ബലികർമവും ബാലിശമായ ആരോപണങ്ങളും
ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
2026 ജൂൺ 27, 1448 മുഹർറം 12

ആധുനിക കാലത്ത് ഇസ്‌ലാമിനെതിരിൽ ഉയർത്തപ്പെടുന്ന വിമർശനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും തെറ്റുധാരണജനകവുമായ ഒന്നാണ് ഇസ്‌ലാമിലെ ‘ഉദുഹിയ്യത്ത്’ (ക്വുർബാനി) അഥവാ ബലികർമം. ബലിപെരുന്നാളിനോടനുബന്ധിച്ച് മുസ്‌ലിംകൾ നിർവഹിക്കുന്ന ഈ ആരാധനാചടങ്ങിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത, സമ്പത്തിന്റെ പാഴ്‌ചെലവ്, ആധുനികയുഗത്തിൽ അപ്രസക്തമായ കാര്യം എന്നിങ്ങനെ പലതരത്തിലുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ഉയർന്നുവരാറുണ്ട്.
ഈ വിമർശനങ്ങളിൽ എത്രത്തോളം യാഥാർഥ്യമുണ്ട്, ഇസ്‌ലാം യഥാർഥത്തിൽ എന്താണ് പഠിപ്പിക്കുന്നത്, ഇതിന്റെ ആത്മീയവും സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം എന്താണ് തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും സമഗ്രവുമായ ഒരു വിശകലനം ആവശ്യമാണ്.
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇസ്‌ലാമിനെതിരെ പലവിധ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാലവും സാഹചര്യങ്ങളും
മാറിയതോടെ ആരോപണങ്ങളുടെ രൂപവും ഭാഷയും മാറിയെങ്കിലും അതിന്റെ ലക്ഷ്യം ഇന്നും അതേപടി തുടരുന്നു. ആഗോളവത്കരണത്തിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് വ്യാപകമായ തെറ്റുധാരണകൾ ബോധപൂർവം എല്ലായിടത്തും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അടർക്കളങ്ങളിൽ പരാജയപ്പെട്ട ഇസ്‌ലാംവിരുദ്ധ ശക്തികൾ പിന്നീട് ബൗദ്ധികവും സാംസ്‌കാരികവുമായ ആക്രമണങ്ങളിലേക്ക് തിരിയുകയായിരുന്നു. ഇസ്‌ലാമിക ആചാരങ്ങളെ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കുകയും അവയെ അസഭ്യമായോ ക്രൂരമായോ ചിത്രീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ശൈലി. ബലികർമത്തെക്കുറിച്ചുള്ള വിമർശനങ്ങളും ഇതേ പശ്ചാത്തലത്തിൽ വേണം നാം മനസ്സിലാക്കാൻ.
അറബി ഭാഷയിലെ ‘ക്വുർബ്’ എന്ന മൂലപദത്തിൽ നിന്നാണ് ‘ക്വുർബാൻ’ ഉണ്ടായത്. ഇതിന്റെ അർഥം ‘സമീപിക്കുക’ എന്നാണ്. അതായത് ക്വുർബാനി എന്നത് മാംസം ലഭിക്കാനോ മൃഗങ്ങളെ കൊല്ലാനോ വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങല്ല; മറിച്ച് അല്ലാഹുവിനോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു ആരാധനയാണ്.
ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് വിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നത്, മൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിലേക്ക് എത്തുന്നില്ലെന്നും, മറിച്ച് മനുഷ്യന്റെ തക്വ്‌വ അഥവാ ദൈവഭയമാണ് അവനിലേക്ക് എത്തുന്നത് എന്നുമാണ്. അല്ലാഹുവിന്റെ കൽപനകൾക്ക് പൂർണമായി കീഴടങ്ങാനുള്ള മനോഭാവവും ത്യാഗസന്നദ്ധതയും പ്രകടിപ്പിക്കുകയാണ് ഇതിന്റെ യഥാർഥ ഉദ്ദേശ്യം.
ക്വുർബാനിയുടെ ചരിത്രം ഇബ്‌റാഹീം നബി(അ) എന്ന മഹാനുമായി ബന്ധപ്പെട്ടതാണ്. വാർധക്യത്തിൽ ലഭിച്ച പ്രിയപുത്രനായ ഇസ്മാഈലി(അ)നെ അല്ലാഹുവിന്റെ കൽപന പ്രകാരം ബലിയർപ്പിക്കാൻ അദ്ദേഹം സന്നദ്ധനായി. വൃദ്ധനായ ഒരു പിതാവ് തന്റെ ഏകമകനെ ബലിയർപ്പിക്കാൻ തയ്യാറാകുക എന്നത് പൊതുവെ മനുഷ്യപ്രകൃതിക്ക് അസാധ്യമായ ത്യാഗമാണ്.
എന്നാൽ അല്ലാഹുവിന്റെ ഉത്തരവിന് മുന്നിൽ ആ പിതാവും പുത്രനും പൂർണമായും സമർപ്പിതരായി. അവരുടെ ഈ അനുസരണയും വിശ്വാസവും സ്വീകരിച്ച് അംഗീകരിച്ച അല്ലാഹു, മനുഷ്യബലിക്ക് പകരം ഒരു ആടിനെ ബലിയർപ്പിക്കാൻ നിർദേശിച്ചു. അതിന്റെ സ്മരണയാണ് ഇന്നും മുസ്‌ലിംകൾ ക്വുർബാനിയിലൂടെ നിലനിർത്തുന്നത്.
