ശഅ്ബാൻ; റമദാനിലേക്കുള്ള ചവിട്ടുപടി

റോഷൻ പുനലൂർ

2026 ജനുവരി 24, 1447 ശഅ്ബാൻ 05

ചില മാസങ്ങൾക്ക് മറ്റു മാസങ്ങളെക്കാൾ ശ്രേഷ്ഠതയും പ്രത്യേകതയും അല്ലാഹുവും അവന്റെ റസൂലും നൽകിയിട്ടുണ്ട്. അത് അങ്ങനെത്തന്നെ അംഗീകരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണ്. ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. ശേഷം കടന്നുവരുന്നത് പുണ്യ റമദാൻ.

മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമ ലക്ഷ്യം അല്ലാഹുവിനുള്ള ഇബാദത്താണ്. ഇബാദത്ത് എന്നാൽ സ്രഷ്ടാവായ റബ്ബിനെ അറിഞ്ഞും അംഗീകരിച്ചും അനുസരിച്ചും ജീവിതത്തെ സമ്പൂർണമായും അവന്ന് വിധേയമാക്കലാണ്. നാഥന്റെ തൃപ്തിയനുസരിച്ച് ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന കർമങ്ങളാണ് ആരാധനകൾ. ആരാധനകളിൽ സമയദൈർഘ്യവും ത്യാഗവും കൊണ്ട് സവിശേഷമാണ് റമദാൻ മാസത്തെ വ്രതാനുഷ്ഠാനം. ഒരു മാസക്കാലം പകലുകളിൽ പൂർണമായും അന്നപാനീയങ്ങളുപേക്ഷിച്ച്, ദൈവസ്മരണകളിൽ വ്യാപൃതമായി കഴിയുന്നു വിശ്വാസികൾ. രാത്രി ദീർഘമായി നമസ്‌കരിച്ചും പ്രാർഥിച്ചും വിശ്രമസമയം ലഘൂകരിക്കുന്നു. ദിനചര്യകളെ ക്രമംതെറ്റിച്ച്, ശീലങ്ങളെ മാറ്റിമറിച്ച്, ദേഹേഛക്ക് പകരം ദൈവേഛക്കനുസരിച്ച ജീവിതപരിവർത്തനം സുസാധ്യമാണെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു റമദാൻ. സർവോപരി ലൈലതുൽ ക്വദ്ർ എന്ന അപൂർവ സൗഭാഗ്യത്തിലൂടെ സ്വർഗ പ്രവേശനത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. ആയതിനാൽ റമദാനിൽ ജീവിക്കുക എന്നത് ദൈവദാസന്റെ വല്ലാത്തൊരു താൽപര്യമായിത്തീരുന്നു. പൂർവികരിലെ മഹത്തുക്കൾ മാസങ്ങളോളം റമദാനിലേക്ക് ആയുസ്സിനെ എത്തിക്കാൻ വേണ്ടിയും ശേഷമുളള മാസങ്ങളിൽ, ഉപയോഗപ്പെടുത്തിയ റമദാനിനെ വീഴ്ചകൾ പൊറുത്ത് പരിപൂർണമായി സ്വീകരിക്കാൻ വേണ്ടിയും പ്രാർഥിച്ചുകൊണ്ടിരുന്നത് അതിനാലാണ്.

ഇത്രമേൽ മഹത്തായ റമദാനിലേക്ക് ഒരുങ്ങാനുള്ള മാസമാണ് ശഅ്ബാൻ. റമദാനിനൊരു മുഖവുര പോലെയാണ് ശഅ്ബാൻ. ആകാംക്ഷയോടെയും പ്രതീക്ഷയോടെയും പരീക്ഷക്ക് തയാറെടുപ്പ് നടത്തുന്ന വിദ്യാർഥിയെയും കൃഷിയിറക്കും മുമ്പ് നിലമുഴുത് പാകപ്പെടുത്തുന്ന കർഷകനെയും പോലെ വിശ്വാസികൾക്ക് റമദാനിലേക്കുള്ള പ്രാർഥനയുടെയും മുന്നൊരുക്കത്തിന്റെയും കാലമാണ് ശഅ്ബാൻ.

ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. മനുഷ്യരുടെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ റമളാൻ കഴിഞ്ഞാൽ നബിﷺ ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാൻ മാസത്തിലാണ്.

