ആത്മീയതയുടെ മറവിലെ കൊള്ളയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പൊയ്മുഖവും

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

മാനുഷിക മൂല്യങ്ങളുടെയും ആന്തരിക ശുദ്ധീകരണത്തിന്റെയും ഉപാധിയാകേണ്ട ആത്മീയത, സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും വൻകിട സാമ്പത്തിക കൊള്ളയ്‌ക്കുള്ള ആയുധമായും മാറ്റിത്തീർക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രകടവും വേദനാജനകവുമായ ഉദാഹരണമാണ് ഉത്തർപ്രദേശിലെ ഫൈസാബാദിൽ നിർമിക്കപ്പെട്ട രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വൻ സാമ്പത്തിക തട്ടിപ്പു വാർത്തകൾ.

നൂറ്റാണ്ടുകളായി ഒരു ജനവിഭാഗം ആരാധന നടത്തിപ്പോന്ന ഒരു ആരാധനാകേന്ദ്രം കായികബലവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കൈക്കലാക്കിയവർ, ഭക്തരുടെ വികാരങ്ങളെ വിറ്റ് കാശാക്കുന്ന വൻകിട വാണിഭ ലോബിയായി മാറിയിരിക്കുന്നു. ആത്മീയതയുടെ കപടമായ പിൻബലമുണ്ടെങ്കിൽ ആർക്കും ആരെയും വഞ്ചിക്കാമെന്ന ഫാസിസ്റ്റ് ബോധ്യത്തിന്റെ ഉരകല്ലാണ് ഫൈസാബാദിലെ ആധുനിക അയോധ്യയിൽ ഇന്ന് ദൃശ്യമാകുന്നത്.

ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, ഫൈസാബാദിലെ തർക്കങ്ങൾ കേവലം ഒരു ഭൂമി തർക്കമായിരുന്നില്ല, മറിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ആസൂത്രിത അജണ്ടയായിരുന്നു എന്നു വ്യക്തമാകും. ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ മതേതരത്വത്തിന്മേലുള്ള കരിനിഴലായി മാറി. നിയമവ്യവസ്ഥയെയും ഭരണഘടനാ തത്ത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് അത് അരങ്ങേറിയത്. ജനക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്ക് ഭരണകൂട പിന്തുണ കൂടി ലഭിച്ചതോടെയാണ് വലിയൊരു വാണിഭ സാമ്രാജ്യത്തിന്റെ അടിത്തറ അവിടെ പാകപ്പെടുന്നത്.

അക്രമത്തിലൂടെയും കയ്യേറ്റത്തിലൂടെയും പിടിച്ചെടുക്കുന്ന ഏതൊരു കേന്ദ്രവും ഒടുവിൽ നാശത്തിലേക്കും വലിയ അഴിമതിയിലേക്കും ചെന്നെത്തിനിൽക്കും എന്ന ചരിത്രസത്യം ഫൈസാബാദിലും ആവർത്തിക്കുകയാണ്. ആത്മീയതയുടെ പവിത്രതയല്ല, മറിച്ച് അന്യവൽക്കരണത്തിന്റെയും അടിച്ചമർത്തലിന്റെയും രാഷ്ട്രീയമാണ് ഇതിന്റെ മൂലകാരണം. ഭൂരിപക്ഷ വികാരത്തെ ഉണർത്തിവിട്ട് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് ഭക്തി എന്നത് ഒരു വിപണനച്ചരക്ക് മാത്രമാണെന്ന് ഈ സംഭവങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നു.

