മഴ; കാരുണ്യവാന്റെ അനുഗ്രഹ വർഷം
മെഹബൂബ് മദനി ഒറ്റപ്പാലം
2026 ജൂലൈ 04, 1448 മുഹർറം 19

ആകാശപ്പൊയ്കയിൽ നിന്നുമിതാ
ഭൂമിതൻ ദാഹമകറ്റിടുവാൻ,
കരുണതൻ തുള്ളികളായ് പെയ്യുന്നു
ദൈവത്തിൻ ദാനമീ നിർമല മഴ.
തളിരിടും ചെടികളും പുൽക്കൊടിയും
പാടവും കാടും ഉണർന്നിടുന്നു.
മണ്ണിൽ പുതുജീവൻ ഏകീടുവാൻ,
വിണ്ണിൽ നിന്നൊഴുകും ദൈവാനുഗ്രഹം!’
ഏറെ മനോഹരമായ ഈ വരികൾ കരുണാമയനായ റബ്ബിന്റെ കാരുണ്യ വർഷമായ മഴ ഭൂമിക്കെത്രമേൽ വലിയ അനുഗ്രഹമാണെന്ന് വ്യക്തമാക്കുന്നതാണ്.
പ്രപഞ്ചത്തിൽ സ്രഷ്ടാവ് സംവിധാനിച്ച മഹാവിസ്മയങ്ങളിൽ ഏറ്റവും മനോഹരവും ദീപ്തവുമായ ദൃഷ്ടാന്തമാണ് മഴ. കരിഞ്ഞുണങ്ങി, ജീവനറ്റ് കിടക്കുന്ന ഒരു ഭൂപ്രദേശത്തിലേക്ക് ജീവന്റെ ആദ്യ തുടിപ്പുകൾ പകരുന്നത് ആകാശത്തുനിന്ന് വീഴുന്ന ശുദ്ധമായ ജലത്തുള്ളികളിലൂടെയാണ്.
കഠിനമായ ചൂടിൽ നിർജീവമായിക്കിടന്ന ഭൂമി മഴ വരുന്നതോടെ ജീവസ്സുറ്റതായി മാറുന്നു. ഇസ്ലാമിക വീക്ഷണത്തിൽമഴ കേവലം ഒരു പ്രകൃതി പ്രതിഭാസമല്ല; മറിച്ച്അത് കാരുണ്യവാനായ സ്രഷ്ടാവിന്റെ വലിയ ദൃഷ്ടാന്തവും അനുഗ്രഹവർഷവുമാണ്. മഴയുമായി ബന്ധപ്പെട്ട ക്വുർആൻ വചനങ്ങളിലൂടെ മരണാനന്തര ജീവിതത്തെ ബോധ്യപ്പെടുത്തുന്നതും അതല്ലാത്തതുമായ വ്യത്യസ്തമായ പാഠങ്ങൾ നമുക്ക് മനസ്സിലാക്കാനുണ്ട്.
മഴ ആകാശത്തുനിന്ന് പെയ്തിറങ്ങുമ്പോൾ അതിന്റെ പിന്നിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവയെല്ലാം കൃത്യമായി സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത പ്രപഞ്ച സ്രഷ്ടാവിന്റെ കരവിരുതനെയാണ്നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്.
ഏതു പ്രദേശത്ത് എപ്പോഴൊക്കെ എത്രകണ്ട് മഴ പെയ്യണമെന്ന് തീരുമാനിക്കുന്നത് കരുണാ വാരിധിയായ റബ്ബ് മാത്രമാണ്. അതിൽ ദൈവേതര ശക്തികൾക്കോ മഹാത്മാക്കൾക്കോ ഒരു പങ്കുമില്ല. അങ്ങനെ വിശ്വസിക്കുന്നവർക്ക് പിൻബലമായി കേവലം ചില മിഥ്യാധാരണകളല്ലാതെ പ്രാമാണിക മായ തെളിവുകളൊന്നുമില്ല.
മഴ പെയ്യുന്നതിന് പിന്നിൽ കൃത്യമായ ഭൗതിക-രസതന്ത്ര നിയമങ്ങളുണ്ട്. ആധുനിക ശാസ്ത്രം വിശദീകരിക്കുന്ന ഈ പ്രക്രിയകൾ യുഗാന്തരങ്ങളായി ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാക്കാനായി സ്രഷ്ടാവ് സംവിധാനിച്ച കാരണങ്ങളാണ്.
