അന്ധത പരത്തുന്ന ശിർക്കും അനാചാരങ്ങളും

മെഹബൂബ് മദനി ഒറ്റപ്പാലം

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

മനുഷ്യന്റെ സകലമാന സമാധാനത്തെയും നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ അക്രമമാണ് ബഹു ദൈവാരാധന അഥവാ (ശിർക്ക്). തൗഹീദിനാൽ ലഭ്യമാവുന്ന മുഴുവൻ നിർഭയത്വവും അല്ലാഹുവിൽ പങ്കുചേർക്കുന്നതോടുകൂടി മനുഷ്യരിൽനിന്ന് നഷ്ടമാവും. പിന്നീടവർക്ക് വലിയ ഭയാശങ്കകളിലൂടെയായിരിക്കും ജീവിക്കേണ്ടിവരിക. സൃഷ്ടികളെ ആരാധിക്കുന്നവർക്ക് ഒരിക്കലും മരണാനന്തര ജീവിതത്തിൽ വിജയിക്കാനാവില്ല. ശിർക്കിനെ ഏറ്റവും വലിയ അക്രമമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വിശുദ്ധ ക്വുർ ആൻ ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക:

“ലുക്വ‌്‌മാൻ തന്റെ മകന് സദുപദേശം നൽകികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു’’ (31:13).

നമ്മുടെ അധികാരത്തിലും അവകാശത്തിലും മറ്റൊരാൾ കൈകടത്തുന്നത് മനുഷ്യരായ നമുക്ക് തന്നെ അസഹനീയമാണ്. അപ്പോൾ പിന്നെ സർവശക്തനായ, തുല്യതയില്ലാത്ത സ്രഷ്ടാവിന് പങ്കുകാരെ ആരോപിക്കുന്നത് എത്രമാത്രം ഗൗരവതരമാണ്! സൃഷ്ടികളോട് വളരെയേറെ കാരുണ്യവും ദയയും സ്‌നേഹവുമുള്ള അല്ലാഹു എല്ലാ പാപങ്ങളും മനുഷ്യർക്ക് പൊറുത്തുകൊടുത്തേക്കാം; എന്നാൽ ശിർക്ക് അവൻ പൊറുക്കാത്ത പാപമാണ്.

“തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർക്കുന്നുവോ അവൻ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു’’ (4:116).

പശ്ചാത്തപിക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ശിർക്ക്. ഒരു മനുഷ്യൻ ചെയ്യുന്ന നന്മകൾ കൊണ്ടും, അവൻ അനുഭവിക്കുന്ന വിപത്തുകൾ കാരണമായും, വിശ്വാസികളുടെ പ്രാർഥനയാലും, അല്ലാഹുവിന്റെ കാരുണ്യംകൊണ്ടുമൊക്കെ അല്ലാഹു ഒരാളുടെ പാപങ്ങൾ പൊറുത്തുകൊടുത്തേക്കാം. എന്നാൽ ശിർക്ക് കാരണം ദൈവകാരുണ്യത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടും. ശിർക്ക് ചെയ്യുന്നവന്റെ എല്ലാ പുണ്യങ്ങളും സൽകർമങ്ങളും നിഷ്ഫലമായിത്തീരുമെന്ന യാഥാർഥ്യം എല്ലാ നബിമാർക്കും അല്ലാഹു ദിവ്യബോധനം നൽകിയിട്ടുണ്ട്. ശിർക്കാകുന്ന മഹാപാപം ചെയ്യുന്നവർക്ക് പരലോകത്ത് സ്വർഗമെന്ന ദൈവാനുഗ്രഹം ലഭിക്കില്ലെന്നും നരകശിക്ഷയായിരിക്കും അവരെ കാത്തിരിക്കുന്നത് എന്നും സംശയലേശമെന്യെ ക്വുർആൻ ഉണർത്തുന്നത് കാണുക:

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും’’(39:65).

“അവർ (അല്ലാഹുവോട്) പങ്കു ചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു’’ (6:88).

ശിർക്ക് ചെയ്യുന്നവരുടെ പരലോകജീവിതം മാത്രമല്ല ഐഹികജീവിതവും ഭയാശങ്കകളും പരിഭ്രാന്തിയും നിറഞ്ഞതായിരിക്കും. ശിർക്ക് ചെയ്യുന്നവർക്ക് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയില്ല. അതിനാൽതന്നെ വിശ്വാസംകൊണ്ട് ലഭിക്കുന്ന മനസ്സമാധാനവും സ്ഥൈര്യവും അവർക്ക് ഉണ്ടാവില്ല. അവർ അസ്വസ്ഥരും ചഞ്ചലചിത്തരുമായിരിക്കും:

“വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേർക്കാത്തവരുമായിരിക്കണം (നിങ്ങൾ.) അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം അവൻ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോകു ന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു’’ (22:31).

