ശസ്ത്രക്രിയയും മുസ്‌ലിംകളും
ഡോ. ടി. കെ. യൂസുഫ്
2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

( വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ-3)
മുസ്‌ലിംകൾ മറ്റു നാഗരികതകളിൽനിന്നും സ്വായത്തമാക്കിയ വൈദ്യവിവരങ്ങളിലേക്ക് സ്വന്തം പരിശ്രമങ്ങൾ കൂടി കൂട്ടിച്ചേർത്ത് അതിനെ ഒരു മികവുറ്റ വിജ്ഞാന ശാഖയാക്കി മാറ്റുന്ന പ്രക്രിയയാണ് ആദ്യം ചെയ്തത്. അതോടൊപ്പം ശരീര ശാസ്ത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഔഷധ നിർമാണ രംഗത്ത് നവീനരീതികൾ പരീക്ഷിക്കുകയും ചെയ്തു. ഓപ്പറേഷൻ, അനസ്‌തേഷ്യ എന്നിവയിൽ അതു ല്യമായ ഒരു കാൽവയ്പുതന്നെ അവർ നടത്തുകയുണ്ടായി. അക്കാലത്ത് യൂറോപ്പിലെ ചർച്ചുകൾ രോഗങ്ങൾ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്നത് നിഷിദ്ധമായിട്ടാണ് ഗണിച്ചിരുന്നത്. മതപുരോഹി ന്മാരുടെ പാട്ടുകളും കുഴലൂത്തുകളുമാണ് അവർ ചികിത്സയായി കണ്ടിരുന്നത്.
വൈദ്യശാസ്ത്ര രംഗത്തെ മുസ്‌ലിംകളുടെ സംഭാവനകൾ അവർക്ക് അറബികളിൽനിന്ന് താവഴിയായി ലഭിച്ചതായിരുന്നില്ല. കാരണം ജാഹിലിയ്യ അറബികൾക്ക് വൈദ്യത്തിൽ യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. സാഹിത്യത്തിലുപരിയായി അറബികളെ വൈജ്ഞാനിക മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത് ഇസ്‌ലാമിക സന്ദേശമാണ്. ഈ വിഷയത്തിൽ നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്;
മുസ്‌ലിംകളുടെ സംഭാവനകളെ ഒരിക്കലും നമ്മുടെ കാലത്തെ വൈദ്യ പുരോഗതിയുമായി താരതമ്യം ചെയ്യരുത്, അക്കാലത്ത് നിലവിലുളള നാഗരികതകളോടാണ് തുലനം ചെയ്യേണ്ടത്. വൈദ്യരംഗത്ത് ശസ്ത്രക്രിയ, അനാട്ടമി, നേത്രരോഗം, കുട്ടികളുടെയും സ്ത്രീകളുടെയും രോഗങ്ങൾ, മാനസികാരോഗ്യം എന്നീ മേഖലകളിലാണ് മുസ്‌ലിംകൾ മഹത്തായ സംഭാവനകൾ നൽകിയത്.
മുസ്‌ലിംകളുടെ പ്രധാന നേട്ടങ്ങൾ
1. ശസ്ത്രക്രിയ എന്നത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആദ്യഘട്ടത്തിൽ വളരെ നൈപുണ്യമുളള വൈദ്യന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഒരു വിദ്യയായിരുന്നു. കൈക്രിയ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. വളരെ ലളിതമായ തോതിൽ ഈ വിദ്യ ക്ഷുരകന്മാരും കൊമ്പുവയ്ക്കൽ ചികിത്സ നടത്തുന്നവരും ചെയ്തിരുന്നു. ഇമാം റാസിയാണ് ആദ്യമായി ശസ്ത്രക്രിയയെ മറ്റ് വൈദ്യ ശാഖകളിൽനിന്നും വേർതിരിച്ചത്. അതോടൊപ്പം അനാട്ടമി പഠനം ഇതിന്റെ ഒരു അടിസ്ഥാന യോഗ്യതയായി കാണുകയും ചെയ്തു. ഇന്ന് അനാട്ടമി പഠിക്കുന്നവരെല്ലാം കാര്യമായി അവലംബിക്കാറുളളത് മൃതശരീരങ്ങളെയാണ്. എന്നാൽ അന്ന് ജീവശരീരത്തെയും മൃതശരീരത്തെയും അവർ പഠന വിധേയമാക്കിയിരുന്നു. ഇബ്‌നു മാസവൈഹിയെ പോലുളളവർ കുരങ്ങുകളെ ഈ പഠനത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. സ്ത്രീകളിലെ മൂത്രാശയ കല്ലുകളെ പുറത്തെടുക്കുന്ന വിദ്യയാണ് ആദ്യമായി അവർ പരീക്ഷിച്ചത്. പിന്നീട് ദന്തചികിത്സയിലും നേത്രചികിത്സയിലും അവരുടെ പരീക്ഷണങ്ങൾ വിജയിക്കുകയുണ്ടായി. പിന്നീട് തൊണ്ട, ശ്വാസനാളം എന്നിവയിലെ തടസ്സങ്ങൾ ശസ്ത്രക്രിയകളിലൂടെ നീക്കം ചെയ്തു.
