ആരും ആർക്കും തുണയില്ലാത്ത ദിനം
ഇഅ്ജാസ് ബിൻ ഇസ്മാഈൽ,മസ്‌കത്ത്
2026 ഏപ്രിൽ 11, 1447 ശവ്വാൽ 23
(ക്വുർആനിലെ സാർവലൗകിക വിളികൾ 12)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِي وَالِدٌ عَن وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ

ഈ ലോകത്ത് നാം ജീവിക്കുന്നത് ബന്ധങ്ങളുടെ ബലത്തിലാണ്. ഇതിൽതന്നെ ഏറ്റവും ശക്തവും നിസ്വാർഥവുമായ ബന്ധമാണ് മാതാപിതാക്കൾക്ക് മക്കളോടുള്ളത്. മക്കൾക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ കൊടുത്തും അവരെ സംരക്ഷിക്കാൻ ഏതൊരു ജനയിതാവും തയ്യാറാകും.
എന്നാൽ, ഈ ജീവനുതുല്യമായ സ്‌നേഹബന്ധങ്ങൾക്കും അപ്പുറം, മനുഷ്യൻ തീർത്തും ഏകനായി പ്പോകുന്ന ഒരു ദിവസത്തെക്കുറിച്ച് ക്വുർആൻ നമ്മെ ഓർമിപ്പിക്കുന്നു. സ്വന്തം മാതാവോ പിതാവോ വിചാരിച്ചാൽ പോലും മക്കളെ രക്ഷിക്കാൻ കഴിയാത്ത, വ്യക്തിപരമായ കർമങ്ങൾ മാത്രം സംസാരിക്കുന്ന ആ ദിവസത്തെക്കുറിച്ച് നമ്മെ ഓരോരുത്തരേയും ചിന്തിപ്പിക്കുന്നതാണ് ഈ വചനം.
ഈ ലോകത്തെ സ്‌നേഹബന്ധങ്ങൾ പലപ്പോഴും പരസ്പര സഹായത്തിന്റെയും കൈത്താങ്ങിന്റെയും പ്രതീകങ്ങളാണ്. എന്നാൽ പരലോകത്തെ വിചാരണ വേളയിൽ ഈ ‘സോഷ്യൽ സപ്പോർട്ട് സിസ്റ്റം’ പൂർണമായും നിശ്ചലമാകുന്നു. അവിടെ സ്‌നേഹത്തിന് പകരം ഭയവും കരുണയ്ക്ക് പകരം നീതിയുമാണ് നടപ്പിലാക്കപ്പെടുന്നത്. ഭൂമിയിൽ വെച്ച് നാം ആർക്കു വേണ്ടിയാണോ അല്ലാഹുവിന്റെ കൽപനകൾ ലംഘിച്ചത്, അവർ പോലും നമ്മിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ടാകുമെന്ന് ചിന്തിക്കുന്നത് വിറയുണ്ടാക്കുന്ന കാര്യമാണ്.
അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക: “മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ’’ (ക്വുർആൻ 31:33).
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം
ഈ വചനത്തിൽ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നത് ‘മാതാപിതാക്കളും സന്താനവും’ തമ്മിലുള്ള ബന്ധമാണ്. അതിഭീകരമായ ആ വിചാരണ വേളയിൽ, സ്വന്തം മകൻ അല്ലെങ്കിൽ മകൾ നരകത്തിലേക്ക് പോകുന്നത് കാണുമ്പോൾ പകരം നിൽക്കാൻ പത്തു മാസം ചുമന്ന് പെറ്റ മാതാവിനോ ജീവിതം മുഴുവൻ മക്കൾക്കായി ഉരുകിത്തീർന്ന പിതാവിനോ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. കാരണം, ഓരോരുത്തരും ‘നഫ്‌സീ... നഫ്‌സീ...’ (എന്റെ കാര്യം... എന്റെ കാര്യം...) എന്ന് വിലപിച്ചുകൊണ്ട് സ്വന്തം രക്ഷ മാത്രം ചിന്തിക്കുന്ന ഭയാജനകമായ ദിവസമാണത്.
