അകലം സൃഷ്ടിക്കുന്ന ‌കൂടിച്ചേരലുകൾ

ഡോ. ഹുസ്‌ന ഹുസൈൻ

2026 ജൂലൈ 04, 1448 മുഹർറം 19

ജൂലൈ, ഓഗസ്റ്റ്... പ്രവാസികൾക്ക് വിവാഹങ്ങളുടെയും കുടുംബസംഗമങ്ങളുടെയും അവധിക്കാല കൂടിച്ചേരലുകളുടെയും മാസങ്ങൾ. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാ നുള്ള സന്തോഷത്തോടെയാണ് പലരും ഇത്തരം പരിപാടികളിലേക്ക് പോകുന്നത്. സന്തോഷത്തോടെ പോയ ഒരാൾ, മടങ്ങിവരുമ്പോൾ മുഖത്തെ ചിരി മാഞ്ഞിരിക്കും. കാരണം വലിയൊരു വഴക്കോ പ്രശ്‌നമോ ആയിരിക്കണമെന്നില്ല. ചിലപ്പോൾ ഒരു വാക്ക് മാത്രമായിരിക്കും അതിനു കാരണം.

‘തടി കൂടിയിട്ടുണ്ടല്ലോ!,’ വയറൊക്കെ ചാടിയിട്ടുണ്ട് ട്ടോ.. ജോലിയൊന്നും ചെയ്യാറില്ലേ?,’എന്താ ഇത്ര ക്ഷീണിച്ചിരിക്കുന്നത്? അസുഖമാണോ?,’ ‘ആകെ കറുത്തുപോയല്ലോ!,’ ‘മുടിയൊക്കെ പോയി കഷണ്ടിയായിട്ടുണ്ടല്ലോ!,’ ‘ഇവളെന്താ ഇങ്ങനെ മെലിഞ്ഞുപോയത്? നീ ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ?’ ഇങ്ങനെയൊക്കെ ചോദിക്കുന്നവരുണ്ട്. അവർക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരിക്കില്ല. എന്നാൽ കേൾക്കുന്നവരുടെ മനസ്സിൽ അത് വലിയൊരു മുറിവ് സൃഷ്ടിച്ചേക്കാം. അത്തരം വാക്കുകൾ കാരണം പിന്നീട് ആ വ്യക്തിയെ കാണാൻ പോലും ചിലർ മടിക്കുന്നു. ‘വീണ്ടും അതേ ചോദ്യങ്ങൾ കേൾക്കേണ്ടി വരും’ എന്ന ഭയം അവരെ അകറ്റുന്നു. സ്വന്തം കുഞ്ഞിനെക്കുറിച്ച് കേട്ട ഒരു പരാമർശം മനസ്സിൽ സൂക്ഷി ച്ച് സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങുന്ന എത്രയോ ഉമ്മമാരുണ്ട്! നമ്മുടെ ചില വാക്കുകൾ അറിയാതെ തന്നെ ഹൃദയങ്ങൾക്കിടയിൽ അകലം സൃഷ്ടിക്കുന്നു!

നമ്മുടെ സമൂഹത്തിൽ ശരീരത്തെക്കുറിച്ചുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങൾ (Body Shaming) വളരെ സാധാരണമാണ്. തടിയുള്ളവരോട് മെലിയാൻ പറയുക, മെലിഞ്ഞവരോട് തടിക്കണമെന്ന് പറയുക, നിറം, ഉയരം, പ്രായം എന്നിവയെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുക... വിവാഹം കഴിഞ്ഞവരെയും ഗർഭിണികളെയും പ്രസവിച്ചിട്ട് മാസങ്ങൾ മാത്രം കഴിഞ്ഞ സ്ത്രീകളെയും കുട്ടികളെയും വരെ അവരുടെ രൂപത്തെക്കുറിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവരുണ്ട്.

അല്ലാഹു ഓരോ മനുഷ്യനെയും വ്യത്യസ്തരായാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാളുടെ ശരീരഘടന, നിറം, ഉയരം, ഭാരം, ആരോഗ്യം ഇവയെല്ലാം അല്ലാഹുവിന്റെ ഹിക്മത്തോടെയുള്ള (ജ്ഞാനത്തോടെയുള്ള) സൃഷ്ടിയുടെ ഭാഗമാണ്.

പ്രത്യേക പരിചരണവും ദീർഘകാല ചികിത്സയും ആവശ്യമായ കുട്ടികളുടെ മാതാപിതാക്കളോടും നാം കൂടുതൽ കരുതലോടെ സംസാരിക്കണം. ‘ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ?, ‘സംസാരിക്കാൻ തുടങ്ങിയോ?,’ ‘നടക്കാനായോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പലപ്പോഴും സ്‌നേഹത്തോടെ ചോദിക്കുന്നതായിരിക്കാം. എന്നാൽ ഓരോ കൂടിക്കാഴ്ചയിലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, ആ മാതാപിതാക്കളുടെ മനസ്സിന് അതൊരു വലിയ ഭാരമായി മാറിയേക്കാം. അവർ ദിവസേന പ്രതീക്ഷയോടെയും പ്രാർഥനയോടെയും ചെറിയ ചെറിയ പുരോഗതികൾക്കായി കാത്തിരിക്കുന്നവരാണ്. അവരുടെ യാത്രയ്ക്ക് സമയമെടുക്കും. അതുകൊണ്ട്, പുരോഗതി ചോദിക്കുന്നതിലുപരി, അവർക്ക് വേണ്ടി ദുആ ചെയ്യുകയും, ‘അല്ലാഹു എളുപ്പമാക്കട്ടെ,’ ‘അല്ലാഹു കുഞ്ഞിന് ശിഫ നൽകട്ടെ’ എന്നൊക്കെ പറയലും പ്രാർഥിക്കലുമാണ് മനോഹരമായ സമീപനം.

നബിﷺ പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ; അല്ലെങ്കിൽ മൗനം പാലിക്കട്ടെ’’ (ബുഖാരി, മുസ്‌ലിം).

ഒരു മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോൾ നമ്മുടെ നാവിൽ നിന്ന് ആദ്യം പുറത്തുവരേണ്ടത് സലാമാണ്. അതിന് ശേഷം വിമർശനങ്ങളല്ല, ദുആകളായിരിക്കണം വരാൻ. ‘മാശാ അല്ലാഹ്,’ ‘ബാറകല്ലാഹു ഫീക്’ പോലുള്ള വാക്കുകൾ ഹൃദയത്തെ സ്പർശിക്കും.