ആരാണ് നിങ്ങളുടെ സുഹൃത്തുക്കൾ?
മുഹമ്മദ് സിയാദ് ജുബൈൽ
2026 മെയ് 09, 1447 ദുൽഖഅദ് 21

ഐഹിക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന് നല്ല സുഹൃത്തുക്കളെയും കൂട്ടാളികളെയും ആവശ്യമാണ്. ജീവിത യാത്രയിൽ നേരിടേണ്ടി വരുന്ന ആശ്വാസത്തിലും ഞെരുക്കത്തിലും ഒരുപോലെ കൂടെ നിന്ന് സമാധാനം നൽകുന്ന ഒരു കൂട്ടുകാരനെയാണ് ഏതൊരാളും തേടുന്നത്. നമ്മുടെ സുഹൃത്തുക്കൾ ആരായിരിക്കണം, എങ്ങനെയുള്ളവനായിരിക്കണം എന്നതാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ സുഹൃത്ത് നീതിബോധവും ആത്മാർത്ഥതയും ഗുണകാംക്ഷയും സൽസ്വഭാവവും സത്യസന്ധതയും മതനിഷ്ഠയും ഒത്തുചേർന്നവനായിരിക്കണം. ഇത് വളരെ അത്യന്താപേക്ഷിതമാണെങ്കിലും ഈ സ്വഭാവഗുണങ്ങളുള്ള ഒരാളെ കണ്ടെത്തുക എന്നത് ഏറെ ദുഷ്‌കരമായ ഒരു കാര്യമാണ്. എന്നിട്ടും പലരും ഇതിനെ അവഗണിക്കുകയും നിസ്സാരമായി കാണുകയും ചെയ്യുന്നു.
കൂട്ടാളികൾക്കും സുഹൃത്തുക്കൾക്കും ഇസ്‌ലാം നൽകുന്ന പ്രാധാന്യവും ഇരുലോകത്തിലും അവർ ചെലുത്തുന്ന സ്വാധീനവും വളരെ ശ്രദ്ധേയമാണ്. ക്വുർആനിൽ ഒരിടത്ത് നമ്മൾ ഇങ്ങനെ വായിക്കുന്നു: “സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ’’ (സുഖ്‌റുഫ്: 67).
അപ്പോൾ ഐഹിക ലോകത്തെ അടുത്ത സുഹൃത്തുക്കൾ അന്ത്യദിനത്തിൽ ശത്രുക്കളായേക്കാം. എന്തുകൊണ്ടാണത്? കാരണം, അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച് പരസ്പരം ഓർമിപ്പിക്കുകയും ശരിയായ പാതയിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവർ പരസ്പരം വഞ്ചിക്കുകയും നേരായ പാതയിൽനിന്ന് കൂടുതൽ അകറ്റുകയുമാണ് ചെയ്തത്.
നമ്മുടെ പല സഹോദരന്മാരും മതനിഷ്ഠ പുലർത്തി ജീവിക്കാൻ തുടങ്ങുകയും നേരായ പാതയിൽ മുന്നേറാൻ പൂർണഹൃദയത്തോടെ തീരുമാനിക്കുകയും ചെയ്യും. എന്നാൽ, ആ തീരുമാനമനുസരിച്ചു മുന്നോട്ടു പോകുന്നതിനിടയിൽ പാതിവഴിയിൽ അവർ പിൻവാങ്ങുന്നത് കാണാം. ശാശ്വതമായ പരലോകജീവിതത്തിനു പകരം ക്ഷണികമായ ഐഹികജീവിതത്തിന് അവർ ഊന്നൽ നൽകി. പലപ്പോഴും ഇതിനുള്ള കാരണം ജനങ്ങളിൽനിന്നും അകന്ന് ഒറ്റയ്ക്കായിരിക്കുന്നതുകൊണ്ടോ സത്യസന്ധരായ കൂട്ടുകാർ ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം. രണ്ടായാലും ഇത് ഒരാളുടെ ആത്മീയ വികാസത്തിന് വളരെയധികം ദോഷം ചെയ്യും.
