ഇത്തിബാഇന് തടസ്സമാകുന്ന ഘടകങ്ങൾ
സമീർ മുണ്ടേരി
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

(ഇത്തിബാഉർറസൂൽ 2)
പ്രവാചകചര്യ (സുന്നത്ത്) പിൻപറ്റുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് നാം മനസ്സിലാക്കി. ഉമർ(റ) പറഞ്ഞു: “നിങ്ങൾ ക്വുർആൻ പഠിക്കുന്നത് പോലെ സുന്നത്തും നിർബന്ധ കർമങ്ങളും (ഫറാഇദ്) അറബി ഭാഷാ നിയമങ്ങളും (ലഹ്ൻ) പഠിക്കുക.’’
നബിﷺയുടെ ചര്യകളെ പിൻപറ്റുന്നതിൽനിന്ന് പലപ്പോഴും മനുഷ്യരെ തടയുന്ന ചില ഘടകങ്ങളുണ്ട്. പ്രവാചക മാതൃകകൾ വിസ്മരിക്കപ്പെടുന്ന ഇക്കാലത്ത്, ഇത്തിബാഇന് തടസ്സമായി നിൽക്കുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
1. അറിവില്ലായ്മ
വിശ്വാസപരമായോ കർമപരമായോ മനുഷ്യന് സംഭവിക്കുന്ന എല്ലാ വീഴ്ചകളുടെയും അടിസ്ഥാന കാരണം അറിവില്ലായ്മയാണ്. അല്ലാഹുവിനെക്കുറിച്ചും അവന്റെ മതത്തെക്കുറിച്ചും കൃത്യമായ അറിവി ല്ലാതെ സംസാരിക്കുന്നത് വൻപാപമാണ്. അല്ലാഹു പറയുന്നു:
“...അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് അറിവില്ലാത്തത് പറഞ്ഞുണ്ടാക്കലും (അവൻ നിഷിദ്ധമാക്കിയിരിക്കുന്നു)’’ (അൽഅഅ്‌റാഫ്: 33).
ഈ ആയത്തിനെ വിശദീകരിച്ച് ഇമാം സഅദി(റഹി) പറയുന്നു: “അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും നിയമങ്ങളിലും പ്രവൃത്തികളിലും അറിവില്ലാതെ സംസാരിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.’’ ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “അറിവില്ലാതെ അല്ലാഹുവിന്റെ പേരിൽ സംസാരിക്കുക എന്നത് ഏറ്റവും ഗൗരവമേറിയതും വലിയ പാപവുമാണ്.’’ പഠിക്കാൻ തയ്യാറാവുക എന്നതാണ് ഇതിനുള്ള പരിഹാരം.
അബുദ്ദർദാഅ്(റ) പറഞ്ഞു: “നീ ഒരു പണ്ഡിതനാവുക, അല്ലെങ്കിൽ വിദ്യാർഥിയാവുക, അതുമല്ലെങ്കിൽ കേൾക്കുന്നവനാവുക, അല്ലെങ്കിൽ (അറിവിനെ) സ്‌നേഹിക്കുന്നവനാവുക. അഞ്ചാമത്തെ ഒരാളാവരുത് (അറിവിനെ അവഗണിക്കുന്നവൻ), എങ്കിൽ നീ നശിച്ചുപോകും.’’
അറിയാത്ത കാര്യങ്ങളിൽ ‘എനിക്കറിയില്ല’ എന്ന് പറയാൻ മടിക്കേണ്ടതില്ല. പ്രഗത്ഭ പണ്ഡിതനായ ശഅ്ബി(റഹി)യോട് ഒരു മസ്അല ചോദിച്ചപ്പോൾ അദ്ദേഹം ‘എനിക്കറിയില്ല’ എന്ന് മറുപടി നൽകി. ‘ഇറാഖിലെ കർമശാസ്ത്ര പണ്ഡിതനായ താങ്കൾക്ക് ഇങ്ങനെ പറയാൻ ലജ്ജയില്ലേ’ എന്ന് ചോദിക്ക പ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങൾക്ക് ഒരു അറിവുമില്ല എന്ന് അല്ലാ ഹുവിനോട് പറയാൻ മലക്കുകൾക്ക് ലജ്ജ തോന്നിയിട്ടില്ലല്ലോ (പിന്നെ എനിക്കെന്തിന് ലജ്ജ തോന്നണം!).’’
