ഇസ്‌ലാമിക വൈദ്യത്തിന്റെ മാനുഷിക മാനങ്ങൾ-2
ഡോ. ടി. കെ. യൂസുഫ്
2026 മാർച്ച് 14, 1447 റമദാൻ 24

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ-6)
ബിസി 2000ൽ തന്നെ ഔഷധച്ചെടികൾ രേഖപ്പെടുത്തിയ ശിലാലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബിസി 1550ൽ ഈജിപ്തിൽ കണ്ടെത്തിയ ഏടുകളിൽ എഴുനൂറോളം ഔഷധങ്ങളുണ്ട്. റോമക്കാരാണ് ആദ്യമായി ഫാർമസി സ്ഥാപിക്കുകയും ഔഷധ മാത്ര രോഗികൾക്ക് എഴുതിക്കൊടുക്കുകയും ചെയ്തത്. പക്ഷേ, ഈ ഔഷധങ്ങളൊന്നും പൂർണമായും ശമനം നൽകുന്നതായിരുന്നില്ല. ചിലതാകട്ടെ യാദൃച്ഛികമായിട്ടാണ് രോഗികൾക്ക് ശമനം നൽകിയിരുന്നത്. പുരാതന ഗ്രീക്കുകാരും റോമക്കാരും വേദന സംഹാരിയായി ‘അവീൻ’ ഉപയോഗിച്ചിരുന്നു. ഈജിപ്തുകാർ ആവണക്കെണ്ണ ശോധനക്ക് ഉപയോഗി ച്ചിരുന്നു. ചൈനക്കാർ ജീവികളുടെ കരൾ രക്തവർധനവിന് വേണ്ടി ഭക്ഷിച്ചിരുന്നു. തേനിൽ ഔഷധമുണ്ട് എന്ന ക്വുർആൻ വചനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം വൈദ്യത്തിൽ തേൻ സർവരോഗ സംഹാരിയായി ഉപയോഗിക്കാൻ തുടങ്ങി. വാർധക്യമല്ലാത്ത സർവ രോഗങ്ങൾക്കും അല്ലാഹു ഔഷധം ഇറക്കിയിട്ടുണ്ട് എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ രോഗങ്ങൾക്കുളള ഔഷധ ഗവേഷണം ആരംഭിച്ചു.
ഔഷധ നിർമാണശാസ്ത്രം മുസ്‌ലിംകൾ മുൻപരിചയമില്ലാതെ ആവിഷ്‌കരിച്ച ഒന്നല്ല. അവർ ഗ്രീക്കുകാരുടെ വിജ്ഞാനങ്ങൾ വിവർത്തനം ചെയ്യുകയും പരീക്ഷണം നടത്തി അത് പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. എഡി 80ൽ ഡിസ്‌കോരീഡസ് രചിച്ച ‘ചെടികളിലെ വൈദ്യപദാർഥങ്ങളും അപൂർവ ഔഷധങ്ങളും’ എന്ന ഗ്രന്ഥം പല ഭാഷകളിലേക്ക് അനവധി ആളുകൾ വിവർത്തനം ചെയ്യുകയുണ്ടായി. രണ്ടു വിവർത്തനങ്ങൾ ഏറെ പ്രസിദ്ധമായി. ഒന്ന് ബാഗ്ദാദിലെ ഹനീൻ ബിൻ ഇസ്ഹാഖിന്റെതും രണ്ടാമത്തെത് കോർഡോവയിലെ അബു അബ്ദുല്ല അസ്സ്വഖ്‌ലിയുടെതുമായിരുന്നു. പിന്നീട് മുസ്‌ലിംകൾ ധാരാളം പരീക്ഷണങ്ങൾ നടത്തി ഈ ഗ്രന്ഥം പരിഷ്‌കരിക്കുകയുണ്ടായി. ഡിസ്‌കോരീഡസ് ഉൾകൊള്ളിക്കാത്ത ചില വിവരങ്ങൾ ചേർക്കുകയും ചെയ്തു. പിന്നീട് ഔഷധ നിർമാണ ശാസ്ത്രത്തിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയുണ്ടായി. എഡി 895ൽ അബൂഹനീഫ അദ്ദീനവരി രചിച്ച ‘മഅ്ജമുന്നബാത്,’ 930ൽ ഇബ്‌നു വഹ്ശി രചിച്ച ‘ഫലാഹതു നബ്തിയ്യ’ എന്നിവ അവയിൽ പ്രസിദ്ധമാണ്. ഇത്തരം ഗ്രന്ഥങ്ങളാണ് പിന്നീടുള്ള ഗ്രന്ഥങ്ങൾക്ക് ആധാരശിലയായിത്തീർന്നത്.