ഉസാമതുബ്‌നു സൈദ്(റ) പറഞ്ഞു: “ഞാൻ (നബിﷺയോട്) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, (റമദാൻ കഴിഞ്ഞാൽ പിന്നെ) ശഅ്ബാൻ മാസത്തിൽ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ!’ അപ്പോൾ നബിﷺ പറഞ്ഞു: ‘റജബിനും റമദാനിനും ഇടയിൽ ആളുകൾ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കർമങ്ങൾ ഉയർത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു’’ (നസാഈ: 2357, അൽബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

പ്രത്യേക പ്രാധാന്യമുള്ള രണ്ടു മാസങ്ങൾക്കിടയിൽ വരുന്ന ഒരു മാസമാണ് ശഅ്ബാൻ. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട (പവിത്ര) മാസമായ റജബിനും ക്വുർആൻ അവതരിച്ച മാസമായ റമദാനിനും ഇടയിലുള്ള മാസം. ‘ജനങ്ങൾ അതിനെക്കുറിച്ച് അശ്രദ്ധയിലാണ്’ എന്ന പരാമർശം അതാണ് സൂചിപ്പിക്കുന്നത്.

ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യിൽനിന്ന് നിവേദനം; അവർ പറഞ്ഞു: “നബിﷺ ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ ഇനി അദ്ദേഹം നോമ്പ് അനുഷ്ഠിക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമദാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണമായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅ്ബാൻ മാസത്തെക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല’’ (മുസ്‌ലിം).

ശഅ്ബാൻ മാസത്തിൽ വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമെ നബിﷺ നോമ്പ് ഒഴിവാക്കാറുണ്ടാ യിരുന്നുള്ളൂ. ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്. മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅ്ബാനിലാണ്. അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.

“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅ്ബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്....’’

ഇബ്‌നു ഉസൈമീൻ(റഹി) പറഞ്ഞു: “പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്: ‘നിർബന്ധ നമസ്‌കാരങ്ങളുമായി ബന്ധപ്പെട്ട റവാതിബ് സുന്നത്ത് നമസ്‌കാരങ്ങൾ പോലെയാണ് ശഅ്ബാനിലെ സുന്നത്തായ നോമ്പുകൾ. റമദാൻ മാസത്തിനുള്ള മുന്നൊരുക്കമാണത്. അതുകൊണ്ടുതന്നെ റമദാനിന് മുമ്പുള്ള ശഅ്ബാനിലെ നോമ്പും ശേഷമുള്ള ശവ്വാലിലെ ആറു നോമ്പും ഫർദ് നമസ്‌കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌കാരങ്ങളെ പോലെയാണ്’’ (ഫതാവാ അർകാനിൽ ഇസ്‌ലാം: 491).

ശഅ്ബാനിൽ എല്ലാ ദിവസവും നോമ്പ് നോൽക്കാമോ?

ആഇശ(റ)യിൽ നിന്നും നിവേദനം; അവർ പറഞ്ഞു: “ശഅ്ബാൻ മാസത്തെക്കാൾ ധാരാളമായി മറ്റൊരു മാസത്തിലും നബിﷺ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് ശഅ്ബാൻ മുഴുവനായും നോമ്പനുഷ്ഠിച്ചിരുന്നു’’ (ബുഖാരി:1970).

ഉമ്മു സലമ(റ)യിൽനിന്നും നിവേദനം; അവർ പറഞ്ഞു: “നബിﷺ റമദാനും ശഅ്ബാനും പരസ്പരം ചേർത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാൽ, രണ്ട് മാസങ്ങൾ തുടർച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല’’ (അഹ്‌മദ്: 26022, അബൂദാവൂദ്: 2336, നസാഈ: 2175).

ഇമാം ഇബ്നു റജബ് അൽഹംബലി(റഹി) പറഞ്ഞു: “ശഅ്ബാൻ റമദാനിനൊരു മുഖവുര പോലെയാണ്’ എന്നതുകൊണ്ട് റമദാനിൽ ശറആക്കപ്പെടുന്ന (നിയമമാക്കപ്പെട്ട) നോമ്പ്, ക്വുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅ്ബാനിലും ശറആക്കപ്പെട്ടിരിക്കുന്നു. റമദാനിനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിനും മനസ്സുകൾ ആ ഇബാദത്തുകളാൽ റഹ്‌മാനായ റബ്ബിലേക്ക് സർവാത്മനാ കീഴൊതുങ്ങാനും വേണ്ടിയാണത്’’ (ലത്വാഇഫുൽ മആരിഫ്:135).