രക്തബന്ധങ്ങളിൽ വെച്ച് ഏറ്റവും പവിത്രമായതിനെ അല്ലാഹു ഇവിടെ ഉദാഹരണമായി നൽകിയത്, മറ്റുള്ള ബന്ധങ്ങളുടെ അവസ്ഥ പിന്നെ പറയാനുണ്ടോ എന്ന് ബോധ്യപ്പെടുത്താനാണ്. മക്കളോടുള്ള അമിതമായ സ്നേഹം കാരണം ഹറാമായ സമ്പാദ്യത്തിലേക്കോ, ആരാധനകളിലെ വീഴ്ചയിലേക്കോ പോകുന്നവർ ഓർക്കുക: അന്ന് നിങ്ങൾ സമ്പാദിച്ചു കൊടുത്തത് ആസ്വദിച്ചവർ നിങ്ങളെ സഹായി ക്കാനുണ്ടാകില്ല. ബന്ധങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള വഴിയാകണം, അല്ലാതെ നരകത്തിലേക്കുള്ള ചങ്ങലയാകരുത്.
ഭൗതിക ജീവിതം നൽകുന്ന വഞ്ചന
‘ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’ എന്ന് പറയാൻ കാരണമുണ്ട്. ഈ ലോകം നമ്മെ വിശ്വസിപ്പിക്കുന്നത്, നമ്മുടെ കുടുംബവും മക്കളും പണവും നമ്മെ എല്ലാറ്റിൽ നിന്നും രക്ഷിക്കും എന്നാണ്. അത് വലിയൊരു മിഥ്യാധാരണയാണ്. മരണക്കിടക്കയിൽ വെച്ച് ഒരു ഗ്ലാസ് വെള്ളം തരാൻ മക്കൾക്ക് കഴിഞ്ഞേക്കാം. പക്ഷേ, മരണവേദനയിൽ നിന്നോ വിചാരണയിൽനിന്നോ നമ്മെ രക്ഷിക്കാൻ അവർക്ക് കഴിയില്ല. ഈ യാഥാർഥ്യം മറന്ന്, മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിച്ച് സ്രഷ്ടാവിനെ മറക്കുന്നവർക്കുള്ള താക്കീതാണിത്.
ദുനിയാവിന്റെ തിളക്കം ഒരു മരീചിക പോലെയാണ്; ദൂരത്തുനിന്ന് നോക്കുമ്പോൾ അത് സർവസ്വവുമാണെന്ന് തോന്നും. എന്നാൽ അടുത്തെത്തുമ്പോൾ ശൂന്യത മാത്രം. ഈ ലോകത്തെ സൗകര്യങ്ങളിൽ മുഴുകി പരലോകത്തെ മറക്കുന്നത്, കപ്പൽ മുങ്ങിക്കൊണ്ടിരിക്കുമ്പോൾ ക്യാബിനിലെ അലങ്കാരങ്ങൾ നോക്കി രസിക്കുന്നതുപോലെ വിഡ്ഢിത്തമാണ്. വിഭവങ്ങൾ ഉപയോഗിക്കാമെങ്കിലും അവ ഹൃദയത്തിൽ സ്ഥാനം പിടിക്കാതെ സൂക്ഷിക്കണം.
മഹാവഞ്ചകൻ നൽകുന്ന ‘ഫോൾസ് ഗ്യാരന്റി’
‘അല്ലാഹുവിനെ സംബന്ധിച്ച് മഹാവഞ്ചകൻ (പിശാച്) നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.’ എങ്ങനെയാ ണ് പിശാച് അല്ലാഹുവിന്റെ പേരിൽ വഞ്ചിക്കുന്നത്? അവൻ നമ്മോട് മന്ത്രിക്കും: ‘അല്ലാഹു വലിയ കരുണയുള്ളവനല്ലേ? നീ എത്ര തെറ്റ് ചെയ്താലും അവൻ പൊറുത്തു തരും.’ ഇത് വലിയൊരു ചതിക്കുഴിയാണ്. അല്ലാഹു കാരുണ്യമുള്ളവനാണ് എന്നത് സത്യം തന്നെ. പക്ഷേ, അവൻ തന്റെ നിയമങ്ങൾ ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുന്നവനും നീതിമാനും കൂടിയാണ്. ‘പിന്നീട് നന്നാവാം’ എന്ന് ചിന്തിപ്പിച്ച് പാപങ്ങളിൽ തുടരാൻ പ്രേരിപ്പിക്കുക എന്നതാണ് പിശാചിന്റെ തന്ത്രം.
