ബാത്വിനിയാക്കളും ഉൾസാര വ്യാഖ്യാനങ്ങളും
ശമീർ മദീനി
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

(പിശാചിന്റെ ചതിക്കുഴികൾ-31)
ഇസ്ലാമിനെ മറയാക്കി ശീഇസത്തിന്റെ ആശയങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ഒരു വിഭാഗമാണ് ബാത്വിനിയാക്കൾ, അഥവാ ഉൾസാര വ്യാഖ്യാനത്തിന്റെ വക്താക്കൾ. അവരുടെ വിശ്വാസങ്ങളും കർമങ്ങളും ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്ന വിശ്വാസ-ആദർശങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. അവരു ടെ ആശയാദർശങ്ങളുടെ ആകെത്തുകയായി ഇബ്നുൽ ജൗസി (റഹി) പറയുന്നത് കാണുക:
“സ്രഷ്ടാവിനെ നിഷേധിക്കലും പ്രവാചകത്വത്തെയും പ്രവാചകൻﷺ പഠിപ്പിച്ച ആരാധനാകർമങ്ങളെയും നിരാകരിക്കലും പുനരുത്ഥാനത്തെ അഥവാ പരലോകത്തെ നിഷേധിക്കലുമാണ് ഇവരുടെ ആശയത്തിന്റെ ആകെത്തുക. എന്നാൽ ഇക്കാര്യം അവർ ആദ്യം പരസ്യമാക്കില്ല; മറിച്ച് അല്ലാഹു സത്യമാണ്, മുഹമ്മദ് നബി സത്യമാണ്, ഇസ്ലാം ശരിയാണ് എന്നൊക്കെയായിരിക്കും അവർ പറയുക. എന്നാൽ അതോടൊപ്പം ഇതിനൊക്കെ പ്രത്യക്ഷമല്ലാത്ത ഓരോ ആന്തരിക ആശയവും വിവക്ഷയുമുണ്ട് എന്നവർ പറഞ്ഞുകൊണ്ടിരിക്കും’’ (തൽബീസു ഇബ്ലീസ്, പേജ് 113).
ഇവരെക്കൊണ്ട് ചില്ലറ കളികളല്ല പിശാചു കളിച്ചത്. പിശാച് അവരെ വിദൂരമായ വഴികേടിലേക്ക് കൊണ്ടുപോവുകയും അവരിലൂടെ ധാരാളം ആളുകളെ വഴിപിഴപ്പിക്കുകയും ചെയ്തു. ഇവർക്ക് വ്യത്യസ്തങ്ങളായ എട്ടോളം പേരുകളുണ്ട്. അതിലൊന്നാണ് ‘ബാത്വിനിയ്യത്ത്’ അഥവാ ‘ഉൾസാര വ്യാഖ്യാനക്കാർ’ എന്നത്.
ക്വുർആനിന്റെയും ഹദീസുകളുടെയുമൊക്കെ പ്രത്യക്ഷമായ അർഥങ്ങൾക്കപ്പുറത്ത് ഓരോന്നിനും ആന്തരികമായ വ്യാഖ്യാനങ്ങളുണ്ട് എന്ന് ഇവർ അവകാശപ്പെടുന്നതുകൊണ്ടാണ് ‘ബാത്വിനയ്യത്ത്’ അഥവാ ‘ഉൾസാര വ്യാഖ്യാനക്കാർ’ എന്ന പേരിൽ ഇവർ അറിയപ്പെടുന്നത്.
‘തൊലിയും കാമ്പും പോലെ. ബാഹ്യമായ രൂപം കണ്ട് അതിനെ വിലയിരുത്തുന്നവൻ തൊലിപ്പുറം മാത്രം കണ്ടവനാണ്. അവർ വിവരമില്ലാത്തവരും ബുദ്ധി ഉപയോഗിക്കാത്തവരുമാണ്. എന്നാൽ അതിനപ്പുറത്തെ ഉൾസാര വ്യാഖ്യാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമാൻമാർക്ക് സാധിക്കും. ആ ബാഹ്യമായ പദങ്ങളും വാചകങ്ങളും ആന്തരികമായ ആശയങ്ങളിലേക്കുള്ള ചില സൂചനകൾ മാത്രമാണ്’ എന്നാണ് ഇവർ പറയാറുള്ളത് .
