മനുഷ്യന്റെ ദുർബലതയും സ്രഷ്ടാവിന്റെ ശക്തിയും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
2026 ജനുവരി 24, 1447 ശഅ്ബാൻ 05

(ക്വുർആനിലെ സാർവലൗകിക വിളികൾ-5)
ശാസ്ത്രവും സാങ്കേതികവിദ്യയും വാനോളം വളർന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ, മനുഷ്യന്റെയും അവൻ ആശ്രയിക്കുന്ന ശക്തികളുടെയും യഥാർഥ ‘കഴിവുകേട്’ തുറന്നുകാട്ടുന്ന ക്വുർആനിലെ അത്ഭുതകരമായ ഒരു വെല്ലുവിളിയാണിത്.
“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ’’ (ക്വുർആൻ 22:73).
ഒരു ഈച്ചയെ സൃഷ്ടിക്കാമോ?
ആധുനിക മനുഷ്യൻ വലിയ അഹങ്കാരത്തിലാണ്. ക്ലോണിംഗിലൂടെയും നിർമിത ബുദ്ധിയിലൂടെയും ജനിതക സാങ്കേതികവിദ്യയിലൂടെയും എന്തൊക്കെയോ കീഴടക്കി എന്ന് നാം അഹങ്കരിക്കുന്നു. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് ക്വുർആൻ മനുഷ്യരാശിയുടെയും, അവർ ദൈവത്തിന് പുറമെ വിളിച്ചു പ്രാർഥിക്കുന്നവരുടെയും മുന്നിലേക്ക് ഒരു ചെറിയ വെല്ലുവിളി എറിഞ്ഞു കൊടുത്തു. ഇന്നുവരെ മറുപടി നൽകാൻ ആർക്കും സാധിക്കാത്ത, ഇനി ഒരിക്കലും സാധിക്കാത്ത ആ വെല്ലുവിളിയാണ് ഈ വചനം. ഈ വചനത്തിലെ ചിന്തോദ്ദീപകമായ കാര്യങ്ങൾ പരിശോധിക്കാം:
എന്തുകൊണ്ട് ഒരു ഈച്ച?: സാധാരണയായി ശക്തി തെളിയിക്കാൻ സിംഹത്തെയോ ആനയെയോ ആണ് ഉദാഹരിക്കാറുള്ളത്. എന്നാൽ ഇവിടെ അല്ലാഹു തിരഞ്ഞെടുത്തത് നിസ്സാരമെന്ന് നാം കരുതുന്ന ‘ഈച്ച’യെയാണ്.
ഏറ്റവും ദുർബലമായ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അഹങ്കാരം? ഈച്ചയെ എന്നല്ല അതിലും ചെറിയ ജീവിയെയും മനുഷ്യന് സ്വന്തമായി സൃഷ്ടിക്കാൻ സാധ്യമല്ല. ഈച്ചയുടെ കണ്ണിന്റെ ഘടനയും (Compound Eyes) അതിന്റെ പറക്കൽ രീതിയും (Aerodynamics) ഇന്നും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന എൻജിനീയറിംഗ് ആണ്.
കൂട്ടായ പരിശ്രമവും പരാജയപ്പെടും: ‘അതിനായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. ലോകത്തെ മുഴുവൻ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ദൈവങ്ങളായി വാഴിക്കപ്പെടുന്നവരും ഒന്നിച്ചിരുന്ന് ശ്രമിച്ചാലും, നിർജീവമായ വസ്തുക്കളിൽനിന്ന് ജീവനുള്ള ഒരു ഈച്ചയെ ഉണ്ടാക്കാൻ കഴിയില്ല. ജീവനുള്ള കോശങ്ങളിൽ മാറ്റം വരുത്താൻ മനുഷ്യന് കഴിഞ്ഞേക്കാം, എന്നാൽ ഇല്ലായ്മയിൽ നിന്ന് ജീവൻ നൽകാൻ സ്രഷ്ടാവിനല്ലാതെ ആർക്കും കഴിയില്ല.
അങ്ങേയറ്റത്തെ കഴിവുകേട്: ഈ വചനത്തിന്റെ രണ്ടാം ഭാഗം മനുഷ്യന്റെ കഴിവുകേട് കൂടുതൽ വ്യക്തമാക്കുന്നതാണ്. ‘ഈച്ച അവരുടെ പക്കൽനിന്ന് വല്ലതും തട്ടിയെടുത്താൽ അത് മോചിപ്പിക്കാൻ പോലും അവർക്ക് കഴിയില്ല.’
