വൈവിധ്യങ്ങൾ ഭിന്നിക്കുവാനല്ല

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

2026 ജനുവരി 03, 1447 റജബ് 14

(ക്വുർആനിലെ സാർവലൗകിക വിളികൾ-3)

വംശീയതയുടെയും ദേശീയതയുടെയും വർണവിവേചനത്തിന്റെയുമൊക്കെ പേരിൽ ലോകത്ത് രക്തം ചിന്തപ്പെട്ടതിന് കണക്കില്ല. ‘ഞങ്ങളാണ് ഉന്നതർ, നിങ്ങൾ താഴ്ന്നവരാണ്’ എന്ന ചിന്ത അഹങ്കാരത്തിന്റെ ഉൽപന്നമാണ്. അടിച്ചമർത്തലുകളിലേക്ക് നയിക്കുന്നതാണത്. എന്നാൽ, പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് അറേബ്യൻ മരുഭൂമിയിൽ മാറ്റത്തിനു തിരികൊളുത്തിയ ക്വുർആനാകുന്ന ദൈവിക വചനം മനുഷ്യൻ കെട്ടിപ്പടുത്ത വിഭാഗീയതകളുടെ മതിലുകളെല്ലാം തകർത്തെറിയുന്നതാണ്.

മനുഷ്യസമൂഹത്തിന്റെ ഏകത്വവും വൈവിധ്യവും ക്വുർആൻ എടുത്തുപറയുന്നുണ്ട്. ക്വുർആൻ 49:13 സൂക്തം മനുഷ്യരിലെ വൈവിധ്യങ്ങൾ, നാടുകൾ, ഗോത്രങ്ങൾ എന്നിവയുടെ ദൈവിക ഉദ്ദേശ്യത്തെ പ്രകാശിപ്പിക്കുന്നു. ഈ ആയത്ത് വംശീയതയ്‌ക്കെതിരെയുള്ള ശക്തമായ സന്ദേശമാണ്. മനുഷ്യരെ ഏക കുടുംബമായി കാണാൻ പ്രേരിപ്പിക്കുന്നു. മനുഷ്യരെല്ലാം ഒരൊറ്റ അസ്തിത്വത്തിൽനിന്ന് ഉരുവം കോണ്ടവരാണെന്ന് ക്വുർആൻ 4:1ൽ വിശദമാക്കിയത് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കി. എങ്കിൽ പിന്നെ എന്തിനാണ് നമുക്കിടയിൽ ഇത്രയധികം നിറവ്യത്യാസങ്ങളും ഭാഷകളും ദേശങ്ങളും

ഗോത്രങ്ങളും? ഈ വൈവിധ്യങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് വിശദീകരിക്കുന്ന, മനുഷ്യസമത്വത്തിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രഖ്യാപനം കൂടിയാണ് സൂറത്തുൽ ഹുജുറാത്തിലെ ഈ 13ാം വചനം.

“ഹേ; മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോ

ന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’’

വൈവിധ്യങ്ങൾ ‘തിരിച്ചറിയാൻ’ വേണ്ടി!

മനുഷ്യർ പല ദേശക്കാരായും പല ഗോത്രക്കാരായും നിലനിൽക്കുന്നത് പരസ്പരം പോരടിക്കാനോ, മേനി നടിക്കാനോ വേണ്ടിയല്ല. മറിച്ച്, ‘ലി തആറഫൂ’ (നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടി) മാത്രമാണ്. ഒരു തോട്ടത്തിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നത് അതിന്റെ ഭംഗി കൂട്ടുന്നതുപോലെ, മനുഷ്യരിലെ ഈ വൈവിധ്യം ദൈവത്തിന്റെ ഒരു ദൃഷ്ടാന്തമാണ്. ‘ഞാൻ ഇന്ന തറവാട്ടുകാരനാണ്, ‘ഇന്ന രാജ്യക്കാരനാണ്’ എന്നൊക്കെ പറയുന്നത് കേവലം ഒരു മേൽവിലാസം മാത്രമാണ്, അതൊരിക്കലും ഒരു യോഗ്യതയല്ല.

കർമം കൊണ്ടാണ് മഹത്ത്വം വന്നുചേരുന്നത്

ആർക്കാണ് ദൈവത്തിന് മുന്നിൽ ഏറ്റവും സ്ഥാനമുള്ളത്? വെളുത്തവനോ? അറബിക്കോ? അനറബിക്കോ? സമ്പന്നനോ? അധികാരമുള്ളവനോ? അല്ല! ദൈവത്തിന്റെ തൃപ്തിയാഗ്രഹിച്ച് സൂക്ഷ്മത പുലർത്തി ജീവിക്കുന്നവനാരോ അയാൾക്കാണ്! അയാൾ ദരിദ്രനായാലും കറുത്തവനായാലും ശരി! തറവാട്ടുമഹിമയോ തൊലിയുടെ നിറമോ നോക്കിയല്ല സ്രഷ്ടാവ് മനുഷ്യനെ അളക്കുന്നത്. അവന്റെ മനസ്സിലെ നന്മയും ജീവിതത്തിലെ വിശുദ്ധിയും ദൈവഭയവും മാത്രമാണ് മാനദണ്ഡം. കറുത്ത അടിമയായിരുന്ന ബിലാലും തൊലി വെളുത്ത ക്വുറൈശി നേതാക്കളും തോളോടു തോൾ ചേർന്ന് നിന്നതിൽ ഇതിന്റെ സൗന്ദര്യം നാം ദർശിക്കുന്നു.

മനുഷ്യാവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ലോകത്തിന് മാറ്റിനിർത്താൻ കഴിയാത്ത വചനമാണിത്: “അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ദൈവഭക്തി (തക്വ്‌വ) കൊണ്ടല്ലാതെ.’’ പ്രവാചകൻﷺ തന്റെ വിടവാങ്ങൽ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

പുറംമോടി കണ്ട് മനുഷ്യർക്ക് ഒരാളെ ബഹുമാനിക്കാം. എന്നാൽ ഉള്ളിന്റെയുള്ളിലെ സത്യസന്ധതയും ഭക്തിയും അളക്കാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്കും കഴിയില്ല. അതുകൊണ്ടാണ് ‘അല്ലാഹു എല്ലാം അറിയുന്നവനും (അലീം) സൂക്ഷ്മജ്ഞാനിയും (ഖബീർ) ആകുന്നു’ എന്നു പറഞ്ഞ് വചനം അവസാനിക്കുന്നത്. ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി വേഷം കെട്ടുന്നതിൽ കാര്യമില്ലെന്നും സ്രഷ്ടാവിനെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ഇത് ഓർമിപ്പിക്കുന്നു.

ഭൗതികമായ പലതിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന ഈ കാലഘട്ടത്തിൽ വിശേഷിച്ചും ഇസ്‌ലാമിന്റെ ഈ സന്ദേശത്തിന് പ്രസക്തി ഏറെയാണ്.