ക്വുർആനിൽ മറ്റൊരിടത്തു നമ്മൾ ഇങ്ങനെ വായിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക’’ (അത്തൗബ: 119).
നബിﷺ പറഞ്ഞു: “...ഒറ്റപ്പെട്ട ആടുകളെയാണ് ചെന്നായ തിന്നുക’’(അബൂദാവൂദ്).
അതുകൊണ്ട് തന്നെ കൂട്ടുകാർ ഉണ്ടായിരിക്കുക എന്നതും ആ കൂട്ടുകാർ സത്യവാൻമാരായിരിക്കുക എന്നതും മർമപ്രധാനമായ കാര്യമാണ്. എല്ലാ വെള്ളിയാഴ്ചകളിലും പാരായണം ചെയ്യുന്ന സൂറത്തുൽ കഹ്ഫിലെ താഴെ കൊടുക്കുന്ന വചനങ്ങൾ മതബോധമുള്ള കൂട്ടുകാർ ആവശ്യമാണെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് പോലെയാണ്:
“തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവെൻറ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്’’ (അൽ കഹ്ഫ്:28)
കാലത്തും വൈകുന്നേരവും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുന്നവരുടെ കൂട്ടത്തിൽ നിലയുറപ്പിക്കുക എന്നതാണ് ഇവിടെ കൽപന. ക്ഷണികമായ ഈ ഐഹികലോകത്തിലെ താൽക്കാലിക വിനോദങ്ങളിൽ മുഴുകാതെ, പരലോകത്തിന് ശ്രദ്ധ നൽകി, ആത്മാർഥമായി അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടുകാരനൊപ്പം - അവനിൽ മറ്റു നിസ്സാര ദൂഷ്യങ്ങളുണ്ടെങ്കിലും- ക്ഷമിച്ചുകൊണ്ട് കഴിഞ്ഞുകൂടുക.
നബിﷺ നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉദാഹരണം നമുക്ക് ഭംഗിയായി വിവരിച്ചു തന്നിട്ടുണ്ട്. അബൂമൂസ(റ) നിവേദനം; നബിﷺ പറഞ്ഞു:
“നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉദാഹരണം ഒരു കസ്തൂരി വിൽപനക്കാരനും ഒരു കൊല്ലപ്പണിക്കാരനും പോലെയാണ്. കസ്തൂരി വിൽപനക്കാരൻ ഒന്നുകിൽ നിങ്ങൾക്ക് കസ്തൂരി സമ്മാനമായി നൽകും, അല്ലെങ്കിൽ അവനിൽനിന്ന് നിങ്ങൾ കസ്തൂരി വാങ്ങുകയോ അതിന്റെ സുഗന്ധം ആസ്വദിക്കുകയോ ചെയ്യും. കൊല്ലപ്പണിക്കാരനെ സംബന്ധിച്ചിടത്തോളം, അവൻ നിങ്ങളുടെ വസ്ത്രങ്ങളോ വീടോ കത്തിക്കും, (അവന്റെ അടുത്ത് ഇരുന്നാൽ തീപ്പൊരി പാറി പ്രയാസമുണ്ടാകും). അല്ലെങ്കിൽ നിങ്ങൾക്ക് അവനിൽനിന്ന് ദുർഗന്ധം ലഭിക്കും’’ (ബുഖാരി).