പ്രസ്തുത ആന്തരികമായ ഉൾസാര വ്യാഖ്യാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ ബാഹ്യമായ അർഥങ്ങളിൽ തൃപ്തരായി ജീവിക്കുന്നവർ മതത്തിന്റെ വിധിവിലക്കുകൾ എന്ന ചങ്ങലകളിൽ ബന്ധിതരായി രിക്കും. എന്നാൽ ഉൾസാര വ്യാഖ്യാനങ്ങളിലേക്ക് ഇറങ്ങിച്ചെന്നവർക്കാകട്ടെ, അത്തരം നിയമശാസനകൾ ഒന്നും ബാധകമായിരിക്കുകയില്ല. മതനിയമങ്ങളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് ആ ഭാണ്ഡം ഇറക്കി വെച്ചവരായിരിക്കും അത്തരക്കാർ എന്നും ഇവർ ജൽപിക്കുന്നു!
വിശുദ്ധ ക്വുർആനിൽ (7:157) ‘അവരുടെ ഭാരം അവരിൽനിന്ന് ഇറക്കിവയ്ക്കുകയും അവരുടെ മേൽ ഉണ്ടായിരുന്ന ചങ്ങലക്കെട്ടുകൾ നീക്കുകയും ചെയ്യും’ എന്നു പറഞ്ഞത് തങ്ങളെക്കുറിച്ചാണെന്നും ഇവർ വാദിക്കുന്നു.
ഇസ്ലാമിന്റെ ശരിയായ വിശ്വാസ-ആദർശങ്ങളിൽനിന്ന് ആളുകളെ പുറത്തുചാടിക്കാൻ പിശാച് തോന്നിപ്പിച്ചുകൊടുത്ത ഒരു ദുർന്യായം മാത്രമാണ് ഈ ‘ഉൾസാരവ്യാഖ്യാനം’ എന്നത്. പ്രവാചകൻﷺ അത്തരം ഒരു രീതി പഠിപ്പിച്ചുതന്നിട്ടില്ല.
നബിﷺ ഈ ലോകത്തോടു വിടപറയുന്നതുവരെയും മതനിയമങ്ങളും ശാസനകളുമൊക്കെ പാലിച്ച്, ശരീഅത്തിന്റെ എല്ലാ കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കി, മാന്യമായി ആരാധനകൾ അനുഷ്ഠിച്ചുകൊണ്ട് ജീവിച്ചതായി നമുക്ക് കാണാൻ കഴിയും.
മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുവരെ അദ്ദേഹം മതത്തിന്റെ നിയമങ്ങൾ കണിശമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്തിരുന്നു. ആ രീതിതന്നെയാണ് നബിﷺയിൽ നിന്ന് മതം പഠിച്ചു മനസ്സിലാക്കിയ അനുചരന്മാർ അടക്കമുള്ള സച്ചരിതരായ മുൻഗാമികൾ തുടർന്നുവന്നത്. ക്വുർആൻ പറയുന്നു:
“ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക’’ (15:99).
ഒരു പ്രവാചകനും സ്വന്തം ജനതയോട് കർമങ്ങളുടെയും നിയമശാസനകളുടെയും കാര്യങ്ങൾ പറഞ്ഞിട്ട് സ്വന്തം ജീവിതത്തിൽ അതൊന്നും ബാധകമല്ലാത്ത മറ്റൊരു ജീവിതം നയിക്കുന്ന രീതി സ്വീകരിച്ചിട്ടില്ല. സത്യത്തിൽ അതൊരുതരം കാപട്യമാണല്ലോ. ക്വുർആൻ പറയുന്നു:
قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
‘അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവൻ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നൽകിയിരിക്കുകയുമാണെങ്കിൽ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാൻ കഴിയും?). നിങ്ങളെ ഞാൻ ഒരു കാര്യത്തിൽ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളിൽനിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാൻ തന്നെ അത് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനിലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു’ (11:88).
അത്തരം സ്വഭാവം പടച്ച റബ്ബിന്റെ പക്കൽനിന്നുള്ള വലിയ ക്രോധത്തിന് കാരണമാകുമെന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു? നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുക എന്നുള്ളത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു’’ (61:2,3).
മതനിയമങ്ങളുടെയും പ്രമാണങ്ങളുടെയും ശരിയായ വിവക്ഷയും ലക്ഷ്യങ്ങളും വിശദീകരിച്ചു തരുവാനാണ് അല്ലാഹു പ്രവാചകന്മാരെ പറഞ്ഞയച്ചിട്ടുള്ളത്. അവർ പറഞ്ഞുതരാത്ത ഒരു ഉൾസാര വ്യാഖ്യാനവും ഒരു വിശ്വാസി സ്വീകരിക്കാൻ ബാധ്യസ്ഥനല്ല.
