ആരാണ് പൊതുവിടം സ്വന്തമാക്കുന്നത്?
ഡോ. ആഷിഖ് ഷൗക്കത്ത്
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

കുറച്ചുദിവസങ്ങൾക്കു മുമ്പാണ് ‘അൺമാസ്കിംഗ് അനോമലിസ്’ (UA) എന്ന പേരിൽ ഏതാനും മുസ്ലിം യുവാക്കൾ കോഴിക്കോട് ബീച്ചിൽ ക്യാമറയും മൈക്കുമായി എത്തിയത്. കറങ്ങാൻ വന്ന ആളുകളോട് സംസാരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ സ്ട്രീറ്റ് ഇന്റർവ്യൂകളിൽ കാണാറുള്ളതുപോലെ തന്നെയാണ് അവരും ചെയ്തത്; ആളുകളെ സമീപിച്ച് കുറച്ചുസമയം സംസാരിക്കാമോ എന്ന് ചോദിക്കുന്നു, തുടർന്ന് ചില ചോദ്യങ്ങൾ ഉന്നയിച്ച് അതൊരു ചർച്ചയാക്കി മാറ്റുന്നു.
എന്നാൽ അവർ ചോദിച്ച ചോദ്യങ്ങളാണ് വേറിട്ടുനിന്നത്: ‘ദൈവം ഉണ്ടോ?,’ ‘ഇന്നത്തെ ലോകത്ത് മതത്തിന്റെ ആവശ്യമുണ്ടോ?’ സംസാരിക്കാൻ താല്പര്യമില്ലാത്തവരെ അവർ നിർബന്ധിച്ചില്ല. സംസാരിച്ചവർ സ്വന്തം ഇഷ്ടപ്രകാരമാണു പങ്കെടുത്തത്. വീഡിയോയിൽ വരാൻ സമ്മതിച്ചവരെ മാത്രമാണു ചിത്രീകരിച്ചത്. ഈ സംഭാഷണങ്ങൾക്കു ശേഷം എല്ലാവരും മടങ്ങി. പിറ്റേ ദിവസം യുട്യൂബിൽ ഇതിന്റെ വീഡിയോകൾ വരികയും ചെയ്തു.
തുടർന്നാണ് ഇതിനെച്ചൊല്ലി വിവാദങ്ങൾ ആരംഭിച്ചത്. പരസ്പര സമ്മതത്തോടെ നടന്ന തികച്ചും സാധാരണമായ ഈ സംഭവത്തെ, ‘ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള മതപരിവർത്തന മാഫിയ’ എന്ന രീതിയിലാണ് ജനം ടിവി റിപ്പോർട്ടു ചെയ്തത്. ഭൗതികമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി സംഘപരിവാർ പ്രവർത്തകരും രംഗത്തെത്തി. അതേസമയം, ഇത് ഉണ്ടാക്കാവുന്ന പ്രതിച്ഛായാ പ്രശ്നങ്ങളെക്കുറിച്ചും വരാനിരിക്കുന്ന വർഗീയ ധ്രുവീകരണത്തെക്കുറിച്ചും ഓർത്ത് ചില മുസ്ലിം വിഭാഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
ആരെയും നിർബന്ധപൂർവം സംസാരിപ്പിച്ചിട്ടില്ല. ആരെയും വഞ്ചിച്ചിട്ടുമില്ല. ആരുടെയും സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുമില്ല. പിന്നെ എന്താണ് ഈ വിവാദത്തിനു പിന്നിൽ? യഥാർഥത്തിൽ പൊതുസമൂഹത്തിൽ മതത്തിന് എത്രത്തോളം സ്ഥാനമുണ്ട് എന്നതിനെക്കുറിച്ചുള്ള തർക്കമാണിത്.
