അബുൽക്വാസിം അസ്സഹറാവി: ശസ്ത്രക്രിയയുടെ അധിപൻ
ഡോ. ടി. കെ. യൂസുഫ്
2026 മെയ് 23, 1447 ദുൽഹിജ്ജ 07

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 11)
936 ൽ സ്‌പെയിനിൽ ജനിച്ച അബുൽ ക്വാസിം ഖലഫ് ബിൻ അബ്ബാസ് അസ്സഹറാവി അറബ് മുസ്‌ലിം സർജന്മാരിൽ ഏറെ പ്രശസ്തനാണ്. പതിനേഴാം നൂറ്റാണ്ടുവരെ ഈ രംഗത്തെ അധ്യാപനത്തിന്റെ അധിപനായിട്ടാണ് അദ്ദേഹം എണ്ണപ്പെടുന്നത്. ശസ്ത്രക്രിയയുടെ ഉപകരണ ങ്ങൾ സ്വന്തമായി വികസി പ്പിച്ചെടുത്ത അദ്ദേഹം Abulcasis എന്ന പേരിലാണ് യുറോപിൽ അറിയപ്പെടുന്നത്. ശസ്ത്രക്രിയയുടെ മുമ്പ് രക്തസ്രാവം നിയന്ത്രിക്കുന്നതിനുളള ചില മാർഗനിർദേശങ്ങൾ അദ്ദേഹം നൽകിയിരുന്നു.
എഡി 936ൽ സ്‌പെയിനിലെ ‘സഹ്‌റ’ എന്ന സ്ഥലത്താണ് അബുൽ ക്വാസിം ജനിച്ചത്, സ്‌പെയിനിലെ ഇസ്‌ലാമിക നാഗരികത ഉത്തുംഗത പ്രാപിച്ച ഒരു കാലഘട്ടമായിരുന്നു അത്. കോർഡോവയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക കാലഘട്ടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ശസ്ത്രക്രിയ ക്ഷുരകരും കൊമ്പ് വെക്കുന്നവരുമാണ് നിർവഹിച്ചിരുന്നത്. എന്നാൽ അവരിൽനിന്ന് അദ്ദേഹം അത് ഏറ്റെടുക്കുകയും ശസ്ത്രക്രിയയുടെ ഡോക്ടറായി അറിയപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടുവരെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് ഈ രംഗത്ത് അവലംബിക്കപ്പെട്ടിരുന്നത്. ശസ്ത്രക്രിയയിലൂടെ മാത്രം ധാരാളം രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുമെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് അദ്ദേഹമാണ്. വ്യത്യസ്ത ശസ്ത്രക്രിയകൾ നടത്തുന്നതിന് ഇരുനൂറിലധികം ഉപകരണങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുക്കുകയും അത് വൈദ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടായിത്തീരുകയും ചെയ്തു.
ശസ്ത്രക്രിയയെ ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി വികസിപ്പിച്ചെടുത്തത് സഹറാവിയാണ്. ‘ഗോസ്താഫ് ലെബ്ബൻ’ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ‘അറബികളിലെ സർജൻ’ എന്നാണ്. മൂത്രാശയക്കല്ലുകൾ പുറത്തെടുക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം ഇന്നും പിന്തുടരപ്പെടുന്നുണ്ട്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും അദ്ദേഹത്തിന്റെ ശസ്ത്രക്രിയാ പ്രാവീണ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദന്ത പരിചരണ രംഗത്ത് കേടുവന്ന പല്ലുകൾ പറിച്ചെടുക്കാനുളള സഹറാവിയുടെ ഉപകരണങ്ങൾ വളരെ ഫലപ്രദമാണ്. നവജാത ശിശുക്കളുടെ മൂത്രദ്വാര അടവ് പരിഹരിക്കുന്ന ഉപകരണവും ഗർഭാശയത്തിൽ വെച്ച് മരണപ്പെട്ട ശിശുക്കളെ പുറത്തെടുക്കാനുളള ഉപകരണങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം തന്റെ ശിഷ്യരെ ഉപദേശിച്ചിരുന്നത് വളരെ സൂക്ഷ്മമായും കാര്യക്ഷമമായും നിർവഹിക്കേണ്ട ഒരു ദൗത്യമാണ് ശസ്ത്രക്രിയ എന്നാണ്.