ഇത്തിബാഇന് തടസ്സമാകുന്ന ഘടകങ്ങൾ: ഒരു വിശകലനം
2. ദേഹച്ഛയെ പിൻപറ്റൽ
നേരായ മാർഗത്തിൽ നിന്ന് മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പ്രധാന വില്ലനാണ് സ്വന്തം ഇഷ്ടങ്ങളെയും ഇച്ഛക(ഹവാ)ളെയും പിൻപറ്റുക എന്നത്. അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങളത് പിന്തുടരുക. മറ്റു മാർഗങ്ങളെ നിങ്ങൾ പിൻപറ്റരുത്. അവയൊക്കെ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചുകളയും’’ (അൽഅൻആം: 153).
തന്നിഷ്ടങ്ങൾക്കൊത്ത് ജീവിക്കുന്നവർക്ക് പ്രവാചക ചര്യകൾ ഭാരമായി തോന്നും. നബിﷺ പറഞ്ഞു: “ഞാൻ കൊണ്ടുവന്ന ആദർശത്തിന് നിങ്ങളുടെ മനസ്സിന്റെ ഇഷ്ടം വിധേയമാകുന്നതുവരെ നിങ്ങളിലൊരാളും (പൂർണ)വിശ്വാസിയാവുകയില്ല’’ (ശർഹുസ്സുന്ന).
അലി(റ) കൂഫയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “നിങ്ങളിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് രണ്ട് കാര്യങ്ങളെയാണ്. ഒന്ന്, നീണ്ട പ്രതീക്ഷകൾ വെച്ചുപുലർത്തൽ. രണ്ട്, ദേേഹച്ഛയെ പിൻപറ്റൽ. നീണ്ട പ്രതീക്ഷകൾ പരലോകത്തെ വിസ്മരിപ്പിക്കും; ദേഹച്ഛയെ പിൻപറ്റൽ സത്യത്തിൽനിന്ന് വഴിതെറ്റിക്കും.’’
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) വരാനിരിക്കുന്ന കാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി: “സത്യം ദേേഹച്ഛയെ നയിക്കുന്ന ഒരു കാലത്താണ് നിങ്ങളുള്ളത്. എന്നാൽ ദേേഹച്ഛ സത്യത്തെ നയിക്കുന്ന (സത്യത്തെക്കാൾ സ്വന്തം താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന) ഒരു കാലം വരാനിരിക്കുന്നു. ആ കാലത്തെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടുക.’’
മനുഷ്യനെ നശിപ്പിക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് നബിﷺ പറഞ്ഞു: ‘പിശുക്ക്, പിന്തുടരപ്പെടുന്ന ദേഹച്ഛ, സ്വന്തം അഭിപ്രായത്തിൽ മതിപ്പ് തോന്നൽ എന്നിവയാണവ’’ (ത്വബ്‌റാനി). അതുകൊണ്ട് നമ്മുടെ തന്നിഷ്ടമാണോ സുന്നത്തുകൾ എടുക്കുന്നതിൽനിന്ന് നമ്മെ തടയുന്നതെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്.
3. അന്ധമായ അനുകരണം
പ്രമാണങ്ങളെക്കാൾ മറ്റുള്ളവരുടെ വാക്കുകൾക്ക് മുൻഗണന നൽകുന്നതും പൂർവികർ ചെയ്തു പോന്നു എന്ന ന്യായം പറഞ്ഞ് തെറ്റുകളിൽ ഉറച്ചുനിൽക്കുന്നതും ഇത്തിബാഇന് തടസ്സമാണ്.
“അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിലേക്കും വരുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു നിലപാടിലാണോ ഞങ്ങൾ കണ്ടെത്തിയത് അതു മതി ഞങ്ങൾക്ക് എന്നായിരിക്കും അവർ പറയുക’’ (അൽമാഇദ: 104).
തെളിവുകൾ നോക്കാതെ ഒരാളുടെ വാക്ക് സ്വീകരിക്കുന്നതിനെയാണ് ‘തക്വ്‌ലീദ്’ (അന്ധമായ അനുകരണം) എന്ന് പണ്ഡിതന്മാർ വിശദീകരിച്ചത്. ദീനിൽ തെളിവുകൾക്കാണ് പ്രാധാന്യം. മദ്ഹബിന്റെ ഇമാമുകൾ പോലും അന്ധമായ അനുകരണത്തെ എതിർത്തിട്ടുണ്ട്:
. ഇമാം ശാഫിഈ (റഹി): “ഹദീസ് സ്വഹീഹാണെങ്കിൽ അതാണ് എന്റെ മദ്ഹബ്.’’
