ഇബ്‌നു കഹാൽ: നേത്ര വൈദ്യത്തിലെ നിപുണൻ
ഡോ. ടി. കെ . യൂസുഫ്
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

വൈദ്യ ശാസ്ത്രത്തിൽ നേത്രപരിചരണ വിജ്ഞാനരംഗത്ത് ‘ഇബ്‌നു കഹാൽ’ എന്ന പേരിലറിയപ്പെ ടുന്ന ‘അലിയ്യ് ബിൻ ഈസാ അൽബഗ്ദാദി’ രചിച്ച ‘തദ്കിറത്തുൽ കുഹ്ഹാലീൻ’ എന്ന ഗ്രന്ഥത്തിന് തുല്യമായ മറ്റൊരു ഗ്രന്ഥം അദ്ദേഹത്തിന്റെ മരണത്തിന് ഏഴ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് രചിക്കപ്പെട്ടതെന്നാണ് ജർമൻ ഓറിയന്റലിസ്റ്റായ ‘ഹിറസ്ബർഗ്’ (Hirschberg) പറയുന്നത്. നാലാം നൂറ്റാണ്ടിലെ പ്രസിദ്ധ ഭിഷഗ്വരനായ അദ്ദേഹം യൂറോപ്പിൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിന്റെ ലാറ്റിൻ വിവർത്തനമായ ‘ജെസു ഒക്കുലിസ്റ്റ്’ (നേത്രരോഗവിദഗ്ധൻ) എന്ന പേരിലാണ്.
ചെറുപ്പം മുതൽതന്നെ അദ്ദേഹം നേത്രവൈദ്യത്തിൽ തൽപരനായിരുന്നു. അക്കാലഘട്ടത്തിൽ ഈ വിഷയത്തിൽ എഴുതപ്പെട്ട മുഴുവൻ ഗ്രന്ഥങ്ങളും അദ്ദേഹം പഠനവിധേയമാക്കി. അദ്ദേഹം രചിച്ച ‘തദ്കിറത്തുൽ കുഹ്ഹാലീൻ’(memorandum of occultists) എന്ന ഗ്രന്ഥം നേത്രവൈദ്യത്തിൽ അതുല്യമായ ഒരു അവലംബമാണ്. ഈ രചനയിൽ പ്രധാനമായും നാല് ലേഖനങ്ങളാണുളളത്. ഒന്ന് കണ്ണിന്റെ ഘടന, അതിലെ സിരകൾ, മസിലുകൾ, കണ്ണൂനീർ, കാഴ്ച എന്നീ കാര്യങ്ങളെക്കുറിച്ചുള്ളതാണ്. രണ്ടാമത്തെതിൽ കണ്ണിന്റെ ഓരോ ഭാഗത്തും ബാധിക്കുന്ന രോഗങ്ങളും മൂന്നാമത്തെതിൽ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, നിശാന്ധത തുടങ്ങിയ കാര്യങ്ങളുമാണ് വിശദീകരിക്കുന്നത്. നാലാമത്തെതിൽ കണ്ണിന്റെ കാഴ്ചശക്തി നിലനിർത്താനും സംരക്ഷിക്കാനുമുള്ള വഴികളും വൈദ്യവിധികളുമാണ് വിവരിക്കുന്നത്. ഈ ഗ്രന്ഥത്തോട് കിടപിടിക്കാൻ പോന്ന ഒരു രചന പതിനെട്ടാം നൂറ്റാണ്ടുവരെ ലോകത്ത് രചിക്കപ്പെട്ടിട്ടില്ല. ഒട്ടേറെ ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിൻ ഭാഷയിലേക്കാണ് ആദ്യമായി ഭാഷാന്തരം ചെയ്തത്. ശംസുദ്ദീൻ ബിൻ അലി ജുർജാനി പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ഹൈദരാബാദിലെ സാലാർജങ്ക് ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. തുർക്കി, ജർമൻ പരിഭാഷകളും പ്രസിദ്ധമാണ്, ഇംഗ്ലീഷ് പരിഭാഷയിൽ ‘ട്രാക്കോമ’ എന്ന ഒരു അധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട്.
അമ്മാർ മൂസ്‌ലി
‘അബുൽ ക്വാസിം അമ്മാർ ബിൻ അലി അൽമൂസ്‌ലി’ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ‘മൂസിൽ’ പട്ടണത്തിൽ ജനിച്ചതുകൊണ്ടാണ് ‘അൽമൂസ്‌ലി’ എന്ന സ്ഥാനപ്പേര് ലഭിച്ചത്. കൈറോയിലെ ഫാത്വിമി ഖലീഫയായിരുന്ന ‘ഹാകിം ബി അംരില്ല’യുടെ കാലത്താണ് അദ്ദേഹം നവീനമായ കണ്ടെത്തെലിലൂടെ നേത്രചികിത്സയിൽ പ്രസിദ്ധനായത്. പ്രസ്തുത ഖലീഫയുടെ നിർദേശപ്രകാരം അദ്ദേഹം രചിച്ച ‘അൽമുൻതഖിബ് ഫീ ഇൽമിൽ ഐൻ’ എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് കൂടുതൽ പ്രസിദ്ധി നേടിക്കൊടുത്തത്.
ഇസ്‌ലാമിക നാടുകളിൽ പര്യടനം നടത്തി അവിടങ്ങളിലുണ്ടായിരുന്ന വൈദ്യപ്രതിഭകളുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം നേത്രവൈദ്യത്തിൽ പ്രാവീണ്യം നേടിയത്. മൂസിൽ, ഖുറാസാൻ, സിറിയ, ഫലസ്തീൻ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയ നഗരങ്ങളിലെല്ലാം നേത്രചികിത്സ നടത്തിയിട്ടുണ്ട്. ഈജിപ്തിൽ വെച്ചാണ് അദ്ദേഹം കൂടുതൽ നേത്ര ശസ്ത്രക്രിയകൾ നടത്തിയത്. ആയിരം വർഷങ്ങൾക്ക് മുമ്പ് ഈ ലോകത്തോട് അദ്ദേഹം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്യൻ സർവകലാശാലകളിൽ പഠിപ്പിക്കപ്പെട്ടിരുന്നു.
ഇരുപത്തൊന്ന് അധ്യായങ്ങളുളള ‘അൽ മുൻതഖബ് ഫീ ഇൽമിൽ ഐൻ’ എന്ന ഗ്രന്ഥത്തിൽ അമ്പ തോളം നേത്രരോഗങ്ങളെക്കുറിച്ചും ഔഷധങ്ങളിലൂടെയും ഓപ്പറേഷനിലൂടെയുമുളള അവയുടെ പരിഹാര മാർഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തിനു മുമ്പ് ലോകത്ത് ഒരാൾക്കും കണ്ടെത്താൻ കഴിയാത്ത ധാരാളം വസ്തുതകൾ ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്. ‘കാറ്റരാക്ട്’ എന്ന രോഗം മൂർഛിക്കുന്നതിന് മുമ്പുതന്നെ അത് നിർമാർജനം ചെയ്യാനുളള മാർഗം അദ്ദേഹം നിർദേശിക്കുന്നുണ്ട്. ‘ഡേവിഡ് ഹെർമാനുസ്’ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഈ വിഖ്യാതഗ്രന്ഥം എക്കാലത്തും നേത്രവൈദ്യ പഠനത്തിനുളള അവലംബമാണ്.
(തുടരും)