ഇന്ന് നാം പ്ലാസ്റ്റിക് സർജറി എന്ന് പറയുന്ന അലങ്കാര ശസ്ത്രക്രിയയും ആദ്യമായി ആരംഭിച്ചത് മുസ്‌ലിംകൾ തന്നെയാണ്. അധരം, നാസിക, കർണം എന്നിവയിലെ ചില അഭംഗികൾ ഇല്ലാതാക്കാനാണ് ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്. എങ്കിലും അനിവാര്യ
കാരണങ്ങളാൽ മാത്രമാണ് അവർ ശരീരത്തിൽ കത്തിവച്ചിരുന്നത്. ഇമാം റാസിയുടെ വീക്ഷണത്തിൽ ഔഷധങ്ങൾ ഫലപ്രദമാകാത്ത സമയങ്ങളിലാണ് ഇത്തരം കടുംകൈ ചെയ്യൽ അനുവദീനയമാകുന്നത്. മുസ്‌ലിം സർജന്മാർ വയറിലും മൂത്രനാളിയിലും ശസ്ത്രക്രിയ നടത്തുമ്പോഴും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴും പുറമെ അടയാളമൊന്നും കാണാത്തവിധം അന്തർഭാഗത്ത് തുന്ന് ഇട്ടുകൊണ്ട് വളരെ ഭംഗിയായി അത് നിർവഹിച്ചിരുന്നു. ചില ജീവികളുടെ ആമാശയങ്ങളിൽനിന്നാണ് ഇതിന് വേണ്ട അദൃശ്യമാകുന്ന നൂലുകൾ അവർ നിർമിച്ചിരുന്നത്. ശരീരം അവയിലെ ഘടകങ്ങൾ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. റാസി രണ്ട് തരം നൂലുകൾകൊണ്ട് മുറിവ് തുന്നുന്ന രീതിയാണ് തന്റെ ശിഷ്യന്മാരെ അഭ്യസിപ്പിച്ചിരുന്നത്. ഒന്ന് അദ്യശ്യമായി അലിഞ്ഞുപോകുന്നത്, രണ്ടാമത്തെത് മുറിവ് കൂടിച്ചേരാൻ സഹായകമാകുന്നത്. ശസ്ത്രക്രിയയുടെ ഉപകരണങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്തു എന്നതും ഈ രംഗത്ത് മുസ്‌ലിംകളുടെ സംഭാവന തന്നെയാണ്.
2. ശസ്ത്രക്രിയക്ക് അനിവാര്യമായ അനസ്‌തേഷ്യയുടെ പ്രഥാമികരൂപം കണ്ടെത്തിയതും മുസ് ലിംകളായിരുന്നു. അവീൻ, ഹഷീഷ് എന്നിവയുടെ മിശ്രിതം ഒരു പരുത്തിയിലാക്കി ഉണക്കി സൂക്ഷിക്കും. ഓപ്പറേഷന് മുമ്പ് അത് രോഗിയുടെ മൂക്കിന് മുമ്പിൽ വെക്കുകയും മൂക്കിലെ ശ്‌ളേഷ്മസ്തരങ്ങൾ അത് ആഗിരണം ചെയ്ത് രോഗി ക്രമേണ
മയങ്ങുകയും ചെയ്യും. ഈ വിദ്യ കണ്ടെത്തുന്നതിനു മുമ്പ് ഭാരതീയരും റോമക്കാരും ഗ്രീക്കുകാരും രോഗികളെ ലഹരി പാനീയങ്ങൾ കുടിപ്പിക്കുകയാണ് ചെയ്തിരുന്നത്. വേദന ലഘൂകരിക്കാനും ലഹരി പാനം തന്നെയാണ് അവർ നടത്തിയിരുന്നത്.
