വീട് അനുഗൃഹീതമാകണോ?
അബ്ദു റഊഫ് അൽഹികമി
2026 ജൂൺ 20, 1448 മുഹർറം 05

4) വീടുകളിൽ ക്വുർആൻ പാരായണം നിർവഹിക്കപ്പെടണം
ക്വുർആൻ പാരായണവും പഠനവും അതുല്യമായ ആരാധനയാണ്. വിശുദ്ധ ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ ബറകത്ത് ലഭിക്കുകയും അതിലുള്ളവരുടെ മനസ്സിന് ശാന്തി ലഭിക്കുകയും ചെയ്യും.
അബൂഹുറയ്‌റ(റ) പറയുന്നു: “ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വർധിക്കും, അതിലെ ആളുകൾക്ക് വിശാലത നൽകപ്പെടും, മലക്കുകൾ അവിടെ സന്നിഹിതരാകും, പിശാചുക്കൾ അതിൽനിന്ന് അകലം പാലിക്കും. എന്നാൽ ക്വുർആൻ പാരായണം ചെയ്യപ്പെടാത്ത വീട്ടിൽ താമസിക്കുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകും, ബറകത്ത് നഷ്ടപ്പെടും, മലക്കുകൾ അവിടെനിന്ന് വിട്ടുപോകും, പിശാചുക്കൾ അവിടെ സാന്നിധ്യം പുലർത്തും.’’
ആഇശ(റ)യിൽനിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ക്വുർആൻ വായിക്കപ്പെടുന്ന വീട്, ഭൂമിയിലെ ആളുകൾക്ക് നക്ഷത്രങ്ങൾ കാണുന്നതുപോലെ, ആകാശവാസികൾക്ക് ദൃശ്യമാകുന്നു.’’
സ്വഹാബിമാരുടെ വീടുകൾ, തേനീച്ചകളുടെ മുഴക്കത്തെപ്പോലെ ക്വുർആൻ പാരായണത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നവയായിരുന്നു.
അബൂ ഉമാമ അൽബാഹിലി(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതൻﷺ പറയുന്നത് ഞാൻ കേട്ടു: ‘നിങ്ങൾ സൂറത്തുൽ ബക്വറ പാരായണം ചെയ്യൂ; അതിനെ സ്വീകരിക്കുന്നത് ബറകത്താണ്, അതിനെ ഉപേക്ഷിക്കുന്നത് ഖേദമാണ്. മാരണക്കാർക്ക് (സിഹ്ർ ചെയ്യുന്നവർക്ക്) അതിനെ നേരിടാൻ കഴിയില്ല’’ (മുസ്‌ലിം)
5) ഐച്ഛികമായ നമസ്‌കാരം വീട്ടിൽ നിർവഹിക്കുക
നിർബന്ധ നമസ്‌കാരങ്ങൾ പുരുഷന്മാർ പള്ളിയിൽ വെച്ചാണ് നിർവഹിക്കേണ്ടത്. എന്നാൽ സുന്നത്തായ നമസ്‌കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കലാണ് ഉത്തമം. അതിലൂടെ ഭവനങ്ങളിൽ ബറകത്ത് ലഭിക്കും.
സൈദ് ബിൻ സാബിതി(റ)ൽനിന്ന് നിവേദനം; അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു: “ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ വീടുകളിൽ നമസ്‌കരിക്കൂ. നിർബന്ധനമസ്‌കാരം ഒഴികെ, ഒരാളുടെ ഏറ്റവും ഉത്തമമായ നമസ്‌കാരം അവന്റെ വീട്ടിൽ വെച്ചുള്ളതാണ്.’’
ഇബ്‌നു ഉമറി(റ)ൽനിന്ന്; നബിﷺ പറഞ്ഞിരിക്കുന്നു: “നിങ്ങളുടെ നമസ്‌കാരങ്ങളിൽ ചിലത് നിങ്ങളുടെ വീടുകളിൽ വെച്ച് നിർവഹിക്കുക. അവയെ നിങ്ങൾ ക്വബ്‌റുകളാക്കി മാറ്റരുത്.’’
ജാബിറി(റ)ൽനിന്ന് നിവേദനം; അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും തന്റെ പള്ളിയിലെ (നിർബന്ധ) നമസ്‌കാരം നിർവഹിച്ചു കഴിഞ്ഞാൽ, അവൻ തന്റെ നമസ്‌കാരത്തിൽനിന്നും ഒരു വിഹിതം സ്വന്തം വീടിനും നൽകട്ടെ. കാരണം, അവന്റെ ആ നമസ്‌കാരം മുഖേന അല്ലാഹു അവന്റെ വീട്ടിൽ നന്മയുണ്ടാക്കുന്നവനാണ്.’’
6) ബറകത്തിനായി പ്രാർഥിക്കുക
ഇത് നമ്മൾ പലപ്പോഴും അവഗണിക്കുന്ന അത്യന്തം പ്രധാനപ്പെട്ട ഒരു കാര്യമാണ്. സൃഷ്ടികളിൽ ശ്രേഷ്ഠരായ നബിമാരുടെ ദുആകളിലേക്കു ശ്രദ്ധിച്ചാൽ, അവർ അവരുടെ വീടുകളിലും കുടുംബങ്ങളിലും ബറകത്ത് ലഭിക്കാനായി അല്ലാഹുവിനോട് തേടിയിരുന്നു എന്ന് കാണാം.
