മുഹമ്മദ് നബിﷺയെ പിൻപറ്റുക
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
2026 ഫെബ്രുവരി 28, 1447 റമദാൻ 10

(ക്വുർആനിലെ സാർവലൗകിക വിളികൾ 9)
ക്വുർആൻ, അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തിന്റെ പ്രതിഫലനമാണ്. അതിന്റെ വാക്യങ്ങൾ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ഓർമിപ്പിക്കുകയും ചെയ്യുന്നു. മുൻകാല പ്രവാചകന്മാരിൽനിന്ന് മുഹമ്മദ് നബിﷺയെ വ്യത്യസ്തനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ‘സാർവലൗകികത’യാണ്. ഒരു ഗോത്രത്തിലേക്കോ ഒരു ദേശത്തിലേക്കോ മാത്രമായി വന്ന നബിയല്ല അദ്ദേഹം. ലോകാവസാനം വരെയുള്ള സകല മനുഷ്യർക്കും വഴികാട്ടിയായി നിയോഗിക്കപ്പെട്ട ആ വിശ്വപ്രവാചകനെ പരിചയപ്പെടുത്തുന്ന, സൂറത്തുൽ അഅ്‌റാഫിലെ 158ാം വചനം നമുക്ക് പരിശോധിക്കാം:
ചരിത്രത്തിൽ ഒട്ടനവധി പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട്. അവരൊക്കെയും നിയോഗിക്കപ്പെട്ടത് ഒരു പ്രത്യേക ജനതയിലേക്കോ (ഉദാഹരണത്തിന് മൂസാ(അ) ഇസ്രാഈൽ സന്തതികൾ) അല്ലെങ്കിൽ ഒരു പ്രത്യേക കാലഘട്ടത്തിലേക്കോ മാത്രമായിരുന്നു. എന്നാൽ, ലോകത്തുള്ള വെളുത്തവനും കറുത്തവനും അറബിക്കും അനറബിക്കും അന്നുള്ളവർക്കും ഇനി വരാനിരിക്കുന്നവർക്കും ഒരേപോലെ അവകാശപ്പെട്ട ഒരു നേതാവിനെക്കുറിച്ച് ക്വുർആൻ പ്രഖ്യാപിക്കുന്നു.
ആറാം നൂറ്റാണ്ടിലെ ജനങ്ങൾക്ക് മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യനും ഇനി ലോകാവസാനംവരെ വരാനിരിക്കുന്നവർക്കും വഴികാട്ടി അദ്ദേഹം മാത്രമാണ്.
ലോകരക്ഷിതാവായ അല്ലാഹു, തന്റെ ദൂതനായ മുഹമ്മദ് നബിﷺയോട് ലോകജനതയെ ഒന്നാകെ വിളിച്ചുണർത്തിക്കൊണ്ട് ഇപ്രകാരം പറയാൻ കൽപിക്കുന്നു:
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
“പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള, അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹു വിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ നിങ്ങൾ നേർമാ ർഗം പ്രാപിച്ചേക്കാം’’ (7:158)
‘എല്ലാവരിലേക്കുമുള്ള’ ദൂതൻ
‘നിങ്ങളിലേക്കെല്ലാമുള്ള, അല്ലാഹുവിന്റെ ദൂതൻ’ എന്ന പ്രയോഗം വളരെ വലുതാണ്. ദേശത്തിന്റെ യോ ഭാഷയുടെയോ അതിരുകൾ പ്രവാചകനില്ല. ഈജിപ്തുകാരനും ഇന്ത്യക്കാരനും അമേരിക്കക്കാരനും ഒരേപോലെ മാതൃകയാക്കാവുന്ന, ഒരേപോലെ അനുസരിക്കാൻ ബാധ്യതയുള്ള നേതാവാണദ്ദേഹം. മാനവരെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുന്ന ആഗോള നേതൃത്വമാണത്.
‘ഇലൈകും ജമീഅൻ’ (നിങ്ങളെല്ലാവരിലേക്കും) എന്ന വാക്ക് വളരെ പ്രധാനമാണ്. അറബികൾക്ക് മാത്രമല്ല, യഹൂദർക്കോ ക്രിസ്ത്യാനികൾക്കോ മാത്രമല്ല, ഭൂമിയിലെ എല്ലാ മനുഷ്യർക്കും മുഹമ്മദ് നബിﷺയുടെ സന്ദേശം ബാധകമാണ്.
ആരാണ് അയച്ചത്?
പ്രവാചകനെ അയച്ചിരിക്കുന്നത് ആകാശഭൂമികളുടെ പരമാധികാരിയായ അല്ലാഹുവാണ്. ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിവുള്ള ആ ഏകശക്തിയുടെ പ്രതിനിധിയായതുകൊണ്ട് തന്നെ, ഈ ദൂതനെ അനുസരിക്കൽ മനുഷ്യന്റെ ബാധ്യതയാണ്.
ആകാശഭൂമികളുടെ രാജാധികാരം അല്ലാഹുവിനാണ്, അവനല്ലാതെ ആരാധ്യനില്ല. ‘അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു’ എന്നത് അല്ലാഹുവിന്റെ സമ്പൂർണ ശക്തിയെ ഓർമിപ്പിക്കുന്നു, മനുഷ്യനെ തൗഹീദിലേക്ക് (ഏകദൈവത്വം) നയിക്കുന്നു.
