സ്വഹാബത്തിനെ അധിക്ഷേപിക്കുന്ന ശിയാക്കൾ
ശമീർ മദീനി
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

(പിശാചിന്റെ ചതിക്കുഴികൾ-31)
ദീനിനുവേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ചവരാണ് നബിﷺയുടെ അനുചരന്മാർ (സ്വഹാബികൾ). ദീനിന്റെ മാർഗത്തിൽ ശാരീരികവും മാനസികവും സാമ്പത്തികവുമായി ഏറെ അവർ സഹിച്ചിട്ടുണ്ട്. സ്വന്തം ജീവൻപോലും പണയപ്പെടുത്തി അവർ അത്യധികം അധ്വാനിച്ചിട്ടുണ്ട്. അല്ലാഹുവിനു വേണ്ടി എല്ലാം സമർപ്പിച്ച, ആത്മാർഥതയുടെ പ്രതീകങ്ങളായിരുന്നു അവർ. സ്വന്തം നാടും വീടും സമ്പാദ്യങ്ങളുംമെല്ലാം ത്യജിച്ചുകൊണ്ട് റബ്ബിന്റെ മാർഗത്തിൽ ദേശപരിത്യാഗം (ഹിജ്റ) നടത്തിയവരാണ് അവർ. അല്ലാഹു പറയുന്നു:
“മുഹാജിറുകളിൽനിന്നും അൻസ്വാറുകളിൽനിന്നും ആദ്യമായി മുന്നോട്ടു വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം’’ (ക്വുർആൻ 9:100).
അവരുടെ ത്യാഗത്തോളം വരില്ല പിൽക്കാലക്കാരുടെ ഏതു ത്യാഗവും അധ്വാനവും: “...നിങ്ങളുടെ കൂട്ടത്തിൽനിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടർ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കുവഹിക്കുകയും ചെയ്തവരെക്കാൾ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവർക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു...’’ (57:10).
അവരുടെ മഹത്ത്വങ്ങൾ വെളിപ്പെടുത്തുന്ന ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർആനിലും പ്രവാചക വചനങ്ങളിലും കാണാവുന്നതാണ്. അല്ലാഹു പറയുന്നു: “അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും (അൻസ്വാറുകൾക്ക്). തങ്ങളുടെ അടുത്തേക്കു സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസ്വാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും...’’ (59:9).
അവരോടു സ്നേഹവും ബഹുമാനവും ആദരവുമാണ് ഒരു യഥാർഥ വിശ്വാസിയിൽ നിന്നുണ്ടാവുക. അവരെ സ്നേഹിക്കൽ ഈമാനിന്റെ ഭാഗവും അവരോടുള്ള വെറുപ്പും വിദ്വേഷവും കുഫ്റിന്റെ അടയാളവുമാണ്.
എന്നാൽ അവരെ ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് മഹത്ത്വമായി കാണുന്നവരാണ് ശിയാക്കൾ. ആദരവിന്റെ പേരിൽ ഏറെ അതിരുകവിഞ്ഞ് പലരെയും അല്ലാഹുവിനു മാത്രം അവകാശപ്പെട്ട പദവികളിലേക്ക് ഉയർത്തുകവരെ ചെയ്ത ശിയാക്കളെക്കൊണ്ട് ഏറെ ആദരവ് അർഹിക്കുന്ന സ്വഹാബത്തിനെ തെറിവിളിപ്പിക്കാൻവരെ പിശാചിന് സാധിച്ചു എന്നതിലൂടെ പിശാചിന്റെ കുതന്ത്രങ്ങളുടെയും കെണികളുടെയും ആഴവും വ്യാപ്തിയും നാം തിരിച്ചറിയേണ്ടതുണ്ട്.
ആരാണു സഹാബത്ത്?