ഇതിനെതിരെ ഉയരുന്ന സാധാരണമായ ഒരു ആരോപണം ഇതൊരു ക്രൂരതയാണെന്നതാണ്. എന്നാൽ ലോകമെമ്പാടും ദിവസവും കോടിക്കണക്കിന് മൃഗങ്ങൾ വ്യവസായ ആവശ്യങ്ങൾക്കായി കൊല്ലപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. ഗോ സംരക്ഷണ കേന്ദ്രങ്ങളിൽ മൃഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നും ക്രൂരത കാണാത്തവർ ഇസ്‌ലാമിലെ ബലികർമത്തെ ക്രൂരതയെന്ന് വിശേഷിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം വേറെയാണ്.
ഇസ്‌ലാം മൃഗങ്ങളോട് കാരുണ്യം കാണിക്കാൻ കർശനമായ നിർദേശങ്ങൾ നൽകുന്ന മതമാണ്. മുഹമ്മദ് നബിﷺ എല്ലാ കാര്യങ്ങളിലും ‘ഇഹ്‌സാൻ’ അഥവാ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനം നിർബന്ധമാക്കിയിട്ടുണ്ട്. അറുക്കുമ്പോൾ കത്തിക്ക് മൂർച്ചകൂട്ടുക, മൃഗത്തെ മറ്റൊരു മൃഗത്തിന്റെ മുമ്പിൽ വെച്ച് അറുക്കാതിരിക്കുക, ഭയപ്പെടുത്താതിരിക്കുക, വേഗത്തിൽ അറുത്ത് വേദന കുറയ്ക്കുക തുടങ്ങിയ കരുണയുള്ള നിർദേശങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പേ ഇസ്‌ലാം നൽകിയിട്ടുമുണ്ട്.
മാംസം ഭക്ഷിക്കൽ തെറ്റാണെന്ന വാദവും ബലികർമത്തിനെതിരെ ഉയരാറുണ്ട്. മനുഷ്യന്റെ ദഹന വ്യവസ്ഥയും പല്ലുകളുടെ ഘടനയും പരിശോധിക്കുമ്പോൾ, സസ്യഭക്ഷണവും മാംസഭക്ഷണവും ഒരുപോ ലെ കഴിക്കാൻ കഴിയുന്ന ജീവിയായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാനാവും. മുൻപല്ലുകൾ, കോമ്പല്ലുകൾ, അണപ്പല്ലുകൾ എന്നിവ ഇതിന് തെളിവാണ്. മാംസത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിൻ, ഇരുമ്പ് തുടങ്ങിയ പോഷകഘടകങ്ങൾ മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവയാണ്. മാംസം കഴിക്കുന്നത് മനുഷ്യസ്വഭാവത്തിന് വിരുദ്ധമാണെന്ന വാദത്തിന് ലവലേശം ശാസ്ത്രീയ അടിത്തറയില്ല.
‘മൃഗത്തെ വാങ്ങാൻ ചെലവാക്കുന്ന പണം പാവങ്ങൾക്ക് കൊടുത്താൽ പോരേ’ എന്ന ചോദ്യം യുക്തിസഹമായി തോന്നാമെങ്കിലും, ബലികർമം ഒരു ആരാധനയാണെന്ന അടിസ്ഥാനപരമായ കാര്യം ഇവിടെ അവർ മറന്നുപോകുന്നു. നമസ്‌കാരത്തിന് പകരം പണം നൽകാൻ കഴിയാത്തതുപോലെ, ക്വുർബാനിക്ക് പകരമായി പണം നൽകാൻ സാധ്യമല്ല. അതേസമയം, മാംസം ബന്ധുക്കൾക്കും അയൽവാസികൾക്കും ദരിദ്രർക്കും വിതരണം ചെയ്യുന്നതിലൂടെ ദരിദ്രർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുകയും ചെയ്യുന്നു. ഒപ്പം, ഇത് കന്നുകാലി വളർത്തുന്ന കർഷകർക്കും വിപണികൾക്കും ഗതാഗതമേഖലയ്ക്കും വലിയ സാമ്പത്തിക ഉണർവ് നൽകുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ബലികർമം വലിയ പങ്കുവഹിക്കുന്നുണ്ട്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും പ്രായോഗികമായ പരിഹാരമാണുള്ളത്. ഇസ്‌ലാം ശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്നു; അതിനാൽ കുർബാനിക്കുശേഷമുള്ള അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഇന്ന് പല യുവാക്കളും സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മതത്തെയും വിശ്വാസത്തെയും വിലയിരുത്തുന്നത്. അതിനാൽ ഇത്തരം സംശയങ്ങൾക്ക് വികാരപരമായ പ്രതികരണങ്ങൾക്കു പകരം വിജ്ഞാനപരമായ മറുപടികളാണ് നൽകേണ്ടത്. ഇസ്‌ലാമിക വിജ്ഞാനം ആർജിക്കുകയും അത് പുതുതലമുറക്ക് പകർന്നുനൽകുകയും ചെയ്യേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ കടമയാണ്.
