ഉമീദ് പോർട്ടൽ ഉയർത്തുന്ന ആശങ്കകൾ

സൈനബ് ബിൻത് ഫർഹാൻ

2026 ജൂലൈ 18, 1448 സ്വഫർ 04

ഇന്ത്യയിലെ വക്വ‌്‌ഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര സർക്കാർ UMEED (Unified Waqf Management, Empowerment, Efficiency and Development) പോർട്ടൽ അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ രജിസ്റ്റർ ചെയ്ത വക്വ‌്‌ഫ് സ്വത്തുക്കളുടെയും ഡിജിറ്റൽ രേഖയും ജിയോ ടാഗിംഗും സൃഷ്ടിച്ച് കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖകൾ ക്രമപ്പെടുത്തുക എന്ന ആശയം പൊതുവിൽ സ്വാഗതാർഹമാണെങ്കിലും, പുറത്തുവരുന്ന കണക്കുകൾ ചില ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്.

ലഭ്യമായ വിവരങ്ങൾ പ്രകാരം രജിസ്‌ട്രേഷനായി അപ്‌ലോഡ് ചെയ്ത 7,95,784 വക്വ‌്‌ഫ് സ്വത്തുക്കളിൽ 5,87,804 എണ്ണം അംഗീകരിക്കപ്പെട്ടപ്പോൾ 88,571 അപേക്ഷകൾ, അതായത് ഏകദേശം 11 ശതമാനം, പരിശോധനയ്ക്കുശേഷം നിരസിക്കപ്പെട്ടു. ഏറ്റവും കൂടുതൽ നിരസിക്കപ്പെട്ട അപേക്ഷകൾ ഉത്തർപ്രദേശിലാണുള്ളത്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഗണ്യമായ എണ്ണം അപേക്ഷകൾ തള്ളപ്പെട്ടിട്ടുണ്ട്.

ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഈ സ്വത്തുക്കളുടെ ഭാവിയെക്കുറിച്ചാണ്. പതിറ്റാണ്ടു കളായി വക്വ‌്‌ഫ് സ്വത്തായി അംഗീകരിക്കപ്പെട്ടും പള്ളികൾ, ക്വബ്ർസ്ഥാനുകൾ, മദ്‌റസകൾ, അനാഥാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉപയോഗിച്ചുവരു ന്ന നിരവധി സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അവയുടെ നിയമപരമായ സ്ഥിതി എന്താകും? ഈ വിഷയത്തിൽ വ്യക്തമായ മാർഗനിർദേശം ലഭിച്ചിട്ടില്ലെന്ന ആശങ്ക വിവിധ വക്വ‌്‌ഫ് ബോർഡ് പ്രതിനിധികളും ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഈ വ്യത്യാസങ്ങൾക്ക് വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിയുടെ രേഖകളിലെ അപൂർണത, സംസ്ഥാനങ്ങൾ തമ്മിലുള്ള രേഖാസംവിധാനത്തിലെ വ്യത്യാസം, മുതവല്ലിമാർക്കുള്ള അവബോധക്കുറവ്, പഴയ രേഖകളുടെ അഭാവം എന്നിവയാണ് മന്ത്രാല യം പ്രധാന കാരണങ്ങളായി പറയുന്നത്. ചില സംസ്ഥാനങ്ങളിൽ ഭൂമി രേഖകൾ കൂടുതൽ കൃത്യമായതിനാൽ അവിടെ അംഗീകാര നിരക്ക് ഉയർന്നതാണെന്നും സർക്കാർ വിശദീകരിക്കുന്നു.

എന്നാൽ ഈ വിശദീകരണങ്ങൾ എല്ലാ ആശങ്കകളും അകറ്റുന്നില്ല. നിരവധി വക്വ‌്‌ഫ് ് സ്വത്തുക്കൾ നൂറുകണക്കിന് വർഷം പഴക്കമുള്ളവയാണ്. പഴയ രേഖകൾ നഷ്ടപ്പെട്ടതോ അപൂർണമായതോ ആയിരിക്കാം. ചില വക്വ‌്‌ഫുകൾ ചരിത്രപരമായി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടവ യാണ്. അത്തരം സ്വത്തുക്കൾക്ക് ഇന്നത്തെ നിലവാരത്തിലുള്ള രേഖകൾ ഹാജരാക്കാൻ കഴിയാത്തത് അവയുടെ യഥാർഥ സ്വഭാവത്തെ നിഷേധിക്കാൻ മതിയായ കാരണമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

