ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിച്ചതിന്റെ അപകടങ്ങൾ
മുഹമ്മദ് അമീൻ
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം 8)
പ്രവാചകന്മാരുടെ ചരിത്രവും അവരുടെ പ്രബോധന മാർഗവും സൂക്ഷ്മമായി പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്; നൂഹ് നബി(അ) മുതൽ മുഹമ്മദ് നബിﷺ വരെയുള്ള സകല പ്രവാചകന്മാരുടെയും പ്രബോധനം പ്രധാനമായും നാല് അടിത്തറകളിൽ ഊന്നിയുള്ളതായിരുന്നു. ഒന്നാമതായി, അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലും (ആരാധന), റുബൂബിയ്യത്തിലും (രക്ഷിതാവ് എന്ന സ്ഥാനം), നാമവിശേഷണങ്ങളിലും (അസ്മാഉ വസ്സ്വിഫാത്ത്) അവനെ ഏകനാക്കുക എന്ന തൗഹീദിലേക്കുള്ള ക്ഷണം.
“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ’’ (അൽബക്വറ: 21) എന്നതായിരുന്നു അവരുടെ മുഖ്യസന്ദേശം. രണ്ടാമതായി, തൗഹീദിന്റെ പൂർത്തീകരണത്തിനായുള്ള; നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാ കർമങ്ങളുടെ വിശദീകരണം. മൂന്നാമതായി, പരലോകവിശ്വാസം ജനഹൃദയങ്ങളിൽ ഉറപ്പിക്കൽ. നാലാമതായി, സൽസ്വഭാവങ്ങളിലൂടെ ആത്മാവിനെ സംസ്‌കരിക്കൽ. മനുഷ്യസൃഷ്ടിപ്പിന്റെയും പ്രവാചക നിയോഗത്തിന്റെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിന്റെയും പരമപ്രധാനമായ ലക്ഷ്യം മനുഷ്യരെ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നവരാക്കി മാറ്റുക എന്നതായിരുന്നു.
എന്നാൽ, ആധുനിക കാലത്ത് ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ച ചിലർ ഈ അടിസ്ഥാന തത്ത്വങ്ങളെയെല്ലാം കീഴ്‌മേൽ മറിച്ചു. പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ കാതലായ വശം ‘ഇബാദത്ത്’ (ആരാധന) ആണെന്നത് അവർ വിസ്മരിച്ചു. പകരം, ‘ഹാകിമിയ്യത്ത്’ (ഭരണാധികാരം/പരമാധികാരം) എന്ന രാഷ്ട്രീയ ലക്ഷ്യമാണ് പ്രവാചകനിയോഗത്തിന്റെ മുഖ്യ അജണ്ടയെന്ന് അവർ സിദ്ധാന്തിച്ചു. അല്ലാഹുവിന് മാത്രം ആരാധനകൾ അർപ്പിക്കാനോ വിഗ്രഹങ്ങളെ വെടിയാനോ അല്ല പ്രവാചകന്മാർ വന്നതെന്നും, മറിച്ച് ‘ഭരണം’ പിടിച്ചെടുക്കാനാണെന്നും ഇക്കൂട്ടർ ജൽപിച്ചു. ഇതിന്റെ ഫലമായി തൗഹീദ് എന്നാൽ ഭരണകൂടം സ്ഥാപിക്കലാണെന്നും, ശിർക്ക് എന്നാൽ ഭരണകൂടത്തെ അനുസരിക്കലാണെന്നും അവർ വരുത്തിത്തീർത്തു. പ്രവാചകന്മാർ ജനങ്ങളെ ക്ഷണിച്ചത് അല്ലാഹുവിന്റെ ഏകത്വത്തിലേക്കാണ്, അല്ലാതെ ഭരണം പിടിച്ചെടുക്കാനായിരുന്നില്ല എന്ന ലളിതമായ സത്യത്തെ ഇവർ തമസ്‌കരിച്ചു.
ഈ രാഷ്ട്രീയ വ്യാഖ്യാനത്തിന് വിത്തുപാകിയത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുള്ള അബുൽ അഅ്‌ലാ മൗദൂദിയാണ്. 1939ൽ ലാഹോറിൽ വെച്ച് അദ്ദേഹം അവതരിപ്പിച്ച ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം’ എന്ന പ്രബന്ധത്തിലൂടെയാണ് ഈ പിഴച്ച ചിന്താഗതി രൂപം പ്രാപിച്ചത്. ക്വുർആനിലെ ‘ഇലാഹ്’ (ആരാധ്യൻ), ‘റബ്ബ്’ (രക്ഷിതാവ്) എന്നീ സുപ്രധാന പദങ്ങൾക്ക് അദ്ദേഹം നൽകിയ അർഥം കേവലം രാഷ്ട്രീയപരമായ അധികാരം എന്നായിരുന്നു. പ്രവാചകന്മാരും അവരുടെ ജനതയും തമ്മിലുള്ള തർക്കം ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചായിരുന്നില്ലെന്നും ഭരണത്തെക്കുറിച്ചായിരുന്നു എന്നും അദ്ദേഹം വാദിച്ചു.
ക്വുർആനിനെയും പ്രവാചക ചര്യയെയും ഇസ്‌ലാമിക ചരിത്രത്തെയും പൂർണമായും രാഷ്ട്രീയവൽക്കരിച്ച മൗദൂദി, പ്രവാചകന്മാരുടെ ദൗത്യം ‘ഇസ്‌ലാമിക വിപ്ലവം’ (ഇൻക്വിലാബ്) സൃഷ്ടിക്കലാണെന്ന് സമർഥിക്കാനാണ് ശ്രമിച്ചത്.