ഇബ്നു ഹജർ(റഹി) പറയുന്നു: “മുഹമ്മദ് നബിﷺയിൽ വിശ്വസിക്കുകയും അദ്ദേഹത്തെ നേരിൽ കാണുകയും മുസ്ലിമായിത്തന്നെ ഇഹലോകവാസം വെടിയുകയും ചെയ്തവരെയാണ് സ്വഹാബികൾ എന്നു പറയുന്നത്’’ (അൽഇസാബ, പേജ് 71).
അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവരാണ് അവർ. മുൻവേദങ്ങളിൽ അവരുടെ പ്രത്യേകതകളും മഹത്ത്വങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽനിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്കു കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെപ്പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തു കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടതു കരുത്താർജിച്ചു. അങ്ങനെ അതു കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിൻമേൽ നിവർന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ടുവരുന്നത്) അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാകുന്നു. അവരിൽനിന്നു വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു’’ (48:29).
നബിﷺ അവരെ പ്രശംസിച്ചു പറഞ്ഞ നിരവധി ഹദീസുകളും കാണാം. അവിടുന്ന് പറഞ്ഞു: “നക്ഷത്രങ്ങൾ ആകാശത്തിനു സുരക്ഷയാണ് എന്നതുപോലെ ഞാൻ എന്റെ അനുചരന്മാർക്കും എന്റെ അനുചരന്മാർ എന്റെ സമുദായത്തിനും സുരക്ഷയാണ്’’ (മുസ്ലിം).
യഥാർഥ വിശ്വാസികൾ അവരെ സ്നേഹിക്കുകയും ആദരിക്കുകയും അവർക്ക് നന്മക്കായി റബ്ബിനോട് പ്രാർഥിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: “അവരുടെ ശേഷം വന്നവർക്കും; അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു
പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു’’ (59:10).
എന്നാൽ ശിയാക്കൾ, മഹാഭൂരിപക്ഷം വരുന്ന സ്വഹാബിമാരെയും ശപിക്കുന്നവരും ചീത്ത വിളിക്കുന്നവരുമാണ്. പ്രവാചക പത്നിമാരും ഖുലഫാഉർറാശിദുകളടക്കമുള്ള പ്രമുഖരായ സ്വഹാബികളെ തങ്ങളുടെ ക്രൂരമായ ഭൽസനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്.
നബിﷺ പറഞ്ഞു: “നിങ്ങൾ എന്റെ അനുചരന്മാരെ ചീത്ത വിളിക്കരുത്. തീർച്ചയായും നിങ്ങളിൽ ഒരാൾ ഉഹ്ദു മലയോളം സ്വർണം ചെലവഴിച്ചു എന്ന് സങ്കൽപിക്കുക; എന്നാലും അവർ ചെലവഴിച്ച ഒരു കൈക്കുമ്പിളിനോളം അത് എത്തുകയില്ല’’ (ബുഖാരി, മുസ്ലിം).
അവരെ ചീത്ത പറയുന്നതിനെ ഗുരുതരമായ പാതകമായിട്ടാണ് മുൻഗാമികൾ കണ്ടത്. മതവിരോധികൾക്കല്ലാതെ അവരെ ചീത്ത പറയുവാൻ കഴിയുകയില്ല. ഇസ്ലാമിക ലോകത്തെ പ്രമുഖ പണ്ഡിതൻ ഖത്വീബുൽ ബഗ്ദാദി(റഹി) പറയുന്നു: “പ്രവാചകന്റെ അനുചരന്മാരിൽ ആരെയെങ്കിലും ഇകഴ്ത്തി സംസാരിക്കുന്ന ആളെ നീ കണ്ടാൽ അറിയുക; തീർച്ചയായും അയാൾ മതനിഷേധിയാണ്. കാരണം പ്രവാചകൻﷺ നമ്മുടെ പക്കൽ സത്യസമ്പൂർണനാണ്. ക്വുർആനും സത്യമാണ്. നിശ്ചയമായും ക്വുർആനും പ്രവാചക അധ്യാപനങ്ങളും നമ്മളിലേക്ക് എത്തിച്ചുതന്നത് പ്രവാചകാനുചരന്മാരായ സ്വഹാബത്താണ്. അവരെ മോശക്കാരായി ചിത്രീകരിക്കുകവഴി മതനിഷേധികൾ ഉദ്ദേശിക്കുന്നത് വിശുദ്ധ ക്വുർആനിനെയും തിരുസുന്നത്തിനെയും ദുർബലപ്പെടുത്തലാണ്. എന്നാൽ അവർക്കാണ് ആക്ഷേപങ്ങൾ ഏറ്റവും കൂടുതൽ ചേരുക. കാരണം, അവർ മതനിഷേധികളാണ്’’ (അൽകിഫായ, പേജ് 93).
