പകുതിയിൽ എത്തിയപ്പോൾ സ്വൂഫിസത്തിൽ വലിയൊരു മാറ്റവും വികാസവുമുണ്ടായി. അത് വെറുമൊരു ആരാധനാരീതി, വ്യക്തിപരമായ വിശ്വാസം എന്നതി ൽനിന്നു തികച്ചും പുതിയൊരു ഘട്ടത്തിലേക്ക് മാറി; നമ്മൾ പറയുന്ന ‘സ്വൂഫി ത്വരീക്വത്തുകൾ’ (പാതകൾ) പ്രത്യക്ഷപ്പെടാൻ തുടങ്ങി. സ്വൂഫികളിലെ ഓരോ വലിയ ശൈഖിനും അവരുടെതായ പ്രത്യേക പാതയും അനുയായികളുമുണ്ടായി.

ഈ ആശയം വിചിത്രവും മനസ്സിലാകാത്തതുമായിരുന്നു. കാരണം സ്വൂഫികൾക്കിടയിൽ ശൈഖ് എന്നത് സാധാരണക്കാരിലൊരാളല്ല, ശൈഖ് ‘ശൈഖ് മുറബ്ബി’ (വഴിനടത്തുന്ന ഗുരു) എന്ന പദവിയിലേക്ക് ഉയർന്നു. പലപ്പോഴും ശൈഖ് തനിക്ക് മറ്റാർക്കും കാണാൻ കഴിയാത്ത ‘കറാമത്തുകളും’ (അത്ഭുതങ്ങൾ) ‘മുകാശഫാത്തുകളും’ (ദിവ്യബോധനങ്ങൾ) ഉണ്ടെന്ന് അവകാശപ്പെട്ടു. ഇറാഖ്, ഈജിപ്ത്, മഗ്‌രിബ് (നോർത്ത് ആഫ്രിക്ക) എന്നിവിടങ്ങളിൽ സ്വൂഫി ത്വരീക്വത്തുകൾ വ്യാപകമായി പ്രചരിച്ചു.

രണ്ടു നൂറ്റാണ്ടുകൾ കൂടി കടന്നുപോയി. ഹിജ്‌റ ആറാം നൂറ്റാണ്ടിലെത്തിയപ്പോൾ, ഒരു കൂട്ടം സ്വൂഫി പ്രമുഖർ പ്രത്യക്ഷപ്പെട്ടു. അവരിൽ ഓരോരുത്തരും തങ്ങൾ പ്രവാചകന്റെ പരമ്പരയിൽ (അഹ്‌ലുൽ ബൈത്ത്) പെട്ടവരാണെന്ന് അവകാശപ്പെടാൻ തുടങ്ങി. ഈയൊരു അവകാശവാദത്തിന് വലിയൊരു മാന്ത്രികശക്തിയുണ്ടെന്ന് അവർ കണ്ടെത്തി; ഇത് അനുയായികളുടെയും മുരീദുകളുടെയും അടുക്കൽ ശൈഖ് പറയുന്ന ഓരോ വാക്കിനും പവിത്രത നൽകാൻ കാരണമായി. പ്രത്യേകിച്ച്, ത്വരീക്വത്തുകളുടെ ആദ്യകാല ശൈഖുമാർ ഇറാനിൽനിന്നും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ഉള്ളവരായിരുന്നു. അവർ ശീഈ (ശിയാ) വിശ്വാസങ്ങളിലേക്ക് തിരിഞ്ഞവരായിരുന്നു. ശിയാക്കൾ പ്രവാചകന്റെ കുടുംബത്തോടുള്ള സ്‌നേഹത്തിൽ അങ്ങേയറ്റം അതിരുകടക്കുന്നവരാണ്, അവരിൽ ചിലർ ആരാധനയുടെ ഘട്ടം വരെ എത്തുന്നവരുമുണ്ട്.

