നസ്വാറാക്കളും പിശാചിന്റെ കുതന്ത്രങ്ങളും

ശമീർ മദീനി

2026 മെയ് 02, 1447 ദുൽഖഅദ് 14

(പിശാചിന്റെ ചതിക്കുഴികൾ 21)

പിശാച് പലവിധത്തിലും നസ്വാറാക്കളെ പിഴവിലാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. സ്രഷ്ടാവിനെ കുറിച്ചുള്ള വിശ്വാസത്തിൽ തുടങ്ങി മറ്റനേകം കാര്യങ്ങളിലും ആ കുതന്ത്രങ്ങൾ കാണാൻ കഴിയും. മതത്തിന്റെ അടിസ്ഥാന വിശ്വാസമായ ദൈവവിശ്വാസത്തിൽ പൊതുവിൽ അവർ വച്ചുപുലർത്തുന്ന ‘ത്രിത്വ’ ദൈവ സങ്കൽപം അതിലൊന്നാണ്. ക്രൈസ്തവ ദൈവസങ്കൽപത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളത്വങ്ങളാണ് ഉള്ളത്. ‘മൂന്നും കൂടിയ ഒന്ന്’ എന്ന ആ സമസ്യ വിശദീകരിക്കാനായി വല്ലാതെ ബുദ്ധിമുട്ടിയ പുരോഹിതന്മാർ പല വ്യാഖ്യാനങ്ങളുമായി വന്നുവെങ്കിലും അവർക്ക് തന്നെയും അത് തൃപ്തികരമായിരുന്നില്ല.

മൂന്ന് ആളത്വങ്ങൾ എന്നത് ദൈവത്തിന്റെ മൂന്ന് അവസ്ഥാവിശേഷങ്ങളാണ്, അല്ലെങ്കിൽ മൂന്നു പ്രത്യേകതകളാണ് എന്ന് ചിലർ വിശദീകരിച്ചപ്പോൾ മറ്റു ചിലർ അതിനെ ഏകദൈവത്തിന്റെ മൂന്ന് വിശേഷണങ്ങളായിട്ടാണ് വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്നും മൂന്ന് വ്യക്തികൾ തന്നെയാണെന്ന് പറഞ്ഞവരും ക്രൈസ്തവരിൽ ഉണ്ടായി. യേശുവിന്റെ വാക്കുകളായി ബൈബിളിൽ ഒരിടത്ത് പോലും കാണാൻ കഴിയാത്ത ഈ ത്രിത്വ സങ്കൽപം എത്രയോ മനുഷ്യരെക്കൊണ്ട് പറയിച്ച് അവരുടെ ഒരു ആദർശമായി കൊണ്ടുനടക്കാനും അതിനുവേണ്ടി വീറോടും വാശിയോടും വാദിക്കുവാനുമൊക്കെ അവരെ ശക്തമായി പ്രേരിപ്പിക്കും വിധം എത്രമാത്രം ആഴത്തിലാണ് പിശാച് അവരിൽ സ്വാധീനമുറപ്പിച്ചത് എന്ന കാര്യം ഗൗരവപൂർവം ആലോചിക്കേണ്ടതാണ്.

സാക്ഷാൽ യേശു അഥവാ ഈസാ നബി(അ) പഠിപ്പിച്ച ആശയമായി ബൈബിളും വിശുദ്ധ ക്വുർആ നും ഒരുപോലെ ആവർത്തിച്ചു പറഞ്ഞത് ത്രിത്വ സങ്കൽപമല്ല; കറകളഞ്ഞ ഏകദൈവ വിശ്വാസമാണ്. ‘എന്റെയും നിങ്ങളുടെയും ദൈവം ഏകദൈവം’ എന്നാണ് യേശു പ്രഖ്യാപിച്ചത്. ബൈബിൾ പറയുന്നു: ‘ദൈവം പറഞ്ഞു: ദൈവമായി ഞാൻ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല’ (ആവർത്തന പുസ്തകം 32:39). യേശു പറഞ്ഞു: ‘നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്’ (മാർക്കോസ് 12:29). ‘ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രി സ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ ആകുന്നു’ (യോഹന്നാൻ 17:3).