സ്വഹാബികൾ എല്ലാവരും യാതൊരു അബദ്ധങ്ങളും സംഭവിക്കാത്ത പാപസുരക്ഷിതരാണ് എന്ന് ഈ പറഞ്ഞതിന് അർഥമില്ല. മനുഷ്യസഹജമായ അബദ്ധങ്ങൾ വല്ലതും അവരിൽ കണ്ടാൽ അവർക്കു വേണ്ടി പടച്ചവനോട് പ്രാർഥിച്ചുകൊണ്ട്, അവരെ ആക്ഷേപിക്കാതെ നാവും മനസ്സും സുരക്ഷിതമാക്കി വെക്കാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്.
അലി(റ)യുടെ ആളുകൾ എന്ന പേരുപറഞ്ഞു നടക്കുന്ന ശിയാക്കൾ സത്യത്തിൽ അദ്ദേഹത്തിന്റെ മാർഗത്തിൽനിന്ന് എത്രയോ വിദൂരത്താണ്. അബൂബക്ർ(റ), ഉമർ(റ) എന്നിവരടങ്ങിയ പ്രവാചകാനുചരൻമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അലി(റ).
സുവൈദ്ബ്നു ഗഫല(റ) പറയുന്നു: “ഞാൻ ഒരു സംഘം ശിയാക്കളുടെ അടുത്തുകൂടെ നടന്നുപോയി. അപ്പോൾ അവർ അബൂബക്റിനെയും ഉമറിനെയും പച്ചയ്ക്ക് തിന്നുകൊണ്ടിരിക്കുകയാണ് (അഥവാ പരദൂഷണം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു). അവരെക്കുറിച്ച് അപവാദങ്ങളും ന്യൂനതകളും പറഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ ഞാൻ അലി(റ)യുടെ അടുക്കൽ ചെന്നു പറഞ്ഞു: ‘അല്ലയോ അമീറുൽ മുഅ്മിനീൻ! താങ്കളുടെ അനുചരന്മാർ എന്നു പറയുന്ന ഒരുവിഭാഗം ആളുകളുടെ അടുത്തുകൂടെ ഞാൻ ഞാൻ നടന്നു. അപ്പോൾ അവർ അബൂബക്റി(റ)നെയും ഉമറി(റ)നെയും ധിക്കാരപരമായി ആക്ഷേപിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. താങ്കളുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് അവർ കരുതുന്നില്ലായിരുന്നുവെങ്കിൽ ഈ ധിക്കാരത്തിന് അവർ മുതിരുമായിരുന്നില്ല.’ അപ്പോൾ അലി(റ) പറഞ്ഞു: ‘അല്ലാഹുവിൽ ശരണം! അല്ലാഹുവിൽ ശരണം! അവരെക്കുറിച്ച് നല്ലതല്ലാത്ത വിചാരം കൊണ്ടുനടക്കുന്നവർക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ! പ്രവാചകന്റെ രണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമാണവർ; പ്രവാചകനെ ഏതു ഘട്ടത്തിലും സഹായിച്ച സഹകാരികളുമാണ്. അവർക്ക് രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ!’