അതെ! നല്ല സുഹൃത്തുക്കളോടൊപ്പമായിരിക്കുമ്പോൾ, അവർ അവനെ അല്ലാഹുവിനെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. അവൻ വ്യതിചലിക്കുമ്പോൾ അവനെ നേരായ വഴിയിലേക്ക് തിരിച്ചു കൊണ്ടുവരും, തെറ്റുകുറ്റങ്ങൾ തുറന്നുപറഞ്ഞ് അവനെ തിരുത്തും, അല്ലാഹുവിന്റെ കൽപനകൾ പാലിക്കാൻ സഹായിക്കും. ഉറ്റ സുഹൃത്ത് ഒരു കണ്ണാടിയെന്ന പോലെ അവന്റെ വ്യക്തിത്വം മെച്ചപ്പെടുത്താൻ സഹായിക്കും, ജീവിതത്തിലെ പ്രതിസന്ധികളിൽ ശരിയായ ഉപദേശം നൽകും, നന്മയുടെ കാര്യത്തിൽ മത്സരിക്കാൻ അവരിൽ ഒരാളെ അവൻ കണ്ടെത്തും; കസ്തൂരി വില്പനക്കാരനിൽനിന്നുള്ള സുഗന്ധം പോലെ.

സുഹൃത്തുക്കൾ കൂടുതൽ ആരാധനകൾ ചെയ്യുകയും ദാനധർമങ്ങളും മറ്റു സൽകർമങ്ങളും ധാരാളമായി നിർവഹിക്കുകയും മാന്യമായി വസ്ത്രം ധരിക്കുകയും ക്വുർആൻ മനഃപാഠമാക്കുകയും ദീനിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അതെല്ലാം നമ്മെ സ്വാധീനിക്കുകയും നമുക്ക് കൂടുതൽ ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ഇത് നമ്മളിലേക്ക് കൂടുതൽ നന്മയുടെ വാതിലുകൾ തുറക്കും. ചുരുക്കത്തിൽ, നല്ലൊരു സുഹൃത്തുണ്ടെങ്കിൽ ജീവിതത്തിൽ തെറ്റുകൾ കുറയ്ക്കാനും നന്നാകാനും സാധിക്കും.
സലഫുകളിൽനിന്നുള്ള മാതൃകകൾ ഈ വിഷയത്തിൽ കാണാം:
അബുദ്ദർദാഅ്(റ) നിവേദനം: “അബ്ദുല്ലാഹിബ്‌നു റവാഹ എന്റെ കൈപിടിച്ച് പറയുമായിരുന്നു: ‘ഒരു നിമിഷം എന്നോടൊപ്പം വരൂ, നമുക്ക് നമ്മുടെ ഈമാൻ പുതുക്കാം; എന്തന്നാൽ അടുപ്പിൽ വെച്ച പാത്രങ്ങളിലുള്ള വസ്തു തിളച്ചുമറിയുന്നതിെേനക്കാൾ വേഗത്തിൽ ഹൃദയങ്ങൾ മാറിമറിയും’’ (ഇബ്‌നുൽ മുബാറക്, അസ്സുഹ്ദ് വർറക്വാഇക്വ്).
ഉമറുബ്‌നുൽ ഖത്ത്വാബ്(റ) അബൂ മൂസൽഅശ്അരി(റ)യോട് പറയുമായിരുന്നു: “അബൂ മൂസാ, നമ്മുടെ റബ്ബിനെ നീ ഓർമിക്കുക.’ അങ്ങനെ അദ്ദേഹം ക്വുർആൻ പാരായണം ചെയ്യുകയും സ്വഹാബികൾ അത് കേൾക്കുകയും ചെയ്യുമായിരുന്നു’’ (ഇബ്‌നു തൈമിയ്യ, മജ്മൂഉൽ ഫതാവാ).
അതുകൊണ്ട് തന്നെ റബ്ബിനെയും പരലോകത്തെയും ഓർമിപ്പിക്കുന്ന, മതബോധമുള്ള കൂട്ടാളികളെ ലഭിക്കാൻ ആത്മാർഥമായി പരിശ്രമിക്കുക.