മറ്റൊരു ആശങ്ക നടപടിക്രമത്തിന്റെ സുതാര്യതയെക്കുറിച്ചാണ്. അപേക്ഷ നിരസിക്കപ്പെട്ടവരെ വ്യക്തമായി കാരണം അറിയിച്ചിട്ടുണ്ടോ? രേഖകളിലെ കുറവുകൾ പരിഹരിക്കാൻ മതിയായ അവസരം നൽകിയിട്ടുണ്ടോ? ഫലപ്രദമായ അപ്പീൽ അല്ലെങ്കിൽ പരാതിപരിഹാര സംവിധാനം നിലവിലുണ്ടോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്. സുതാര്യമായ നടപടിക്രമം ഭരണസംവി ധാനത്തിലും പൊതുസമൂഹത്തിലും വിശ്വാസം വളർത്തും.

പോർട്ടലിന്റെ സാങ്കേതിക പ്രവർത്തനത്തെക്കുറിച്ചും നേരത്തെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അവസാന ദിവസങ്ങളിൽ പോർട്ടൽ മന്ദഗതിയിലായതും പല മുതവല്ലിമാർക്കും രേഖകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതിരുന്നതും സമയപരിധി നീട്ടണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉന്നയിച്ചിരുന്നു.

വക്വ‌്‌ഫ് എന്നത് ഭൂമിയോ കെട്ടിടമോ മാത്രമല്ല. ഒരു വിശ്വാസി അല്ലാഹുവിന്റെ മാർഗത്തിൽ ശാശ്വതമായി സമർപ്പിച്ച സ്വത്താണ് വക്വ‌്‌ഫ് . പള്ളികൾ, ക്വബ്ർസ്ഥാനുകൾ, മദ്‌റസകൾ, കുടിവെള്ള പദ്ധതികൾ, അനാഥാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങി അനേകം പൊതുപ്രയോജന പ്രവർത്തനങ്ങളുടെ സാമ്പത്തിക അടിത്തറയാണ് വക്വ‌്‌ഫ് സമ്പ്രദായം. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ക്ഷേമത്തിന് അത് വലിയ സംഭാവന നൽകിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ വക്വ‌്‌ഫ് സ്വത്തുക്കളുടെ ഡിജിറ്റൽ രേഖീകരണം സുതാര്യവും നിയമാനുസൃതവും വിശ്വാസയോഗ്യവുമായ രീതിയിൽ നടക്കേണ്ടത് അനിവാര്യമാണ്. യഥാർഥ വക്വ‌്‌ഫ് സ്വത്തുക്കൾ രേഖകളുടെ സാങ്കേതിക പിഴവുകളുടെയോ നടപടിക്രമത്തിലെ അപാകതകളുടെയോ പേരിൽ നഷ്ടപ്പെ ടുന്ന സാഹചര്യം ഉണ്ടാകരുത്. അതുപോലെ അനധികൃത അവകാശവാദങ്ങൾക്കും ഇടമുണ്ടാകരുത്.

ഈ സാഹചര്യത്തിൽ ആവശ്യമായത് വിശ്വാസ്യതയാണ്. നിരസിക്കപ്പെട്ട എല്ലാ അപേക്ഷകൾക്കും വ്യക്തമായ കാരണം അറിയിക്കുക, ആവശ്യമായ രേഖകൾ തിരുത്തി സമർപ്പിക്കാൻ ന്യായമായ അവസരം നൽകുക, സ്വതന്ത്രവും സുതാര്യവുമായ പരാതിപരിഹാര സംവിധാനം രൂപപ്പെടുത്തുക, ചരിത്രപരമായ വക്വ‌്‌ഫ് സ്വത്തുക്കളുടെ പ്രത്യേക സാഹചര്യം പരിഗണിക്കുക എന്നിവയാണ് മുന്നോട്ടുള്ള വഴി.

വക്വ‌്‌ഫ് സ്വത്തുക്കൾ ഒരു സമുദായത്തിന്റെ സാമ്പത്തിക ആസ്തി മാത്രമല്ല; അവ മതപരവും സാമൂഹികവും ചരിത്രപരവുമായ പൈതൃകമാണ്. അതിനാൽ അവയുടെ സംരക്ഷണവും രജിസ്‌ട്രേഷനും നിയമത്തിന്റെ അടിസ്ഥാനത്തിലും നീതിയുടെയും സുതാര്യതയുടെയും ആത്മാവിലും നടപ്പാക്കപ്പെടേണ്ടത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്.