3. ശസ്ത്രക്രിയാരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് അനാട്ടമി അല്ലെങ്കിൽ അംഗവ്യവച്ഛേദന ശാസ്ത്രമാണ്. ശരീരത്തിൽ കത്തിവയ്ക്കുന്നതിനു മുമ്പ് ഈ വിദ്യയിൽ പിടിപാടില്ലെങ്കിൽ പണി പാളാൻ സാധ്യയുണ്ട്. അനാട്ടമി രംഗത്തുളള ഗാലന്റെയും മറ്റും അനേകം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്ന ജോലിയാണ് ആദ്യമായി മുസ്‌ലിംകൾ നിർവഹിച്ചത്. അംഗവ്യവച്ഛേദന രംഗത്തെ ചോദ്യങ്ങളാണ് അക്കാലത്തെ വൈദ്യപരീക്ഷകളിൽ കാര്യമായി ചോദിക്കപ്പെട്ടിരുന്നത്. ഇബ്‌നു തുഫൈൽ മൃതശരീരങ്ങളിലും ജീവികളിലും ഒരുപോലെ പരീക്ഷണം നടത്തിയിരുന്നു. അദ്ദേഹം ഒരു മാനിനെ ജീവിനോടെ പിളർത്തി അതിന്റെ ശരീരത്തിലെ രക്തവും ഹൃദയത്തിലെ രക്തവും ഒരേ പ്രകൃത ത്തിലാണെന്ന് തെളിയിക്കുകയാണ്ടായി. ഇബ്‌നു ഈസ ജീവികളുടെ നേത്ര വ്യവഛേദന രംഗത്ത് ഒരു പ്രബന്ധം തയ്യാറാക്കുകയും അതിൽ കണ്ണിന്റെ ബാഹ്യ-ആന്തരിക രോഗങ്ങളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഇത് മധ്യ നൂറ്റാണ്ടുകളിൽ യൂറോപ്പിന് ഒരു അവലംബമായിരുന്നു.
മനുഷ്യ ശരീരത്തിൽ അവർ അധികം പരീക്ഷണം നടത്തിയിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില ചരിത്രകാരന്മാർ ഇവർ രഹസ്യമായി അതും നടത്തിയിരുന്നു എന്ന് തെളിയിക്കുന്നുണ്ട്. പരീക്ഷണം നടത്താതെ കണ്ണ്, കരൾ, ഹൃദയം, ഗർഭാശയം എന്നീ അവയവങ്ങളെ കുറിച്ച് സൂക്ഷ്മായി വിവരിക്കാൻ കഴിയില്ലെന്നാണ് അവരുടെ പക്ഷം. ഉദാഹരണമായി ഇബ്‌നു നഫീസ് ഗാലന്റെ അനാട്ടമിയിലെ ചില അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി അതിനെ വിമർശിക്കുന്നതായി കാണാം. ഇബ്‌നു നഫീസ് ഈ രൂപത്തിൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ കുറിച്ച് പഠനം നടത്തിയപ്പോൾ രക്തചംക്രമണ രംഗത്ത് ഹൃദയവും ശ്വാസകോശവും തമ്മിൽ ബന്ധമുണ്ടെന്നും ശ്വാസകോശത്തിൽ ഒരു ചെറിയ രക്തചംക്രമണം ഉണ്ടെന്നും വാദിക്കുകയുണ്ടായി. അതുപോലെ അബ്ദുല്ലത്വീഫ് അൽബഗാദാദി ഗാലന്റെ അസ്ഥിപഞ്ജര ഘടനാ ശാസ്ത്രത്തെ വിമർശിച്ചതായി കാണാം. ആയിരക്കണക്കിന് തലയോട്ടികൾ പരിശോധിച്ച് കീഴ്താടി ഒരു കഷ്ണമാണെന്ന് അദ്ദേഹം സമർഥിക്കുകയുണ്ടായി. രക്തം ശ്വാസകോശത്തിൽവച്ച് നവീകരിക്കപ്പെടുമെന്ന് അവർ കണ്ടെത്തുക യുണ്ടായി ഇക്കാര്യം പിന്നീട് വില്യം ഹാർഫി സ്ഥിരീകരിച്ചു.