അല്ലാഹു ഒരാൾക്ക് നൽകിയതിൽ ബറകത്ത് ലഭിക്കാതിരുന്നാൽ, അവൻ അനേകം നന്മകളിൽ നിന്ന് വഞ്ചിതനാകും. ധനം ധാരാളം ഉണ്ടായിട്ടും പലരും അതിൽ സംതൃപ്തരല്ലാതെ അസ്വസ്ഥമാകുന്നത് കാണാം, ഇത് ബറകത്ത് നീക്കപ്പെട്ടതിന്റെ ലക്ഷണമാണ്. മാതാപിതാക്കൾക്ക് യാതൊരു ഗുണവും ചെയ്യാത്ത മക്കളുണ്ട്. ആ മാതാപിതാക്കൾക്ക് അവരുടെ സന്തതികളിൽ അല്ലാഹു ബറകത്ത് നൽകിയിട്ടില്ല എന്നർഥം.
ഉള്ളത് കുറച്ചാണെങ്കിലും അതിൽ ബറകത്ത് ലഭിച്ചാൽ വലിയ സമാധാനവും സംതൃപ്തിയുമു ണ്ടാകും. അതിനായി നാം പ്രാർഥിക്കൽ അനിവാര്യമാണ്.
നബിﷺ സഹാബികൾക്ക് ബറകത്ത് ലഭിക്കുന്നതിനായി പ്രാർഥിച്ചിരുന്നു. നബിﷺ ഒരു സ്വഹാബിക്ക് ഒരു ദീനാർ നൽകി; അതുകൊണ്ട് ഒരു ആടിനെ വാങ്ങാൻ പറഞ്ഞു. എന്നാൽ അദ്ദേഹം ആ ദീനാറിന് രണ്ട് ആടുകളെ വാങ്ങി. അവയിൽ ഒന്നിനെ ഒരു ദീനാറിന് വിറ്റു. ശേഷം ഒരു ദീനാറും ഒരു ആടുമായി നബിﷺയുടെ സന്നിധിയിൽ വന്നു. അപ്പോൾ നബിﷺ അദ്ദേഹത്തിന്റെ വ്യാപാരത്തിന് ബറകത്ത് ലഭിക്കാൻ പ്രാർഥിച്ചു. അതിനുശേഷം, അദ്ദേഹം മണ്ണ് പോലും വാങ്ങിയാൽ അതിൽനിന്ന് ലാഭം ഉണ്ടാകുമായിരുന്നു.

അനസ് ബിൻ മാലികി(റ)നു വേണ്ടി നബിﷺ ഇങ്ങനെ പ്രാർഥിച്ചു: “അല്ലാഹുവേ, അവന്റെ ധനത്തിലും മക്കളിലും വർധനവ് നൽകേണമേ; നീ അവന് നൽകിയ എല്ലാറ്റിലും അവനു ബറകത്ത് നൽകണമേ’’(ബുഖാരി, മുസ്‌ലിം).
അങ്ങനെ അദ്ദേഹത്തിന്റെ സമ്പത്തിൽ അഭിവൃദ്ധി ലഭിച്ചു, ആയുസ്സ് വർധിച്ചു. നൂറിൽ പരം മക്കളും ചെറുമക്കളുമായി അദ്ദേഹം ധന്യനായി എന്ന് ചരിത്രത്തിൽ കാണാം .
നബിﷺ തനിക്ക് ഭക്ഷണം നൽകിയവർക്ക് ബറകത്ത് ലഭിക്കാൻ ഇപ്രകാരം പ്രാർഥിക്കാറു ണ്ടായിരുന്നു: “അല്ലാഹുവേ, നീ അവർക്കു നൽകിയ ഉപജീവനത്തിൽ അവർക്കു ബറകത്ത് നൽകണമേ; അവർക്ക് നീ പൊറുത്തുകൊടുക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യേണമേ.’’
7) മലക്കുകൾ പ്രവേശിക്കാതിരിക്കാൻ കാരണമാകുന്നവ ഒഴിവാക്കുക
മലക്കുകൾ വീടുകളിൽ പ്രവേശിക്കുന്നത് തടയുന്ന ചില കാര്യങ്ങളുണ്ട്; അവ ബറകത്ത് നഷ്ടപ്പെടുത്തും. ഉദാഹരണമായി, സ്മരണയ്ക്കായോ മറ്റോ വെക്കുന്ന ജീവനുള്ളവയുടെ ചിത്രങ്ങൾ, അത്തരം ചിത്രങ്ങളുള്ള വസ്ത്രങ്ങൾ എന്നിവ. ഇത്തരം ചിത്രങ്ങളും രൂപങ്ങളുമുള്ള വീടുകളിൽ കാരുണ്യത്തിന്റെയും രക്ഷയുടെയും മലക്കുകൾ പ്രവേശിക്കുകയില്ല. ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ കാണാൻ സാധിക്കും.
8) ഭക്ഷണവുമായി ബന്ധപ്പെട്ട മര്യാദകളിൽ സുന്നത്ത് പിന്തുടരുക
ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യണം. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്, പല കൈകൾ ഒരുമിച്ചു ചേരുന്നത്, ആ ഭക്ഷണത്തിൽ ബറകത്ത് ലഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
വഹ്ശി ബിൻ ഹർബ്(റ) പറയുന്നു: “സഹാബികൾ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുവെങ്കിലും തൃപ്തിയുണ്ടാകുന്നില്ല.’ അപ്പോൾ നബിﷺ ചോദിച്ചു: ‘നിങ്ങൾ വേർപിരിഞ്ഞാണോ ഭക്ഷണം കഴിക്കുന്നത്?’ അവർ പറഞ്ഞു: ‘അതെ.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ഭക്ഷണത്തിൽ ഒരുമിച്ച് കൂടുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക; അങ്ങനെ ചെയ്താൽ അതിൽ നിങ്ങൾക്കു ബറകത്ത് നൽകപ്പെടും.’’