ശഅ്ബാൻ പതിനഞ്ചിന് വല്ല പ്രത്യേകതയുമുണ്ടോ?

ശഅ്ബാൻ പതിനഞ്ചിലെ രാത്രിയിൽ അല്ലാഹു അവന്റെ അടിമകൾക്ക് പാപമോചനം നൽകുന്നതാണ്.

മുആദ് ബ്ൻ ജബലി(റ)ൽനിന്നും നിവേദനം; നബിﷺ പറഞ്ഞു: “ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്‌രിക്കിനും മുശാഹിനും ഒഴികെയുള്ള സകല സൃഷ്ടികൾക്കും അവൻ പൊറുത്ത് കൊടുക്കുകയും ചെയ്യും’’ (ത്വബ്‌റാനി: 20/108, ഇബ്‌നു ഹിബ്ബാൻ: 12/481).

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു (മുശ്‌രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലർത്തുന്നവനോ അല്ലാത്ത) തന്റെ സൃഷ്ടികൾക്ക് പൊറുത്ത് കൊടുക്കുമെന്നുള്ളത് ശരിയാണ്. എന്നാൽ ഈ ദിവസം എന്തങ്കിലും ആരാധനയോ ആഘോഷങ്ങളോ നടത്താൻ മതത്തിൽ നിർദേശമില്ല. കാരണം നബിﷺയിൽനിന്നോ നബിയിൽനിന്ന് ദീൻ നേരിട്ട് പഠിച്ച സ്വഹാബികളിൽനിന്നോ അതിന് യാതൊരു മാതൃകയുമില്ല.

ശൈഖ് ഇബ്‌നുറജബ്(റഹി): “ശഅ്ബാൻ പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ള തായ എല്ലാ ഹദീസുകളും ദുർബലമായതാണ്, അവയിൽ ചിലതാകട്ടെ വ്യാജനിർമിതവുമാണ്.’’

ഇമാം നവവി(റഹി)യുടെ ഗുരുവര്യനായ ശൈഖ് ശിഹാബുദ്ദീൻ അബൂ ശാമ(റഹി) പറയുന്നു: “നമ്മുടെ പണ്ഡിതൻമാരിൽ ഒരാളുംതന്നെ ശഅ്ബാൻ പതിനഞ്ചാംരാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. അബൂമുലൈക എന്ന പണ്ഡിതനോട് സിയാദ് ഇബ്‌നു നുമൈർ, ശഅ്ബാൻ 15ന്റെ മഹത്ത്വം ലൈലത്തുൽ ക്വദ്ർ പോലെ പ്രതിഫലാർഹമാണെന്ന് പറയുന്നുണ്ടല്ലോ’ എന്ന് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ‘അങ്ങനെ പറയുന്നത് ഞാൻ കേൾക്കുകയും അന്നേരം എന്റെ കയ്യിൽ ഒരു വടിയുമുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബിﷺയിൽനിന്നും പ്രസ്തുത ദിവസത്തിൽ പ്രത്യേകമായി ഒരു തരത്തിലുള്ള നമസ്‌കാരവും നിർവഹിക്കാൻ നിർദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തിൽ കടന്നുകൂടിയത് ബർമക്കികളുടെ കാലഘട്ടത്തിലാണ്. അവർ ഭക്ഷണ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മതത്തിൽ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാൻ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായി അലി(റ)യിൽനിന്നും ആഇശ(റ)യിൽനിന്നും അബൂമൂസ(റ)യിൽനിന്നും ഇബ്‌നുമാജ(റഹി) തന്റെ ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുർബലമായ പരമ്പരകളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്’’ (ശിഹാബുദ്ദീൻ അബൂശാമ: അൽബാഇസ് അലാ ഇൻകാരിൽ ബിദഇ വൽഹവാദിസി).