ശൈഖിന്റെ പരമ്പര പ്രവാചകനിലേക്ക് എത്തുന്നു എന്ന ആശയം വളരെ മികച്ചൊരു തന്ത്രമായിരുന്നു. ഇതേ ആശയം ഇസ്‌ലാമിക ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങി. ഓരോരുത്തരും തങ്ങൾക്ക് പ്രത്യേക ത്വരീക്വത്തുകൾ സ്ഥാപിക്കുകയും അവർക്ക് ചുറ്റും അനുയായികളും മുരീദുകളും ഉണ്ടാവുകയും ചെയ്തു; ബഗ്ദാദിലെ രിഫാഈ, ഈജിപ്തിലെ ബദവി, ശാദിലി എന്നിവരെപ്പോലെ. ത്വരീക്വത്തിന്റെ ശൈഖ് പ്രവാചകനിലേക്ക് എത്തുന്ന പരമ്പരയുള്ള ‘ശരീഫ്’ ആയിരിക്കണം എന്നത് നിർബന്ധമായിരുന്നു.

കാലക്രമേണ സ്വൂഫി ത്വരീക്വത്തുകൾ കൂടുതൽ വ്യാപിക്കുകയും അതിൽനിന്നും മറ്റു ശാഖകൾ ഉണ്ടാവുകയും ചെയ്തു. ‘ദർവീശുകളും’ ‘മജ്ദൂബുകളും’ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്വബ്‌റുകൾക്ക് മുകളിൽ ക്വുബ്ബകൾ പണിയാൻ തുടങ്ങി; പ്രത്യേകിച്ച് ഈജിപ്ത് ഭരിച്ച ഫാത്വിമി ഭരണകാലത്ത്. ഫാത്വിമികൾ തീർച്ചയായും ഒരു ശിയാ ഭരണകൂടമായിരുന്നു, അതിനാൽ അവർ മസാറാത്തുകൾ (തീർഥാടന കേന്ദ്രങ്ങൾ) പണിയുന്നതിനും ആഘോഷങ്ങൾ നടത്തുന്നതിനും കൂടുതൽ പ്രോത്സാഹനം നൽകി. ഇത് സുന്നികൾക്കിടയിൽ സ്വൂഫി ചിന്തകൾ പ്രചരിപ്പിക്കാൻ സഹായിച്ചു.

അങ്ങനെ തുടർന്നുളള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും എത്തിയപ്പോൾ, ആയിരക്കണക്കിന് സ്വൂഫി ത്വരീക്വത്തുകളുണ്ടായി. അവയെല്ലാം സ്വൂഫി വിശ്വാസത്തിലും മാർഗത്തിലും അധിഷ്ഠിതമായിരുന്നു. അത് ഇസ്‌ലാമിക ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ കീഴടക്കുകയും സ്വാധീനിക്കുകയും ചെയ്തു.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിർഭാവം

ആധുനിക ഇസ്‌ലാമിക നവോത്ഥാന കാലഘട്ടത്തിലെത്തിയപ്പോൾ, ഇമാം ഇബ്‌നു തൈമിയ്യയെപ്പോലെയുള്ള നവോത്ഥാന പണ്ഡിതന്മാർ പ്രത്യക്ഷപ്പെടുകയും അവർ സ്വൂഫിസത്തിലെ പല തെറ്റുകളും കണ്ടെത്തുകയും തൗഹീദിലേക്ക് പ്രബോധനമാരംഭിക്കുകയും ചെയ്തു. ഇബ്‌നു തൈമിയ്യ(റഹി) നയിച്ച ഈ പ്രസ്ഥാനം പല പ്രദേശങ്ങളിലും സ്വൂഫി ചിന്തകൾ പിൻവാങ്ങാൻ കാരണമായി. എങ്കിലും ആഫ്രിക്കയിലെ ചില ഭാഗങ്ങളിലും ഏഷ്യയിലെ ചില രാജ്യങ്ങളിലും അത് ശക്തമായി തുടർന്നു.

എല്ലാ രാജ്യങ്ങളിലും സ്വൂഫി ചിഹ്നങ്ങൾ നിലനിന്നിരുന്നു. ജനങ്ങളുടെ ഹൃദയങ്ങളിൽനിന്നും അതു നീക്കം ചെയ്യാൻ വലിയ പരിശ്രമം ആവശ്യമായിരുന്നു. കാരണം, തീവ്രമായ രൂപത്തിൽ പടർന്ന സ്വൂഫിസം പിന്നീട് ഒരു പ്രത്യേക വിശ്വാസമായി മാറി. അത് നേരായ ഇസ്‌ലാമിന്റെ വിശ്വാസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.