ഇബ്‌നു അബീ അസീബിഅ

ദമസ്‌ക്കസിലെ കൊട്ടാര വൈദ്യനായിരുന്ന അൽഹകീം അൽഖസ്‌റജിയുടെ മകനായി 1200ലാണ് അബുൽ അബ്ബാസ് മുവഫ്ഫകുദ്ദീൻ എന്ന് പേരുള്ള ഇദ്ദേഹം ജനിച്ചത്. രാജാക്കന്മാരുമായി ബന്ധമുളള ഒരു കുടുംബത്തിൽ ജനിച്ചതുകൊണ്ട് കൈറോയിലെയും ദമസ്‌ക്കസിലെയും പ്രസിദ്ധരായ പണ്ഡിതരിൽ നിന്ന് വിദ്യ അഭ്യസിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. വൈദ്യത്തിലെ പ്രാഥമിക പഠനങ്ങൾ അദ്ദേഹം തന്റെ പിതാവിൽനിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. സാഹിത്യം, ചരിത്രം, വൈദ്യം എന്നീ മൂന്ന് മേഖലകളിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു എങ്കിലും ചികിത്സക്കും വൈദ്യശാസ്ത്ര രചനക്കുമാണ് അദ്ദേഹം പ്രാമുഖ്യം കൽപിച്ചത്. ‘ഉയൂനുൽ അൻബാഅ് ഫിത്ത്വബകാതിൽ അതിബ്ബാഅ്’ എന്ന ഗ്രന്ഥമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. വൈദ്യസിദ്ധാന്തങ്ങൾ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട താകണമെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
ഇബ്‌നു സുഹർ; സ്‌പെയിനിലെ പ്രതിഭ
ഹിജ്‌റ ആറാം നൂറ്റാണ്ടിൽ യൂറോപ്പ് അജ്ഞതാന്ധകാരത്തിലായിരിക്കെ സ്‌പെയിനിലെ മുസ്‌ലിംകൾ പുരോഗതിയുടെ ഉത്തുംഗതയിലായിരുന്നു. വൈദ്യശാസ്ത്രത്തിലും തത്ത്വചിന്തയിലുമായിരുന്നു അവർ ഏറ്റവും കൂടുതൽ മികവ് കാണിച്ചിരുന്നത്. തന്നെയുമല്ല, ഓരോ ഭിഷഗ്വരനും ഒരേസമയം തത്ത്വചിന്തകനും ദാർശനികനും വൈദ്യനുമായിരുന്നു. സ്‌പെയിനിൽ വൈദ്യശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് അബൂ മർവാൻ അബ്ദുൽ മലിക് ബിൻ സുഹർ അൽഅന്തുലൂസിയായിരുന്നു. റാസിക്ക് ശേഷം ക്ലിനിക്കൽ മെഡിസിന്റെ ഏറ്റവും മഹത്തായ അധിപനായിരുന്നു അദ്ദേഹം. എഡി 1072ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധ മതപണ്ഡിതനും ഭിഷഗ്വരനായിരുന്നു. അദ്ദേഹത്തിന്റെ മകനും പിതാവിനെ പോലെ പ്രസിദ്ധനായിത്തീർന്നു. വൈദ്യശാസ്ത്രത്തിലെ പ്രാവീണ്യം നിമിത്തം പല പ്രദേശങ്ങളിൽനിന്നും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ വിദ്യാർഥികൾ സ്‌പെയിനിലേക്ക് വന്നിരുന്നു.
വൈജ്ഞാനിക സംഭാവനകൾ
‘അത്തയ്‌സീർ ഫിൽ മുദാവാത്’ എന്ന, അദ്ദേഹത്തിന്റെ ഗ്രന്ഥം ശാസ്ത്രീയ വൈദ്യത്തിൽ മുസ്‌ലിംകൾ രചിച്ചതിൽ ഏറ്റവും പ്രസിദ്ധമാണ്. മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളെ കുറിച്ചും അവയുടെ രോഗങ്ങളെ കുറിച്ചും വളരെ വിശദമായിത്തന്നെ അതിൽ പ്രതിപാദിക്കുന്നുണ്ട്. ‘കിതാബുത്തദ്കിറ,’ ‘കിതാബുൽ അദ്‌വിയ’ എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധമാണ്. ശാസ്ത്രീയ പരീക്ഷണങ്ങളെ അവലംബിക്കുന്ന ചികിത്സാരീതിയായതുകൊണ്ട് മുൻഗാമികൾ പഠന വിധേയമാക്കാത്ത പല രോഗങ്ങളും അദ്ദേഹം വിശദീ കരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങളെ കുറിച്ച് പഠിച്ച അദ്ദേഹമാണ് ശ്വാസനാളത്തിൽ ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. പുസ്തകം വായിച്ച് ലഭിക്കുന്ന അറിവുകൊണ്ട് മാത്രം ചികിത്സിക്കാതെ പരീക്ഷണം നടത്താൻ അദ്ദേഹം ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നു.
(തുടരും)