എന്നാൽ സുഹൃത്തുക്കൾ ഇതിനു വിപരീതമാണെങ്കിൽ, അതിന്റെ സ്വാധീനം നമ്മളിൽ പ്രകടമാകും. നമ്മെ അലസത പിടികൂടും. അതിന്റെ ഫലമായി, ഏതൊരു സൽകർമവും അതിന്റെ ഏറ്റവും കുറഞ്ഞ ബാധ്യതകൾ നിർവഹിച്ചുകൊണ്ട് നാം തൃപ്തിയടയും. എന്നിട്ട് നമ്മൾ അവരുമായി സ്വയം താരതമ്യം ചെയ്യുകയും ‘കുറഞ്ഞപക്ഷം ഞാൻ നമസ്‌കരിക്കുകയെങ്കിലും ചെയ്യുന്നു; കുറഞ്ഞത് ഞാൻ റമദാനിൽ നോമ്പെടുക്കുക്കുകയെങ്കിലും ചെയ്യുന്നു; കുറഞ്ഞത് ഞാൻ വൻപാപങ്ങൾ ഒന്നും ചെയ്യുന്നില്ലല്ലോ’ എന്ന് ചിന്തിക്കുകയും ചെയ്യും. കാലക്രമേണ, നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ ഈ കാര്യങ്ങളെപ്പോലും നമ്മളറിയാതെ നമ്മൾ വിട്ടുവീഴ്ച ചെയ്യുന്ന അവസ്ഥയിലെത്തും. (അല്ലാഹു കാത്തു രക്ഷിക്കട്ടെ!).
അതുകൊണ്ടാണ് ചീത്ത സുഹൃത്തുക്കളെ സ്വീകരിച്ചവരുടെ പരലോകത്തെ അവസ്ഥ അല്ലാഹു നമുക്ക് വിവരിച്ചുതന്നത്: “അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം. അവൻ പറയും: ‘റസൂലിന്റെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ! ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതിൽനിന്നവൻ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു’’ (ഫുർക്വാൻ: 27-29).
തീർച്ചയായും, കൂടെ നടക്കുന്ന ആളുകളുടെയും സാഹചര്യങ്ങളുടെയും സമ്മർദം ആളുകളിൽ വലിയ തോതിൽ പ്രതികൂല ഫലങ്ങൾ ഉളവാക്കുമെന്നു നമുക്കറിയാം. നിരവധി പഠനങ്ങൾ അത് തെളിയിച്ചിട്ടുമുണ്ട്. ഇവ്വിഷയകമായി ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു:
“അറിയുക! ഏറ്റവും വലിയ നഷ്ടം അല്ലാഹുവുമായുള്ള നിങ്ങളുടെ സമയത്തിൽ നഷ്ടം മാത്രം വരുത്തുന്ന ഒരാളോടൊപ്പം മുഴുകുക എന്നതാണ്. അയാൾ നിങ്ങളെ അല്ലാഹുവിൽനിന്ന് അകറ്റി നിർത്തും; അയാൾ നിങ്ങളുടെ സമയം പാഴാക്കുകയും ഊർജം ദുർബലമാക്കുകയും നിശ്ചയദാർഢ്യം ചിതറിക്കുകയും ചെയ്യും. അതിനാൽ, നിങ്ങൾ ഇതുമുഖേന പരീക്ഷിക്കപ്പെടുകയാണെങ്കിൽ അല്ലാഹു തൃപ്തിപ്പെടുന്ന രൂപത്തിൽ അവനോട് പെരുമാറുക; കഴിയുന്നത്ര അവനോട് ക്ഷമ കാണിക്കുക. ഈ വ്യക്തിയിലൂടെ അല്ലാഹുവിലേക്കും അവന്റെ പ്രീതിയിലേക്കും കൂടുതൽ അടുക്കാൻ ശ്രമിക്കുക. അങ്ങനെ, അവനുമായുള്ള ഒത്തുചേരൽ പ്രയോജനകരമായ ഒന്നാക്കി മാറ്റുക; നഷ്ടമുണ്ടാക്കുന്ന ഒന്നാക്കാതിരിക്കുക.