അധികാരത്തിന് വേണ്ടിയുള്ള വടംവലികളാണ് പ്രവാചകന്മാരുടെ ചരിത്രമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പ്രവാചകന്മാരെ പോലും രാഷ്ട്രീയ നേതാക്കളായി കാണുന്ന അവസ്ഥയും ഉണ്ടായി. മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുന്നതിൽ മൗദൂദിയുടെ കൃതികൾ വലിയ പങ്കുവഹിച്ചു. 1970കളുടെ മധ്യത്തിൽ ഈജിപ്തിലെ സർവകലാശാലകളിൽ മൗദൂദിയുടെ ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം,’ ‘ജിഹാദ്,’ ‘ക്വുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ’ തുടങ്ങിയ പുസ്തകങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. പണ്ഡിതന്മാരെയും അവരുടെ സ്ഥാനത്തെയും അദ്ദേഹം നിസ്സാരവൽക്കരിച്ചു. ‘വാജിബുശ്ശബാബ്’ (യുവാക്കളുടെ ബാധ്യത) എന്ന കൃതിയിൽ അദ്ദേഹം എഴുതി: “നമ്മുടെ സാമൂഹിക ജീവിതത്തിൽ പണ്ഡിതന്മാരുടെ സ്ഥാനം കാറിലെ ‘ബ്രേക്ക്’ പോലെ മാത്രമാണ്. വണ്ടിയുടെ വേഗത കുറയ്ക്കുക എന്നത് മാത്രമാണ് അവരുടെ പണി.’’
ഇസ്‌ലാമിക വിജ്ഞാനത്തെയും പണ്ഡിതന്മാരെയും അവഗണിച്ചുകൊണ്ട്, വികാരജീവികളായ യുവാക്കളെ ഉപയോഗിച്ച് വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടന്നു.
നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിക്കലും അധികാരം പിടിച്ചെടുക്കലും മതപരമായ ബാധ്യതയായി അവതരിപ്പിക്കപ്പെട്ടു.
സത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേകം ഇക്കൂട്ടർക്ക് നഷ്ടപ്പെട്ടിരുന്നു എന്നതിന് തെളിവാണ് ഇറാനിലെ ഖുമൈനിയുടെ വിപ്ലവത്തെ ഇവർ പിന്തുണച്ചത്. ശിയാക്കളുടെ ഭീകരമായ ആശയങ്ങളിലൂന്നിയ വിപ്ലവമായിരുന്നിട്ടുകൂടി, അത് ‘ഇസ്‌ലാമിക വിപ്ലവ’മാണെന്നും അതിനെ പിന്തുണയ്ക്കൽ ബാധ്യതയാണെന്നും മൗദൂദി പ്രഖ്യാപിച്ചതായി ‘അൽമൗദൂദി വൽഖുമൈനി’ (മൗദൂദിയും ഖുമൈനിയും) എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അധികാരം പിടിച്ചെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിന് മുന്നിൽ ആദർശപരമായ വ്യതിയാനങ്ങൾ അവർക്ക് പ്രശ്‌നമല്ലായിരുന്നു.
ഈജിപ്തിൽ അൻവർ സാദത്തിന്റെ കാലഘട്ടത്തിൽ മുസ്‌ലിംകൾ അനുഭവിച്ചിരുന്ന മതസ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ശ്രമിച്ച അഹ്‌മദ് അൽമഹല്ലാവിയെപ്പോലുള്ളവർ ഈ മൗദൂദിയൻ ചിന്താഗതിയുടെ ഉൽപന്നങ്ങളായിരുന്നു. അസ്വാൻ മുതൽ റാസ് അൽബർ വരെ സഞ്ചരിച്ച് ഭരണകൂടത്തിനെതിരെ വിദ്വേഷം വമിപ്പിക്കുകയും ഒടുവിൽ സാദത്തിന്റെ വധത്തിലും അസ്വിമൂത്തിലെ പോലീസ് ആസ്ഥാനം ആക്രമിക്കുന്നതിലേക്കും നയിച്ചത് ഈ ചിന്താഗതികളായിരുന്നു. ഇസ്‌ലാമിനെതിരെ സെക്യുലറിസ്റ്റുകൾക്ക് ശബ്ദമുയർത്താൻ അവസരമൊരുക്കിയത് ഇത്തരം എടുത്തുചാട്ടക്കാരായിരുന്നു.
ചുരുക്കത്തിൽ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്ന പരമപ്രധാനമായ ലക്ഷ്യത്തിൽനിന്ന് മുസ്‌ലിം ഉമ്മത്തിനെ വ്യതിചലിപ്പിച്ച്, അധികാരം പിടിച്ചെടുക്കുക എന്ന ഭൗതിക ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടത് ഇത്തരം ചിന്താഗതികളാണ്. തൗഹീദ് എന്നാൽ ‘ഹാകിമിയ്യത്ത്’ ആണെന്ന് ഇവർ തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ, അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുക എന്നത് ഇബാദത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെ മാത്രം കേന്ദ്രീകരിച്ച്, ഇബാദത്തിന്റെ മറ്റു വശങ്ങളെ അവഗണിക്കുകയും, ദീനിനെ ഒരു രാഷ്ട്രീയ പാർട്ടിക്ക് സമാനമായി മാറ്റുകയും ചെയ്തതാണ് ഇവർ ചെയ്ത മഹാ അപരാധം. ഈ രാഷ്ട്രീയ വ്യാഖ്യാനങ്ങളിൽനിന്ന് മുക്തമായി, പ്രവാചകന്മാർ കാണിച്ചുതന്ന യഥാർഥ തൗഹീദിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്നതാണ് ഈ കാലഘട്ടത്തിലെ മുസ്‌ലിംകളുടെ ബാധ്യത. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