ബഹുദൈവാരാധന എന്ന മഹാപാപം മനുഷ്യനെ സന്മാർഗത്തിൽനിന്ന് അങ്ങേയറ്റം പിഴപ്പിക്കുകയും വലിയ ദുർമാർഗത്തിൽ എത്തിക്കുകയും ചെയ്യും. ബഹുദൈവാരാധനയുടെ നിരർഥകത വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്ന ഒരു ഉദാഹരണം ഇങ്ങനെയാണ്:

“അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാർ. ഒരു യജമാനന് മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയിൽ ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല’’(39:29).

“പറയുക: അല്ലാഹുവിന് പുറമെ ഞങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്തതിനെ ഞങ്ങൾ വിളിച്ച് പ്രാർഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയതിനുശേഷം ഞങ്ങൾ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കൾ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയിൽ അന്ധാളിച്ച്കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?). ഞങ്ങളുടെ അടുത്തേക്ക് വരൂ എന്നു പറഞ്ഞുകൊണ്ട്അവനെ നേർവഴിയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീർച്ചയായും അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. ലോകരക്ഷിതാവിന് കീഴ്‌പെടുവാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നത്’’ (6:71).

ശിർക്കിന്റെ ഗൗരവം വ്യക്തമാക്കുന്ന ഈ നബിവചനങ്ങൾ കൂടി ശ്രദ്ധിക്കുക: “അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കി പ്രാർഥിച്ചുകൊണ്ട് വല്ലവനും മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിച്ചു’’ (ബുഖാരി, മുസ്‌ലിം).

“ഏറ്റവും വലിയ പാപം ഏതാണെന്ന് പ്രവാചകനോട് ഞാൻ ചോദിച്ചു. അവിടുന്ന് അരുളി: ‘നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് നീ പങ്കുകാരെ ഉണ്ടാക്കലാണ്’’ (മുസ്‌ലിം).

അല്ലാഹുവിന് പങ്കുകാരെ നിശ്ചയിക്കുകയും ശിർക്കിന്റെ പ്രചാരവേല നിർവഹിക്കുകയും ചെയ്യുന്നവർക്ക് ഒരുപക്ഷേ, താൽക്കാലിക ഭൗതിക നേട്ടമോ സാമ്പത്തിക ലാഭമോ ഒക്കെ ലഭിച്ചേക്കാം. പക്ഷേ, അവരുടെ പരലോകം ഭയാനകമായിരിക്കും. അവർക്ക് അല്ലാഹു നൽകുന്ന ഗൗരവതരമായ താക്കീത് ഇപ്രകാരമാണ്:

“അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമ ൻമാരെ ഉണ്ടാക്കിവെച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്തന്നെയാണ്’’ (14:30).

“അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കിൽ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടിവരും’’ (17:22).

“മർയമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസി കളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; ‘ഇസ്രാഈൽ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരി ക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല’ എന്നാണ്’’ (5:72).

ശരിയായി ചിന്തിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ, വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ് വിശുദ്ധ ക്വുർആനിന്റെ ഈ പരാമർശങ്ങൾ. ശിർക്ക് ചെയ്യുന്നതിലൂടെ ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദാണ് തകരുന്നത്. ജാറങ്ങളിലും മക്വ‌്‌ബറകളിലും പലപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ശിർക്കൻ വിശ്വാസ-ആചാരങ്ങളുടെ ഗൗരവം എത്രമേൽ വലുതാണെന്ന് ഈ പ്രമാണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. തകർന്ന അസ്തിവാരത്തിന് മുകളിൽ കെട്ടിപ്പടുക്കുന്നതിനൊന്നും സ്ഥായിയായ നിലനിൽപ്പുണ്ടാവുകയില്ല.