ഞാനല്ലാതെ വേറൊരു ദൈവമില്ലെന്ന് പ്രഖ്യാപിക്കുന്ന, ഏകദൈവത്തെയും ആ ദൈവത്തെ ഏക സത്യദൈവം എന്ന് പരിചയപ്പെടുത്തുന്ന യേശുവിനെയും നാം ബൈബിളിലൂടെ വായിക്കുമ്പോൾ അതിന് വിരുദ്ധമായ ഒരു ത്രിത്വ ദൈവ സങ്കൽപം എങ്ങനെയാണ് ഒരു ക്രൈസ്തവന് മനസ്സറിഞ്ഞ് പ്രഖ്യാപിക്കാൻ സാധിക്കുക?

ഇത്തരം പരിധിവിട്ട അന്യായങ്ങൾ ദൈവവിശ്വാസമായി കൊണ്ടുനടക്കുന്നവരോട് ക്വുർആൻ പറയുന്നത് കാണുക:

“വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരിൽ വാസ്തവമല്ലാതെ നിങ്ങൾ പറയുകയും ചെയ്യരുത്. മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമി ലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽനിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങൾ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങൾ (ഇതിൽനിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി’’ (ക്വുർആൻ 4:171).

വിശുദ്ധ ക്വുർആനിൽ ഈസാ നബി(അ)യുടെ ആദർശ പ്രബോധനം സുവ്യക്തമായി തന്നെ പറയുന്നുണ്ട്: “തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ മാർഗം’’ (3:51).

“(ഈസാ പറഞ്ഞു:) തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാർഗം’’ (19:36).

ഈസാനബി(അ) അടക്കമുള്ള പ്രവാചകന്മാരഖിലവും പഠിപ്പിച്ചത് ശുദ്ധമായ ഏകദൈവവിശ്വാസമാ യിരുന്നു. അല്ലാഹു പറയുന്നു: “ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (21:25).

എന്നാൽ ക്രൈസ്തവ സമൂഹത്തിലെ ദൈവസങ്കൽപം പലതരത്തിലുള്ളതാണ്. യേശുവിനെ ദൈവമായും ദൈവപുത്രനായും കാണുന്നവർ അവരിലുണ്ട്. അതേസമയം അദ്ദേഹത്തെ ശത്രുക്കൾ കുരിശിൽ തറച്ചു എന്നും രക്ഷപ്പെടാൻ അദ്ദേഹം പരമാവധി ശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്ത തായും ക്രൈസ്തവ സമൂഹത്തിന്റെ കൈകളിലുള്ള വേദപുസ്തകത്തിൽതന്നെ പറയുന്നുമുണ്ട്!

മനുഷ്യരുടെ പാപം ഏറ്റെടുത്ത് കുരിശിൽ കയറുവാനാണ് ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിലേക്ക് വന്നത് എന്ന് ചിലർ പറയാറുണ്ട്. അങ്ങനെയെങ്കിൽ തന്റെ ദൗത്യം ഭംഗിയായി പൂർത്തീകരിച്ച് സന്തോഷ ത്തോടെ തിരിച്ചപോവുകയല്ലേ വേണ്ടിയിരുന്നത്? പിന്നെയെന്തിന് ‘ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ’ എന്ന് അദ്ദേഹം കരഞ്ഞു പ്രാർഥിച്ചു?