സെക്യുലറിസത്തിന്റെ അതിർവരമ്പുകൾ
തലാൽ അസദ് ചൂണ്ടിക്കാണിച്ചതുപോലെ, മതത്തിനു മേലുള്ള അധികാരത്തിന്റെ അഭാവമല്ല സെക്യുലറിസം; മറിച്ച്, ആ അധികാരം എങ്ങനെ പ്രയോഗിക്കണം എന്ന് ചരിത്രപരമായി രൂപപ്പെടുത്തിയെടുത്ത ഒരു രീതിയാണത്. ‘സ്വകാര്യമായ വ്യക്തിവിശ്വാസം’ ഏതാണ്, ‘പൊതുസമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള പെരുമാറ്റം’ ഏതാണ് എന്ന് അത് ഒരു അതിർവരമ്പ് നിശ്ചയിക്കുകയും, അത് സ്വാഭാവികമായ ഒന്നാണെന്ന മട്ടിൽ കാവൽ നിൽക്കുകയും ചെയ്യുന്നു.
ഈ അളവുകോൽ വെച്ചുനോക്കുമ്പോൾ, ബീച്ചിൽ വെച്ച് ബൈബിളോ ക്വുർആനോ കയ്യിൽ പിടിച്ച് അപരിചിതരോട് സംസാരിക്കുന്ന ഒരാൾ സംശയനിഴലിലാകുന്നു. എന്നാൽ അതേ ബീച്ചിൽ വെച്ച് ആളുകളുടെ ലൈംഗികജീവിതത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ ചോദിക്കുന്ന ഒരാൾക്ക് ആ പ്രശ്നം നേരിടേണ്ടി വരുന്നില്ല. ഇതിലൊന്ന് മറ്റേതിനെക്കാൾ നിർബന്ധിത സ്വഭാവമുള്ളതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്; മറിച്ച് മതം എന്നത് വ്യക്തിപരവും സ്വകാര്യവുമായ ഒന്നാണെന്ന് നിജപ്പെടുത്തുകയും അതേസമയം വ്യക്തിപരമായ തുറന്നുപറച്ചിലുകളെ ‘ധീരമായ ചോദ്യങ്ങൾ,’ ‘വിലക്കുകളെ ലംഘിക്കൽ’ എന്നൊക്കെ വിശേഷിപ്പിച്ച് പൊതുസമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതു കൊണ്ടാണ്.
ഏതാനും വർഷങ്ങൾക്കു മുമ്പ് യുക്തിവാദി യുട്യൂബർമാർ തങ്ങളുടെ വാർഷിക സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സമാനമായ സ്ട്രീറ്റ് ഇന്റർവ്യൂകൾ നടത്തിയിരുന്നു. എന്നാൽ അവർ നിശ്ശബ്ദരാക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരിക്കലും അനുമതിയുടെയോ നിരോധനത്തിന്റെയോ പ്രശ്നമല്ല. മിഷേൽ ഫൂക്കോ നിരീക്ഷിച്ചതുപോലെ, ഏത് തരത്തിലുള്ള സംസാരമാണ് പൊതുസമൂഹത്തിൽ സ്വീകാര്യമാകുന്നത് എന്നു തീരുമാനിക്കാനുള്ള അധികാരം ആരുടെ കയ്യിലാണ് എന്നതാണത്. തികച്ചും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നിട്ടും UA ടീമിന് തങ്ങളുടെ സാന്നിധ്യം ന്യായീകരിക്കേണ്ടി വരികയും അവർ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്തു. ഈ വിവേചനമാണ് യഥാർഥത്തിൽ നമ്മൾ ചർച്ച ചെയ്യേണ്ടത്.
തന്ത്രപരമായ ആശങ്കകൾ
‘നമ്മൾ മണ്ടന്മാരായി ചിത്രീകരിക്കപ്പെടും’ എന്ന, മുസ്ലിം സമുദായത്തിനുള്ളിലെ ആശങ്ക ഗൗരവമായി എടുക്കേണ്ട ഒന്നല്ല. എന്നാൽ രണ്ടാമത്തെ ആശങ്ക നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്; ഇത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കുമെന്നും എതിരാളികൾക്ക് ആയുധം നൽകുമെന്നും, മുസ്ലിം വിദ്വേഷം കൂട്ടുമെന്നുമുള്ള ആശങ്കയാണത്. മുസ്ലിമിതര മതേതര സമൂഹവും ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്.
