ഉപകാരം ചെയ്യുന്നവനാണു മുസ്ലിം
ദുൽക്കർഷാൻ ആലിക്കൽ
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

ഒരു മനുഷ്യൻ ജീവിതത്തിൽ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ പ്രയാസമനുഭവിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അപരനാൽ സഹായിക്കപ്പെടുക എന്നത് ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്. സമൂഹത്തിൽ അത്തരം സഹായ സഹകരണങ്ങൾ ധാരാളമായി നടന്നുകൊണ്ടിരിക്കുന്നുത് നാം കാണുന്നു.
അതിനുവേണ്ടി ധാരാളം സന്നദ്ധ സംഘടനകൾ വലിയ സിറ്റികളിലും നാട്ടിൻപുറങ്ങളിലുമൊക്കെയുണ്ട്. സംഘടനകൾ സാമൂഹ്യക്ഷേമ കാര്യങ്ങൾ നിർവഹിക്കുന്നതിൽ മത്സരിക്കുന്നു എന്നത് കേരളത്തിന്റെ സവിശേഷതയാണ്. ചിലരെങ്കിലും ഇത്തരം സംവിധാനങ്ങളെ ചൂഷണോപാധിയാക്കുന്നുമുണ്ട്. ചിലർക്കു മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെ ആവേശമുണ്ടാക്കുന്നതും സന്തോഷമുണ്ടാക്കുന്നതുമായ കാര്യമാണ്. അതിൽ അവർ സംതൃപ്തി കണ്ടെത്തുന്നു.
ചിലർക്ക് സ്വന്തം കുടുംബത്തിൽനിന്നും കിട്ടുന്നതുപോലുള്ള സഹായങ്ങൾ മറ്റു ചിലർക്ക് കിട്ടുക അന്യരിൽ നിന്നായിരിക്കും. മനുഷ്യർ പലവിധത്തിലുള്ളവരാണല്ലോ. കുടുബത്തിനകത്തുള്ളവർക്ക് സഹായം ചെയ്താൽ ആര് അറിയാനാണ് എന്നു ചിന്തിക്കുവരുമുണ്ട്. അപരനെ സഹായിച്ചാലാണല്ലോ മറ്റുള്ളവർ അറിയുക; ഔദാര്യവാൻ എന്ന ബഹുമതിയും കിട്ടിയേക്കാം.
എന്നാൽ ചിലരുണ്ട്, സമ്പന്നരല്ല; അന്നന്ന് കിട്ടുന്നതുകൊണ്ടു ജീവിക്കുന്നവരാണെങ്കിലും മറ്റുള്ളവരുടെ പ്രയാസങ്ങളെ നീക്കിക്കൊടുക്കാൻ വെമ്പൽ കൊള്ളുന്നവർ. അവർ സമൂഹത്തിന്റെ ആദരവോ നന്ദിവാക്കുപോലുമോ ആഗ്രഹിക്കുകയുമില്ല. നബിﷺയുടെ അനുചരന്മാർ സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നവരായിരുന്നു. അല്ലാഹു പറയുന്നു: “ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നൽകുകയും ചെയ്യും. (അവർ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്. നിങ്ങളുടെ പക്കൽനിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’ (76:8,9)
ഈ രൂപത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുറെ വ്യക്തികളും സംഘടനകളും കൂട്ടായ്മകളുമുണ്ട്; തങ്ങൾ ചെയ്യുന്നത് വാർത്തയാക്കി മാറ്റാനാഗ്രഹിക്കാത്തവർ. എന്നാൽ ചില കൂട്ടായ്മകളും വ്യക്തികളും തങ്ങൾ ചെയ്യുന്ന സഹായങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാക്കി റീച്ച് നേടുകയും അതിലൂടെ വരുമാനം കണ്ടെത്തുന്നുമുണ്ട്. അന്യന്റെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്ന ഇത്തരം സഹായ സഹകരണങ്ങൾക്ക് ലക്ഷ്യം കാണുക സാധ്യമല്ല.
മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാനാവുക എന്നത് എല്ലാവർക്കും കഴിയാത്തതും അല്ലാഹുവിന്റെ കാരുണ്യവും ഉദവിയും ലഭിച്ചവർക്കുമാത്രം കഴിയുന്നതുമായ കാര്യമാണ്. നന്മയുള്ള മനസ്സുകളിലേ ഇത്തരം പ്രവർത്തനങ്ങൾ പിറവികൊള്ളുകയുള്ളൂ. ഒരാളുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും അയാളെ സഹായിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹത്തെക്കുറിച്ച് പ്രവാചകൻﷺ ഉണർത്തുന്നതു നോക്കൂ: അബൂഹുറയ്റ(റ) നിവേദനം; നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരു വിശ്വാസിക്ക് ഇഹലോകത്തിലെ ഒരു പ്രയാസത്തിൽനിന്ന് ആശ്വാസം നൽകിയാൽ അല്ലാഹു അവന് അന്ത്യനാളിൽ പ്രയാസത്തിൽനിന്ന് ആശ്വാസം നൽകും. പ്രയാസങ്ങളുള്ള ഒരുത്തന് എളുപ്പം നൽകിയാൽ അല്ലാഹു അവന് ഇഹത്തിലും പരത്തിലും എളുപ്പം നൽകും. ഒരു മുസ്ലിമിന്റെ ന്യൂനത ആരെങ്കിലും മറച്ചുവെച്ചാൽ അല്ലാഹു അവന്റെ ന്യൂനതയും ഇഹത്തിലും പരത്തിലും മറച്ചുവെക്കും. ഒരാൾ അല്ലാഹുവിന്റെ ദാസനെ സഹായിക്കുന്ന കാലമത്രയും അല്ലാഹു അവനെയും സഹായിക്കും...’’ (മുസ്ലിം).