മനുഷ്യരുടെ പാപങ്ങൾ പൊറുക്കാൻ സ്വന്തം മകനെ ബലികഴിപ്പിച്ച് ക്രൂരമായി കുരിശിലേറ്റുന്ന പിതാവായ ദൈവത്തെക്കുറിച്ച് ബുദ്ധിയും ബോധവുമുള്ള വിശ്വാസികൾ എന്താണ് മനസ്സിലാക്കേണ്ടത്? യേശു ദൈവമാണെങ്കിൽ ആ ദൈവം ആരോടാണ് പിന്നെ പ്രാർഥിച്ചത് എന്നതും ആരുടെ മുമ്പിലാണ് ആരാധനകൾ അർപ്പിച്ചത് എന്നതും ഉത്തരം കിട്ടേണ്ട പ്രസക്തമായ ചോദ്യങ്ങളാണ്.

സ്വന്തത്തെ പോലും രക്ഷപ്പെടുത്താൻ കഴിയാതെ, ശത്രുക്കളുടെ ക്രൂരമായ കയ്യേറ്റങ്ങൾക്ക് വിധേയനായ യേശുവിനോട് തങ്ങളുടെ കഷ്ടതകൾ നീക്കാനും ആശ്വാസം നൽകാനും പ്രാർഥിക്കുന്നത് ബാലിശമല്ലേ?

മുഹമ്മദ് നബിﷺയുടെ പ്രവാചകത്വം നിഷേധിക്കുവാനും പിശാച് അവരെ നിർബന്ധിച്ചു. അവരു ടെ കൈകളിലുള്ള വേദപുസ്തകത്തിൽ അന്ത്യപ്രവാചകനായ മുഹമ്മദ്ﷺയെ കുറിച്ചുള്ള സുവിശേഷങ്ങളും വിവരണങ്ങളും ഉണ്ടായിരിക്കെയാണ് പിശാച് അവരെ അതിൽനിന്നും വഴിതെറ്റിച്ചത് എന്ന കാര്യം ഏറെ ഗൗരവത്തോടെ നാം കാണേണ്ടതാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ, അത് അറബി കളിലേക്ക് മാത്രമുള്ള ഒരു പ്രവാചകനാണെന്ന് പറയുന്നവരും അവരുടെകൂട്ടത്തിലുണ്ട് എന്ന് ഇബ്‌നുൽ ജൗസി(റഹി) തന്റെ ‘തൽബീസു ഇബിലീസ്’ എന്ന ഗ്രന്ഥത്തിൽ (പേജ് 85ൽ) പറയുന്നുണ്ട്. ഇത് പിശാചിന്റെ ദുർബോധനങ്ങളിൽ ഒന്നാണെന്ന് പറഞ്ഞശേഷം അദ്ദേഹം പറയുന്നത് കാണുക: “മുഹമ്മദ് നബിﷺ ഒരു പ്രവാചകനാണെന്ന് സ്ഥിരപ്പെടുമ്പോൾ, പ്രവാചകൻ കളവു പറയുകയില്ല എന്നതും സത്യമാണല്ലോ. ഞാൻ സർവ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ടവനാണ്’ എന്നത് അദ്ദേഹത്തിന്റെ വാക്കുകളായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതിനാൽ റോമൻ, പേർഷ്യൻ രാജാക്കന്മാരടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാർക്ക് ഈ ആശയം അറിയിച്ചുകൊണ്ട് അവിടുന്ന് കത്തെഴുതിയതും വ്യക്തമായ ചരിത്ര സത്യമാണ്. മുഹമ്മദ് നബിﷺ സർവരിലേക്കുമുള്ള ദൈവദൂതനാണെന്ന കാര്യം വിശുദ്ധ ക്വുർആനും ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്:

“പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹു വിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കു ന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ, നിങ്ങൾക്ക നേർമാർഗം പ്രാപിക്കാം’’ (7:158).

വസ്തുത ഇതായിരിക്കെ അന്തിമ ദൂതനിൽ വിശ്വസിക്കാതിരിക്കാൻ ഒരു യഥാർഥ ക്രിസ്ത്യാനിക്ക് എങ്ങനെ സാധിക്കും?

അല്ലാഹു പറയുന്നു: “മർയമിന്റെ മകൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീൽ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. താൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല’’ (61:6,7).