അക്ഷരജ്ഞാനമില്ലാത്ത പ്രവാചകൻ!
ഈ വചനത്തിൽ പ്രവാചകനെ വിശേഷിപ്പിച്ചത് ‘അന്നബിയ്യുൽ ഉമ്മിയ്യ്’ എന്നാണ്. എഴുത്തും വായനയും അറിയാത്ത പ്രവാചകൻ എന്നർഥം. ഇത് അദ്ദേഹത്തിന്റെ ഒരു ന്യൂനതയല്ല, മറിച്ച് അതൊരു അത്ഭുതമാണ്. ഭൗതികമായ അറിവ് ആർജിക്കാത്ത, മുൻവേദഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാത്ത ഒരാൾ, ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന വിജ്ഞാനവുമായി (ക്വുർആനുമായി) വന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ സ്വന്തം വചനങ്ങളല്ല, മറിച്ച് ദൈവത്തിൽ നിന്നുള്ളതാണെന്നതിന് ഇതിലും വലിയ തെളിവ് വേണ്ട.
എഴുത്തും വായനയും അറിയാത്ത, സ്‌കൂളിലോ കോളേജിലോ പോയിട്ടില്ലാത്ത, മുൻവേദ ഗ്രന്ഥങ്ങൾ വായിച്ചിട്ടില്ലാത്ത ഒരാൾ, ലോകത്തിന്റെ ഭൂപടം മാറ്റിവരച്ച, നിയമജ്ഞരെയും ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയ, ക്വുർആൻ എന്ന ഗ്രന്ഥവുമായി വന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ തലച്ചോറിൽ ഉദിച്ച ആശയമല്ല എന്ന് വ്യക്തമാണ്.
മറ്റുള്ളവരോട് വിശ്വസിക്കാൻ പറയുകയും സ്വന്തം ജീവിതത്തിൽ അത് പകർത്താതിരിക്കുകയും ചെയ്യുന്ന നേതാക്കന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഈ വചനം പറയുന്നു: ‘അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന പ്രവാചകൻ.’ ജനങ്ങളോട് കൽപിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പൂർണമായി അനുസരിച്ചുകൊണ്ട് അദ്ദേഹം മാതൃക കാണിച്ചു.
പ്രവാചകനെ പിൻപറ്റുകയും വേണം
ഇവിടെ രണ്ട് കാര്യങ്ങൾ പറയുന്നതായി കാണാം. ഒന്നാമതായി ‘ആമിനൂ’ (നിങ്ങൾ വിശ്വസിക്കുവിൻ), ഇത് മനസ്സ് കൊണ്ടുള്ള അംഗീകാരമാണ്. മറ്റൊന്ന് ‘വത്തബിഊഹു (അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ)’ ഇത് പ്രായോഗിക ജീവിതമാണ്.
പ്രവാചകനെ സ്‌നേഹിക്കുന്നു എന്ന് പറയുകയും, അദ്ദേഹത്തിന്റെ ചര്യകൾക്ക് വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്നതുകൊണ്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ജീവിതരീതി, പെരുമാറ്റം, ആരാധനകൾ എന്നിവ നമ്മുടെ ജീവിതത്തിൽ പകർത്തുന്നതിനാണ് ‘പിൻപറ്റൽ’ (ഇത്തിബാഅ്) എന്ന് പറയുന്നത്.
ജീവിതത്തിൽ വഴിതെറ്റാതിരിക്കാൻ മനുഷ്യന് ഒരു വഴികാട്ടി അത്യാവശ്യമാണ്. ആ വഴികാട്ടി നമ്മുടെ അതേ വികാരവിചാരങ്ങളുള്ള ഒരു മനുഷ്യനായിരിക്കുക എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. ആ പ്രവാചകനെ പിൻപറ്റുന്നതിലൂടെ മാത്രമെ മനുഷ്യന് സ്രഷ്ടാവിലേക്ക് എത്താനും യഥാർഥ നേർവഴി (ഹിദായത്ത്) പ്രാപിക്കാനും കഴിയൂ എന്ന് ഈ വചനം സമർഥിക്കുന്നു.
മനുഷ്യബുദ്ധിക്ക് മാത്രം കണ്ടെത്താൻ കഴിയാത്ത സത്യങ്ങളിലേക്കുള്ള വാതിലാണ് പ്രവാചകൻﷺ. ആ പ്രവാചകൻ ഒരു പ്രത്യേക വിഭാഗത്തിന്റെതല്ല, മറിച്ച് ‘മനുഷ്യർക്ക്’ മുഴുവൻ അവകാശപ്പെട്ട പൊതുസ്വത്താണ്. അതാണ് ‘ഹേ, മനുഷ്യരേ’ (യാ അയ്യുഹന്നാസ്) എന്ന വിളി മനസ്സിലാക്കിത്തരുന്നത്. അദ്ദേഹത്തെ അറിയാനും പഠിക്കാനും പിൻപറ്റാനും തയ്യാറാകുന്നവർക്ക് മാത്രമെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ കഴിയൂ.
(തുടരും)

