നബിﷺയുടെ ഹജ്ജ് യാത്ര: ചരിത്രവും പാഠങ്ങളും

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 മെയ് 23, 1447 ദുൽഹിജ്ജ 07

അല്ലാ ഹുവിനോടുള്ള സമ്പൂർണമായ വിധേയത്വമാണ് ഇസ്‌ലാമിലെ ഓരോ ആരാധനാകർമത്തിന്റെയും അന്തസ്സത്ത. നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയെപ്പോലെ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അതിപ്രധാനമായ ഒന്നാണ് ഹജ്ജ്.

ശാരീരികവും സാമ്പത്തികവുമായ സമർപ്പണങ്ങൾ ഒരുപോലെ ഒത്തുചേരുന്ന ഹജ്ജ്, ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമാക്കപ്പെട്ട വിശുദ്ധമായൊരു യാത്രയാണ്. സ്തീകളും പുരുഷന്മാരുമടങ്ങിയ ആബാലവൃദ്ധം ഹാജിമാർ അറഫയിലും മുസ്ദലിഫയിലും മിനായിലും കാഴ്ചവെക്കുന്ന വിനയവും പ്രാർഥനയും സൃഷ്ടിപ്പിന്റെ ലക്ഷ്യമായ ഇബാദത്തിനെ അന്വർഥമാക്കുന്നു.

ഹിജ്‌റ പത്താം വർഷം ദുൽക്വഅദ് മാസത്തിലാണ് നബിﷺ ഹജ്ജിനായി പുറപ്പെടാൻ തീരുമാനി ച്ചത്. ഈ വാർത്തയറിഞ്ഞ് മദീനയുടെ പരിസരപ്രദേശങ്ങളിൽനിന്നെല്ലാം അനുയായികൾ ഒഴുകിയെത്തി. ദുൽക്വഅദ് 25ന് ശനിയാഴ്ച ദ്വുഹ്ർ നമസ്‌കാരത്തിനു ശേഷം നബിﷺ മദീനയിൽനിന്ന് പുറപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ തിരുമേനിയുടെ മുൻപിലും പിന്നിലും വശങ്ങളിലുമായി കണ്ണെത്താദൂരത്തോളം അണിനിരന്നു. യാത്രാമധ്യെ ‘ലബ്ബൈക്ക്’ മന്ത്രം മുഴക്കി നബിﷺ മുന്നോട്ട് നീങ്ങി. അർജ്, അബ്‌വാ, ഉസ്ഫാൻ, സരിഫ് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ദുൽഹജ്ജ് നാലിന് അദ്ദേഹം മക്കയിലെത്തി. ഹറമിൽ പ്രവേശിച്ച തിരുമേനിﷺ ഹജറുൽ അസ്‌വദ് ചുംബിക്കുകയും കഅ്ബയെ ഏഴുതവണ പ്രദക്ഷിണം വെക്കുകയും ചെയ്തു. തുടർന്ന് മക്വാമു ഇബ്‌റാഹീമിന് പിന്നിൽനിന്ന് നമസ്‌കരിക്കുകയും സ്വഫാ-മർവ കുന്നുകൾക്കിടയിൽ സഅ്‌യ് നിർവഹിക്കുകയും ചെയ്തു. സ്വഫാ കുന്നിന് മുകളിൽനിന്ന് ക്വിബ്‌ലയ്ക്ക് അഭിമുഖമായി നിന്ന് അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും ഏകദൈവത്വം പ്രഖ്യാപി ക്കുകയും ചെയ്തു.

ദുൽഹജ്ജ് എട്ടിന് വ്യാഴാഴ്ച നബിﷺ മിനായിലേക്ക് നീങ്ങി. അവിടെ അഞ്ച് നേരത്തെ നമസ്‌കാരങ്ങൾ പൂർത്തിയാക്കിയശേഷം അറഫയിലേക്ക് തിരിച്ചു. അറഫയ്ക്ക് സമീപമുള്ള നമിറയിൽ തനിക്കു ണ്ടാക്കിയ കൂടാരത്തിൽ അദ്ദേഹം വിശ്രമിച്ചു. സൂര്യൻ മധ്യരേഖയിൽനിന്ന് തെറ്റിയപ്പോൾ നബി ﷺ തന്റെ ഒട്ടകമായ ഖസ്‌വയിൽ കയറി അറഫാ മൈതാനിയിലെത്തി ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നിർവഹിച്ചു.