4. നേത്ര സംരക്ഷണ രംഗത്ത് മുസ്‌ലിംകൾ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഹസൻ ബിൻ ഹൈഥം ഈ രംഗത്ത് അഗ്രഗണ്യനായിരുന്നു. കണ്ണിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മായി വിശകലനം നടത്തുകയും കാഴ്ചയുടെ ടെക്‌നോളജി അദ്ദേഹം വിവരിക്കുകയും ചെയ്തു. കണ്ണിൽനിന്ന് പ്രകാശം പുറത്ത് പോയിട്ടാണ് വസ്തുക്കളെ കാണുന്നത് എന്ന ധാരണയായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാൽ പ്രകാശം വസ്തുക്കളിൽ തട്ടി പ്രതിഫലിച്ച് കണ്ണിന്റെ റെറ്റിനയിൽ പതിഞ്ഞ് കണ്ണിലെ ഞരമ്പിലൂടെ ഈ വിവരം തലച്ചോറിലെത്തുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നതെന്ന് ഇബ്‌നു ഹൈഥം വ്യക്തമാക്കി.
5. ശിശുരോഗങ്ങളെ മാത്രം ചികിത്സിക്കുന്ന ഡോക്ടർമാർ പുരാതന കാലത്ത് മുസ്‌ലിംകളിൽ ഇല്ലായിരുന്നുവെങ്കിലും ഈ രംഗത്ത് അവർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഗർഭസ്ഥ ശിശുക്കൾ, നവജാത ശിശുക്കൾ എന്നിവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവർ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. അബുൽ ഹസൻ അഹ്‌മദ് ബിൻ മുഹമ്മദ് അത്ത്വബ്‌രിയുടെ ഗ്രന്ഥം പിളള വൈദ്യത്തിലെ ഏറ്റവും പുരാതന കയ്യെഴുത്ത് പ്രതിയാണ്. ഇബ്‌നു സീന തന്റെ ‘കാനൻ’ എന്ന ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായത്തിൽ തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കേണ്ട രൂപം വിവരിക്കുന്നുണ്ട്. ഈ രംഗത്ത് ആധുനിക വൈദ്യവും ഇതിനോട് യോജിക്കുന്നുണ്ട്. അതുപോലെ ക്വുർആൻ ആയത്തിന്റെ അടിസ്ഥാത്തിൽ നവജാത ശിശുക്കളുടെ മുലകുടി പ്രായം രണ്ട് വർഷമായി ഇബ്‌നു സീന നിർണയിക്കുകയുണ്ടായി. അതോടൊപ്പം വളരെ കൂടുതൽ ഉഷ്ണമുളള സമയയും അതിശൈത്യമുളള സമയവും മുലകുടി നിർത്താൻ തെരഞ്ഞെടുക്കരുതെന്നും, ഒറ്റയടിക്ക് നിർത്താതെ ഘട്ടം ഘട്ടമായി മാത്രമെ നിർത്താവൂ എന്നും അദ്ദേഹം നിർദേശിക്കുന്നുണ്ട്.
6. ഗർഭധാരണവും പ്രസവുമായി ബന്ധപ്പെട്ട വൈദ്യവിവര രംഗത്തും മുസ്‌ലിംകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇമാം റാസി ഈ രംഗത്ത് ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇബ്‌നു സീന തന്റെ കാനനിന്റെ മൂന്നാം വാള്യത്തിൽ ഗർഭാശയത്തിന് ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്, വന്ധ്യതക്ക് ആധുനിക ശാസ്ത്രം എന്തൊക്കെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടോ അവയെല്ലാം ഇബ്‌നു സീന വിശദീകരിച്ചിട്ടുണ്ട്. വളരെ വിജയപ്രദമായ സിസേറിയനുകളൾക്കും മുസ്‌ലിം ഡോക്ടർമാർ നേതൃത്വം നൽകിയിട്ടുണ്ട്.