ഫൈസാബാദിലെ രാമക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ‘ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്’ അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും താവളമായി മാറിയിരിക്കുന്നു എന്ന് ഏതെങ്കിലും അന്യമതവിഭാഗക്കാരല്ല, ഈ പ്രസ്ഥാനത്തിന്റെ മുന്നണിയിൽ പോരാടിയ മുൻ കർസേവകർ തന്നെയാണ് ഇപ്പോൾ വിളിച്ചുപറയുന്നത്. പേരും പെരുമയും നേടിയെടുത്ത കർസേവകനായ സന്തോഷ് ദുബെ ഉത്തർപ്രദേശ് പോലീസിന് നൽകിയ പരാതിയും അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകളും ഭക്തിയുടെ പേരിൽ നടക്കുന്ന ഈ കൊള്ളയുടെ ആഴം വ്യക്തമാക്കുന്നു. ‘കൊള്ളക്കാരെ ട്രസ്റ്റ് അംഗങ്ങളാക്കി’എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇനിയെങ്കിലും ‘ഭക്തകോടികളുടെ’ കണ്ണുതുറപ്പിക്കേണ്ടതാണ്.

ഡൽഹിയിൽനിന്നുള്ള ഉന്നത രാഷ്ട്രീയ തീരുമാനപ്രകാരമാണ് അഴിമതിക്കാരെ ട്രസ്റ്റിൽ കുടിയിരുത്തിയതെന്ന് സന്തോഷ് ദുബെ ആരോപിക്കുന്നു. ജയിലിൽ കിടക്കേണ്ടവരെയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെയും രക്ഷപ്പെടുത്താനും, അവർക്ക് പുതിയ പദവികൾ നൽകി ആദരിക്കാനുമാണ് ട്രസ്റ്റ് ശ്രമിക്കുന്നത്. ചമ്പത് റായി, അനിൽ മിശ്ര തുടങ്ങിയ ഉന്നതർ ഇതിനു മറുപടി പറയേണ്ടിവരുമെന്നും, തങ്ങളെപ്പോലെ ജീവൻ പണയപ്പെടുത്തി പോരാടിയവരെ തഴഞ്ഞ് മാഫിയകളെ വാഴിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കർസേവകർ തന്നെ പരസ്യമായി വിമർശിക്കുന്നു. നിലവിലുള്ള ട്രസ്റ്റ് പിരിച്ചുവിട്ട് പുതിയൊരു ഭരണസംവിധാനം കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

ശ്രീരാമന്റെ പേരിൽ സാധാരണക്കാരായ വിശ്വാസികളിൽനിന്നും ദരിദ്രരിൽനിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് കോടി രൂപ എങ്ങോട്ടാണ് പോയത് എന്ന ചോദ്യം പ്രസക്തമാണ്. ഭൂമി ഇടപാടുകളിലും ക്ഷേത്ര നിർമാണ സാമഗ്രികളുടെ വാങ്ങലിലും വൻതോതിൽ അഴിമതി നടന്നതായി രേഖകൾ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഭൂമി മിനിറ്റുകൾക്കകം കോടികൾ വിലയിട്ട് ട്രസ്റ്റ് വാങ്ങിക്കൂട്ടിയ വാർത്തകൾ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഭക്തി എന്നത് ജനങ്ങളുടെ ഏറ്റവും വലിയ ദുർബലതയാണെന്ന് മനസ്സിലാക്കിയ രാഷ്ട്രീയ പിന്നാമ്പുറ ലോബികൾ, ആ വികാരത്തെ ചൂഷണം ചെയ്ത് തങ്ങളുടെ കീശ വീർപ്പിക്കുകയാണ് ചെയ്യുന്നത്.

ആത്മീയതയുടെ കപട മുഖംമൂടി അണിഞ്ഞവർക്ക് ജാതി, മത, വർഗ, വർണ ഭേദമന്യെ നിയമത്തിൽ നിന്നും സമൂഹത്തിൽനിന്നും എളുപ്പത്തിൽ രക്ഷപ്പെടാൻ സാധിക്കുന്നു. കാരണം, അവർക്കെതിരെ സംസാരിക്കുന്നത് ദൈവത്തിനെതിരെ സംസാരിക്കുന്നതിന് തുല്യമായി ഇന്ത്യയിൽ ചിത്രീകരിക്കപ്പെടുന്നു. ഈ ഭയത്തെയാണ് അഴിമതിക്കാർ തങ്ങളുടെ പ്രതിരോധ കവചമാക്കുന്നത്. എന്നാൽ, ഭക്തിയുടെ പേരിൽ നടക്കുന്ന ഈ കച്ചവടം തങ്ങളുടെ വിശ്വാസത്തോടുള്ള കടുത്ത ദ്രോഹമാണെന്ന് തിരിച്ചറി വുള്ളവർക്കു പോലും ഇത്തരം സന്ദർഭങ്ങളിൽ മൗനമാണ് ഏറ്റവുമിഷ്ടം.

വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ്, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയ സംഘടനകൾ ആത്മീയതയെയും ശ്രീരാമനെയും കേവലം പണമുണ്ടാക്കാനും വോട്ട് നേടാനുമുള്ള മാർഗമായി മാത്രമാണ് ഉപയോഗിച്ചതെന്നതിന് ഈ സംഭവങ്ങൾ ഒരിക്കൽ കൂടി അടിവരയിടുന്നു. അധികാരത്തിന്റെ മുകളിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ ഭക്തി ഒരു മറ മാത്രമാണ്. എന്നാൽ, അധർമത്തിന്റെ പാതയിലൂടെയും അപരനെ ദ്രോഹിച്ചും കെട്ടിപ്പടുക്കുന്ന സാമ്രാജ്യങ്ങൾ ഒരിക്കലും അധികകാലം നിലനിൽക്കില്ല എന്ന മുന്നറിയിപ്പാണ് രാമക്ഷേത്രത്തിനു പിന്നിലെ ആഭ്യന്തര കലഹങ്ങൾ നൽകുന്നത്.

വർഗീയതയും കായികബലവും ഉപയോഗിച്ച് ഒരു സമൂഹത്തെ എത്രകാലം അടിച്ചമർത്താൻ സാധിക്കും? ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം താൽക്കാലിക ലാഭങ്ങൾ നൽകുമെങ്കിലും, അത് സമൂഹത്തിൽ വിതയ്ക്കുന്ന വിദ്വേഷത്തിന്റെ വിത്തുകൾ ഒടുവിൽ ഈ ഭരണാധികാരികളെത്തന്നെ വിഴുങ്ങും. അയോധ്യയിലെ തട്ടിപ്പുകൾ പുറത്തുവരുമ്പോൾ അത് ബിജെപി ഉൾപ്പെടുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീതും ഒരുവേള തിരുത്തൽ മുന്നറിയിപ്പുമായി മാറുന്നു.

ഈ സംഭവം എല്ലാ സാധാരണ മനുഷ്യർക്കും ഒരു വലിയ മുൻകരുതലാണ്. ആത്മീയത എന്നത് ബാഹ്യമായ ആഡംബരങ്ങളിലോ പ്രകടനങ്ങളിലോ വലിയ കെട്ടിടങ്ങളിലോ അല്ല അടങ്ങിയിരിക്കുന്നത്. മനുഷ്യനെ സ്‌നേഹിക്കാനും ഭൂമിയിൽ നീതിയോടെ ജീവിക്കാനും പഠിപ്പിക്കാത്ത ഒന്നിനെയും ആത്മീയത എന്ന് വിളിക്കാൻ കഴിയില്ല. മതഭ്രാന്തിനും അന്ധമായ ഭക്തിക്കും പിന്നാലെ പോകുന്നവർ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നു തിരിച്ചറിയണം.

കയ്യൂക്കും കായികബലവും കപട ചരിത്രവുമുപയോഗിച്ച് പിടിച്ചെടുക്കുന്നവയെല്ലാം ഒടുവിൽ അഴിമതിയുടെയും അധർമത്തിന്റെയും കേന്ദ്രങ്ങളായി മാറും എന്നതിന് രാമക്ഷേത്ര നിർമാണം ഒരു വലിയ ദൃഷ്ടാന്തമാണ്. ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുകയും, ആത്മീയതയുടെ മറവിൽ നടക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ചൂഷണങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാകുകയും വേണം. എങ്കിൽ മാത്രമെ ജനാധിപത്യവും മാനവികതയും അതിന്റെ യഥാർഥ മൂല്യത്തോടെ ഈ രാജ്യത്ത് നിലനിൽക്കുകയുള്ളൂ.