മനുഷ്യന്റെ രക്തത്തിനും സമ്പത്തിനും അഭിമാനത്തിനും പവിത്രതയുണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ജാഹിലിയ്യ കാലത്തെ അന്ധവിശ്വാസങ്ങളെയും പലിശയെയും പാടെ തള്ളിക്കളഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരോട് കാണിക്കേണ്ട കരുണയെക്കുറിച്ചും ജനങ്ങളെ ഓർമിപ്പിച്ചു. തന്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിയോ എന്ന് മൂന്നുതവണ അദ്ദേഹം ചോദിക്കുകയും ജനങ്ങൾ അതെ എന്ന് സാക്ഷ്യം വഹിച്ചപ്പോൾ അല്ലാഹുവിനെ അതിന് സാക്ഷിയാക്കുകയും ചെയ്തു. അവിടെവെച്ചാണ് ദീൻ പൂർത്തിയാക്കപ്പെട്ടുവെന്ന ക്വുർആൻ സൂക്തം അവതീർണമായത്.

തുടർന്ന് മുസ്ദലിഫയിലേക്ക് നീങ്ങിയ നബിﷺ അവിടെ മഗ്‌രിബും ഇശാഉം ഒരുമിച്ച് നമസ്‌കരിക്കുകയും സുബ്ഹിവരെ വിശ്രമിക്കുകയും ചെയ്തു. സൂര്യോദയത്തിന് മുൻപായി മശ്അറുൽ ഹറാമിൽനിന്ന് പ്രാർഥിച്ചശേഷം മിനായിലേക്ക് നീങ്ങി.

മിനായിൽവെച്ച് ജംറത്തുൽ അക്വബയിൽ കല്ലെറിയുകയും തുടർന്ന് തന്റെ 63 വയസ്സിനെ സൂചിപ്പിക്കുന്ന വിധം 63 ഒട്ടകങ്ങളെ സ്വന്തം കൈകൊണ്ട് അറുക്കുകയും ബാക്കിയുള്ളവയെ അറുക്കാൻ അലി (റ)യെ ഏൽപിക്കുകയും ചെയ്തു. മുടി കളഞ്ഞ് വസ്ത്രം മാറിയശേഷം അദ്ദേഹം മക്കയിൽ പോയി ത്വവാഫുൽ ഇഫാദ നിർവഹിച്ചു. സംസം വെള്ളം കുടിക്കുകയും ഹാജിമാർക്ക് അത് വിതരണം ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.

അയ്യാമുത്തശ്‌രീക്വിന്റെ നാളുകളിൽ മിനായിൽ താമസിച്ച് കല്ലേറ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അവസാനമായി ത്വവാഫുൽ വിദാഅ് കൂടി നിർവഹിച്ചാണ് തിരുമേനി മദീനയിലേക്ക് മടങ്ങിയത്.

പ്രവാചകന്റെ ഓരോ ചലനവും വാക്കുകളും നമ്മൾ നേരിട്ട് കാണുന്നതുപോലെ അത്രമേൽ കൃത്യതയോടെയാണ് ഇസ്‌ലാമിക ചരിത്രം ഹജ്ജിന് രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കോ മറ്റു പ്രയാസങ്ങളോ കാരണം ഈ കർമങ്ങൾ പൂർണമായി നിർവഹിക്കാൻ കഴിയാത്തവർക്കും അവരുടെ ആത്മാർഥമായ ഉദ്ദേശ്യശുദ്ധി കാരണമായി അല്ലാഹു പൂർണമായ പ്രതിഫലം നൽകുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.

പ്രവാചകനെ അനുഗമിക്കാൻ കൊതിക്കുകയും എന്നാൽ ശാരീരികമായ അശക്തിയാൽ മദീനയിൽ തന്നെ കഴിയേണ്ടിവരികയും ചെയ്തവർക്ക് ലഭിച്ച അതേ പ്രതിഫലം ഹജ്ജിലെ പരിമിതികൾ നേരിടുന്നവർക്കും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. പ്രവാചകന്റെ ഹജ്ജ് രീതികൾ കൃത്യമായി പിന്തുടരുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്.