പ്രസാദമായി വെച്ചിരിക്കുന്ന മധുരപലഹാരത്തിൽ നിന്നോ, മറ്റെന്തെങ്കിലും ഭക്ഷണത്തിൽ നിന്നോ ഒരു ഈച്ച ഒരു തരി ഭക്ഷണം എടുത്തുകൊണ്ട് പോയാൽ, അത് അതേ രൂപത്തിൽ തിരിച്ചുപിടിക്കാൻ ലോകത്തെ വമ്പൻ ശക്തികൾക്ക് പോലും സാധിക്കില്ല.
തട്ടിപ്പറിച്ച് ഓടിപ്പോയ പിടിച്ചുപറിക്കാരനെ ഓടിപ്പിടിച്ച് തൊണ്ടി മുതൽ തിരികെയെടുക്കാൻ മനുഷ്യന് കഴിഞ്ഞേക്കാം. പക്ഷേ, ഒരു ഈച്ചയിൽ നിന്നും അസാധ്യം! ഈച്ചയുടെ ഉമിനീർ ഗ്രന്ഥിയിലെ എൻസൈമുകൾ നിമിഷനേരം കൊണ്ട് ഭക്ഷണത്തെ ദഹിപ്പിച്ച് മാറ്റിക്കളയുന്നു. എത്ര നിസ്സാരനാണ് മനുഷ്യൻ! ഒരു ഈച്ചയോട് പോലും ജയിക്കാൻ അവന് കഴിയില്ല.
അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ: അല്ലാഹു അല്ലാത്ത ഏതൊരു ശക്തിയോട് നിങ്ങൾ പ്രാർഥിച്ചിട്ടും കാര്യമില്ല. പ്രാർഥിക്കുന്ന മനുഷ്യരും (അപേക്ഷിക്കുന്നവർ), പ്രാർഥിക്കപ്പെടുന്ന വ്യാജ ദൈവങ്ങളും/ആൾദൈവങ്ങളും/വിഗ്രഹങ്ങളും (അപേക്ഷിക്കപ്പെടുന്നവർ), മരിച്ചുപോയ മഹാന്മാരും സിദ്ധന്മാരായി ചമയുന്നവരും ഒരുപോലെ ദുർബലരാണെന്ന് ഈ വചനം സമർഥിക്കുന്നു. സൃഷ്ടിക്കാൻ കഴിവില്ലാത്തവർ എങ്ങനെയാണ് സ്രഷ്ടാവാകുക? എങ്ങനെയാണ് ആരാധ്യരാവുക?
ധനം, അധികാരം, സാങ്കേതികവിദ്യ, പ്രശസ്തി പോലുള്ളവയെ ജീവിതത്തിന്റെ കേന്ദ്രമാക്കുന്നവർ ഓർക്കണം! ഇവയ്ക്ക് ഒരു ചെറു വൈറസിനെപ്പോലും നിയന്ത്രിക്കാൻ കഴിയില്ല. പലപ്പോഴും അവ നമ്മെ നിയന്ത്രിക്കുന്നു. (കോവിഡ് വൈറസ് ലോകം സ്തംഭിപ്പിച്ചത് നാം സാക്ഷ്യം വഹിച്ചവരാണ്) പണ്ഡിതന്മാർ പറയുന്നു: ‘ഈ ഉപമയുടെ ശക്തി അതിന്റെ ലാളിത്യത്തിലാണ്. ഏറ്റവും ചെറിയ ജീവിയെ എടുത്തതുകൊണ്ട് മാത്രം മതി അല്ലാഹുവല്ലാത്തതെല്ലാം നിസ്സാരമാണെന്ന് തെളിയിക്കാൻ.’
ഈ പ്രപഞ്ചത്തിലെ ഓരോ അണുവും സ്രഷ്ടാവിന്റെ കരവിരുതാണ്. സാങ്കേതികവിദ്യ എത്ര വളർന്നാലും, ഒരു ഈച്ചയുടെ ചിറക് നിർമിക്കാൻ പോലും മനുഷ്യൻ അശക്തനാണ് എന്ന തിരിച്ചറിവ്, അവനെ വിനയമുള്ളവനാക്കി മാറ്റണം. ആ തിരിച്ചറിവിലൂടെ, സർവശക്തനായ നാഥനിലേക്ക് മടങ്ങാനാണ് ഈ വചനം നമ്മെ ക്ഷണിക്കുന്നത്.
മനുഷ്യാ, നിന്റെ യഥാർഥ ആശ്രയം അല്ലാഹു മാത്രം. അവനല്ലാത്തതെല്ലാം ദുർബലം, താത്കാലികം, നിസ്സാരം. ഒരു ഈച്ചയുടെ ഉപമയിലൂടെ ക്വുർആൻ സൃഷ്ടിപൂജ നടത്തുന്ന മനുഷ്യരെ തൗഹീദിലേക്ക് തിരിച്ചുവിളിക്കുന്നു. അവൻ മാത്രമാണ് യഥാർഥ സ്രഷ്ടാവും സംരക്ഷകനും.
(തുടരും)