ശൈത്വാന്റെ ഏറ്റവും അപകടകരമായ ആയുധം നിരാശയല്ല, മറിച്ച് അനാവശ്യമായ ആത്മവിശ്വാ സമാണ്. അല്ലാഹു ‘ഗഫൂറുർറഹീം’ ആണ് എന്ന വചനത്തെ പാപം ചെയ്യാനുള്ള ലൈസൻസായി അവൻ മനുഷ്യർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് പ്രത്യാശ വേണം, പക്ഷേ, അത് അല്ലാഹുവിന്റെ കൽപനകളോടുള്ള അനാദരവായി മാറരുത്. കൃഷിയിറക്കാതെ വിളവെടുപ്പ് പ്രതീക്ഷിക്കുന്നത് പോലെയാണ് അമലുകൾ ഇല്ലാതെ കാരുണ്യം മാത്രം കാത്തിരിക്കുന്നത്.
വാഗ്ദാനം സത്യമാണ്
‘അല്ലാഹുവിന്റെ വാഗ്ദത്തം യഥാർഥമാകുന്നു.’ വിചാരണയുണ്ടാകും എന്നത് വെറുമൊരു ഭാവനയല്ല, നടക്കാൻ പോകുന്ന ഉറപ്പായ കാര്യമാണ്. കൺമുന്നിലെ കാഴ്ചകൾക്കപ്പുറം അനശ്വരമായ സത്യത്തെ കാണാനുള്ള ഉൾക്കാഴ്ചയാണ് മനുഷ്യന് വേണ്ടത്.
പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും മാറ്റത്തിന് വിധേയമാണ്. എന്നാൽ അല്ലാഹുവിന്റെ വാഗ്ദാനത്തിന് മാറ്റമില്ല. ഇന്നത്തെ സൂര്യോദയം എത്രത്തോളം സത്യമാണോ, അത്രത്തോളം സത്യമാണ് ആ വിചാരണാ ദിനവും. ആ സത്യത്തെ ഉൾക്കൊള്ളുന്നവർക്ക് മാത്രമെ ഈ ലോകത്തെ പരീക്ഷണങ്ങളിൽ പതറാതെ നിൽക്കാനും താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി പരലോകത്തെ വിൽക്കാതിരിക്കാനും സാധിക്കുകയുള്ളൂ.
ഈ വചനം നമ്മെ പഠിപ്പിക്കുന്നത് ‘വ്യക്തിപരമായ ഉത്തരവാദിത്തം’ എന്ന വലിയ പാഠമാണ്. നാളെ അല്ലാഹുവിന് മുന്നിൽ നിൽക്കുമ്പോൾ, എന്റെ മാതാപിതാക്കൾ വലിയ പുണ്യവാളന്മാരായിരുന്നു എന്നോ, എന്റെ മക്കൾ ഉന്നതരായിരുന്നു എന്നോ എന്റെ പിതാവ് വലിയ പണ്ഡിതനായിരുന്നു എന്നോ, എന്റെ കുടുംബം ഉന്നതരായിരുന്നു എന്നോ പറഞ്ഞിട്ട് കാര്യമില്ല. എന്റെ സ്വന്തം അക്കൗണ്ടിൽ എന്ത് നന്മയുണ്ട് എന്നത് മാത്രമാണ് അവിടെ പ്രസക്തം. ബന്ധങ്ങളെ തീർച്ചയായും സ്‌നേഹിക്കുക, പരിപാലിക്കുക. പക്ഷേ, അതൊരിക്കലും ദൈവത്തെക്കാളും പരലോകത്തെക്കാളും പ്രാധാന്യം കൽപിക്കുന്നതായിക്കൂടാ.
ചുരുക്കത്തിൽ, പരലോകത്തെ വിജയം എന്നത് ഒരു ‘ഗ്രൂപ്പ് ടിക്കറ്റ്’ അല്ല, മറിച്ച് ഓരോരുത്തരും വ്യ ക്തിപരമായി നേടേണ്ട ഒന്നാണ്. നമ്മുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ നിറവേറ്റുമ്പോൾ തന്നെ, അല്ലാഹുവുമായുള്ള നമ്മുടെ സ്വന്തം ബന്ധം എപ്പോഴും സജീവമായി നില നിർത്തുക. കാരണം, ആത്യന്തികമായി നാം ജനിച്ചതും മരിക്കുന്നതും വിചാരണ ചെയ്യപ്പെടുന്നതും ഏകനായിട്ടായിരിക്കും.