എന്നിട്ട് കണ്ണുനീർ പൊഴിച്ചുകൊണ്ട് അലി(റ) അവിടെനിന്ന് എഴുന്നേറ്റു. എന്റെ കയ്യും പിടിച്ചു അദ്ദേഹം പള്ളിയിലേക്ക് കടന്നു. എന്നിട്ട് മിമ്പറിൽ കയറി തന്റെ താടിയിൽ പിടിച്ചുകൊണ്ട് അവിടെ കുറച്ചുനേരം ഇരുന്നു. ആളുകൾ ഒരുമിച്ചുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റ് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് അർഥ ഗംഭീരമായ ഒരു ചെറു പ്രസംഗം നടത്തി. അദ്ദേഹം പറഞ്ഞു:
“ക്വുറൈശികളുടെ നേതാക്കളും മുസ്ലിംകളുടെ ആദർശ പിതാക്കളുമായ അബൂബക്റിനെയും ഉമറിനെയും ആക്ഷേപിച്ചു പറയുന്നവരുടെ അവസ്ഥയെന്താണ്? എനിക്കതിൽ യാതൊരു പങ്കുമില്ല. അവർ പറഞ്ഞതിൽനിന്നും ഞാൻ ഒഴിവാണ്. അവർ പറഞ്ഞ ആ ധിക്കാരത്തിനെതിരെ നടപടിയെടുക്കുന്നതാണ്. അല്ലാഹുവാണെ സത്യം! അബൂബക്റിനെയും ഉമറിനെയും സത്യവിശ്വാസികളും മുത്തക്വികളുമല്ലാതെ സ്നേഹിക്കുകയില്ല. തെമ്മാടികളും ദുർമാർഗികളുമായ ആളുകളല്ലാതെ അവരോട് വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുകയുമില്ല. അവർ രണ്ടുപേരും പ്രവാചകന്റെ അനുചരന്മാരാണ്. സത്യസന്ധമായി നിലകൊണ്ടവരും കരാർ പാലിച്ചവരും നന്മകൽപിച്ചവരും തിന്മ വിരോധിച്ചവരും തിന്മയുടെ വക്താക്കൾക്കെതിരിൽ ദേഷ്യപ്പെട്ടവരും നിലപാട് സ്വീകരിച്ചവരുമാണ്. നബിﷺയുടെ മാർഗ നിർദേശങ്ങളെ അവർ ഒരിക്കലും വിട്ടുകടന്നിട്ടില്ല. അവരെപ്പോലെ മറ്റൊരാളെയും നബിﷺ സ്നേഹിച്ചിട്ടുമില്ല. അവരെ സംബന്ധിച്ച് സംതൃപ്തനായിക്കൊണ്ടാണ് നബിﷺ ഈ ലോകത്തോടു യാത്രപറഞ്ഞത്. സത്യവിശ്വാസികൾ അവരെ സംബന്ധിച്ച് സംപ്രീതരായിക്കൊണ്ടാണ് അവരും ഈ ലോകത്തോടു വിടപറഞ്ഞത്.’ നബി ﷺയുടെ ജീവിതകാലത്തുതന്നെ വിശ്വാസികൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് 9 ദിവസത്തോളം അബൂബക്ർ(റ) നമസ്കരിച്ചു. പ്രവാചക വിയോഗത്തിനുശേഷം സത്യവിശ്വാസികൾ അദ്ദേഹത്തെ അധികാരസ്ഥാനത്തേക്ക് നിയോഗിച്ചു. തങ്ങളുടെ സകാത്ത് അവർ അദ്ദേഹത്തെ ഏൽപിച്ചു. അവർ എല്ലാവരും പൂർണ മനസ്സോടെ അദ്ദേഹത്തെ അംഗീകരിക്കുകയും സ്വമേധയാ തന്നെ ബൈഅത്ത് നൽകുകയും ചെയ്തു’’ (തൽബീസു ഇബ്ലീസ്, പേജ് 112).