മഴക്ക് പിന്നിൽ നടക്കുന്ന ശാസ്ത്രീയ വസ്തുതകളെ നമുക്ക് ഇപ്രകാരം ചുരുക്കി മനസ്സിലാക്കാം:
എ) ബാഷ്പീകരണവും സ്വേദനവും (Evaporation & Transpiration):
സൂര്യപ്രകാശമേറ്റ് സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയിലെ ജലം ചൂടുപിടിച്ച് നീരാവിയായി മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം. ഇതോടൊപ്പം സസ്യങ്ങൾ തങ്ങളുടെ ഇലകളിലെ സുഷിരങ്ങൾ (Stomata) വഴി ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു (Transpiration). ഈ രണ്ട് പ്രക്രിയകളും ചേർന്നാണ് അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്തുന്നത്.
ബി) സാന്ദ്രീകരണവും മേഘരൂപീകരണവും (Condensation & Cloud Formation):
ചൂടുള്ള നീരാവി മുകളിലേക്ക് ഉയരുന്തോറും അന്തരീക്ഷ താപനില കുറയുന്നു. വായു തണുക്കുമ്പോൾ അതിന് നീരാവിയെ ഉൾക്കൊള്ളാനുള്ള ശേഷി കുറയുകയും നീരാവി വീണ്ടും ജലകണങ്ങളായി മാറുകയും ചെയ്യുന്നു. അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങൾ, ഉപ്പുതരികൾ, പുകപടലങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് (Cloud Condensation Nuclei - CCN) ഈ ജലകണങ്ങൾ രൂപപ്പെടുന്നത്. കോടിക്കണക്കിന് ഇത്തരം സൂക്ഷ്മ ജലകണങ്ങൾ ഒത്തുചേരുമ്പോഴാണ് മേഘങ്ങൾ ഉണ്ടാകുന്നത്.
സി) അവപാതം (Precipitation):
മേഘങ്ങൾക്കുള്ളിലെ ജലകണങ്ങൾ കാറ്റിന്റെ ചലനം മൂലം പരസ്പരം കൂട്ടിയാവർത്തിക്കുകയും വലിയ തുള്ളികളായി മാറുകയും ചെയ്യുന്നു. ഈ ജലത്തുള്ളികളുടെ ഭാരം കൂടുമ്പോൾ, ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തെ പ്രതിരോധിക്കാൻ അവയ്ക്ക് കഴിയാതെവരുന്നു. ഇത് മഴയായി ഭൂമിയി ലേക്ക് പതിക്കുന്നു. എത്ര താളാത്മകവും കൃത്യവുമാണ് റബ്ബിന്റെ ഈ സംവിധാനമെന്ന് മഴക്ക് പിന്നിലെ ശാസ്ത്രിയ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്.
മഴ പെയ്യുന്നത് കാണാൻ എന്തു രസമാണ്! ഒന്നിച്ച് ഒരു ജലപ്രവാഹമായി ആകാശത്തുനിന്ന് ചൊരിയുകയല്ല, മറിച്ച് തുള്ളികളായി പെയ്തിറങ്ങുന്ന സുന്ദരമായ കാഴ്ച. നയന മനോഹരമായ കാഴ്ചയോടൊപ്പം മനസ്സുകൾക്ക് വലിയ കുളിരും പ്രകൃതിക്ക് തണുപ്പും ആശ്വാസവും ഒക്കെയാണത്. വ്യത്യസ്ത പ്രതിഭാസങ്ങളിലൂടെ കടന്നുപോയി വിണ്ണിൽ നിന്ന് മണ്ണിലേക്ക് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും അതിന്റെ പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സർവശക്തനായ അല്ലാഹുവിന്റെ കഴിവിനെയാണ് വിളിച്ചോതുന്നത്.
ക്വുർആനിലൂടെ അല്ലാഹു ചോദിക്കുന്നു: “ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൻ നിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്?’’ (56:68-70).
ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ ആധാരമായ മഴയെ ആകാശത്തുനിന്ന് വർഷിച്ചു തരുന്ന റബ്ബിന് മാത്രമായിരിക്കണം ആരാധനകൾ അർപ്പിക്കേണ്ടത് എന്ന യുക്തിഭദ്രമായ ആദർശമാണ് വിശുദ്ധ ക്വുർആനിലൂടെ സർവലോക പരിപാലകനായ അല്ലാഹു മുന്നോട്ടുവെക്കുന്നത്:
“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതു മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചുതരി കയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാ രെ ഉണ്ടാക്കരുത്’’ (2:21,22).
അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെ വ്യക്തമാക്കുന്ന മഹത്തായ ദൃഷ്ടാന്തമാണ് ആകാശത്തുനിന്ന് മഴ വർഷിക്കുന്നതും ഭൂമിയിൽ സസ്യലതാദികൾ മുളച്ചുവരുന്നതുമെന്ന വസ്തുത ഒട്ടനവധി വചനങ്ങ ളിലൂടെ ക്വുർആൻ വ്യക്തമാക്കിയിട്ടുള്ളതാണ്:
“നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ട് ഇളകാതിരിക്കുവാനായി അതിൽ അവൻ ഉറച്ച പർവതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം വെള്ളം ചൊരിയുകയും എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോഡികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു’’ (31:10).
“അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നവൻ. എന്നിട്ട് അതുമുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകൾ പുറത്ത് കൊണ്ടുവരികയും അനന്തരം അതിൽനിന്ന് പച്ചപിടിച്ച ചെടികൾ വളർത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളിൽനിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയിൽനിന്ന് അഥവാ അതിന്റെ കൂമ്പോളയിൽനിന്ന് തൂങ്ങി നിൽക്കുന്ന കുലകൾ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും
പരസ്പരം തുല്യത തോന്നുന്നതും എന്നാൽ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉൽപാദിപ്പിച്ചു). അവയുടെ കായ്കൾ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങൾ നോക്കൂ! വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്’’(6:99).
“എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി. എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും പഴവർഗവും പുല്ലും; നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്’’ (80:24-32).
ഐഹിക ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടുത്തുന്നതിനും മഴയുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ ക്വുർആൻ വിവരിക്കുന്നുണ്ട്:
“നിങ്ങൾ അറിയുക: ഇഹലോക ജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത് (ദുർവൃത്തർക്ക് ) കഠിനമായ ശിക്ഷയും (സദ്വൃത്തർക്ക്) അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (57:20).
“നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാർന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉൻമൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകൾക്കുവേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു’’(10:24).
മനുഷ്യർ ചെയ്യുന്ന സൽകർമങ്ങൾ സ്രഷ്ടാവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമാകണം. എങ്കിൽ മാത്രമാണ് അത് അവന് മരണാനന്തര ജീവിതത്തിൽ ഉപകാരപ്പെടുക. സൽകർമങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള നിതാന്ത ജാഗ്രത വിശ്വാസികൾക്ക് എപ്പോഴും ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ട ഉദാഹരണവും മഴയുമായി ബന്ധപ്പെടുത്തിയാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്.
“സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻവേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അൽപം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധി കളായ ജനതയെ നേർവഴിയിലാക്കുകയില്ല’’ (2:264).
‘നിഷ്കളങ്ക ഹൃദയത്തോടുകൂടിയുള്ള സൽക്കർമങ്ങൾ വളരെ ചെറുതാണെങ്കിലും അത് അല്ലാഹുവിന്റെയടുക്കൽ മനുഷ്യർക്ക് ഏറെ ഉപകാരപ്രദമായിരിക്കും’ എന്ന വസ്തുത പഠിപ്പിക്കുന്നതിനു വേണ്ടിയും മഴയുമായി ബന്ധപ്പെട്ട ഒരു ഉദാഹരണമാണ് അല്ലാഹു ക്വുർആനിലൂടെ നൽകിയത്:
“അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളിൽ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് രണ്ടിരട്ടി കായ്കനികൾ നൽകി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു’’ (2:265).
(അടുത്ത ലക്കത്തിൽ:ജലസംരക്ഷണം; വിശ്വാസികളുടെ ബാധ്യത).