ശിർക്കിന്റെ പതാകവാഹകർ എത്രതന്നെ പ്രമാണങ്ങളെ വളച്ചൊടിച്ചാലും ഔലിയാക്കളെന്ന് ചിലരെ മഹത്ത്വവൽക്കരിച്ച് റബ്ബിന്റെ വിശേഷണങ്ങൾ ചാർത്തിക്കൊടുത്താലും അതിന്നൊന്നും പ്രമാണങ്ങളുടെ പിൻബലമുണ്ടാവുകയില്ലെന്നത് റബ്ബിന്റെ പ്രഖ്യാപനമാണ്:

“വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച് പ്രാർഥിക്കുന്നപക്ഷം - അതിന് അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച’’ (23:117).

ശിർക്ക് ചെയ്യുന്നതുകൊണ്ട് ഭൗതികവും പാരത്രികവുമായ നേട്ടങ്ങളൊന്നും ലഭിക്കാനില്ല. നഷ്ടപ്പെടാനുള്ളത് ദൈവികാനുഗ്രഹമായ ശാശ്വതമായ സ്വർഗലോകമാണെന്നത് ഓർത്തിരിക്കുക.

നിർഭയത്വം നഷ്ടപ്പെടുത്തുന്ന അനാചാരങ്ങൾ

നബിﷺയുടെ കാലശേഷം ഇസ്‌ലാമിന്റെ പേരിൽ ഉണ്ടാക്കിയിട്ടുള്ള പുത്തനാചാരങ്ങൾ തൗഹീദിന്റെ ഗുണഫലമായി മനുഷ്യരിൽ ഉണ്ടാക്കുന്ന നിർഭയത്വത്തെ തകർക്കുന്നത് കൂടിയാണ്. ‘ബിദ്അത്ത്’ എന്ന പദമാണ് അനാചാരങ്ങൾക്ക് അറബി ഭാഷയിൽ ഉപയോഗിച്ചുവരുന്നത്.

‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപരമായ അർഥം, പൂർവ മാതൃകയില്ലാതെ ഉണ്ടാക്കുന്നത് എന്നാണ്. എന്നാൽ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബിﷺയുടെ മാതൃകയില്ലാതെ മതത്തിൽ പുതുതായുണ്ടാക്കുന്ന കാര്യങ്ങളാണ്. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ, മതം പൂർത്തിയായതിനുശേഷം അതിന്റ പേരിൽ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്.

ഇസ്‌ലാമിന്റെ സമ്പൂർണത വിശുദ്ധ ക്വുർആനും പ്രവാചകനും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹ മില്ലാത്ത ഒരാദർശമെന്ന നിലയ്ക്ക് ആർക്കും എപ്പോഴും സമീപിക്കാവുന്ന സുന്ദരമായ ദീനാണ് ഇസ്‌ലാം. കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ചോ മനുഷ്യ നാഗരികതയുടെ പുരോഗതിക്കനുസരിച്ചോ ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേർക്കേണ്ടതായൊ ഇസ്‌ലാമിലില്ല. അഹ്‌ലുസ്സുന്നയുടെ മുൻഗാമികളായ പണ്ഡിതന്മാർ ഇക്കാര്യത്തിൽ ഗൗരവമേറിയ നിർദേശങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്.

ഇമാം മാലിക്(റഹി) പുത്തനാചാരങ്ങളുടെ ഗൗരവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “ആരെങ്കിലും നല്ലതെന്ന പേരിൽ ഒരു ബിദ്അത്ത് ചെയ്താൽ മുഹമ്മദ് നബിﷺ തന്റെ രിസാലത്തിൽ വഞ്ചന കാണിച്ചു എന്ന് അവൻ വാദിക്കുന്നുവെന്നാണ് അതിന്നർഥം.’’

ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ക്വുർആനിനെയും തിരുസുന്നത്തിനെയും കയ്യൊഴിഞ്ഞുകൊണ്ട് പുത്തനാചാരങ്ങളുടെ പുറകെ പായുന്നവർ വലിയ അന്ധവിശ്വാസത്തിലേക്കും അതുവഴി ഏറ്റവും വലിയ വഴികേടിലേക്കുമാണ് എത്തിച്ചേരുന്നത്. നബിയിലൂടെ സത്യദീൻ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നിരിക്കെ പിന്നീട് എന്തിനാണ് പുത്തനാചാരങ്ങളുടെ പിന്നാലെ പോകുന്നത് എന്ന് ആലോചിക്കാത്ത താണ് പല ബിദ്അത്തിന്റെ വാഹകരും അവരുടെ അനാചാരങ്ങളിൽ ഉറച്ചുനിൽക്കാനുള്ള കാരണം.

