നമ്മൾ ഒരുങ്ങിയിട്ടുണ്ടോ, റമദാനിനു വേണ്ടി?

റോഷൻ പുനലൂർ

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

മനോഹരമായൊരു ചന്ദ്രപ്പിറവിക്കായി ആകാശം വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന റബ്ബിന്റെ കാരുണ്യത്തെ ചേർത്തുപിടിക്കാൻ മണ്ണൊരുങ്ങുകയാണ്. ദിവ്യവെളിപാടു കൊണ്ട് അല്ലാഹുവിന്റെ കാരുണ്യം ഭൂമിയെ ചുംബിച്ചതിന്റെ ഓർമപ്പെടുത്തലുമായി റമദാൻ വാതിൽ തുറക്കുകയാണ്.

ഭൗതിക ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ പലപ്പോഴും ആളുകൾ അല്ലാഹുവിനെ മറന്നുപോകുന്നു. അവന്റെ വഴിയിൽനിന്നും തെന്നിമാറി പല വഴികളിലൂടെ നടന്നുപോകുന്നു. അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുകവഴി അവനിൽനിന്ന് പടപ്പുകൾ ഒരുപാട് ദൂരം അകന്ന് പോകും. അങ്ങനെയൊക്കെയാണെങ്കിലും അവൻ നമ്മെ കൈവെടിയുന്നില്ല. ജീവിതത്തിൽ ഇടയ്ക്കിടക്ക് അവൻ നമുക്ക് ചില അവസരങ്ങൾ നൽകും. അവനെ മറന്നുപോയവർക്ക് അവന്റെ ഓർമകൾ നിറച്ചുകൊടുക്കാൻ, അവനിൽനിന്ന് ഒരുപാടകലത്തേക്ക് പോയവരെ അരികിലേക്ക് ചേർത്തുപിടിക്കാൻ, തെറ്റിപ്പോയ വഴികളിൽനിന്നെല്ലാം കൈപിടിച്ച് അവന്റെ വഴിയിലേക്ക് തിരിച്ചെത്തിക്കാൻ...അവന്റെ കാരുണ്യം അത്രമേൽ വലുതാണ്.

റമദാൻ നമുക്ക് സമ്മാനിക്കേണ്ട ഒന്നാമത്തെ അനുഭൂതി അല്ലാഹുവിന്റെ കാരുണ്യം നമ്മെ എത്രമാത്രം വാരിപ്പുണരുന്നുണ്ടെന്നതാണ്. അല്ലാഹുവിന്റെ വഴിയിൽ വിശ്വാസി ഏറെ പ്രിയത്തോടെ നടന്നുശീലി ക്കുന്നൊരു മാസം. നന്മയുടെ സുഗന്ധവും അനുഭൂതിയും ഭൗതികാലങ്കാരങ്ങളുടെ പൊലിമ കുറക്കുന്നൊരു കാലം. അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നനവ് ഉള്ളനുഭവിക്കും. കരുണയുടെയും വിട്ടുവീഴ്ചയുടെയും തുറന്നിട്ട വാതിലുകൾ കടന്ന് അവനോട് നമ്മൾ ചേർന്നിരിക്കും.

പ്രലോഭനങ്ങളും പ്രകോപനങ്ങളും തട്ടിമാറ്റി അവനിലേക്ക് ഓടിയടുക്കാൻ തിടുക്കം കാട്ടും. നന്മകളൊക്കെയും-അതെത്ര ചെറുതാണെങ്കിലും-പെറുക്കിയെടുത്ത് കൂട്ടിവയ്ക്കും. ഒരു ധാന്യത്തിൽ നിന്ന് അനേകം കതിരുകൾ പെരുകുന്ന പോൽ ഒരുപാടിരട്ടിയായി തിരിച്ചുകിട്ടുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷകൾ നിറച്ചുവയ്ക്കും. ഒരു പകലിന്റെ ത്യാഗം അസ്തമയത്തിലേക്കെത്തുമ്പോൾ നാഥന്റെ ഇഷ്ടത്തിനായി ജീവിച്ച ഒരു ദിനത്തിന്റെ നിർവൃതി മനസ്സിലനുഭവിച്ച് നോമ്പ് തുറക്കും. വരണ്ടുണങ്ങിയ ഞരമ്പുകൾ നനയിച്ച നാഥനെ സ്തുതിക്കും. അവന്റെ കാരുണ്യത്തിന്റെ ചിറക് സ്വീകാര്യമായ നന്മയാകാൻ ദുആ ചെയ്യും. പ്രിയപ്പെട്ടവരെയും അർഹതപ്പെട്ടവരെയും വിളിച്ച് ഇഫ്താറൂട്ടി സുകൃതങ്ങൾക്ക് മേൽ സുകൃതങ്ങൾ ചേർത്തുവയ്ക്കും. പ്രിയപ്പെട്ടവരോടും കൂട്ടുകാരോടുമൊപ്പം, ദൈവസ്‌നേത്തിന്റെ അനുഭൂതികൾ പങ്കുവച്ച് ഒരുമിച്ചിരിക്കും. സ്‌നേഹത്തിന്റെയും സഹായത്തിന്റെയും പൊതികളുമായി വീടുകളിലേക്കും തെരുവുകളിലേക്കുമിറങ്ങും. ക്വുർആനിന്റെ വെളിച്ചത്തിലൂടെ നാഥന്റെ തണലിലേക്ക് നടന്നടുക്കും.