ഔഷധച്ചെടികളെക്കുറിച്ചുള്ള ഗ്രീക്ക്, പേർഷൻ, ഇന്ത്യൻ ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഒരു പ്രതിസന്ധിയുണ്ടായി. അതായത്, തത്തുല്യമായ അറബി പദങ്ങൾ ഇല്ലാത്തതുകൊണ്ട് അവയുടെ യഥാർഥ പദങ്ങൾ തന്നെയാണ് അവരതിലുപയോഗിച്ചത്. അതുകൊണ്ട് അറബ് രാജ്യത്ത് ഇവ ഉണ്ടെന്നോ ഉണ്ടെങ്കിൽതന്നെ അവയ്ക്ക് അറബിയിൽ എന്താണ് പറയുക എന്നോ കണ്ടെത്താൻ പ്രയാസമുണ്ടായി. ഈ പ്രശ്‌നം പരിഹരിക്കാൻ ‘അബ്ദാലുൽ അദ്‌വിയ്യ,’ അതായത് ഔഷധച്ചെടികളിലെ പകരക്കാരൻ എന്ന പേരിൽ ഗ്രന്ഥം രചിക്കപ്പെടുകയുണ്ടായി. ഈ വിഷയത്തിൽ അൽബിറൂനി പറഞ്ഞത് നമ്മുടെ കൂട്ടത്തിൽ ഒരു ഡിസ്‌കോരീഡസ് ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ മലകളിലെയും താഴ്‌വരകളിലെയും മുഴുവൻ ചെടികളും ഔഷധച്ചെടികളാകുമായിരുന്നു എന്നാണ്.
ഔഷധച്ചെടികളിൽ പലതിലും വ്യത്യസ്ത നാഗരികതകളിൽ പല പേരുകൾ ഉപയോഗിക്കുന്നത് കാരണം നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ 1241ൽ റഷീദുദ്ദീൻ അസ്സൂരി ഓരോ ഔഷധച്ചെടിയുടെയും പേരിനോടു ചേർന്ന് അവയുടെ ചിത്രം കൂടി വരക്കാൻ ചിത്രകാരന്മാരെ ചുമതലപ്പെടുത്തി. ഒരു ചെടിയുടെ വ്യത്യസ്ത ഘട്ടത്തിലുളള പഠനങ്ങൾ അതിൽ ഉൾകൊളളിച്ചിരുന്നു.
ഔഷധ നിർമാണരംഗത്ത് വ്യാജന്മാരെ തടയുന്നതിന് ഖലീഫ മഅ്മൂനിന്റെ കാലത്ത് മരുന്ന് നിർമാണം ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. 228ൽ അന്തരിച്ച മുഅ്തസിം ഭരണകൂടത്തിന്റെ സാക്ഷിപത്രം ഉള്ളവർക്ക് മാത്രമെ മരുന്ന് നിർമാണത്തിന് അനുമതി നൽകിയിരുന്നുളളൂ. 1250ൽ ഫെഡറിക് രണ്ടാമൻ യൂറോപ്പിൽ ഈ നിയമം നടപ്പിലാക്കുകയുണ്ടായി. ഓരോ ഔഷധ നിർമാണ ശാലയിലും നിരീക്ഷകരെ നിയമിക്കുന്ന സംവിധാനവും അബ്ബാസിയ കാലഘട്ടത്തിലുണ്ടായിരുന്നു. ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടങ്ങളും ധാരാളം നട്ടുപിടിപ്പിച്ചിരുന്നു. അവർ നവീനമായി ചില ഔഷധച്ചെടികൾ ലോകത്തിന് പരചയപ്പെടുത്തുകയും അവയിൽനിന്ന് ചില രാസ ഘടകങ്ങൾ വികസിപ്പിച്ച് ലോകത്തിന് സമ്മാനിക്കുകയും ചെയ്തു.
ഔഷധ നിർമാണ രംഗത്ത് നാല് പ്രസിദ്ധ ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടിട്ടുളളത്. റാസിയുടെ ‘ഹാവി,’ അൽബിറൂനിയുടെ ‘സൈദലിയ്യ ഫിത്ത്വിബ്ബ,്’ അലിയ്യ് ബിൻ അബ്ബാസിന്റെ ‘കാമിലുസ്സ്വിനാഅ,’ ഇബ്‌നു സീനയുടെ ‘കാനൻ’ എന്നിവയാണവ. നാല് വിഭാഗമായിട്ടാണ് ഇവർ ഔഷധത്തെ വേർതിരിച്ചിട്ടുളളത്. ഒന്ന്, ധാതുലവണങ്ങൾ. രണ്ട്, സസ്യപദാർഥങ്ങൾ. മൂന്ന്, ജൈവ പദാർഥങ്ങൾ. നാല്, ഇവയുടെ മിശ്രിതങ്ങൾ.
(തുടരും)