തത്ത്വാധിഷ്ഠിതമല്ലെങ്കിലും, തന്ത്രപരമായ ഒന്നാണ് ഈ ആശങ്ക. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഒരു പഴയ യുക്തിയാണ്: ന്യൂനപക്ഷ മതപ്രകാശനങ്ങളെ, അവ യഥാർഥത്തിൽ എന്താണ് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തുന്നത്; മറിച്ച് ഭൂരിപക്ഷ സമൂഹം അതിനോട് എങ്ങനെ പ്രതികരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇവിടെ ഭൂരിപക്ഷ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ശത്രുതാമനോഭാവമുള്ളവരല്ല; വളരെ ചെറിയൊരു വിഭാഗം മാത്രമാണ് അങ്ങനെ. ഒരു ചെറിയ വിഭാഗം ആളുകളെ പേടിച്ച് മുസ്ലിംകൾ പൊതുയിടങ്ങളിൽ സ്വയം പരിമിതികൾ നിശ്ചയിക്കുകയാണെങ്കിൽ, ആ വിലക്കുകൾ നമ്മൾ എവിടെയാണ് അവസാനിപ്പിക്കുക?
അപകടകരമായ നിശ്ശബ്ദത
സംഘപരിവാറിന്റെ പ്രതിഷേധത്തിനു പിന്നിൽ ‘മതപരിവർത്തനം’ എന്ന ആരോപണം ഉയർത്തി അക്രമത്തിന് വഴിമരുന്നിടാനുള്ള ഭീഷണിയാണ്. ഇവിടെയാണ് മതേതര പൊതുസമൂഹത്തിന്റെ പരാജയം വെറുമൊരു വൈരുധ്യമല്ലാതായി മാറുന്നതും അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാകുന്നതും.
UA ടീമിന് നേരെ കായികമായ ആക്രമണം നടത്താനുള്ള ആഹ്വാനം പരസ്യമായ അക്രമപ്രചരണമായിരുന്നു. എന്നാൽ മതേതര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ കടുത്ത നിശ്ശബ്ദതയാണ് ഉണ്ടായത്. സംഘപരിവാറിന്റെ അക്രമം നേരിട്ടുള്ളതും ദൃശ്യവുമാണെങ്കിൽ, ഈ നിശ്ശബ്ദത ഉണ്ടാക്കുന്ന അക്രമം വ്യവസ്ഥാപിതമാണ് (Systemic violence).
ദൈനംദിന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഈ വ്യവസ്ഥാപിത അക്രമം. തങ്ങൾക്കു താല്പര്യമുള്ള രാഷ്ട്രീയ നിലപാടുകൾക്ക് കോട്ടം തട്ടാതിരിക്കാൻ, ഭീഷണികളെ ഭീഷണിയായി പേരെടുത്ത് പറയാതിരിക്കുകയും അനുകമ്പ പിൻവലിക്കുകയും ചെയ്യുന്ന രീതിയാണത്. ദൈവത്തെക്കുറിച്ച് സംസാരിക്കാനുള്ള ആഹ്വാനത്തെ വേഗത്തിൽ സെൻസർ ചെയ്യാൻ മുന്നോട്ടുവന്ന മതേതര സമൂഹം, അതിക്രമത്തിനുള്ള പരസ്യമായ ആഹ്വാനങ്ങൾക്കെതിരെ മിണ്ടാതിരുന്നത് ഈ വ്യവസ്ഥാപിത അക്രമത്തിന്റെ ഭാഗമാണ്.
പരസ്പര സമ്മതത്തോടെയുള്ള സംഭാഷണങ്ങളെക്കാൾ വേഗത്തിൽ അക്രമഭീഷണികളെ എതിർക്കാൻ കഴിയാത്ത ഒരു ലിബറലിസം, തങ്ങൾ യഥാർഥത്തിൽ ഏത് അവകാശത്തിനാണ് വില കൽപിക്കുന്നതെന്നു വ്യക്തമാക്കുന്നുണ്ട് -അത് തീർച്ചയായും പ്രകടനസ്വാതന്ത്ര്യമല്ല. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മാത്രം വിഷയമായിരുന്നില്ല; മറിച്ച് ആർക്കാണ് സംസാരിക്കാനും ദൃശ്യമാകാനും മൈക്ക് കയ്യിൽ വെക്കാനുമുള്ള അധികാരം എന്ന് നിശ്ശബ്ദമായി തീരുമാനിക്കുന്നതിന്റെ പ്രശ്നമാണ്.