വിശുദ്ധ ക്വുർആനാണ് റമദാനിനെ ഇങ്ങനെ ചമയിച്ചൊരുക്കിയത്. മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ക്വുർആൻ. കാരണം, ആത്യന്തിക വിജയത്തിന്റെ അടിസ്ഥാനം ഹിദായത്താണ്. ആ ഹിദായത്തിലേക്കുള്ള വഴിയാണ് ക്വുർആൻ. നോമ്പും തക്വ്‌വയും ക്വുർആനും തമ്മിൽ ബന്ധമുണ്ട്. ക്വുർആൻ ഇറങ്ങിയ മാസമായതിനാൽ റമദാനിൽ നോമ്പ് നോൽക്കാൻ പറഞ്ഞു. നോമ്പ് നോൽക്കുന്നതാകട്ടെ തക്വ്‌വ ആർജിക്കാനാണെന്ന് പറഞ്ഞു. എന്തിനാണ് തക്വ്‌വയോടെ ജീവിക്കുന്നവർക്ക് വഴികാട്ടുന്ന ഗ്രന്ഥമാണ് ക്വുർആൻ: “ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’’ (2:02)

ക്വുർആൻ മുഴുവൻ മനുഷ്യർക്കും സന്മാർഗമാണെന്ന് പറയുമ്പോഴും മുത്തക്വികൾക്ക് വഴികാട്ടിയാണെന്ന് പ്രത്യേകം പറയുന്നു. അതിനർഥം, ക്വുർആനിൽ നിന്ന് കാര്യങ്ങളെ മനസ്സിലാക്കാനും പഠിക്കാനും അറിവ് നേടാനും ഏതൊരാൾക്കും കഴിയുമെങ്കിലും ആശയങ്ങൾ ജീവിതത്തിൽ പൂർണമായി പ്രയോജനപ്പെടുന്നത് മനസ്സിൽ ദൈവഭയമുള്ളവർക്കാണ് എന്നാണ്. ക്വുർആൻ ജീവിതത്തിന്റെ വെളിച്ചമായിത്തീരാനുള്ള മാനസിക-ശാരീരിക തയ്യാറെടുപ്പിന്റെ അവസരമാണ് റമദാൻ എന്നു സാരം. മറ്റൊരു ഗ്രന്ഥത്തെയും സമീപിക്കുന്ന പോലെയല്ല ക്വുർആനിനെ സമീപിക്കേണ്ടത്. അല്ലാഹുവിന്റെ വചനങ്ങൾ ബുദ്ധിയോടും മനസ്സിനോടും സംവദിക്കുമ്പോൾ ഈ വിശാലമായ പ്രപഞ്ചത്തിന്റെയും മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും സ്രഷ്ടാവാണ് സംസാരിക്കുന്നതെന്ന ബോധം കൈവരും.

എല്ലാവരും ഒരേ രീതിയിലല്ല ക്വുർആനിനെ അനുഭവിക്കുക. ഓരോരുത്തരും സമീപിക്കുന്ന രീതികൾക്കനുസരിച്ചാകും അതവരിൽ സ്വാധീനം സൃഷ്ടിക്കുക. ചിലർക്കതൊരു വഴികാട്ടിയാണ്. അസ്തിത്വത്തിന്റെ യാഥാർഥ്യവും ജീവിതത്തിന്റെ അർഥവും മനസ്സിലാക്കാനാകാതെ അന്തിച്ചുനിൽക്കുന്നവർക്ക് യാഥർഥ്യം മനസ്സിലാക്കാനുള്ള വഴികാട്ടി. ചിലർക്ക് വെളിച്ചമായിരിക്കും, വിശ്വാസവൈകല്യങ്ങളും അന്ധവിശ്വാസവും ഇരുൾപടർത്തിയ മനസ്സുകൾക്ക് സത്യത്തിലേക്കും യാഥാർഥ്യത്തിലേക്കും വഴികാണിക്കുന്ന ദിവ്യപ്രകാശം. ചിലർക്കതൊരു തണലാണ്. ഭൗതികപ്രത്യയശാസ്ത്രങ്ങളുടെ വിമോചന സങ്കൽപങ്ങളാകുന്ന വെയിലേറ്റ് തളർന്നവർക്കുള്ള ആശ്വാസത്തിന്റെ തണൽ.