7. മാനസികരോഗ രംഗമാണ് മുസ്‌ലിംകൾ കൈവച്ച മറ്റൊരു മേഖല. ഈ രംഗത്ത് മുസ്‌ലിംകൾ നടത്തിയ സംഭാവനകൾ രേഖപ്പെടുത്താൻ ഒരു ഗ്രന്ഥം മതിയാകുകയില്ല. മാനസിക രോഗത്തെ യൂറോപ്പ് പോലും ഒരു പൈശാചിക രോഗമായിട്ടാണ് അക്കാലത്ത് ഗണിച്ചിരുന്നത്. രോഗിയെ ചങ്ങലകളിൽ ബന്ധിച്ച് അടിച്ചുകൊണ്ടാണ് അവർ ചികിത്സ നടത്തിയിരുന്നത്. എന്നാൽ മുസ്‌ലിംകൾ അവരുടെ എല്ലാ ആതുരാലയങ്ങളിലും മാനസിക ചികിത്സക്ക് ഒരു പ്രത്യേക വിഭാഗം തന്നെ തയ്യാറാക്കിയിരുന്നു. മാനസിക രോഗങ്ങൾ ഔഷധങ്ങൾകൊണ്ട് ചികിത്സിക്കാനാണ് മുസ്‌ലിം ഭിഷഗ്വരന്മാർ ശ്രമിച്ചത്. ഇമാം റാസിയെ പോലുളളവർ അക്കാലത്തുതന്നെ ചില ശാരീരിക രോഗങ്ങൾക്ക് മാനസിക രോഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അതുപോലെ അദ്ദേഹം ദഹനക്കേട് പോലുളള ശീരീരിക പ്രശ്‌നങ്ങൾ മാനസിക രോഗങ്ങൾക്ക് വഴിവെക്കുമെന്നും കണ്ടെത്തുകയുണ്ടായി. കോപം, ദുഃഖം എന്നിവ മാനസിക രോഗങ്ങൾക്ക് കാരണമായിത്തീരുന്നതുകൊണ്ട് മാനസിക നിയന്ത്രണം മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നാണ് ഇബ്‌നു മൈമൂൻ അവകാശപ്പെടുന്നത്. എല്ലാ ചികിത്സകളും പരാജയപ്പെട്ട ഒരു ചെറുപ്പക്കാരനെ ഒരിക്കൽ ഇബ്‌നു സീനയുടെ അടുക്കൽ കൊണ്ടുവരികയുണ്ടായി. ശീരീരിക തകരാറുകളൊന്നുമില്ലാത്ത അവന്റെ പ്രശ്‌നം ഒരു യുവതിയോടുളള പ്രണയമാണെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.
ബനൂ ബുവയ്യ ഗോത്രത്തിലെ ഒരു മനോരോഗിയായ രാജകുമാരനെ ഇബ്‌നു സീനയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ പ്രശ്‌നം അവൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുന്നതായിരുന്നു. അതോടൊപ്പം താൻ ഒരു പശുവാണ് എന്ന തോന്നൽ അവനെ അലട്ടുകയും ചെയ്തിരുന്നു. എന്നെ നിങ്ങൾ അറുത്ത് ഭക്ഷിക്കണം എന്നാണ് അവൻ ആവശ്യപ്പെട്ടിരുന്നത്. ഇബ്‌നു സീന ഒരു കത്തിയുമായി അവനെ അറുക്കാൻ മുതിരുകയും ഇത് ഒരു മെലിഞ്ഞ പശുവാണ് ഇതിന് ആദ്യം നിങ്ങൾ തീറ്റ കൊടുക്കൂ എന്ന് പറയുകയും ചെയ്തു. ഇത് കേട്ട അവൻ ആർത്തിയോടെ തിന്നാൻ തുടങ്ങി. ആ തീറ്റയിൽ ഔഷധം കലർത്തി ഇബ്‌നു സീന അവന്റെ രോഗം സുഖപ്പെടുത്തി. അതുപോലെ വന്ധ്യത പോലുളള ശീരീരിക പ്രശ്‌നങ്ങൾക്ക് ദമ്പതികൾക്കിടയിലെ പൊരുത്തമില്ലായ്മ എന്ന മാനസിക പ്രശ്‌നം കാരണമാകുന്നതായും ഇബ്‌നു സീന കണ്ടെത്തുകയുണ്ടായി.
(തുടരും)