വിശ്വാസിയുടെ ജീവിതലക്ഷ്യം സ്വർഗപ്രവേശമാണ്. അതിന് ഉതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തിലൂടെ അല്ലാഹു പഠിപ്പിച്ചു തന്നിട്ടുണ്ട്. വിശുദ്ധ ക്വുർആൻ അത് ഇങ്ങനെ വ്യക്തമാക്കി:

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’(33:21).

സന്മാർഗമാഗ്രഹിക്കുന്നവർ നബിﷺയുടെ ജീവിത മാതൃക കൃത്യമായി പിന്തുടരുകയാണ് വേണ്ടത്. അതിലൂടെയാണ് റബ്ബിന്റെ സ്‌നേഹം നേടാനാവുക. അല്ലാഹു പറയുന്നു: “(നബയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേ ഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്’’ (3:31).

അഭിപ്രായ ഭിന്നതകളുണ്ടെങ്കിൽ പ്രാണങ്ങളിലേക്ക് മടങ്ങി അതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും ക്വുർആൻ നിർദേശിച്ചു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ട ത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

അനാചാരങ്ങളുടെ അപകടം വ്യക്തമാക്കുന്ന പ്രവാചക വചനങ്ങൾ

ബിദ്അത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന നബിﷺയുടെ ഉപദേശങ്ങൾ ഏറെയാണ്. അവയിൽ ചിലത് നമുക്കിപ്രകാരം വായിക്കാം:

ആഇശ(റ) നിവേദനം; നബിﷺ പറഞ്ഞു: “നമ്മുടെ ഈ മതത്തിൽ, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’’ (സ്വഹീഹുൽ ബുഖാരി).

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവർ ഒഴികെ.’ അപ്പോൾ അവർ (സ്വഹാബികൾ) ചോദിച്ചു: ‘ആരാണ് വിസമ്മതിച്ചവർ?’ നബിﷺ പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ (എന്റെ കൽപനകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയോ) അവർ സ്വർഗത്തിൽ പ്രവേശിച്ചു. ആർ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവർ എന്നെ വിസമ്മതിച്ചു’’ (സ്വഹീഹുൽ ബുഖാരി).

നബിﷺ പറഞ്ഞു: “കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് പുതുനിർമിതങ്ങളാണ് (ബിദ്അത്തുകളാണ്). എല്ലാ ബിദ്അത്തുകളും വഴികേടുമാണ്’’ (സ്വഹീഹ് മുസ്‌ലിം).

നബിﷺ പറഞ്ഞു: “എനിക്കുശേഷം നിങ്ങളിൽനിന്ന് ജീവിച്ചിരിക്കുന്നവർക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണാൻ കഴിയും. അപ്പോൾ എന്റെ ചര്യയും സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങൾ പിന്തുടരുക. അണപ്പല്ലുകൾ കൊണ്ട് നിങ്ങളവ കടിച്ചുപിടിക്കുകയും ചെയ്യുവിൻ. (കാരണം, മതത്തിൽ) പുതുതായി നിർമിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്’’ (അബൂദാവൂദ്).

“ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല ചര്യ മുഹമ്മദ്‌നബിﷺയുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്’’ (മുസ്‌ലിം).

ബിദ്അത്ത് ചെയ്യുന്നവർക്ക് പരലോകത്ത് ഹൗദുൽ കൗസറിലെ പാനീയം നിഷേധിക്കപ്പെടുമെന്നും നബിﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സഹ്‌ലുബ്‌നു സഅദി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “ഞാൻ ഹൗദിങ്കൽ നിങ്ങളുടെ മുമ്പ് എത്തുന്നതാണ്. എന്റെ അരികിൽ വരുന്നവർ അതിൽനിന്ന് കുടിക്കും. അതിൽനിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചിലയാളുകൾ എന്റെയടുത്ത് ഹൗദിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറയിടപ്പെടുന്നതാണ്. അപ്പോൾ ഞാൻ പറയും: ‘അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ.’ അപ്പോൾ പറയപ്പെടും: ‘താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല.’ തത്സമയം ഞാൻ പറയും: ‘എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ’’ (സ്വഹീഹുൽ ബുഖാരി).

മരണാനന്തര ജീവിതത്തിലെ വിജയത്തിനായി, ഇഹലോകത്തെ നന്മനിറഞ്ഞ ജീവിതത്തിനായി തൗഹീദിൽ അടിയുറച്ച്, പ്രവാചകചര്യ മുറുകെ പിടിച്ച് ജീവിക്കുക.