മറ്റു ചിലർക്കത് ശാന്തിയും ശമനവുമാണ്; കാലത്തിന്റെ കലങ്ങിമറിച്ചിലിൽ ചെന്നുപതിക്കുന്ന പരീക്ഷണങ്ങളിൽ വീണുപോകാതെ മനസ്സിനെ താങ്ങിനിർത്തുന്ന സമാധാനവും ആശ്വാസവും. ഇനിയും ചിലർക്കത് പ്രചോദനമാണ്. ദൈവിക ദർശനത്തിന്റെ വെളിച്ചത്തിൽ മുന്നോട്ടുകുതിക്കുന്നവർക്ക് പ്രതിസന്ധികളെ സധീരം നേരിടാൻ കരുത്ത് നൽകുന്ന പ്രചോദനം. പോരാളികൾക്കത് ദൈവിക സ്‌നേഹവായ്പുകൾ അനുഭവിച്ചറിയാനുള്ള ഉറവയാണ്. മനുഷ്യസ്‌നേഹികൾക്കത് വിമോചനപോരാട്ടങ്ങൾക്കായുള്ള സംഘടിത നേതൃത്വത്തിൽ പങ്കാളിത്തം വഹിക്കുന്നതിന്റെ സാധ്യതയെ ഓർമപ്പെടുത്തുന്ന വെളിപാടാണ്. ചിലർക്കത് പ്രതീക്ഷയുടെ ചിറകാണ്. ഈ ലോകത്ത് പുലരാനിരിക്കുന്ന ക്ഷേമത്തിന്റെയും നീതിയുടെയും പുതുലോക നിർമിതിയെകുറിച്ചുള്ള ഉറച്ച പ്രതീക്ഷയുടെ ചിറക്.

ജീവിതത്തിൽ അസുലഭമായ അവസരങ്ങളിലൊന്നായി കണ്ട് റമദാനിനെ നമുക്ക് സ്വീകരിക്കാം. റമദാനിലേക്ക് പ്രവേശിക്കും മുമ്പ് ചില ശുദ്ധീകരണങ്ങൾ നമ്മൾ നടത്തണം. പരസ്പര ബന്ധത്തിൽ എനിക്കാരോടും പ്രശ്‌നങ്ങളില്ല, ആരോടും പകയും വിദ്വേഷവും അകൽച്ചയുമില്ല എന്ന് ഉറപ്പുവരുത്തണം. അങ്ങനെയുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചാവണം റമദാനിലേക്കെത്തേണ്ടത്. അല്ലെങ്കിൽ നമ്മളെടുക്കുന്ന എല്ലാ നന്മകളും നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക കാര്യങ്ങളും അങ്ങനെയാണ്. ഹലാലല്ലാത്ത ഒരു വിഹിതവും സമ്പാദ്യത്തിലുണ്ടാകരുത്. കൈയിലൊരുപാടുണ്ടായിട്ടും കൊടുത്തുവീട്ടാനുള്ളതെല്ലാം നൽകാതെ അവനിലേക്ക് കൈയുയർത്തിയാൽ അത് സ്വീകരിക്കപ്പെടില്ല.

ഏത് നന്മയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സീസണാണ് റമദാൻ. നമ്മളിൽ കുറവുള്ള ശീലങ്ങളും നന്മകളും ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുന്നൊരു കാലം. നമ്മളിൽ നിന്ന് എടുത്തു കളയേണ്ട തിന്മകളെ ഒഴിവാക്കി ശീലിക്കാനുള്ള സന്ദർഭം. റമദാനിലേക്ക് പ്രവേശിക്കും മുമ്പ് നമ്മെക്കുറിച്ച് നമ്മോടുതന്നെ ചോദിച്ചാൽ കിട്ടുന്ന ചില ഉത്തരങ്ങളുണ്ടാകും. ആ ഉത്തരങ്ങളിൽ റബ്ബിനോടുള്ള ബന്ധത്തിൽ പൂരിപ്പിക്കേണ്ട ചില ഭാഗങ്ങളുണ്ടാകും. പടപ്പുകളോടുള്ള കാഴ്ചപ്പാടുകളിൽ ചേരുംപടി ചേർക്കേണ്ട, ചിലതൊക്കെ കാണും. അതൊക്കെ പൂരിപ്പിക്കാനും കൂട്ടിയോജിപ്പിക്കാനും ഇതിലും നല്ല അവസരമുണ്ടാകില്ലെന്ന ചിന്തയിൽ റമദാനിനെ സ്വീകരിക്കാൻ നമുക്കൊരുങ്ങാം.