ശഅ്ബാൻ പതിനഞ്ചിന്റെ രാവിലെ നമസ്‌കാരം

“അല്ലയോ അലീ, ആരെങ്കിലും ശഅ്ബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം قُلْ هُوَ اللّٰهُ أَحَد ഓതി നൂറ് റക്അത്ത് നമസ്‌കരിച്ചാൽ ആ രാത്രിയിൽ അവൻ മൂന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അല്ലാഹു അവന് നിറവേറ്റി നൽകും.’’

ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ഇത് മൗദൂആണ് (കെട്ടിയുണ്ടാക്കിയത്)’’ (അൽമനാറുൽ മുനീഫ് 78).

ചിലയാളുകൾ അനുഷ്ഠിക്കുന്ന ശഅ്ബാൻ പതിനഞ്ചിന്റെ രാവിലെ ‘സ്വലാത്തുൽ അൽഫിയ’ എന്ന നമസ്‌കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅ്ബാൻ പതിനഞ്ചിന് നൂറ് റക്അത്ത് നമസ്‌കരിക്കുകയും അതിൽ ഓരോ റക്അത്തിലും 10 തവണ വീതം സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്‌കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി(റഹി) പറയുന്നു: “സ്വലാത്തുർറഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്‌കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്‌രിബിനും ഇശാഇനും ഇടയിൽ നമസ്‌കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നമസ്‌കാരം, അതുപോലെ ശഅ്ബാൻ പതിനഞ്ചിന് നമസ്‌കരിക്കുന്ന നൂറ് റക്അത്ത് നമസ്‌കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ക്വൂതുൽ ക്വുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്‌യാ ഉലൂമുദ്ദീൻ’ എന്ന ഗ്രന്ഥത്തിലോ അവ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരുംതന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്റെ മതവിധി വ്യക്തമല്ലാത്തതിനാൽ അത് പുണ്യകരമാണ് എന്ന നിലയ്ക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകൾ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവർക്ക് ആ വിഷയത്തിൽ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദുറഹ്‌മാൻ ഇബ്‌നു ഇസ്മാഈൽ അൽമക്വ‌്ദിസി ആ രണ്ട് നമസ്‌കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തിൽ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിർവഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ’’ (അൽമജ്മൂഅ്: 3/548).

ഈ നമസ്‌കാരത്തെ കുറിച്ച് അബൂശാമ(റഹി) പറയുന്നത് കാണുക: “ഇതെല്ലാം പിശാച് അവർക്ക്അലങ്കാരമായി കാണിച്ചുകൊടുക്കുകയും അവർ അത് മുസ്‌ലിംകളുടെ അടിസ്ഥാന ആരാധനകളുടെ ഭാഗമെന്ന നിലക്ക് നിർവഹിച്ച് പോരുകയും ചെയ്യുന്നു’’ (അൽബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്: 124).

ശഅ്ബാൻ മാസത്തിന്റെ അവസാനത്തിൽ റമദാന് ഒന്നോ രണ്ടോ ദിവസം മുമ്പായി നോമ്പ് നോൽക്കരുതെന്നും കൽപനയുണ്ട്.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “നിങ്ങളാരും തന്നെ റമദാനിന്റെ ഒന്നോ രണ്ടോ ദിവസങ്ങൾ മുമ്പ് നോമ്പെടുക്കരുത്. സ്ഥിരമായി അന്നേദിവസം (സുന്നത്ത്) നോമ്പ് പിടിക്കുന്നവനാണെങ്കിലോ അവന് ആ ദിവസം നോമ്പനുഷ്ഠിക്കാം’’ (ബുഖാരി:1914)

ചുരുക്കത്തിൽ ഒരാൾ കർമങ്ങൾ വർധിപ്പിക്കാനും വർധിച്ച പ്രതിഫലം ലഭിക്കാനും ആഗ്രഹിക്കുന്നെങ്കിൽ അയാൾ ശഅ്ബാൻ ഭൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ റസൂലിന്റെ ചര്യ. അതിന് സാധിക്കില്ലെങ്കിൽ അയാൾ എല്ലാ തിങ്കളും വ്യാഴവും അയ്യാമുൽ ബീദിലും (13, 14, 15 ദിനങ്ങൾ) നോമ്പ് നോൽക്കട്ടെ. അതും നബിﷺ പഠിപ്പിച്ച സുന്നത്താണ്.