. ഇമാം അബൂഹനീഫ (റഹി): “എന്റെ തെളിവ് എന്താണെന്ന് അറിയാത്തവന് എന്റെ വാക്ക് വെച്ച് ഫത്‌വ നൽകൽ ഹറാമാണ്.’’
. ഇമാം മാലിക് (റഹി): “ഞാൻ ഒരു മനുഷ്യനാണ്, എനിക്ക് തെറ്റും ശരിയും പറ്റാം. അതിനാൽ എന്റെ അഭിപ്രായങ്ങൾ പരിശോധിക്കുക. ക്വുർആനിനും സുന്നത്തിനും യോജിച്ചതാണെങ്കിൽ അത് സ്വീകരിക്കുക. അതിനോട് യോജിക്കാത്തവ തള്ളിക്കളയുക.’’
നബിﷺയുടെ വചനങ്ങൾക്ക് വിരുദ്ധമായി ആരുടെ വാക്ക് വന്നാലും അത് സ്വീകരിക്കാൻ പാടില്ല. ഉർവ ഇബ്‌നു സുബൈർ(റ), ഇബ്‌നു അബ്ബാസി(റ)നോട് ഒരു വിഷയത്തിൽ തർക്കിക്കുകയും അബൂബ ക്കറും(റ) ഉമറും(റ) അങ്ങനെ ചെയ്തിട്ടില്ല എന്ന് പറയുകയും ചെയ്തു. അപ്പോൾ ഇബ്‌നു അബ്ബാസ്(റ) നൽകിയ മറുപടി ശ്രദ്ധേയമാണ്: “അവർക്കുമേൽ ആകാശത്തുനിന്ന് കല്ലുകൾ വർഷിക്കപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ നബിﷺ പറഞ്ഞ കാര്യമാണ് പറയുന്നത്, അപ്പോൾ നിങ്ങൾ അബൂബക്കറും ഉമറും പറഞ്ഞ കാര്യമാണ് (എതിർവാദമായി) പറയുന്നത്!’’
4. ബുദ്ധിക്ക് അമിത പ്രാധാന്യം നൽകൽ
അല്ലാഹു മനുഷ്യന് നൽകിയ വലിയ അനുഗ്രഹമാണ് ബുദ്ധി. ചിന്തിക്കാനും മനസ്സിലാക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ മതനിയമങ്ങളിൽ ബുദ്ധിക്ക് പരിധിയുണ്ട്. പഞ്ചേന്ദ്രിയങ്ങൾ ക്കും ബുദ്ധിക്കും അപ്പുറത്തുള്ള കാര്യമാണ് ‘ഗൈബ്’ (അദൃശ്യം).
ആത്മാവിനെക്കുറിച്ചും മലക്കുകളെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ പരീക്ഷണ ശാലകളിൽ തെളിയിക്കാൻ കഴിയുന്നവയല്ല. ഉദാഹരണത്തിന്, വെള്ളിയാഴ്ച ജുമുഅക്ക് വരുന്നവരെ മലക്കുകൾ രേഖപ്പെടുത്തുന്നു, അല്ലെങ്കിൽ വീട്ടിൽ കയറുമ്പോൾ ബിസ്മി ചൊല്ലിയില്ലെങ്കിൽ പിശാച് അവിടെ താമസമുറപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പ്രമാണങ്ങളിലൂടെ മാത്രം ലഭിക്കുന്ന അറിവാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല.
അല്ലാഹു പറയുന്നു: “നിന്റെ റബ്ബ് തന്നെയാണ് സത്യം; അവർക്കിടയിലുള്ള തർക്കങ്ങളിൽ നിന്നെ (പ്രവാചകനെ) വിധികർത്താവാക്കുകയും നീ നൽകിയ വിധിയിൽ ലവലേശം വിയോജിപ്പ് തോന്നാതെ പൂർണമായി അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല’’ (അന്നിസാഅ്: 65).
ചുരുക്കത്തിൽ, അറിവില്ലായ്മ നീക്കി, ദേഹച്ഛകളെ വെടിഞ്ഞ്, അന്ധമായ അനുകരണത്തിന് പകരം പ്രമാണങ്ങളെ മുറുകെ പിടിച്ച്, ബുദ്ധിയെ വഹ്‌യിന് വിധേയമാക്കി ജീവിക്കുമ്പോഴാണ് യഥാർഥ ‘ഇത്തിബാഅ്’ സാധ്യമാകുന്നത്.
(തുടരും)

